മണിപ്പൂര്‍ വംശഹത്യ: നടുക്കുന്ന നാള്‍വഴികള്‍
ഡോ. മന്‍സൂര്‍ അമീന്‍
കേവലം 22,000 ചതുരശ്ര കിലോമീറ്ററിലായി 37 ലക്ഷം ആളുകള്‍ മാത്രം താമസിക്കുന്ന മണിപ്പൂരില്‍ വര്‍ഗീയ ഭ്രാന്തും വംശീയ വിദ്വേഷവും സമം ചേര്‍ന്ന് ഗതിവേഗം പ്രാപിച്ച കലാപത്തിന് പ്രായം മൂന്നു മാസം പിന്നിട്ടു. കേന്ദ്ര-സംസ്ഥാന സംവിധാനങ്ങള്‍ നേരാംവിധം പ്രയത്‌നിച്ചിരുന്നുവെങ്കില്‍ 24 മണിക്കൂറിന്റെ ആയുസ്സ് മാത്രമുണ്ടാകുമായിരുന്ന ലഹളയാണ് കാട്ടുതീ പോലെ ആളിപ്പടര്‍ന്ന് കനലടങ്ങാതെ നില്‍ക്കുന്നത്.
പക്ഷേ, മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ലോകത്ത് 161ാം സ്ഥാനത്തുള്ള ഇന്ത്യാ മഹാരാജ്യത്ത് അതിന്റെ പൂര്‍ണ ചിത്രം ലഭ്യമാകുന്നില്ല എന്നു മാത്രം. എന്നാല്‍ അവിടം സന്ദര്‍ശിച്ച നിവേദകസംഘങ്ങളും മാധ്യമപ്രവര്‍ത്തകരും ഹൃദയഭേദകമായ വാര്‍ത്തകളാണ് പങ്കുവെക്കുന്നത്. നിലവില്‍ 160ല്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 60,000ല്‍പരം ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ഇംഫാലിലും ചുരചാങ്പൂരിലും കാംഗ് പോക്പിയിലും അയല്‍സംസ്ഥാനങ്ങളിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും കഴിയുകയാണ് മണിപ്പൂര്‍ നിവാസികള്‍. ഇന്റര്‍നെറ്റ് സൗകര്യം തടസ്സപ്പെടുത്തിയതും കലാപത്തിന്റെ തീക്ഷ്ണത പുറംലോകം അറിയാന്‍ വൈകുന്നതിനു കാരണമായി.
വിവേചനവും
വെറുപ്പും
ഇന്ത്യയുടെ മാണിക്യമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച മണിപ്പൂര്‍ ജനസംഖ്യയില്‍ 90 ശതമാനവും അധിവസിക്കുന്നത് ചുറ്റുപാടും മലനിരകളാല്‍ വലയം ചെയ്യപ്പെട്ട ഇംഫാല്‍ താഴ്‌വരയിലാണ്. ഇംഫാലിനെ ചുറ്റുന്ന പര്‍വതങ്ങളിലും കാടുകളിലുമായി വസിക്കുന്ന വിഭാഗങ്ങളാണ് കുക്കികളും നാഗകളും. കുക്കികള്‍ എന്ന പേരിട്ടത് ബ്രിട്ടീഷുകാരാണ്. യഥാര്‍ഥ നാമം ‘ചിന്‍’ എന്നാണ്. ജുര്‍ജംപൂരാണ് അവരുടെ കേന്ദ്രം. കുക്കികളും നാഗകളും ക്രിസ്ത്യന്‍ മതവിഭാഗവും ഇംഫാലിലെ മെയ്‌തേയ് വിഭാഗത്തിലധികവും ‘സനമാഹിസ്’ മതാരാധകരുമാണ്. കൂടാതെ ഹിന്ദുക്കളും മുസ്‌ലിംകളും മറ്റ് ഇതര വിശ്വാസികളും. പ്രസ്തുത പ്രദേശത്ത് അധികവും ഹൈന്ദവരാണ് എന്നതാണ് പല ദേശീയ മാധ്യമങ്ങളും നിര്‍മിച്ചുവെച്ച തെറ്റായ ചിത്രം.
സ്വാതന്ത്ര്യലബ്ധി തൊട്ട് തന്നെ വിഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ സംഭവിച്ച വിവേചനത്തിന്റെ അനന്തര ഫലമാണ് ഈ കലാപവും. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന മുന്‍ കലഹങ്ങളെ അപേക്ഷിച്ച് ഇപ്പോഴുള്ളതിന് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇംഫാലിലെ റിട്ടയേര്‍ഡ് ഐആര്‍എസ് ഓഫീസര്‍ ഡബ്ല്യൂ സി ഹാങ് ഷിങ് സൂചിപ്പിക്കുന്നത് താഴ്‌വരയില്‍ മെയ്‌തേയികള്‍ക്കൊപ്പം ഇടചേര്‍ന്നു ജീവിക്കുന്ന കുക്കികളുടെ ഭവനങ്ങള്‍ സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിന് എന്നു പറഞ്ഞ് മൂന്നു വര്‍ഷം മുമ്പേ സര്‍വേ നടത്തി കണ്ടെത്തിയിരുന്നു എന്നാണ്.
കോടതിവിധിയും
സംഘര്‍ഷവും
നീതിനിഷേധത്തിലേക്കും അതിനെ തുടര്‍ന്നുള്ള അസംതൃപ്തിയിലേക്കുമാണ് മണിപ്പൂര്‍ ഹൈക്കോടതി മാര്‍ച്ച് 27ന് ഒരു വിചിത്ര വിധിയുമായി വരുന്നത്. മെയ്‌തേയികള്‍ക്ക് എസ്ടി പദവി നല്‍കണം എന്നതായിരുന്നുവത്. എന്നാല്‍ വിരോധാഭാസം എന്തെന്നാല്‍, 1950ല്‍ ഇതേ പദവി അവര്‍ക്ക് നല്‍കാനൊരുങ്ങിയപ്പോള്‍ നിരസിച്ചവരാണവര്‍. വിധി തേടിയതിനും നേടിയതിനും പിന്നിലെ ഒളിയജണ്ട സംശയാസ്പദം. വിധിക്കെതിരെ കുക്കികള്‍ മെയ് 3ന് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് നടത്തുന്നു. റാലിയിലേക്ക് അറിഞ്ഞോ അറിയാതെയോ ഒരു ട്രക്ക് വന്നു കയറുന്നു. ഒരു ബൈക്ക് യാത്രികന്‍ വീണ് പരിക്കേല്‍ക്കുന്നു.
മെയ്‌തേയ് വിഭാഗക്കാരനായ ട്രക്ക് ഡ്രൈവറെ രോഷാകുലരായ സമരക്കാര്‍ ആക്രമിക്കുന്നു. പ്രതികാരമെന്നോണം മെയ്‌തേയികള്‍ കുക്കി വാര്‍ മെമ്മോറിയലിന് തീയിട്ടു. ഇതിനെതിരെ കുക്കികളുടെ ഭാഗത്തു നിന്ന് എതിര്‍പ്പ് ഉണ്ടായപ്പോഴേക്കും ഇംഫാലിലെ കുക്കി ഭവനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടു. 57 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മെയ് 10ന് സര്‍ക്കാര്‍ നല്‍കിയ കണക്ക്. എന്നാല്‍ മരണസംഖ്യ 160 കഴിഞ്ഞിട്ടുണ്ട് എന്നാണ് ഷില്ലോങ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നുകൂടി അവര്‍ പറഞ്ഞുവെച്ചു: ‘ഇനിയൊരിക്കലും മണിപ്പൂര്‍ പഴയതുപോലെയാകില്ല.’ വിഭജനം നടന്നുകഴിഞ്ഞുവെന്ന് സാരം.
നിഷ്‌ക്രിയമാകുന്ന
സംവിധാനങ്ങള്‍
ആരംബായ് തെങ്കോള്‍, മെയ്‌തെയ് ലീപുന്‍ എന്നീ സംഘങ്ങളാണ് പോലീസില്‍ നിന്നും പട്ടാളത്തില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ വെച്ച് അക്രമം അഴിച്ചുവിടുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇരുപതിലധികം സെക്യൂരിറ്റി ഫോഴ്‌സിന്റെ കണ്‍മുന്നിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രഞ്ജന്‍ സിങിന്റെ വസതി വരെ ആക്രമികള്‍ തകര്‍ത്തെങ്കില്‍ കലാപത്തിന്റെ ഗ്രാവിറ്റി ഊഹിക്കാമല്ലോ. പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ തിരിച്ചുനല്‍കാന്‍ മെയ്‌തെയ് വിഭാഗക്കാരനായ സ്ഥലം എംഎല്‍എക്ക് പോസ്റ്റര്‍ പതിക്കേണ്ടിവന്നു, ‘നിങ്ങള്‍ എടുത്ത ആയുധങ്ങള്‍ ദയവായി ഇവിടെ കൊണ്ടുവന്നുവെക്കൂ’ എന്ന്.
കുറ്റകരമായ
അനാസ്ഥ
സാഹചര്യങ്ങള്‍ ഇത്രമേല്‍ കലുഷിതമായിട്ടും രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരാക്കി ഒരു ജനക്കൂട്ടം പരേഡ് ചെയ്യിക്കുന്നതും ശേഷം ബലാല്‍ക്കാരം ചെയ്യുന്നതുമായ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി മൗനത്തിന്റെ വാല്മീകത്തില്‍ നിന്ന് പുറത്തുവന്നത്. ദ ടെലിഗ്രാഫ് പത്രം ദിവസങ്ങള്‍ക്കു ശേഷമുള്ള ഈ പ്രതികരണത്തെയും സങ്കടത്തെയും മുതലക്കണ്ണീരിനോടുപമിച്ച് തങ്ങളുടെ കവര്‍പേജിലൂടെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. മെയ്‌തേയിക്കാരനായ മുഖ്യമന്ത്രിയും തഥൈവ. മാധ്യമപ്രവര്‍ത്തക ഹൊയ്ന്‍ ഹൗസലിന്റെ പ്രസ്തുത വീഡിയോ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് തടയുകയാണ് പിന്നീട് കേന്ദ്രം ചെയ്തത്.
കള്ളക്കഥകള്‍
പിന്നെയും
വീഡിയോ വൈറലായതോടെ, അതിക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാംക്ലിപാക്കിലെ പീപ്പിള്‍ റവല്യൂഷണറി പാര്‍ട്ടിയുടെ കേഡറായ അബ്ദുല്‍ഹലീമാണ് എന്ന വിദ്വേഷവും വെറുപ്പും തെറ്റിദ്ധാരണയും പരത്തുന്ന വാര്‍ത്ത ദേശീയ ഏജന്‍സിയായ എഎന്‍ഐ മണിപ്പൂര്‍ പോലീസിന്റെ സ്ഥിരീകരണമെന്ന നിലയില്‍ പുറത്തുവിട്ടു. എന്നാല്‍ ഫാക്റ്റ് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ ട്വിറ്ററിലൂടെ ഇതിലെ അപകടം മനസ്സിലാക്കിത്തന്നപ്പോഴേക്കും സംഘപരിവാര്‍ പ്രൊഫൈലുകളിലൂടെ ഈ വ്യാജ വാര്‍ത്ത വ്യാപിച്ചിരുന്നു.
തുടരുന്ന നാരീവേട്ട
മെയ് 4ലെ വീഡിയോയിലുള്ള സ്ത്രീകളെ കൂടാതെ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന മറ്റു രണ്ടു സ്ത്രീകളും അതേ ദിവസം ബലാല്‍ക്കാരത്തിന് വിധേയമായി കൊല ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയും വന്നിരിക്കുന്നു.
ഇവയൊന്നും കാമത്തില്‍ നിന്നു മാത്രം ഉദ്ഭവിച്ച ബലാല്‍ക്കാരമല്ല, മറിച്ച്, നിങ്ങളെ കീഴടക്കിക്കഴിഞ്ഞുവെന്ന അധികാര ഭാവത്തിന്റെ പ്രകടനമാണ്. പ്രതികളുടെ വീടുകള്‍ ഏതാനും സ്ത്രീകള്‍ ചേര്‍ന്ന് പിന്നീട് അഗ്‌നിക്കിരയാക്കി എന്ന വാര്‍ത്തയും ഒരുപക്ഷേ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിനാടകം പോലെയാകാനുള്ള സാധ്യതയും തള്ളാനാവില്ല.
അപകടകരമായ
ആവര്‍ത്തനങ്ങള്‍
മറ്റു പല സംസ്ഥാനങ്ങളിലും ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ നരേറ്റീവുകള്‍ ഉണ്ടാക്കി മുസ്‌ലിംകളെ ആക്രമിക്കുന്നതുപോലെ മണിപ്പൂരില്‍ കുക്കി ഭീകരവാദം, മതംമാറ്റം, അനധികൃത കുടിയേറ്റം എന്നീ പ്രയോഗങ്ങളാണ് സംഘപരിവാറും അനുകൂലികളും ഉയര്‍ത്തുന്നത്. ഇത് ഒരജണ്ടയുടെ ഭാഗമാണ്, ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രത്തിന്റെ ആവര്‍ത്തനം.
90 ശതമാനം ഹിന്ദുക്കള്‍ ഉള്ള ഗുജറാത്തില്‍ 25 വര്‍ഷം മുമ്പ് കേവലം 12 ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കലാപത്തിലൂടെ അധികാരത്തില്‍ വന്ന് കഴിഞ്ഞ 22 വര്‍ഷമായി ഭരണം നടത്തുന്നു.
182 അംഗങ്ങളുള്ള നിയമനിര്‍മാണ സഭയില്‍ 156 പേര്‍ ബിജെപിയാണ്. 26 പേരാണ് മറ്റുള്ളവര്‍. എതിര്‍ത്തുനില്‍ക്കുന്നവര്‍ക്ക് ഭരണാനുകൂല്യങ്ങള്‍ തടയപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും കാലക്രമേണ അവരും ബിജെപിയെ അനുകൂലിക്കുന്നു എന്നതാണവിടെ സംഭവിച്ചത്.
അതുപോലെതന്നെ 60 അസംബ്ലി സീറ്റുകളുള്ള മണിപ്പൂര്‍ നിയമസഭയില്‍ 40ഉം മുഖ്യമന്ത്രി ഉള്‍പ്പെടുന്ന മെയ്‌തേയ് വിഭാഗത്തില്‍ നിന്ന്. അവരെ പ്രീതിപ്പെടുത്തി നിര്‍ത്തിയാല്‍ ഭരണം തുടരാമെന്നും കുക്കികള്‍ ഗത്യന്തരമില്ലാതെ തങ്ങളോട് ചേര്‍ന്നുകൊള്ളുമെന്നുമുള്ള ഭൂരിപക്ഷാധികാര പ്രവണത തന്നെയാണ് മണിപ്പൂരിലും ബിജെപി സ്വപ്‌നം കാണുന്നത്.