8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊലചെയ്യുന്ന ഭീകരത കാണാതിരിക്കാമോ?

മണിശങ്കര്‍ അയ്യര്‍ /അശ്‌റഫ് തൂണേരി


ജന്മദേശത്തിനായി പോരടിക്കുന്ന ഫലസ്തീനികള്‍; സയണിസ്റ്റ് ഭീകരത
ഗാസയിലെ സാഹചര്യം അതിഭയാനകമാണ്. തങ്ങളുടെ ജന്മദേശത്തിനായി പോരടിക്കുന്ന ഫലസ്തീന്‍ ജനതക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുന്നത് എല്ലാവരുടേയും മനസ്സ് തുറപ്പിക്കേണ്ടതാണ്. ഗര്‍ഭിണികള്‍ പോലും ചികിത്സ കിട്ടാതെ പ്രതിസന്ധിയിലാണ്. ഇതൊരു മുസ്ലിം പ്രശ്നമല്ല. എല്ലാ മനുഷ്യരുടേയും പ്രശ്നമാണ്. വെള്ളവും വൈദ്യുതിയും ഭക്ഷണവും മരുന്നും കിട്ടാതെ ചികിത്സ കിട്ടാതെ മരിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനം ഗുരുതരമായി കാണണം. ഫലസ്തീനില്‍ മുസ്ലിംകള്‍ മാത്രമല്ല. ക്രിസ്ത്യാനികളും ജൂതന്മാരുമുണ്ട്. സയണിസ്റ്റ് ഭീകരത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോക ജനതയെ വിഡ്ഢികളാക്കി ഇസ്രായേല്‍ ഹമാസിനെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്നതിലും വലിയ തമാശ മറ്റൊന്നില്ല. 1948 ഏപ്രില്‍ 10-ന് ദേര്‍ യാസിനില്‍ കൂട്ടക്കൊല ഉള്‍പ്പെടെ നടത്തിയ പൂര്‍വകാലം മറച്ചുവെച്ചാണ് അവരത് പറയുന്നത്. മെനാചെം ബെഗിന്റെ നേതൃത്വത്തില്‍, ഐക്യരാഷ്ട്രസഭയുടെ ഉത്തരവിന്റെ ബലത്തിലാണ് ഇസ്രായേല്‍ ഒരു രാഷ്ട്രമായി മാറിയത്.

രണ്ട് തരം പൗരന്മാരെ
സൃഷ്ടിക്കുന്ന ഇസ്രായേല്‍

ഫലസ്തീനികളുടെ ഭൂമിയില്‍ അവകാശം സ്ഥാപിച്ച ഇസ്രായേല്‍ ഗസ്സയിലെ 20 ലക്ഷം അറബ് വംശജരെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നത്. തങ്ങളുടെ രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണവര്‍. ഫലസ്തീനില്‍ നിന്ന് നാട് വിട്ടവര്‍ തിരിച്ചുവരാന്‍ പാടില്ലെന്നും ഏത് സന്ദര്‍ഭത്തിലും ജൂതന്മാര്‍ക്ക് തിരിച്ചുവരാമെന്നുമാണ് ഇസ്രായേല്‍ നയം. ഇസ്രായേലിന്റെ നയപരിപാടികള്‍ അംഗീകരിച്ച് ജീവിക്കുന്ന അറബ് വംശജര്‍ക്ക് പോലും അവരുടെ സാമൂഹിക അന്തരീക്ഷത്തില്‍ തുല്യത ലഭിക്കുന്നില്ല.

ഇന്ത്യയുടെ നിലപാട് മാറ്റം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉള്‍പ്പെടെ നമ്മുടെ എല്ലാ രാഷ്ട്രനേതാക്കളും ഫലസ്തീന്‍ ജനതയുടെ അവകാശ പോരാട്ടത്തിന് ഒപ്പമാണ് നിലകൊണ്ടത്. ഇന്ത്യയുടെ ആ പരമ്പാരഗത നിലപാടിന് വിരുദ്ധമായ നീക്കം അനീതിയാണ്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ് വരെയുള്ളവര്‍ ഫലസ്തീനിനു വേണ്ടി നിലപാടുകള്‍ തുറന്നുപ്രകടിപ്പിക്കുകയും ഐക്യദാര്‍ഢ്യവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ആ മഹത്തായ പാരമ്പര്യത്തെയാണ് നരേന്ദ്ര മോദി തകര്‍ത്തെറിയുന്നത്. രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന അനീതിക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവന്നു രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നവരാണ് അതേ നിലപാടുമായി അന്തര്‍ദേശീയ സമൂഹത്തിലും ഇടപെടുന്നത്.

കൂട്ടപ്പലായനത്തിന്റെ
തുടക്കം

ഇര്‍ഗുന്‍ എന്നും ഹഗാന എന്നും പേരുള്ള യഹൂദ ഭീകരവാദികള്‍ 1948 ല്‍ ദേര്‍ യാസിന്‍ പ്രദേശം ആക്രമിക്കുകയും നൂറുകണക്കിന് ഫലസ്തീനികളെ നിഷ്‌കരുണം വധിക്കുകയും ചെയ്തതോടെയാണ് ഫലസ്തീനികളുടെ കൂട്ടപ്പലായനത്തിന് തുടക്കമായത്. അതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയ ഫലസ്തീനികള്‍ക്കെതിരേയുള്ള നീക്കങ്ങള്‍ സയണിസ്റ്റുകള്‍ ഇന്നും തുടരുകയാണ്. ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന അറബ് ഫലസ്തീനികളും രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

ജൂത സൈന്യവും
ഹഗാനയും പാല്‍മാച്ചും

1940 കളുടെ തുടക്കം മുതല്‍ സയണിസ്റ്റ് ഭീകരത ഉണ്ട്. 1930-കളുടെ അവസാനത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ സെക്രട്ടറി മാല്‍ക്കം മക്‌ഡൊണാള്‍ഡ് ആണ് ഫലസ്തീനില്‍ ആത്യന്തികമായി ജൂത മേധാവിത്വം ഉറപ്പാക്കാന്‍ ‘ജൂത സൈന്യം’ ഉണ്ടാക്കിയത്. ആ സൈന്യമുണ്ടാക്കാന്‍ സയണിസ്റ്റ് സേനയുടെ ഔദ്യോഗിക സായുധ വിഭാഗമായ ഹഗാനയുടെ സഹകരണം തേടി. അറബികളെപ്പോലെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. തീവ്രവാദം, അട്ടിമറി, ക്രൂരമായ കൊലപാതകം എന്നിവയ്ക്കായി പ്രത്യേകം പരിശീലനം നേടിയ സംഘമാണ് ഹഗാന. ഇവര്‍ വിഭജിച്ച് മറ്റൊരു സംഘം കൂടിയുണ്ടായി. പാല്‍മാച്ച് എന്ന് പേരുള്ള ആ സംഘത്തിന്റെ സഹകരണവും ബ്രീട്ടീഷ് പിന്തുണയോടെയുള്ള ജൂതസംഘം തേടി. ഇസ്രാ യേലിലെ വലിയ നേതാക്കന്മാരും ഭീകര- സൈനിക നടപടികള്‍ക്ക് നേതൃത്വം കൊടുത്തവരുമായ യിഗാല്‍ അലോണ്‍, മോഷെ ദയാന്‍, ഇറ്റ്സാക് ഷമീര്‍ എന്നിവര്‍ പാല്‍മാച്ചിന്റെ നായകന്മാരായിരുന്നു. മറ്റൊരു വന്‍ തീവ്രവാദ ഗ്രൂപ്പായ ഇര്‍ഗുന്‍ സ്വായി ലൂമി ഉള്‍പ്പെടെ പല വിഭാഗങ്ങളുമായും സയണിസ്റ്റ് സംഘം ചങ്ങാത്തത്തിലാവുന്നുണ്ട്.

ഉടമ്പടികള്‍ പാലിക്കാ
തിരുന്ന ഇസ്രായേല്‍

ഇസ്രായേലിനുള്ളിലോ വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങളിലോ ഗാസ മുനമ്പിലോ ജീവിച്ചാലും ഫലസ്തീനികള്‍ക്കെതിരായി വംശീയമായി പെരുമാറുകയെന്നത് പ്രധാന നയമായി സയണിസ്റ്റ് ഭീകരര്‍ സ്വീകരിച്ചു. സമാധാനത്തിനായി പല ശ്രമങ്ങളും നടന്നെങ്കിലും അവ അട്ടിമറിക്കപ്പെട്ടു. ഇസ്രായേല്‍ അത് പ്രായോഗിക തലത്തിലെത്തിക്കുന്നതിന് എതിരെ പ്രവര്‍ത്തിച്ചുവെന്നതാണ് ശരി. 1967-ലെ ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനുള്ള ദേശം എന്ന ഉടമ്പടി നടപ്പിലാക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചു. ഇസ്രായേല്‍ സൈന്യം പിന്‍വലിയുകയും സ്വതന്ത്ര ഫലസ്തീന്‍ അനുവദിക്കുകയും ആയിരുന്നു അതില്‍ മുഖ്യം. അതേസമയം ഇസ്രായേലിനൊപ്പം ഐക്യത്തോടെ ജീവിക്കുന്നതായ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ആയിരുന്നു വിഭാവനം ചെയ്തത്. 1993-ലെ ഓസ്ലോ കരാറും അതേ വര്‍ഷം തന്നെ വൈറ്റ് ഹൗസ് റോസ് ഗാര്‍ഡന്‍ കരാറും ആത്മാര്‍ഥമായി നടപ്പിലാക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. യാസര്‍ അറഫാത്ത് ഉള്‍പ്പെടെ പങ്കാളിയായ കരാറായിരുന്നു അത്. പക്ഷെ ഇത്തരം കരാറുകളൊന്നും നടപ്പാകാതിരിക്കുകയും 2004-ല്‍ യാസര്‍ അറഫാത്ത് മരണപ്പെടുകയും ചെയ്തതോടെ വെസ്റ്റ് ബാങ്കില്‍ ഇന്‍തിഫാദ ഉള്‍പ്പെടെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുവന്നു. റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റിക്ക് പ്രത്യക്ഷമായ കീഴടങ്ങലിന് വിധേയരാകേണ്ടി വന്നു. ഗസ്സയിലാകട്ടെ ഹമാസ് ജനകീയ വോട്ട് നേടി. ഇസ്രാഈലുമായി മധ്യസ്ഥ നീക്കങ്ങള്‍ക്ക് ആദ്യം മുന്നോട്ടുവന്ന ഹമാസ് പിന്നീട് ഇക്കാര്യത്തില്‍ അയവുവരുത്തി. ‘ദ്വി-രാഷ്ട്ര’ പരിഹാരം അംഗീകരിക്കുമ്പോഴുള്ള കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് കാരണം. അങ്ങനെ ഇസ്രയേലി ഭീകരതക്ക് ആക്കം കൂട്ടുന്ന നടപടികള്‍ ഫലസ്തീന്‍ ഭാഗത്തുമുണ്ടായി എന്ന് നിരീക്ഷിക്കാനാവും.

തുറന്ന ചര്‍ച്ചയും ഇന്ത്യന്‍ മാതൃകയും പരിഹാരവും
ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുന്ന അതിദാരുണമായ സാഹചര്യം ഇല്ലാതാക്കാന്‍ തുറന്ന സംവാദവും സമാധാന മാര്‍ഗ്ഗങ്ങളുമാണ് പരിഹാരം. യുദ്ധങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല. നിരപരാധികളായ മനുഷ്യരും രാഷ്ട്രവും ഇല്ലാതാവുകയേ ഉള്ളൂ. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് തുറന്ന ചര്‍ച്ചക്കും സമാധാനപരമായ പരിഹാരത്തിനുമാണ് ശ്രമിക്കേണ്ടത്. ഹിംസാത്മകമായ നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക മാത്രമേയുള്ളൂ. അറബ് സമൂഹവും ജൂത ജനതയുമെല്ലാം ഒരു രാജ്യത്ത് സഹിഷ്ണുതയോടെ കഴിയാന്‍ വഴിയൊരുക്കുക മാത്രമാണ് പരിഹാരം. വിവിധ മതങ്ങളും ജാതികളുമെല്ലാമുള്ള ഇന്ത്യയാണ് ഇതിന് മാതൃക. ഒരു രാജ്യത്ത് എല്ലാവര്‍ക്കും സഹിഷ്ണുതയോടെ കഴിയാനാവുന്നതിനെക്കാള്‍ ഭേദമായത്മറ്റെന്താണ്?

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x