1 Tuesday
July 2025
2025 July 1
1447 Mouharrem 5

മങ്കട അബ്ദുല്‍അസീസ് മൗലവി അതുല്യനായ സമുദായോദ്ധാരകന്‍

ഹാറൂന്‍ കക്കാട്‌


ഒരു ചതുരത്തില്‍ ഒതുക്കാവുന്നതല്ല പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി എന്ന സാമുഹിക പരിഷ്‌കര്‍ത്താവിന്റെ വിശേഷണങ്ങള്‍. 2004 ആഗസ്തില്‍, മങ്കടയിലെ ഫാത്തിമ മന്‍സിലില്‍ വെച്ച് പുടവ മാസികയ്ക്ക് വേണ്ടി അദ്ദേഹവുമായി നടത്തിയ അഭിമുഖം മധുരാര്‍ദ്ര നിമിഷമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട് ഇപ്പോഴും. കൃത്യമായ സാമൂഹിക പുരോഗതി ഉന്നംവെച്ച് വ്യത്യസ്ത മണ്ഡലങ്ങളില്‍ കര്‍മനിരതമായ ജീവിതമായിരുന്നു മൗലവി നയിച്ചത്.
1931 ജൂലൈ 15-ന് മങ്കട തയ്യില്‍ കമ്മാലി മുസ്‌ലിയാരുടെയും പനങ്ങാങ്ങര ഫാത്തിമയുടെയും മകനായാണ് അബ്ദുല്‍അസീസ് മൗലവിയുടെ ജനനം. യാഥാസ്ഥിതിക ചിന്തകളോടും അന്ധവിശ്വാസങ്ങളോടും ചെറുപ്പം തൊട്ടേ മൗലവിക്ക് വിയോജിപ്പായിരുന്നു. മതപണ്ഡിതനായ പിതാവിന്റെ ശിക്ഷണങ്ങളും അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ആധികാരിക ഗ്രന്ഥങ്ങളും മൗലവിയില്‍ നവോത്ഥാന ചിന്തകള്‍ വളര്‍ത്തി.
മങ്കട സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം തിരൂരങ്ങാടി നുറുല്‍ ഇസ്ലാം മദ്‌റസയില്‍ രണ്ട് വര്‍ഷം പഠിച്ചു. കെ എം മൗലവി, എം കെ ഹാജി, സീതി സാഹിബ്, ഇസ്മാഈല്‍ സാഹിബ് തുടങ്ങിയവരുമായി അടുത്തിടപഴകാന്‍ ഇക്കാലം നിമിത്തമായി. 1948-ല്‍ റൗദത്തുല്‍ ഉലൂം അറബിക്കോളജില്‍ ചേര്‍ന്നു. അക്കാലത്ത് മഞ്ചേരിയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അബുസ്സ്വബാഹ് മൗലവിയുടെ വ്യക്തിത്വം അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചു. റൗദത്തില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി. തുടര്‍ന്ന് എസ് എസ് എല്‍ സിയും എം എയും പ്രൈവറ്റായി എഴുതി പാസ്സായി.
ഫറൂഖ് ഹൈസ്‌കൂള്‍, റൗദത്തുല്‍ ഉലൂം അറബിക്കോളജ്, മങ്കട ഹൈസ്‌കൂള്‍, തിരുവനന്തപുരം മഹാറാണി സത്യ പാര്‍വതീഭായ് മെമ്മോറിയല്‍ ഇംഗ്ലീഷ് ഗേള്‍സ് ഹൈസ്‌കൂള്‍, പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, പൊന്നാനി എം ഇ എസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തു. പ്രിന്‍സിപ്പലായിരിക്കേ, 1987-ല്‍ മമ്പാട് എം ഇ എസ് കോളജില്‍ നിന്ന് ഔദ്യോഗിക ജീവിതത്തിന് വിരാമമായി.
ഇതേ വര്‍ഷം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇസ്‌ലാമിക് ചെയര്‍ പ്രൊഫസറായും ചന്ദ്രിക ദിനപ്പത്രത്തിന്റെ ജനറല്‍ മാനേജരായും ചുമതലയേറ്റു. 1989 മുതല്‍ മൂന്ന് വര്‍ഷം യു എ ഇയിലെ അല്‍ഐന്‍ ഇസ്ലാഹി സ്‌കൂള്‍ പ്രിന്‍സിപ്പലായും 1991 മുതല്‍ 98 വരെ ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മൂന്ന് വ്യത്യസ്ത സംഘടനകളില്‍ ഒരേസമയം സജീവമായി പ്രവര്‍ത്തിച്ച അത്യപൂര്‍വ പ്രതിഭയായിരുന്നു അബ്ദുല്‍അസീസ് മൗലവി. എം ഇ എസിലും ഇസ്ലാഹി പ്രസ്ഥാനത്തിലും മുസ്‌ലിംലീഗിലും അദ്ദേഹം വിശ്രമമെന്തെന്നറിയാതെ കര്‍മവസന്തങ്ങള്‍ തീര്‍ത്തു. എം ഇ എസ് സംസ്ഥാന കമ്മിറ്റി അഡൈ്വസര്‍, എം ഇ എസ് ഓവര്‍സീസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍, എം ഇ എസ് സെന്‍ട്രല്‍ കോളജ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കാലഘട്ടങ്ങളില്‍ നിരവധി വിദ്യാഭ്യാസ മുന്നേറ്റ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. പൊന്നാനിയിലെയും മമ്പാട്ടെയും എം ഇ എസ് കോളജുകളടക്കം നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അബ്ദുല്‍അസീസ് മൗലവി മങ്കടയിലെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ വളര്‍ച്ചയിലും നിര്‍ണായകമായ സംഭാവനകളര്‍പ്പിച്ചു. നിരവധി ഉന്നത സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മങ്കട അനാഥശാലാ സംഘത്തിന്റെ പ്രസിഡന്റായിരുന്നു മൗലവി.
പത്തോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മൗലവി അക്കാദമിക മേഖലകളിലെ നവീന മാതൃകകള്‍ കേരളത്തിലും നടപ്പാക്കാന്‍ നേതൃത്വം നല്‍കി. കേരള ഗവണ്‍മെന്റിന്റെ കരിക്കുലം കമ്മിറ്റി അംഗം, കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിംലീഗ് സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോഴും വൈജ്ഞാനിക വളര്‍ച്ച അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സെമിനാറുകളില്‍ ഗവേഷണാത്മകമായ അറബി, ഇംഗ്ലീഷ് പ്രബന്ധങ്ങള്‍ മൗലവി അവതരിപ്പിച്ചിട്ടുണ്ട്.
മികച്ച എഴുത്തുകാരനായിരുന്നു അബ്ദുല്‍അസീസ് മൗലവി. റൗദത്തുല്‍ ഉലൂം അറബിക്കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ അദ്ദേഹത്തിന് കീഴില്‍ പുറത്തിറക്കിയ ആരാമം കൈയെഴുത്ത് മാസിക സര്‍ഗശേഷി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1950-ല്‍ കണ്ണൂരില്‍ നിന്ന് വളപട്ടണം അബ്ദുല്ലയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ചിന്തകള്‍ എന്ന മാസികയില്‍ ‘ഉലമാക്കള്‍ക്ക് ഒരു അന്ത്യശാസനം’ എന്ന തലക്കെട്ടില്‍ മൗലവിയുടെ ലേഖനം ആദ്യമായി അച്ചടിച്ചു വന്നു. പൗരോഹിത്യത്തിനും മുസ്ലിംകള്‍ക്കിടയിലെ ഭിന്നിപ്പു ശക്തികള്‍ക്കും എതിരെയുള്ള ആ ലേഖനം പത്തൊമ്പതാം വയസ്സിലാണ് മൗലവി എഴുതിയത്. സി എച്ച് മുഹമ്മദ് കോയ സാഹിബും കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രവാഹം പത്രത്തിലെ ബി സി വര്‍ഗീസും മൗലവിക്ക് പ്രചോദനം നല്‍കിയ പ്രമുഖരാണ്. കെ എം മൗലവി, ഇ കെ മൗലവി എന്നിവരുടെ രചനകളും അറബി സാഹിത്യത്തില്‍ ഡോ. അഹ്മദ് അമീന്‍, ഡോ. ത്വാഹാ ഹുസൈന്‍ എന്നിവരുടെ ശൈലിയും മൗലവിയെ സ്വാധീനിച്ചിട്ടുണ്ട്.
1967-ല്‍ ചന്ദ്രികയില്‍ ഖാദി മുഹമ്മദ് ബ്ന്‍ അബ്ദുല്‍അസീസിന്റെ ഫത്ഹുല്‍ മുബീന്‍ എന്ന കാവ്യസമാഹാരത്തിന് പഠനമെഴുതി. 650 വരികളുള്ള ഈ കവിത പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.
ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകഥ, കേരള മുസ്ലിം ചരിത്രം: കാണാത്ത കണ്ണികള്‍, സാമൂതിരിക്ക് സമര്‍പ്പിച്ച അറബി മഹാകാവ്യം, ഗാന്ധിജിയുടെ മതമൗലികവാദം ഒരു വിലയിരുത്തല്‍, മുസ്ലിം ചിന്താപ്രസ്ഥാനങ്ങള്‍, എന്റെ സൗദീ കാഴ്ചകള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം: ഒരു ചര്‍ച്ച തുടങ്ങിയവയാണ് മൗലവിയുടെ പ്രധാന കൃതികള്‍.
യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ഇസ്ലാം അഞ്ചു വാള്യങ്ങളില്‍ എന്ന ഗ്രന്ഥപരമ്പരയില്‍ അബ്ദുല്‍അസീസ് മൗലവിയുടെ സംഭാവനകള്‍ വളരെയേറെ വിലപ്പെട്ടതാണ്. നാല് ഖലീഫമാര്‍, അമവി അബ്ബാസി ഭരണകാലം, 53 മുസ്ലിം രാജ്യങ്ങളുടെ ചരിത്രം തുടങ്ങിയവ അദ്ദേഹമാണ് എഴുതിയത്. നാലാം വാള്യമായ ‘ചരിത്രവും വികാസവും’ എന്ന ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്റര്‍ അബ്ദുല്‍അസീസ് മൗലവിയായിരുന്നു.
വിശ്രുത അറബ് സാഹിത്യകാരന്‍ ശൈഖ് മുഹമ്മദ് ഉബൂദി ‘ഫീ ജനൂബില്‍ ഹിന്ദ്’ എന്ന തന്റെ കൃതിയില്‍ പലയിടത്തായി മങ്കട അബ്ദുല്‍അസീസ് മൗലവിയെ പരാമര്‍ശിക്കുന്നുണ്ട്: ‘മദ്രാസില്‍ ഞങ്ങളുടെ ഗൈഡ് സഹോദരന്‍ പ്രൊഫ. അബ്ദുല്‍അസീസ് കമാല്‍ തയ്യില്‍ ആയിരുന്നു. ഒരു കോളജ് പ്രൊഫസറായ അദ്ദേഹം അറബി ഒഴുക്കോടെ ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന ഇന്ത്യക്കാരനാണ്. ജാഹിലിയ്യ- അബ്ബാസിയ്യ കാലങ്ങളിലെ നിരവധി കവിതാ സാഹിത്യഭാഗങ്ങള്‍ അദ്ദേഹത്തിനു മന:പാഠമാണ്. അറബികള്‍ക്കിടയില്‍ത്തന്നെ അല്‍പം പേര്‍ക്കേ ഈ കഴിവുള്ളൂ’ (പേജ് 63).
മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനും ഊഷ്മളമാക്കുന്നതിനും ധന്യമായ പല പ്രവര്‍ത്തനങ്ങളും മൗലവി നടത്തിയിരുന്നു. അദ്ദേഹം നേതൃത്വം നല്‍കിയ മതമൈത്രിയുടെ മാതൃകകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ പ്രശംസിക്കപ്പെട്ടതാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഓഫ് ലാംഗേജസ് അംഗം, യൂണിവേഴ്‌സിറ്റി ഇസ്ലാമിക് ചെയര്‍ പ്രൊഫസര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലയിലും മൗലവി പ്രവര്‍ത്തിച്ചിരുന്നു. മികച്ച വാഗ്മി, ചിന്തകന്‍, ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, മതപണ്ഡിതന്‍, അറബി ഭാഷാ ഗവേഷകന്‍, അധ്യാപകന്‍ തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ മങ്കട ടി അബ്ദുല്‍അസീസ് മൗലവി 2007 ആഗസ്റ്റ് 12ന് 76-ാം വയസ്സില്‍ അന്തരിച്ചു

Back to Top