5 Friday
December 2025
2025 December 5
1447 Joumada II 14

മണിപ്പൂര്‍ വംശഹത്യ; രാജ്യം അപമാനിക്കപ്പെടുന്നു – പ്രതിഷേധ സംഗമം


കോഴിക്കോട്: മണിപ്പൂരില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും രാഷ്ട്രീയ ഭീകരതയുടെ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് ടൗണില്‍ ഐ എസ് എം, എം ജി എം സംസ്ഥാന സമിതി സംയുക്തമായാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചത്.
മണിപ്പൂരില്‍ നടക്കുന്ന വംശഹത്യയില്‍ മൗനം നടിക്കുന്ന ഭരണകൂട നിലപാട് പ്രതിഷേധാര്‍ഹമാണ്. പൗരന്മാരുടെ ജീവനും അഭിമാനവും സംരക്ഷിക്കേണ്ട പ്രാഥമിക ബാധ്യത ഭരണകൂടത്തിനുണ്ട്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന നെറികേടുകള്‍ അത്യന്തം ഭീകരമാണ്. അക്രമികളെ അഴിഞ്ഞാടാന്‍ അനുവദിക്കുന്നതും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതും ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണ്. സ്വാഭാവിക ജീവിതം തിരിച്ചുകൊണ്ടുവരാനും ഇരകളെ പുനരധിവസിപ്പിക്കാനും അടിയന്തിര പദ്ധതി ആവിഷ്‌കരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ അഡ്വ. മുഹമ്മദ് ഹനീഫ, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, എം ജി എം സംസ്ഥാന ഭാരവാഹികളായ മറിയക്കുട്ടി സുല്ലമിയ്യ, റുക്‌സാന വാഴക്കാട്, പാത്തേയ്ക്കുട്ടി ടീച്ചര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി റഫീഖ് നല്ലളം തുടങ്ങിയവര്‍ സംസാരിച്ചു. പാളയത്ത് നിന്നാരംഭിച്ച് കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ച പ്രതിഷേധ റാലിക്ക് റാഫി കുന്നുംപുറം, ഷാനവാസ് പേരാമ്പ്ര, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, ഫാദില്‍ കോഴിക്കോട്, ലത്തീഫ് മംഗലശ്ശേരി, ഫാസില്‍ ആലുക്കല്‍, അദീബ് പൂനൂര്‍ നേതൃത്വം നല്‍കി.

Back to Top