30 Monday
June 2025
2025 June 30
1447 Mouharrem 4

മങ്കട ഉണ്ണീന്‍ മൗലവി ലാളിത്യത്തിന്റെ തേജസ്സ്‌

ഹാറൂന്‍ കക്കാട്‌


മൃദുലമായ തന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ചേര്‍ത്തു നിര്‍ത്തി നവോത്ഥാന മൂല്യങ്ങളിലേക്ക് ഒട്ടേറെ വ്യക്തികളെ ഗുണകാംക്ഷാപൂര്‍വം ക്ഷണിച്ച വിനയാന്വിതനായ പണ്ഡിതനായിരുന്നു മങ്കട പി ഉണ്ണീന്‍ മൗലവി. ഏതൊരാളോടും ആശയങ്ങള്‍ സ്ഫുടമായി സംസാരിക്കാനുള്ള സിദ്ധി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഒരു മാര്‍ഗദര്‍ശിയുടെ ചൂടാണ് അന്നേരം കൂടെയുള്ളവര്‍ക്ക് പകര്‍ന്നു കിട്ടുക.
സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യസമര സേനാനി, ഖിലാഫത്ത് പ്രസ്ഥാന നായകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, കവി തുടങ്ങി വൈവിധ്യമാര്‍ന്ന തുറകളില്‍ ധൈഷണിക മികവ് കൊണ്ട് ശ്രദ്ധേയനായ കര്‍മയോഗിയായിരുന്നു അദ്ദേഹം.
ഒരു വടവൃക്ഷത്തിന്റെ തണലായിരുന്നു ഉണ്ണീന്‍ മൗലവി തനിക്ക് ചുറ്റിലുമുള്ളവര്‍ക്ക് നല്‍കിയത്.
ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രശ്‌നങ്ങളില്‍, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതില്‍, നാട്ടില്‍ സമാധാനത്തിന്റെ കൈത്തിരി കൊളുത്തുന്നതില്‍, സാധു ജനങ്ങളെ സഹായിക്കുന്നതില്‍ തുടങ്ങി നന്മകള്‍ക്കു വേണ്ടിയുള്ള ഏതു ചുവടുവയ്പുകളുടെയും മുന്നില്‍ ഉണ്ണീന്‍ മൗലവി നിലയുറപ്പിച്ചിരുന്നു.
പഴയ വള്ളുവനാട് താലൂക്കിലെ മങ്കട പരിയംതടത്തില്‍ കുഞ്ഞായുവിന്റെയും പുന്നക്കാട്കുഴി മമ്മാത്തുമ്മയുടെയും മകനായി 1885 ലാണ് ഉണ്ണീന്‍ മൗലവിയുടെ ജനനം. തോട്ടതൊടിക സൈതാലി മൊല്ലയുടെ കീഴിലായിരുന്നു പ്രഥമിക മതപഠനം. ഒന്നര പതിറ്റാണ്ടിലേറെ മങ്കട, കൂട്ടില്‍, അരിപ്ര, ചെമ്മങ്കടവ്, മുള്ള്യകുര്‍ശി, മലപ്പുറം, വെട്ടത്തൂര്‍, കട്ടിലശ്ശേരി എന്നിവിടങ്ങളിലെ പള്ളികളില്‍ വിദ്യാര്‍ഥിയായിരുന്നു.
സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ സ്വന്തം ചെലവിലായിരുന്നു പഠനങ്ങളെല്ലാം നടത്തിയിരുന്നത്. അക്കാലത്തെ അപൂര്‍വ അനുഭവമായിരുന്നു ഇത്. വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കിയ അദ്ദേഹം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ ആഴത്തില്‍ അവഗാഹം നേടി. മനോഹരമായ കൈയെഴുത്തിന് ഉടമയായിരുന്നു മൗലവി. അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ വിശുദ്ധ ഖുര്‍ആന്‍ പ്രതി ചരിത്രത്തിന്റെ ഭാഗമാണ്.
മലപ്പുറം ജില്ലയിലെ മങ്കട മഹല്ലിനെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വേണ്ടി ഉഴുതുമറിച്ച പരിഷ്‌കര്‍ത്താവായിരുന്നു ഉണ്ണീന്‍ മൗലവി. പ്രദേശത്ത് ഇംദാദുല്‍ മുസ്ലിമീന്‍ സംഘത്തിന് രൂപം നല്‍കുകയും അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. 1922ല്‍ സ്ഥാപിതമായ മങ്കട ജുമാ മസ്ജിദിന്റെ ഖാദിയായി അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.
മങ്കടയില്‍ ആദ്യമായി സ്ഥാപിച്ച മദ്റസക്ക് മുഫീദുല്‍ ഉലും എന്ന് അദ്ദേഹം പേരിട്ടു. പിന്നീടത് അറബിക് കോളെജായി ഉയര്‍ത്തുകയുണ്ടായി. കേരള മുസ്ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നീ നവോത്ഥാന സംഘടനകളുടെ രൂപീകരണത്തില്‍ സജീവ സാന്നിധ്യമായി മൗലവി ഉണ്ടായിരുന്നു. എം സി സി അബ്ദുറഹമാന്‍ മൗലവി കേരള ജംയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി ആയിരുന്ന 1946, 1951 കാലഘട്ടങ്ങളില്‍ ഉണ്ണീന്‍ മൗലവി സംഘടനയുടെ വൈസ് പ്രസിഡന്റായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
വനിതാ ശാക്തീകരണത്തിനായി കഠിനാദ്ധ്വാനം ചെയ്ത ദീര്‍ഘദര്‍ശിയായിരുന്നു മൗലവി. സ്ത്രീ വിദ്യാഭ്യാസത്തിനെതിരില്‍ പൗരോഹിത്യ ശക്തികള്‍ ഉറഞ്ഞുതുള്ളിയപ്പോഴും നിര്‍ഭയനായി മൗലവി തന്റെ ദൗത്യം തുടര്‍ന്നു. ഈ മേഖലയിലെ നിശ്ചയദാര്‍ഢ്യം കൊണ്ട് വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ മൗലവിക്ക് സാധിച്ചു.
ബഹുഭാഷ പണ്ഡിതനും ചിന്തകനുമായിരുന്ന മൗലവി ഉമുല്‍ഖുറാ, അഹലേ ഹദീസ്, സയ്യിദ് റശീദ് രിദ ഈജിപ്തില്‍ നിന്ന് പുറത്തിറക്കിയിരുന്ന അല്‍മനാര്‍ തുടങ്ങിയ അറബി പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണാത്മകമായ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഉര്‍ദു പത്രങ്ങളുടെയും ദിനമണി എന്ന തമിഴ് പത്രത്തിന്റെയും വായനക്കാരനായിരുന്ന അദ്ദേഹം എഴുതിയ അറബി കവിതകള്‍ ആഖ്യാനശൈലിയിലും പാരായണ ക്ഷമതയിലും ഏറെ മികവാര്‍ന്നതായിരുന്നു.
സാമ്പത്തികമേഖലയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് എന്നും അത്താണിയായിരുന്നു മൗലവി. അത്തരക്കാരുടെ കണ്ണീരൊപ്പാന്‍ തനിക്ക് പൈതൃകമായി ലഭിച്ച സമ്പത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ചെലവഴിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മൗലവി നിര്‍ലോഭം സഹായങ്ങള്‍ നല്‍കി.
ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി തിരൂരങ്ങാടി യത്തീംഖാനയില്‍ പഠനത്തിനയക്കാന്‍ മൗലവി മുന്നിട്ടിറങ്ങി. നിരവധി പേര്‍ ഇതുവഴി വിദ്യാസമ്പന്നരാവുകയും സമൂഹത്തില്‍ ഉന്നത പദവികളില്‍ എത്തുകയും ചെയ്തു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം, ഫറൂഖ് റൗദത്തുല്‍ ഉലൂം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വലിയ ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. അറിവിന്റെ അക്ഷയ ഖനികളിലേക്ക് വിദ്യാര്‍ഥികളെ നയിക്കാനായി എന്നുമദ്ദേഹം ജാഗരൂകനായിരുന്നു. ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ മങ്കട അബ്ദുല്‍അസീസ് മൗലവി ഉള്‍പ്പടെ നിരവധി പ്രമുഖരെ ആഴത്തില്‍ സ്വാധീനിച്ച മഹിത ജീവിതമായിരുന്നു ഉണ്ണീന്‍ മൗലവിയുടേത്.
1921 ലെ മലബാര്‍ സമരത്തില്‍ ഉണ്ണീന്‍ മൗലവിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ഇതേ തുടര്‍ന്ന് ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന് ജയില്‍വാസം വിധിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ കഴിഞ്ഞ് ജയില്‍മോചിതനായ മൗലവി പിന്നീട് കൂടുതല്‍ കരുത്തോടെ രാജ്യപുരോഗതിക്കും മതമൈത്രിക്കും വേണ്ടി ശക്തമായി രംഗത്തിറങ്ങി.
സ്വാതന്ത്ര്യ സമര സംരംഭങ്ങളുടെയും ദേശീയ പ്രസ്ഥാനങ്ങളുടെയും ദൗത്യം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങളും രാത്രികാല പള്ളിക്കൂടങ്ങളും അദ്ദേഹം നടത്തിയിരുന്നു. 1942 കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഉണ്ണീന്‍ മൗലവി പങ്കാളിയായി.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, കെ കേളപ്പന്‍, എം പി ഗോവിന്ദ മേനോന്‍ തുടങ്ങിയവരുമായി നല്ല ഹൃദയബന്ധം കാത്തുസൂക്ഷിച്ച മൗലവി കെ പി സി സി മെമ്പറായിരുന്നു. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലും താലൂക്ക് ബോര്‍ഡിലും അംഗമായിരുന്ന ഉണ്ണീന്‍ മൗലവി ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും വലിയ സേവനങ്ങള്‍ ചെയ്ത് അദ്ദേഹം കര്‍മവസന്തങ്ങള്‍ തീര്‍ത്തു.
ഇസ്ലാമിലും ഇതര മതങ്ങളിലും നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ഉണ്ണീന്‍ മൗലവി ശക്തമായ ബോധവത്ക്കരണം നടത്തി. ഹിന്ദുമതത്തില്‍ സവര്‍ണരും അവര്‍ണരും തമ്മില്‍ നിലനിന്നിരുന്ന അയിത്താചാരണത്തിനെതിരെ മൗലവി സമാധാനപൂര്‍ണമായ പല യജ്ഞങ്ങളും നടത്തിയിരുന്നു. ഇതിനായി വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളില്‍ മിശ്രഭോജന പരിപാടികള്‍ സംഘടിപ്പിച്ചു. ഇത് വലിയൊരളവില്‍ മാറ്റങ്ങള്‍ക്ക് കാരണമായി.
ഏഴ് പതിറ്റാണ്ടിലേറെ ദീര്‍ഘിച്ച സാര്‍ഥകമായ ജീവിതയാത്രയുടെ സായന്തനത്തില്‍ രണ്ടു വര്‍ഷത്തോളം രോഗബാധിതനായിരുന്നു ഉണ്ണീന്‍ മൗലവി. പ്രായാധിക്യത്തിന്റെ അവശതകള്‍ അലട്ടുന്ന നേരത്തും ഒരു യുവാവിന്റെ പ്രസരിപ്പോടെയും ഊര്‍ജത്തോടെയും നവോത്ഥാന മൂല്യങ്ങളേയും പ്രവര്‍ത്തകരേയും അദ്ദേഹം ചേര്‍ത്തുനിര്‍ത്തി. കാലമെത്ര കഴിഞ്ഞാലും സ്മൃതിപഥങ്ങളില്‍ തിളങ്ങി നില്‍ക്കുന്നതാണ് ലളിത ജീവിതം നയിച്ച ഈ സാത്വികനെ കുറിച്ചുള്ള ഹൃദ്യമായ ഓര്‍മകള്‍. 1963ല്‍, 78ാം വയസ്സില്‍ ഉണ്ണീന്‍കുട്ടി മൗലവി നിര്യാതനായി.

Back to Top