മാനവികതയും നിര്‍ഭയത്വവും പ്രദാനം ചെയ്യുന്ന വിശ്വാസം
പ്രൊഫ. മുഹമ്മദ് കരുവന്‍പൊയില്‍
ഇസ്ലാം മതവിശ്വാസികള്‍ ഖുര്‍ആനിലും മുഹമ്മദ് നബിയിലും വിശ്വസിക്കുന്നതിനു പുറമെ ലോകത്ത് വന്നിട്ടുള്ള സകല നബിമാരിലും അവര്‍ നല്കിയ സന്ദേശങ്ങളിലും വിശ്വസിക്കേണ്ടതുണ്ട്. ഈ വിശ്വാസം സ്വകാര്യമാക്കാതെ അവസരോചിതം പരസ്യമായി പറയണമെന്നു ഖുര്‍ആനില്‍ കാണാം. ഇസ്ലാം മതത്തിന്റെ ആറ് വിശ്വാസകാര്യങ്ങളില്‍ മൂന്നാമത്തെ കാര്യമാണ് ഈ വിശ്വാസം. ഇവയ്ക്ക് ഈമാന്‍ കാര്യങ്ങള്‍ എന്നാണ് സാങ്കേതികമായി പറയുക.
ഈമാന്‍ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്ലാം മതത്തിന്റെ എല്ലാ കര്‍മങ്ങളും നിലകൊള്ളേണ്ടത്. നിര്‍ബന്ധമായ അഞ്ച് കര്മകാര്യങ്ങളാണ് മതത്തില്‍ പ്രധാനമായത്. ആറ് വിശ്വാസകാര്യങ്ങളും അഞ്ച് കര്‍മകാര്യങ്ങളും അടക്കം ആകെ പതിനൊന്ന് നിര്‍ബന്ധ കാര്യങ്ങളാണ് മതത്തിലുള്ളത്. വിശ്വാസകാര്യങ്ങളില്‍ മൂന്നാമത്തേതാണെന്ന് പറഞ്ഞ കാര്യം മുസ്ലിംകളുടെ മതപ്രബോധനത്തിലും സകല ആദര്‍ശ വിശദീകരണ സന്ദര്‍ഭങ്ങളിലും വ്യക്തമാക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ 2:136ല്‍ പറയുന്നു: ”ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്ക്കവതരിച്ച ഗ്രന്ഥത്തിലും ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അസ്ബാത്തിലെ പ്രവാചകന്മാര് (യഅ്ഖൂബ് നബിയുടെ സന്താനപരമ്പര) എന്നിവര്‍ക്ക് അവതരിച്ച സന്ദേശങ്ങളിലും മൂസാനബി, ഈസാ നബി എന്നിവര്‍ക്ക് നല്കപ്പെട്ട വേദങ്ങളിലും (ലോകത്ത് എവിടെയും വന്നിട്ടുള്ള) പ്രവാചകന്മാര്ക്ക് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിട്ടുണ്ടെന്നും ഇവരില്‍ പെട്ട ഒരാള്‍ക്കിടയിലും ഞങ്ങള്‍ ഒരു വ്യത്യാസവും കല്പിക്കുന്നില്ല എന്നും ഞങ്ങള്‍ അവന്ന്(ദൈവത്തിന്) കീഴ്വണങ്ങിയവരാണെന്നും നിങ്ങള്‍ പറയണം”.
വിശ്വമാനവീയതയ്ക്ക് വേദവാക്യം എന്ന് പറയുമ്പോള്‍ ഇതുപോലെയുള്ള ഖുര്‍ആനിലെ സാര്‍വലൗകിക പ്രസക്തമായ ആശയങ്ങള്‍ പ്രകാശിതമാകണം. സകല ജനവിഭാഗത്തേയും സ്പര്‍ശിക്കുന്ന ഒരാശയമാണ് ഇതിലടങ്ങിയത്. മതപരമായ വിവേചനത്തിനും അന്യതയ്ക്കും ഈ വാക്യത്തില്‍ സ്ഥാനമില്ല. ഒരു ആഗോള മതത്തിനുണ്ടായിരിക്കേണ്ട നിലപാടാണ് ഈ വാക്യത്തില്‍ കാണുന്നത്.
തൊണ്ണൂറുകളില്‍ കേട്ട ആഗോളവല്‍ക്കരണം, സാമ്പത്തിക ഉദാരവല്‍ക്കരണം എന്നീ വാക്കുകള്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്തോ നേട്ടം വരാനുണ്ട് എന്ന് ഈ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നി. ലോക അറബി ഭാഷയില്‍ ഔലമത്ത് എന്ന ഒരു പുതിയ വാക്കും അന്ന് കേട്ടു. ആഗോളവല്‍ക്കരണം എന്ന ആശയത്തില്‍ നിന്നു കിട്ടിയ പ്രചോദനമായിരിക്കും ഈ വാക്കിന്റെ ഉല്പത്തി. ലോകം മുഴുവനും പരത്തുക എന്ന അര്‍ഥം കിട്ടുന്ന മുറയില്‍ അറബി ഭാഷയിലെ നിലവിലുള്ള ഏതോ ഒന്നിലധികം വാക്കുകളില്‍ നിന്നു ഓരോ ശകലം വെട്ടിമുറിച്ച് അന്യോന്യം കൂട്ടിച്ചേര്‍ത്തു ഒരു ഒറ്റവാക്കായി രൂപപ്പെടുത്തിയ ക്രിയാനാമരൂപപദമാണ് ഔലമത്ത്. (മസ്വ്ദര്‍ അഥവാ വെര്ബല്നൗണ്). കൃത്രിമമായി ഉണ്ടാക്കിയ ഒരു പുതിയ വാക്കെങ്കിലും തീര്‍ച്ചയായും തരക്കേടില്ലാത്ത ആശയം.
എന്നാല്‍ അധികം താമസിയാതെ സ്വദേശിവല്‍ക്കരണം, നിതാഖാത്ത് എന്ന വാക്കും പൊടിതട്ടി പുറത്തെടുത്തു. ഇതിന്റെ ഫലമായി പലരും ജോലിയില്ലാതെ ഗള്‍ഫ് നാടുകളില്‍നിന്നു തിരിച്ചുപോന്നു. കാലോചിതമായ ഒരു പരിഷ്കരണം വന്നപ്പോള്‍ സംഭവിച്ച വിപരീത ഫലത്തിന് ആരെയും പ്രത്യേകം കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. സകല മനുഷ്യരിലും കുടികൊള്ളുന്ന മനുഷ്യത്വവും മാനവീയതയും ആത്മാവും ഒന്നുതന്നെയായതിനാല്‍ നീ നിന്നെപ്പോലെ നിന്റെ സഹോദരനെയും അയല്‍ക്കാരനെയും സകല അപരരെയും കരുതണമെന്ന് തോന്നിപ്പിക്കുന്ന ഒരു ആഗോള സാമൂഹിക വ്യവസ്ഥയില്‍ മാത്രമേ മനുഷ്യന്റെ ജീവിത മരണങ്ങളിലെ പ്രശ്നങ്ങള്‍ പലതും തൃപ്തികരമായി പരിഹരിക്കപ്പെടുകയുള്ളൂ.
പല പ്രശ്നങ്ങളെയും മുന്‍നിര്‍ത്തി മനുഷ്യര്‍ നടത്തിയ നിരന്തരമായ യുദ്ധങ്ങള്‍ക്ക് ശേഷവും യുദ്ധത്തിന്നിടയിലുമാണ് അറേബ്യയില്‍ മുഹമ്മദ് നബിയുടെ ദൗത്യനിയോഗം ഉണ്ടായത്. അറബിഗോത്രങ്ങള്‍ തമ്മില്‍ ആയിരം കൊല്ലം നീണ്ടുനിന്ന യുദ്ധം ഒരു സന്ധി മുഖേന അവസാനിച്ചത് നിയോഗത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ സന്ധിയില്‍ പ്രവാചകനും ഒരു ശ്രോതാവായിരുന്നു. നിയോഗകാലത്ത് പേര്‍ഷ്യന്‍ സാമ്രാജ്യത്വവും റോമന്‍ സാമ്രാജ്യത്വവും തമ്മില്‍ ശക്തമായ യുദ്ധം നടന്നിട്ടുണ്ട്. അങ്ങനെയുളള പടയോട്ടങ്ങള്‍ പ്രവാചകന് മുമ്പും അദ്ദേഹത്തിനു ശേഷവും പലതും ഉണ്ടായി. ഈ യുദ്ധസാഹചര്യത്തിലാണ് സമാധാനമുണ്ടാക്കുക എന്ന് അര്‍ഥമുള്ള ഇസ്ലാം എന്ന പേരോടുകൂടി പ്രവാചകന് ദൗത്യം തുടങ്ങിയത്.
വായിക്കുക എന്ന സന്ദേശത്തോടുകൂടിയാണ് ദൗത്യം തുടങ്ങിയത്. അന്ന് കാര്യമായും വായിക്കാനുണ്ടായിരുന്നത് യുദ്ധ ചരിത്രമാണ്. അവന് സമാധാനം ഉണ്ടാക്കി, അവന് സമാധാനത്തില്‍ ജീവിച്ചു എന്നിങ്ങനെ സകര്‍മകമായും അകര്‍മകമായും ഉപയോഗിക്കുന്ന അസ്ലമ എന്ന ക്രിയാരൂപത്തിന്റെ നാമരൂപമാണ് ഇസ്ലാം എന്ന വാക്ക്. സമാധാനമുണ്ടാക്കല്‍, സമാധാനത്തില്‍ ജീവിക്കല്‍ എന്നിങ്ങനെ സകര്‍മക ക്രിയയായും അകര്‍മക ക്രിയയായും ഇത് ഉപയോഗിക്കും. സമര്‍പ്പണം എന്നും കീഴ്വണക്കം എന്നുമൊക്കെ പല അര്‍ഥങ്ങളുമുള്ള ഒരു വാക്ക്. എന്നാല്‍ മറ്റ് അര്‍ഥങ്ങളൊക്കെ സമാധാനവുമായി ബന്ധപ്പെട്ടതാണ്.
ഒരാള്‍ മുസ്ലിമാകാന് ആറ് കാര്യങ്ങളില്‍ ദൃഢമായി വിശ്വസിക്കേണ്ടതുണ്ട്. ഇതിന് ഈമാന്‍ കാര്യങ്ങള്‍ എന്ന് പറയും. ഈ ആറ് കാര്യങ്ങളില്‍ മൂന്നാമത്തേതാണ് ആദ്യം പറഞ്ഞ ഖുര്‍ആന്‍ വചനത്തിലെ സര്വവേദങ്ങളിലുമുള്ള വിശ്വാസം. നാലാമത്തെ കാര്യം മുഹമ്മദ് നബി ഉള്‍പ്പെടെ ലോകത്ത് വന്നിട്ടുള്ള സകല പ്രവാചകന്മാരിലും ദൃഢമായി വിശ്വസിക്കല്‍. അതായത് ഇസ്ലാം സര്‍വലോക സാഹോദര്യത്തിന്റെ മതമാണ്.
ഈമാന്‍ എന്ന വാക്കും സകര്‍മകമായും അകര്‍മകമായും ഉപയോഗിക്കും. നിര്‍ഭയാവസ്ഥ സൃഷ്ടിക്കുക, നിര്‍ഭയമായി ജീവിക്കുക എന്നിങ്ങനെയാണ് ഇതിന്റെ അര്‍ഥം. ഇതും ഒരു ക്രിയാനാമമാണ്. ഏതൊരു വിശ്വാസത്തിലൂടെയാണോ മനുഷ്യന് നിര്‍ഭയാവസ്ഥയില്‍ എത്തിച്ചേരുന്നത്, ആ വിശ്വാസത്തിന്റെ കര്‍മരൂപമാണ് ഇസ്ലാം മതം. ഇതിന് അഞ്ച് കര്‍മങ്ങളും ആറ് വിശ്വാസങ്ങളും നിര്‍ബന്ധമാണ്. വിശ്വാസങ്ങളില്‍ മൂന്നാമത്തേതും നാലാമത്തേതുമാണ് വേദങ്ങളിലും പ്രവാചകന്മാരിലുമുള്ള വിശ്വാസപ്രകടനം. എല്ലാ മതക്കാരും സഹോദരന്മാരായി ജീവിക്കണം എന്നര്‍ഥം. ഇക്കാര്യം നാലാം അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ സ്പഷ്ടമാക്കിയതാണ്. അവിടെ പറയുന്നത്: മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക; രക്ഷിതാവ് നിങ്ങളെയെല്ലാം ഒരൊറ്റ ആത്മാവില്‍ നിന്നാണ് സൃഷ്ടിച്ചത്. അതേ ആത്മാവില്‍ നിന്നു അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവര്‍ രണ്ടുപേരില്‍ നിന്നു ഒരുപാട് പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചു”.
മുഹമ്മദ് നബി(സ)യുടെ ലോകവീക്ഷണം ഈ പറഞ്ഞതാണ്. മുഹമ്മദ് നബിയുടെ വീക്ഷണം എന്ന് പറഞ്ഞത് തെറ്റാണെങ്കില്‍ ദൈവത്തിന്റെ സംസാരം എന്ന് പറയാം. ഇതില്‍ യുദ്ധമില്ല. സമാധാനമേയുള്ളൂ. വെളിച്ചം മറച്ചുപിടിക്കുന്നതുപോലെ ഈ ജീവിതവും പല രീതിയിലും തമസ്കരിക്കപ്പെട്ടിട്ടുണ്ട്. തമസ്കരണത്തിന്റെ പ്രകാശനമാണ് ഖുര്‍ആനിലെ 2:136ാം വാക്യത്തിന്റെ പ്രസക്തി.