19 Friday
April 2024
2024 April 19
1445 Chawwâl 10

മണിപ്പൂരില്‍ ‘അവര്‍’ ക്രിസ്ത്യന്‍ സഭകളെ ‘തേടിയെത്തുന്നു’

മുജീബുറഹ്മാന്‍ കരിയാടന്‍


ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സുഹൃത്തിന്റെ സംസാരം രാഷ്ട്രീയത്തില്‍ നിന്ന് മണിപ്പൂര്‍ കലാപത്തിലേക്ക് വഴുതിവീണത്. ബിജെപിയും സംഘപരിവാറും കേരളത്തില്‍ ക്രിസ്ത്യാനികളെ കൂടെക്കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംസാരവിഷയം. ‘മണിപ്പൂരില്‍ കലാപം നടന്നതോടെ അച്ചന്‍മാര്‍ക്ക് ബിജെപി സഖ്യത്തോടുള്ള അഭിപ്രായത്തില്‍ ചെറിയൊരു മനംമാറ്റം വന്നിട്ടുണ്ട്’ എന്ന വാചകത്തോടെയാണ് അദ്ദേഹം പ്രസ്തുത സംഭാഷണം അവസാനിപ്പിച്ചത്.
യാദൃച്ഛികമായി ഇതേ ദിവസം തന്നെയാണ് ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാകിസ്താനിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ മറ്റൊരു ക്രിസ്ത്യന്‍ സുഹൃത്ത് വാട്‌സ്ആപ്പില്‍ അയച്ചുതന്നത്. പാകിസ്താനും ഇംറാന്‍ ഖാനും അവിടത്തെ സംഘര്‍ഷവും ഞാനും തമ്മിലെന്താണ് ബന്ധമെന്ന ആലോചനയ്ക്ക് എന്റെ പേരും മതവും എന്ന മറുപടിയില്‍ കവിഞ്ഞ ഉത്തരങ്ങളൊന്നുമുണ്ടായിരുന്നില്ല. അതായത് പാകിസ്താനെന്നാല്‍ മുസ്‌ലിംകളുടെ ‘മാതൃഭൂമി’യാണെന്ന് പ്രചരിപ്പിക്കുക ഇത്തരക്കാരുടെ ഹോബിയാണ്. ആനമണ്ടത്തരമാണ് വിളമ്പുന്നതെന്ന ബോധം ഉള്ളിലുണ്ടെങ്കിലും അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സുഖം കണ്ടെത്തുകയാണ് ഇത്തരക്കാര്‍.
പൊതുസമൂഹത്തിലെ രണ്ടു ധാരയില്‍ നീങ്ങുന്ന ക്രിസ്തീയ സമൂഹത്തിന്റെ പരിച്ഛേദം കാണിക്കാനാണ് രണ്ടു സംഭവങ്ങള്‍ പറഞ്ഞത്. ‘ക്രിസ്തീയ’ എന്ന പദത്തിന് പകരം ഏത് മതത്തിന്റെ പേര് പകരം വെച്ചാലും ഈ പറഞ്ഞതുപോലുള്ള വിഭാഗങ്ങള്‍ അവര്‍ക്കിടയിലെല്ലാമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിലായിരിക്കും അവയെല്ലാം പുറത്തുവരികയെന്നു മാത്രം.
കര്‍ണാടക തെരഞ്ഞെടുപ്പുഫലം വന്ന ദിവസം അടുത്ത സുഹൃത്തൊന്നുമല്ലാത്ത ഒരു ക്രിസ്തുമതാനുയായിയുടെ വാട്‌സ്ആപ് സ്റ്റാറ്റസ് ‘സൈബര്‍ കമ്മിയും ജിഹാദിയും ചേര്‍ന്ന് പാകിസ്താനെ ജയിപ്പിച്ചു’ എന്ന രാജ്യദ്രോഹ കമന്റായിരുന്നു. ഇന്ത്യന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെട്ടു എന്ന് പരസ്യമായി പറയുന്നതിന് അര്‍ഥം അയാള്‍ രാജ്യദ്രോഹമാണ് പറഞ്ഞതെന്നാണ്. എന്നാല്‍ ഒരു പോലീസ് നടപടിയും അയാള്‍ക്കെതിരെ ഇതുവരെ ഉണ്ടായതായി അറിയില്ല. ബിജെപിയുടെ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ വോട്ടു ചെയ്ത കര്‍ണാടകയിലെ ജനങ്ങളും അതിനായി അഹോരാത്രം പണിയെടുത്ത കോണ്‍ഗ്രസും ഒറ്റവാക്കില്‍ അയാള്‍ക്ക് സൈബര്‍ കമ്മിയും ജിഹാദിയുമായി.
ക്രിസ്ത്യന്‍ സമൂഹത്തിനിടയിലെ വലിയ മാറ്റം അടുത്ത കാലത്ത് കൂടുതല്‍ ചര്‍ച്ചയായതിനു കാരണം ചര്‍ച്ചുകള്‍ കത്തിച്ചിട്ടും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ അനുയായികള്‍ തുടരെത്തുടരെ ആക്രമിച്ചിട്ടും കേരളത്തില്‍ അവരോടൊപ്പം ചേരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു വിഭാഗം ഉണ്ടായതുകൊണ്ടാണ്. ഒളിഞ്ഞും തെളിഞ്ഞും സംഘബന്ധം വെളിവാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയും അതിനായി മറ്റു സമുദായങ്ങളെ ശത്രുപക്ഷത്തേക്ക് വലിച്ചിടുകയും ചെയ്യുന്ന പ്രവണതയ്ക്ക് അടുത്ത കാലത്ത് വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.
‘ലൗജിഹാദി’ന്റെ പേരിലായിരുന്നു അറിയാത്ത മട്ടില്‍ ആക്രമണം തുടങ്ങിയത്. സുപ്രീം കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അത്തരം ‘ലൗജിഹാദു’കളില്ലെന്ന് കണക്കുകള്‍ നിരത്തി പറഞ്ഞിട്ടും അത് സമര്‍ഥിക്കാനായിരുന്നു ഒരു വിഭാഗം മതപുരോഹിതന്മാരും ക്രിസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവരും ശ്രമിച്ചത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി അപ്രത്യക്ഷയായ പെണ്‍കുട്ടിയെ സിറിയയിലോ യമനിലോ കണ്ടെത്തി എന്നു പോലും പ്രചരിപ്പിച്ച് ലൗജിഹാദ് പ്രചാരണത്തീയില്‍ എണ്ണയൊഴിക്കാന്‍ പലപ്പോഴും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ചില മാധ്യമങ്ങളും നിയമപാലകരും ഉള്‍പ്പെടുന്ന വിഭാഗങ്ങളും അതിന് അറിഞ്ഞുതന്നെ വളം നല്‍കുകയുമുണ്ടായി. 32,000 പെണ്‍കുട്ടികളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തുവെന്ന ആരോപണവുമായി രംഗത്തെത്തിയ ‘ദ കേരള സ്റ്റോറി’ സിനിമയ്ക്കു പോലും ഒടുവില്‍ മൂന്നു പേരെന്ന് ചുരുക്കേണ്ടിവന്ന കാലത്തും ലൗജിഹാദിനെ കുറിച്ച് യാതൊരു ഉളുപ്പുമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. മതം മാറി ഐഎസിലേക്ക് പോയ മൂന്നില്‍ രണ്ടു വനിതകള്‍ മാത്രമല്ല അവരെ മതം മാറ്റിയ അവരുടെ ‘കെട്ട്യോന്‍മാരും’ നേരത്തെ ക്രിസ്ത്യാനികളായിരുന്നു എന്ന കാര്യം ആരും പറയില്ല. അതു പറഞ്ഞാല്‍ ഈ കഥയുടെ എല്ലാ ആകാംക്ഷയും നഷ്ടപ്പെട്ടുപോകുമല്ലോ.
സ്വാതന്ത്ര്യാനന്തര
ഇന്ത്യയിലെ
കലാപങ്ങള്‍

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് 2022 ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2017 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ മാത്രം ഇന്ത്യയില്‍ ചെറുതും വലുതുമായ 2908 വര്‍ഗീയ കലാപങ്ങളാണ് അരങ്ങേറിയത്. 2017ല്‍ 723, 2018ല്‍ 512, 2019ല്‍ 438, 2020ല്‍ 857, 2021ല്‍ 378 എന്നിങ്ങനെയാണ് പ്രസ്തുത കണക്ക്. ഇത് രേഖപ്പെടുത്തപ്പെട്ട കലാപങ്ങളുടെ മാത്രം കണക്കാണ്. രേഖപ്പെടുത്താത്തവ വേറെയുമുണ്ടാകും. അതായത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിദിനം ഒന്നോ രണ്ടോ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നുവെന്ന് ചുരുക്കം.
അക്രമത്തിന് പ്രേരണ നല്‍കുന്ന വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിക്കുന്നത് നിരീക്ഷിക്കാനും അവ ഫലപ്രദമായി നേരിടാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഭരണ-സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി 2018 ജൂലൈ 4ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2018 ജൂലൈ 23നും സെപ്തംബര്‍ 25നും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ആള്‍ക്കൂട്ട അക്രമസംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശങ്ങള്‍ക്കൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങള്‍ എത്രമാത്രം വിലകല്‍പിക്കുന്നുണ്ടെന്ന് കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും ഇന്ത്യ തെളിയിച്ചിട്ടുണ്ട്!
മണിപ്പൂര്‍ കലാപം
പല രൂപത്തില്‍ വായിക്കാനും പറയാനും കഴിയുന്നതാണ് മണിപ്പൂര്‍ കലാപം. സംഘ്പരിവാറും അവരുടെ അനുയായികളും ജിഹ്വകളും നിയമം നടപ്പാക്കിയതിന് ക്രൂശിക്കപ്പെട്ടതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന പ്രസ്തുത കലാപത്തെ ശരിയായ രീതിയില്‍ വിലയിരുത്തിയാല്‍ നേരത്തെ തയ്യാറാക്കിവെക്കുകയും ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ നടപ്പാക്കുകയും വേണമെന്ന് തീരുമാനിച്ചുറപ്പിച്ച കലാപമായിരുന്നു മണിപ്പൂരില്‍ നടന്നത്. ഗോത്രവര്‍ഗത്തിനും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനുമെതിരെ വ്യക്തമായ അജണ്ടയോടെ നടപ്പാക്കുകയും ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയും ചെയ്ത കലാപത്തെ വളരെ ലളിതമായി സംവരണ വിഷയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമെന്ന് ചുരുക്കിക്കെട്ടാന്‍ സംഘ്പരിവാറിനും അനുയായികള്‍ക്കും സാധിച്ചു എന്നത് അവരുടെ വലിയ വിജയമാണ്.
മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കുള്ള ‘ശ്രദ്ധ’ പോലും മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന കലാപത്തിന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ലഭിച്ചില്ലെന്ന് ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ക്ക് വിലപിക്കേണ്ടിവന്നുവെങ്കില്‍ സംഘ്പരിവാറിന്റെ അജണ്ട എത്രമാത്രം ആഴത്തില്‍ വേരോടിയതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ‘ഒടുവില്‍ അവര്‍ എന്നെ തേടിയെത്തിയപ്പോള്‍ എനിക്കു വേണ്ടി മിണ്ടാന്‍ ആരുമുണ്ടായിരുന്നില്ലെ’ന്ന കവിവചനം ‘എല്ലാവരുമുണ്ടായിട്ടും ആരും മിണ്ടിയില്ലെ’ന്ന തലത്തിലേക്ക് മാറിപ്പോയ ദുരവസ്ഥയായിരുന്നു മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ക്കു സംഭവിച്ചത്.
മണിപ്പൂരിലെ സമതലങ്ങളില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടുന്ന മെയ്‌തേയി വിഭാഗക്കാരും (ഇതില്‍ ക്രിസ്ത്യാനികളുമുണ്ട്) മലനിരകളിലെ താമസക്കാരായ ആദിവാസി ഗോത്രവിഭാഗക്കാരായ കുകി-നാഗ ക്രിസ്ത്യാനികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ജനസംഖ്യയില്‍ 53 ശതമാനത്തോളം വരുന്ന മെയ്‌തേയ് വിഭാഗക്കാരെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കിയതോടെ വിദ്യാര്‍ഥി വിഭാഗം ആഹ്വാനം ചെയ്ത ഹര്‍ത്താലും പ്രതിഷേധവും കലാപത്തിലേക്ക് വീഴുകയായിരുന്നു.
ഭൂരിപക്ഷ സമുദായമാണെങ്കിലും മെയ്‌തേയ്ക്കാരുടെ കൈവശം പത്ത് ശതമാനം മാത്രമാണ് ഭൂസ്വത്തുള്ളതെന്നും ഗോത്രവിഭാഗങ്ങള്‍ സംവരണത്തിന്റെ പേരില്‍ മുന്നേറുകയാണെന്നും അതുകൊണ്ട് തങ്ങളെയും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. ഇതില്‍ അവര്‍ അനുകൂല നിര്‍ദേശം സമ്പാദിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത ഭൂപ്രകൃതിയുള്ള സംസ്ഥാനമാണ് മണിപ്പൂര്‍. അതിര്‍ത്തി പ്രദേശങ്ങളിലെ കുന്നുകളും ഇടുങ്ങിയ താഴ്‌വരകളും ഒരു ഭാഗത്തും ഉള്‍പ്രദേശങ്ങളിലെ സമതലങ്ങളുമാണ് ഇവിടെയുള്ളത്. മണിപ്പൂരിന്റെ ഘടന വെച്ച് മലനിരകളാണ് ഭൂരിഭാഗം പ്രദേശമെന്നതിനാല്‍ ആ ഭാഗങ്ങള്‍ ഗോത്രവിഭാഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കില്ല.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗോത്രവിഭാഗങ്ങളുടെയും ഭൂസംരക്ഷണത്തിന്റെയും പേരില്‍ ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. നേരത്തെ ജമ്മു-കശ്മീരിനും ഇത്തരം നിയമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേക നിയമത്തിലൂടെ കശ്മീരികള്‍ക്കും മുസ്‌ലിംകള്‍ക്കും കൂടുതല്‍ അവകാശം ലഭിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയും വിഭജിക്കുകയും ചെയ്യുകയാണുണ്ടായത്.
അതിന്റെ മറ്റൊരു പതിപ്പിനുള്ള ശ്രമമാണ് മണിപ്പൂരിലുണ്ടായത്. ജമ്മു-കശ്മീരില്‍ കേന്ദ്രം നേരിട്ട് ഇടപെട്ട് നടത്തിയതാണെങ്കില്‍ മണിപ്പൂരില്‍ അത് നിയമ സംവിധാനം ഉപയോഗപ്പെടുത്തി നിര്‍വഹിച്ചു എന്നതാണ് കാതലായ മാറ്റം. തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന്റെ അധികാരങ്ങളില്‍ കൈകടത്തി ജുഡീഷ്യറി നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവന്നത് ജനങ്ങളായിരുന്നുവെന്നു മാത്രം.
ഗോത്രവര്‍ഗക്കാരുടെ ഭൂമി കൂടി സ്വന്തമാക്കാനും അവര്‍ക്കിടയിലെ ക്രിസ്ത്യന്‍ ആധിപത്യം ഇല്ലാതാക്കാനും ബിജെപിയും സംഘ്പരിവാറും കാലങ്ങളായി പല കാര്യങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളും അച്ചന്‍മാരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നതും പതിവാണ്. പക്ഷേ, അവയെയെല്ലാം ഒറ്റപ്പട്ട സംഭവമായി തള്ളിക്കളയാന്‍ ക്രിസ്ത്യന്‍ മത നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കാലങ്ങളായി ശ്രമം നടത്തുകയും ഒടുവില്‍ അവര്‍ക്കു തന്നെ വിനയാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വളരുകയും വഷളാവുകയും ചെയ്തു.
വടക്ക് നാഗാലാന്റും തെക്ക് മിസോറാമും പടിഞ്ഞാറ് അസമും കിഴക്ക് മ്യാന്‍മറുമായതിനാല്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ തീവ്രവാദവും രാജ്യദ്രോഹവും ആരോപിക്കാന്‍ സംഘ്പരിവാറിന് എളുപ്പമായിരുന്നു. അസമിലെ തീവ്രവാദവും മ്യാന്‍മറിലെ മുസ്‌ലിംകളും കുക്കികളിലെ ക്രിസ്ത്യന്‍ ഗോത്രവര്‍ഗ തീവ്രവാദവും അര്‍ബന്‍ നക്‌സലുകളും ഉള്‍പ്പെടെ ആരോപിച്ചാണ് സംഘ്പരിവാര്‍ മെയ്‌തേയ്കള്‍ക്കിടയിലെ ഹിന്ദുക്കള്‍ക്കിടയില്‍ തങ്ങളുടെ ആശയം കുത്തിച്ചെലുത്തിയത്. മാത്രമല്ല, പൗരത്വനിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിലും മണിപ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ രംഗത്തുണ്ടായിരുന്നു. അതിര്‍ത്തിയില്‍ താമസിക്കുന്ന തങ്ങളെ പൗരത്വത്തിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ഉന്നംവെക്കുന്നുണ്ടെന്ന് അവര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.
ഏപ്രില്‍ 27നാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. മലനിരകളിലെ ആദിവാസി-ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുള്ള നീക്കമായി വിലയിരുത്തപ്പെട്ട നിര്‍ദേശങ്ങളും ബിജെപി സര്‍ക്കാര്‍ നടപടികളും സംഘര്‍ഷത്തിലേക്കെത്തി. ഏപ്രില്‍ 28ന് ബിജെപി മുഖ്യമന്ത്രി ബിരേന്‍സിംഗ് ചുരപാന്ദ്പൂറിലെത്തി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജിം കലാപകാരികള്‍ കത്തിച്ചുകളഞ്ഞു. അതോടെ ഏപ്രില്‍ 28ന് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സര്‍ക്കാരിന്റെ നടപടി വന്നതോടെ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടലിലേക്കെത്തി. പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഐടിഎല്‍എഫ് എന്നറിയപ്പെടുന്ന ഇന്റിജെനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നു പിന്മാറിയെങ്കിലും സര്‍ക്കാരും പോലീസും നടപടികള്‍ തുടര്‍ന്നു. അതോടെ മെയ് മൂന്നിന് അടുത്ത പ്രശ്‌നങ്ങള്‍ ആരംഭിച്ചു. അഖിലേന്ത്യാ ആദിവാസി വിദ്യാര്‍ഥി യൂണിയന്‍ ആഹ്വാനം ചെയ്ത ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചില്‍ ആറായിരത്തിലേറെ പേരാണ് പങ്കെടുത്തത്. മാര്‍ച്ചില്‍ ഏറ്റുമുട്ടല്‍ നടന്നു. തോര്‍ബുംഗ് ഏരിയയിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് രണ്ടു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മെയ്‌തേയികളും പ്രതിഷേധക്കാരും തെരുവില്‍ ഏറ്റുമുട്ടിയതോടെ പൊലീസും സുരക്ഷാസേനയും രംഗത്തെത്തി. എട്ട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കുകി ആദിവാസി വിഭാഗത്തിലെ തീവ്രവാദ ഗ്രൂപ്പുകളാണ് സംഘര്‍ഷത്തിന് പിന്നിലെന്ന ആരോപണവുമായി മെയ്‌തേയികളിലെ സംഘ്പരിവാര്‍ രംഗത്തെത്തി. തീവ്രവാദികളും കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും അര്‍ബന്‍ നക്‌സലുകളുമെന്ന് അവരെ മുദ്രകുത്തി.
എന്നാല്‍ ഇംഫാല്‍ അതിരൂപത പറയുന്നത് മറ്റൊരു കാര്യമാണ്. സംഘര്‍ഷത്തില്‍ നാല്‍പതിലധികം ചര്‍ച്ചുകളാണ് ആക്രമിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തതെന്ന് കണക്കുകള്‍ നിരത്തി സമര്‍ഥിക്കുന്നു. തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും ചര്‍ച്ചുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യാതൊരു സുരക്ഷയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നശിപ്പിച്ച ചര്‍ച്ചുകളില്‍ ഭൂരിഭാഗത്തിനും തീയിടാനാണ് കലാപകാരികള്‍ ശ്രമിച്ചത്. ചിലയിടങ്ങളില്‍ ചര്‍ച്ചുകള്‍ തകര്‍ക്കാന്‍ ആക്രമികളെത്തിയത് എക്‌സ്‌കവേറ്ററുമായിട്ടായിരുന്നു. ആസൂത്രിതമാണ് കലാപമെന്നതിന് മറ്റു തെളിവുകളൊന്നും ആവശ്യമില്ലെന്നും സുരക്ഷയ്ക്ക് പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സഭ വ്യക്തമാക്കുന്നു.
കുകികളുടെയും ഗോത്രവര്‍ഗക്കാരുടെയും മാത്രമല്ല മെയ്‌തെയ് വിഭാഗത്തില്‍ പെടുന്നവരുടെ ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഗോത്രങ്ങളല്ല ലക്ഷ്യം, ക്രിസ്ത്യന്‍ സമുദായവും അവരുടെ ആരാധനാലയങ്ങളുമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്. അതീവ സുരക്ഷാ മേഖലയായ ഇംഫാല്‍ നഗരത്തില്‍ വിമാനത്താവളത്തിന് സമീപത്തെ സെന്റ് പോള്‍സ് പള്ളിക്കും പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററിനും നേരെ ആക്രമണം നടന്നു, ഒരിക്കലല്ല പലവട്ടം. അക്രമി സംഘം പള്ളിയിലും ട്രെയിനിംഗ് കേന്ദ്രത്തിലും കയറിയിറങ്ങി ഹോസ്റ്റലിലെ പാചകവാതക സിലിണ്ടര്‍ കൊണ്ടുവന്നാണ് തീയിട്ടത്. പള്ളിക്ക് കാവലുണ്ടായിരുന്ന പൊലീസ് സംഘം അക്രമത്തിനു മുമ്പ് സ്ഥലം വിടാന്‍ പ്രത്യേക ശുഷ്‌കാന്തി കാണിച്ചതായി സഭ കുറ്റപ്പെടുത്തുന്നു.
മണിപ്പൂരിലെ ജനസംഖ്യയില്‍ 41 ശതമാനമാണ് ക്രിസ്ത്യാനികള്‍. ഗോത്രവര്‍ഗക്കാരിലേത് മാത്രമല്ല മെയ്‌തേയിലെ ക്രിസ്ത്യാനികള്‍ക്കും കടുത്ത ആക്രമണം നേരിടാനാവാതെ തങ്ങളുടെ വാസസ്ഥലങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട ഗതികേടാണുണ്ടായത്. മേഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ കടുത്ത ഭീഷണിയാണ് നേരിടുന്നത്.
ഉണ്ടോ ശുഭപ്രതീക്ഷ?
അനുഭവിക്കുന്നവര്‍ക്ക് മാത്രമല്ല അതേക്കുറിച്ച് അറിയുന്ന നല്ല മനസ്സുള്ള ഏത് മനുഷ്യനും എല്ലാ കലാപങ്ങളും തീരാവേദനയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ നല്ല മനസ്സുകള്‍ ആയിരക്കണക്കിന് തവണ ഈ വേദന അനുഭവിച്ചിട്ടുണ്ട്. ഭഗല്‍പൂരിലും ഭീവണ്ടിയിലും ഡല്‍ഹിയിലും ഗുജറാത്തിലും മാത്രമല്ല തലശ്ശേരിയില്‍ ഉള്‍പ്പെടെ ഇതാണ് സംഭവിച്ചത്. എല്ലായിടത്തും ആസൂത്രണത്തിനു പിന്നില്‍ സംഘ്പരിവാറിന്റെ കൈകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇന്ത്യ-പാക് വിഭജനകാലത്ത് അതിര്‍ത്തിയില്‍ കലാപത്തില്‍ വീണുമരിക്കുന്ന മനുഷ്യര്‍ക്ക് മുമ്പിലേക്ക് രക്ഷാദൗത്യവുമായി പോയ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവെന്നല്ല, കലാപങ്ങളുടെ പിതാവ് എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു വിഭാഗം ഇന്ത്യയില്‍ കൂടുതല്‍ ശക്തി പ്രാപിച്ചുവരുന്നുണ്ട്. അവരോടൊപ്പം ചേരുന്നവരെ പോലും ഒരു ഘട്ടത്തില്‍ ഒറ്റപ്പെടുത്തി ആക്രമിക്കും എന്ന സൂചനയാണ് മണിപ്പൂരില്‍ നിന്നു ലഭിക്കുന്നത്. പക്ഷേ അത് മനസ്സിലാക്കാന്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയിലെ സംഘ്‌പ്രേമികള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.
അവര്‍ ഇല്ലാത്ത ലൗജിഹാദിനെ കുറിച്ചും റബര്‍ താങ്ങുവില വര്‍ധിപ്പിച്ചാല്‍ കേരളത്തില്‍ നിന്നൊരു എംപിയെ ഞങ്ങള്‍ തരുമെന്ന് വീരവാദം മുഴക്കിയും കാലം കഴിക്കുകയാണ്. തങ്ങള്‍ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെയും സംഘര്‍ഷങ്ങളെയും കണ്ടില്ലെന്ന് നടിക്കാനും അവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
മെയ്‌തേയി വിഭാഗത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മണിപ്പൂര്‍ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. വസ്തുതകള്‍ക്ക് നിരക്കാത്ത തെറ്റായ വിധിയാണ് മണിപ്പൂര്‍ ഹൈക്കോടതിയുടേതെന്നും സമുദായങ്ങളെ പട്ടികജാതി-പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ തത്വങ്ങള്‍ക്കും മുന്‍ ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചിട്ടുണ്ട്. കോടതികള്‍ കൂടി കൈപ്പിടിയില്‍ പോകുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് കൂടിയായി സുപ്രീം കോടതിയുടെ വിമര്‍ശനത്തെ വായിക്കാം.

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x