25 Monday
September 2023
2023 September 25
1445 Rabie Al-Awwal 10

മാനവികതയ്ക്ക് ഖുര്‍ആനിക വെളിച്ചം

ഷാജഹാന്‍ ഫാറൂഖി


മാനവരാശിക്ക് മാര്‍ഗദര്‍ശനമായി സ്രഷ്ടാവായ അല്ലാഹു അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ജിബ്‌രീല്‍(അ) എന്ന മാലാഖ മുഖേന അവതരിപ്പിച്ച വിശുദ്ധ വചനങ്ങള്‍ അഥവാ അല്ലാഹുവിന്റെ കലാമാണ് വിശുദ്ധ ഖുര്‍ആന്‍. വായന എന്നര്‍ഥമുള്ള ഖുര്‍ആന്‍ 23 വര്‍ഷങ്ങളിലായി സന്ദര്‍ഭോചിതമായിട്ടാണ് പ്രവാചകന് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്ന ആറായിരത്തിലധികം വരുന്ന ആയത്തുകള്‍ 114 അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ് ഈ ഗ്രന്ഥം എന്ന കാര്യത്തില്‍ സംശയമേയില്ല എന്ന നേര്‍സാക്ഷ്യമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്.
എന്തുകൊണ്ട്
ഖുര്‍ആനിക
വെളിച്ചം?

അറിവ് നേടുന്നതിന് അടിസ്ഥാനപരമായി നാം ആശ്രയിക്കുന്നത് പഞ്ചേന്ദ്രിയങ്ങളെയാണ്. എന്നാല്‍ അവ അപൂര്‍ണവും പലപ്പോഴും വിശ്വാസയോഗ്യവുമല്ല. രണ്ടാമതായി, നമുക്ക് ആശ്രയിക്കാനുള്ളത് ബുദ്ധിയെയാണ്. പക്ഷേ, മാനവരാശിയുടെ ബൗദ്ധികവികാസങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും അനുസരിച്ച് എത്തിച്ചേരുന്ന നിഗമനങ്ങള്‍ക്ക് ഒരു സ്ഥിരതയുമില്ല. അവിടെയാണ് മാനവരാശിക്ക് മാര്‍ഗദര്‍ശനമായി ദൈവിക സന്ദേശം അഥവാ വഹ്‌യ് അനിവാര്യമാകുന്നത്. ആ വഹ്‌യിന്റെ പരിസമാപ്തിയാണ് വിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആന്റെ
സ്വാധീനം

വിഗ്രഹാരാധന, മദ്യാസക്തി, ശിശുഹത്യ, ഗോത്രപ്പക എന്നീ തിന്മകളില്‍ അഭിരമിക്കുന്ന ആറാം നൂറ്റാണ്ടിലെ അറബികള്‍ക്ക് ഖുര്‍ആന്‍ വെളിച്ചമായത് എങ്ങനെയെന്ന് അവര്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക: അബിസീനിയയിലേക്ക് പലായനം ചെയ്തവരുടെ നേതാവായ ജഅ്ഫറുബ്‌നു അബീത്വാലിബ് നജ്ജാശി രാജാവിനോട് ഇങ്ങനെ ബോധിപ്പിക്കുന്നു: ”രാജാവേ, ഞങ്ങള്‍ വിഗ്രഹാരാധകരും ശവംതീനികളും ലക്ഷ്യബോധമില്ലാത്തവരുമായിരുന്നു. പ്രവാചകന്‍ വന്ന് ഖുര്‍ആനിക ആശയങ്ങള്‍ പകര്‍ന്നുതന്നതോടുകൂടി ഞങ്ങള്‍ ഏകദൈവവിശ്വാസികളും ജീവിതലക്ഷ്യമുള്ളവരുമായി, മറ്റുള്ളവര്‍ക്ക് മാതൃകയായി മാറി.”
വിശ്വാസദര്‍ശനം
മുപ്പത്തിമുക്കോടി ദൈവസങ്കല്‍പവും ത്രിത്വവാദവും ഖബര്‍പൂജയും ആള്‍ദൈവങ്ങളും അമ്മദൈവങ്ങളും സമൂഹത്തെ മുച്ചൂടും അടക്കിഭരിച്ചു. ബുദ്ധിപരമായ അധമത്വം ഏറ്റുവാങ്ങി ലോകജനതയുടെ സിംഹഭാഗവും മുന്നോട്ടുപോകുമ്പോള്‍ ഖുര്‍ആനിന്റെ ഈ സദുപദേശം അവര്‍ കേള്‍ക്കാതെപോകുന്നു. ”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക.”
സാമൂഹിക ദര്‍ശനം
ഒരാണിന്റെയും പെണ്ണിന്റെയും മക്കളാണ് മാനവസമൂഹം. ഒരുതരത്തിലുള്ള വേര്‍തിരിവും മാറ്റിനിര്‍ത്തലും പാടില്ല. ദൈവഭക്തിയാണ് ആദരവിന്റെയും മേന്മയുടെയും മാനദണ്ഡം. എത്ര മഹത്തരമാണ് ഖുര്‍ആനിന്റെ ഈ പ്രഖ്യാപനം. മത-ജാതി-വര്‍ണ-ഭാഷാ സങ്കല്‍പങ്ങളും അതിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഗോത്രവഴക്കും ജാതിവിലക്കും രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ നിന്ന് ഇന്നും കേള്‍ക്കേണ്ടിവരുന്നു. പിറന്ന നാട്ടില്‍ അന്യരായവര്‍, സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവര്‍, അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ ബന്ധിതരായവര്‍ ഇങ്ങനെ പോകുന്നു ഭൂമിയിലെ മര്‍ദിതരുടെ കഥ. ശാസ്ത്ര-സാങ്കേതികവിദ്യയും അത്യുന്നതിയില്‍ വിരാജിക്കുന്നുവെന്ന് അഭിമാനിക്കുമ്പോഴും അവിവേകത്തിന്റെ കൂരിരുട്ടില്‍ തപ്പിത്തടയുകയാണ് ആധുനിക സമൂഹം.
സാംസ്‌കാരികരംഗം
തമോയുഗത്തെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മലീമസവും വിഷലിപ്തവുമാണ് സാംസ്‌കാരികരംഗം. മദ്യവും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ പോലും അടിമകളാക്കി മാറ്റി. കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് വിപണി സജീവമാകുന്നത്. ടൂറിസത്തിന്റെയും ബാര്‍ ഹോട്ടലുകളുടെയും മറവില്‍ റവന്യൂ വരുമാന വര്‍ധനവിനു വേണ്ടി സര്‍ക്കാരുകള്‍ തന്നെ ലഹരിയുടെ പ്രചാരകരായി മാറുന്നു. മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ വേണ്ടത് എന്ന ചര്‍ച്ചയിലാണ് ഇന്നും സാമൂഹിക പ്രവര്‍ത്തകര്‍. കൊല, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യ തുടങ്ങി എന്തെല്ലാം സാമൂഹിക വിപത്തുക്കളാണ് തിന്മകളുടെ മാതാവ് എന്നറിയപ്പെടുന്ന ലഹരിയുടെ പ്രയോഗത്തിലൂടെ വന്നുചേരുന്നത്.
സാമ്പത്തികരംഗം
വ്യക്തവും സുതാര്യവും അനുവദനീയവുമായ മാര്‍ഗത്തിലൂടെയുള്ള ധനസമാഹരണമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. കച്ചവടം ഹലാലാക്കുകയും പലിശ നിരോധിക്കുകയും ചെയ്തതിലൂടെ ഇസ്‌ലാമിക സാമ്പത്തിക കാഴ്ചപ്പാട് വ്യക്തമാണ്. പലിശയധിഷ്ഠിത ആഗോള സാമ്പത്തിക നയമാണ് ലോകരാജ്യങ്ങളെ നയിക്കുന്നത്. ദാനധര്‍മങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം സമ്പന്നന്റെ സ്വത്തില്‍ നിശ്ചിത ഓഹരി പാവപ്പെട്ടവനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു.
കുടുംബരംഗം
വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ മേഖലകളിലെല്ലാം കൃത്യമായ നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടുവെച്ചു. രക്തബന്ധങ്ങള്‍ക്കും വിവാഹബന്ധങ്ങള്‍ക്കും പവിത്രത നല്‍കി. മാതാപിതാക്കളുടെ പൊരുത്തം സ്വര്‍ഗപ്രവേശനത്തിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ചു. ധാര്‍മിക സമൂഹത്തിനു ദിശാബോധം നല്‍കേണ്ടത് ധാര്‍മിക കുടുംബമാണ്. സന്താന പരിപാലനം, അനന്തരാവകാശം എന്നിവയ്ക്ക് കൃത്യമായ രൂപം നല്‍കി.
എന്നാല്‍ ഖുര്‍ആനിക നിര്‍ദേശങ്ങളെ കൈയൊഴിഞ്ഞ സമൂഹങ്ങളില്‍ കുടുംബമൊരു സങ്കല്‍പമായി മാറി. ജാഹിലിയ്യാ യുഗത്തെ പോലും നാണിപ്പിക്കുന്ന വിവാഹേതര-വിവാഹപൂര്‍വ ബന്ധങ്ങള്‍ പരിഷ്‌കാരമായി മാറി. കൊല്ലിലും കൊലയിലും അവസാനിക്കുന്ന പ്രണയ വിവാഹങ്ങള്‍, ജീവിതപങ്കാളിയെ കൈമാറുന്ന ആഭാസങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ തുടങ്ങി മാനവിക മൂല്യങ്ങളുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
ജെന്‍ഡര്‍ ജസ്റ്റിസ് എന്ന ഓമനപ്പേരില്‍ പത്രമാധ്യമങ്ങള്‍ ആഘോഷമാക്കിയ ഒരു സംഭവം നാം മറന്നിട്ടില്ല. ഗര്‍ഭം ധരിച്ച യുവതി പുരുഷവേഷം ധരിച്ചെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ഇതാ ലിംഗസമത്വം പൂര്‍ണമായിക്കഴിഞ്ഞു എന്ന് കൂകിയ അല്‍പബുദ്ധികള്‍ മനുഷ്യരാശിയുടെ ശാപമാണ്. ലിംഗസമത്വത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഒരേ ഡ്രസ്‌കോഡ് നടപ്പാക്കാനും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിക്കാനും ഹോസ്റ്റലുകളില്‍ താമസിക്കാനും ലിവിങ് ടുഗെതര്‍ അനുവദിക്കാനുമുള്ള നിയമനിര്‍മാണം വിദൂരമല്ല.
ഒരു കാര്യം തീര്‍ത്തുപറയാം: മാനവരാശി അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരം വിശുദ്ധ ഖുര്‍ആന്‍ പ്രസരിപ്പിക്കുന്ന വെളിച്ചത്തിലൂടെ സഞ്ചരിക്കുക എന്നത് മാത്രമാണ്. കാരണം, അത് സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനമാണ്. 15 നൂറ്റാണ്ടുകളായി മാനവസമൂഹത്തിന് സന്മാര്‍ഗത്തിന്റെ വെളിച്ചം വിതറി അജയ്യമായി നിലനില്‍ക്കുന്ന ഈ വേദഗ്രന്ഥം നമ്മുടെ മനസ്സുകള്‍ക്ക് വസന്തമാണ്. കണ്ണുകള്‍ക്ക് കുളിര്‍മയാണ്, തീര്‍ച്ച.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x