മണിപ്പൂര്‍; ലജ്ജാകരമായ അധ്യായം
മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ലജ്ജാകരവും ഭയാനകവുമായ മറ്റൊരു അധ്യായമാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം ആയുധമാക്കി മാറ്റുന്നുവെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ലൈംഗികാതിക്രമം ആയുധമാക്കുന്നത് കേവലം ക്രൂരതയുടെ ഒരു ഒറ്റപ്പെട്ട പ്രവൃത്തിയല്ല; മറിച്ച്, സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത, ഭയം, നിസ്സഹായത എന്നിവ വിതയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു കണക്കുകൂട്ടല്‍ തന്ത്രമാണ്. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകളുടെ ശരീരം സമുദായങ്ങളെ അപമാനിക്കാനും കീഴ്‌പ്പെടുത്താനും ഭയപ്പെടുത്താനുമുള്ള യുദ്ധക്കളങ്ങളായി ഉപയോഗിക്കുന്നു. അതിന്റെ ആഘാതം തലമുറകളിലൂടെ പ്രതിധ്വനിക്കുന്നതിനാല്‍, ഒരിക്കലും ഉണങ്ങാത്ത ആഴത്തിലുള്ള മുറിവുകള്‍ വരുത്തിവെക്കുന്നതിനാല്‍, ദാരുണമായ അനന്തരഫലങ്ങള്‍ ഇരകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.
ആധിപത്യം സ്ഥാപിക്കാനും വര്‍ഗീയമായി അക്രമം അഴിച്ചുവിടാനുമുള്ള ആയുധമായി ലൈംഗികാതിക്രമം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ വേദനാജനകമായ ഉദാഹരണമാണ് മണിപ്പൂരിലെ സംഭവം. മെയ് ആദ്യവാരത്തില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറംലോകമറിയുന്നത്. രണ്ടു സ്ത്രീകളെ നഗ്‌നരാക്കി മണിപ്പൂരിലെ കാംഗ്‌പോക്പി ജില്ലയിലെ തെരുവുകളിലൂടെ പരേഡ് നടത്തുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെ രാജ്യത്തുടനീളം വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ലൈംഗികാതിക്രമങ്ങളില്‍ ഭരണകൂടം കാണിക്കുന്ന നിസ്സംഗതയും അലംഭാവവും പ്രതിഷേധങ്ങളുടെ മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. കുറ്റവാളികള്‍ തങ്ങള്‍ നിയമത്തിന് അതീതരാണെന്ന് വിശ്വസിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ശിക്ഷാരഹിതമായ നടപടിക്രമങ്ങള്‍ സ്വാഭാവികമാവുകയും ചെയ്യുന്നു. സര്‍ക്കാര്‍ കണ്ണടയ്ക്കുകയോ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുമ്പോള്‍, ലൈംഗികാതിക്രമം ഒരു ആയുധമായി ഉപയോഗിക്കുക എന്നത് അക്രമികളുടെ വിനോദമായി മാറുന്നു.
ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിന് ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. ഒന്നാമതായി, സര്‍ക്കാര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ലൈംഗികാതിക്രമം ഉള്‍പ്പെടെ ഏത് തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കെതിരെയും ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം. കുറ്റവാളികളുടെ സാമൂഹികവും രാഷ്ട്രീയവുമായ നിലയൊന്നും പരിഗണിക്കാതെ, വേഗത്തിലും കാര്യക്ഷമമായും പ്രോസിക്യൂഷന്‍ ഉറപ്പാക്കുന്നതിന് നിയമസംവിധാനം പരിഷ്‌കരിക്കണം.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും മണിപ്പൂര്‍ സര്‍ക്കാറും സ്വീകരിച്ച കുറ്റകരമായ മൗനമാണ് കാര്യങ്ങളെ ഇത്രയും വഷളാക്കിയത്. സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനോ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനോ വേണ്ടി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സംഭവത്തില്‍ തന്നെ, വീഡിയോ പുറത്തുവന്നതിന് ശേഷമാണ് ചില പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. മണിപ്പൂരിലെ സംഭവങ്ങളെല്ലാം തന്നെ ആസൂത്രിതമായ വംശഹത്യയുടെ ചേരുവകളാണ് കാണിച്ചുതരുന്നത്. ക്രിസ്ത്യന്‍ സമുദായത്തെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമാക്കിയാണ് അതിക്രമങ്ങള്‍ നടക്കുന്നത്.
ഈ വീഡിയോയിലെ ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് രാജ്യത്തിന് വേണ്ടി സൈനിക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. അതിര്‍ത്തികളില്‍ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ച എനിക്ക് സ്വന്തം ഭാര്യയുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വേദനയോടെ അദ്ദേഹം പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍, അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് എന്നുള്ള വ്യാജ പ്രചാരണവും സോഷ്യല്‍ മീഡിയയിലുണ്ടായി. ഫാക്ട് ചെക്ക് നടത്തുന്ന വെബ്‌സൈറ്റുകള്‍ ഉടനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ, ഈ വാര്‍ത്തയെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ തിരിച്ചുവിടാന്‍ ഉണ്ടായ ഗൂഢാലോചന കൃത്യമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ട്.
പൗരന്മാര്‍ എന്ന നിലയില്‍, ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കക്ഷി രാഷ്ട്രീയം പരിഗണിക്കാതെ തന്നെ, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. സമുദായ സൗഹൃദത്തെ സംബന്ധിച്ച ബോധവത്കരണത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും ഗ്രാസ്‌റൂട്ട് ആക്ടിവിസത്തിന് വലിയ പങ്ക് നിര്‍വഹിക്കാനാവും.