മാനവിക സൗഹൃദവും മുസ്‌ലിം ഐക്യവും
പി മുസ്തഫ നിലമ്പൂര്‍
കോടിക്കണക്കിന് ജീവജാലങ്ങളില്‍ ഏറെ മഹത്വമേറിയ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യ പിതാവായ ആദമിനെ(അ) കളിമണ്ണുകൊണ്ട് അവന്റെ കരങ്ങളാല്‍ സൃഷ്ടിക്കുകയും അവന്‍ അവനില്‍ ആത്മാവിനെ ഊതുകയും ചെയ്തു. കടലിലും കരയിലും വെച്ച് അവനെ ഏറെ ആദരിക്കുകയും ചെയ്തു. ”അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.” (വി.ഖു 15:29)
”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്നു സൃഷ്ടിക്കുകയും, അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.” (വി.ഖു 4:01)
”മനുഷ്യരേ, തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം, ഏക സമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.” (വി.ഖു 21:92)
ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഏകനായ രക്ഷിതാവിന്റെ ഏകത്വം ഉള്‍ക്കൊള്ളുകയും അവന്‍ സൂക്ഷിച്ചു പുലര്‍ത്താന്‍ പറഞ്ഞ ബന്ധങ്ങള്‍ പുലര്‍ത്തുകയും സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലുമായി പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരുമാണ്. ഇപ്രകാരം സ്‌നേഹ കാരുണ്യത്തിലായി പരസ്പരം വര്‍ത്തിക്കുമ്പോള്‍ അവന്‍ ഏറെ ആദരണീയനും മഹത്വമുള്ളവനുമായി തീരുന്നു.
”തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്കുകയും ചെയ്തിരിക്കുന്നു.” (വി.ഖു 17:70)
സാമൂഹ്യജീവി എന്ന നിലയില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും മനുഷ്യര്‍ അവരുടെ ആദരവ് സംരക്ഷിക്കേണ്ടതുണ്ട്. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ രക്ഷിതാവിങ്കല്‍ എല്ലാവരും തുല്യരാണ്. ധര്‍മബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ യാതൊരു വ്യത്യാസവുമില്ല.
”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി.ഖു 49:13)
ആരും പരസ്പരം പെരുമ പ്രകടിപ്പിക്കേണ്ടതില്ല. നബി(സ) പറഞ്ഞു: ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവ് ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. അറിയുക: അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ചുവന്നവന് കറുത്തവനേക്കാളോ കറുത്തവന് ചുവന്നവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ ബോധമുള്ളവനാണ്.” (സില്‍സിലതു സ്വഹീഹ അല്‍ബാനി 3700)
സാമൂഹിക ബന്ധങ്ങളില്‍ മനുഷ്യന്‍ എന്ന നിലയില്‍ സര്‍വ മനുഷ്യരെയും ആദരിക്കുകയും സര്‍വ ജീവജാലങ്ങളോടും കനിവും അനുകമ്പയും ഉണ്ടാവുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ് (റ) പറയുന്നു: ”റസൂല്‍ പറഞ്ഞു: കരുണ ചെയ്യുന്നവര്‍ക്ക് പരമ കാരുണികന്‍ കരുണ ചെയ്യും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.” (തിര്‍മിദി 2049)
ലോകത്തുള്ള എല്ലാവരോടും നാം കടപ്പെട്ടിട്ടുണ്ടെങ്കിലും, അതില്‍ ചിലര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. ആ പരിഗണന അവര്‍ക്ക് അവകാശപ്പെട്ടതാണ്. മാതാപിതാക്കള്‍, സന്താനങ്ങള്‍, കുടുംബാംഗങ്ങള്‍, അയല്‍ക്കാര്‍ തുടങ്ങി വിശിഷ്ട പ്രാധാന്യം ലഭിക്കേണ്ടവര്‍ക്ക് അത് നല്‍കുക. ”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.” (വി.ഖു 4:36)
”അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്‌റായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്‌റായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്മാറിക്കളയുകയാണ് ചെയ്തത്.” (വി.ഖു 2:83)
”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (വി.ഖു 31:18)
മുസ്‌ലിം ഐക്യം
വിശിഷ്ട ബന്ധങ്ങളില്‍ പ്രധാനമാണ് ആദര്‍ശ ബന്ധം. സ്രഷ്ടാവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് സത്യദീനില്‍ വിശ്വസിച്ചവരായ മുസ്‌ലിംകള്‍ ഒരേ റബ്ബിനെ വിളിക്കുന്ന ഒരു പ്രവാചകന്റെ സമുദായം, ഒരേ ഖിബ്‌ലയിലേക്ക് തിരിയുന്ന അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദിനെ(സ) റസൂലായും തൃപ്തിപ്പെട്ട സമുദായം, അവര്‍ക്ക് അവതീര്‍ണമായ വേദഗ്രന്ഥത്തെ ജീവിതരേഖയായി സ്വീകരിക്കേണ്ടതുണ്ട്.
മനന ശേഷിയുള്ളവര്‍ എന്ന നിലയില്‍ വീക്ഷണ വൈവിധ്യങ്ങളും നിലപാട് വ്യത്യാസങ്ങളും സ്വാഭാവികമാണ്. വിശുദ്ധ ഖുര്‍ആനിനെ ജീവിത മാര്‍ഗരേഖയായി സ്വീകരിച്ചു പ്രവാചകചര്യ പിന്‍പറ്റി ഐക്യത്തോടെ ജീവിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്് വിവരിച്ചു തരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.” (വി.ഖു 3:103)
ഹറാമുകളും ഹലാലുകളും എന്തെന്ന് ദീന്‍ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. വ്യക്തമായി പഠിപ്പിക്കാത്ത സാദൃശ്യങ്ങളെ പിന്‍പറ്റുവാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ”നബിയേ, നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.” (വി.ഖു 3:7)
നബി(സ) പറഞ്ഞതായി നുഅ്മാനുബ്‌നു ബശീര്‍(റ) ഉദ്ധരിക്കുന്നു: ”തീര്‍ച്ചയായും അനുവദനീയമായത് വ്യക്തമാണ്, നിഷിദ്ധമായതും വ്യക്തമാണ്. അവ രണ്ടിനുമിടയില്‍ സാദൃശ്യമുള്ള കാര്യങ്ങളുണ്ട്. അധിക ജനങ്ങള്‍ക്കും അതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും സാദൃശ്യമായവയെ സ്വീകരിച്ചാല്‍ അവന്‍ ഹറാം ചെയ്തു. ആരെങ്കിലും അതിനെ സൂക്ഷിച്ചാല്‍ അവന്റെ ആദര്‍ശത്തെയും അഭിമാനത്തെയും അവന്‍ സംരക്ഷിച്ചു.” (ബുഖാരി 2051, മുസ്‌ലിം 1599)
”അല്ലാഹു നിങ്ങള്‍ക്ക് ചില അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവ നിങ്ങള്‍ ലംഘിക്കരുത്. അവന്‍ ചില ഫര്‍ദുകള്‍ നിങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. അവ നഷ്ടപ്പെടുത്തരുത്. അവന്‍ ചില കാര്യങ്ങള്‍ നിഷിദ്ധമാക്കിയിട്ടുണ്ട്. അതിലേക്ക് നിങ്ങള്‍ അടുക്കരുത്. അവന്‍ ചിലതിനെ പറ്റി മൗനം ദീക്ഷിച്ചിട്ടുണ്ട്. അത് മറന്നതുകൊണ്ടല്ല, നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനെ നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്.” (ദാറഖുതനി, മജ്മഉസ്സവാഇദ് 1:176)
”സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്കവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മന:പ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്) അല്ലാഹു (നിങ്ങള്‍ക്ക്) മാപ്പു നല്കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. നിങ്ങള്‍ക്ക് മുമ്പ് ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.” (വി.ഖു 5:101,102)
അബൂഹുറയ്‌റ(റ) പറയുന്നു: നബി (സ) പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് മൂന്ന് കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു, മൂന്നു കാര്യങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് വെറുക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ അവനെ മാത്രം ആരാധിക്കുക, എല്ലാവരും അല്ലാഹുവിന്റെ പാശത്തെ ഒരുമിച്ചു മുറുകെപ്പിടിക്കുക, അല്ലാഹു വല്ല കാര്യവും ഏല്‍പ്പിച്ചാല്‍ (അമാനത്തും ഉത്തരവാദിത്തങ്ങളും) പൂര്‍ത്തീകരിക്കുക എന്നിവയാണ് ഇഷ്ടപ്പെടുന്നത്. പറയപ്പെട്ടു എന്നിങ്ങനെയുള്ള സംസാരം, ധനം നഷ്ടപ്പെടുത്തല്‍, ചോദ്യങ്ങള്‍ അധികരിപ്പിക്കല്‍ എന്നിവയാണ് നിങ്ങള്‍ക്ക് വെറുക്കപ്പെട്ടത്.” (മുസ്‌ലിം 1715)
”വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.” (വി.ഖു 3:105)
ഇബ്‌നു അബ്ബാസ് പറയുന്നു: ”മൂന്ന് വിഭാഗം ആളുകളുടെ നമസ്‌കാരം അവരുടെ തലയ്ക്കുമേല്‍ ഒരു ചാണ്‍ പോലും ഉയര്‍ന്നു പോകുകയില്ല. ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച നേതാവ്, ഭര്‍തൃകോപത്തിന് വിധേയയായി രാത്രിയില്‍ കഴിയുന്ന സ്ത്രീ, പരസ്പരം ബന്ധം വേര്‍പ്പെടുത്തിയ വ്യക്തികള്‍.” (ഇബ്‌നുമാജ)
അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ കവാടങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കപ്പെടും. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാത്ത എല്ലാ ദാസന്മാര്‍ക്കും പൊറുത്തു കൊടുക്കപ്പെടും. സഹോദരര്‍ക്കിടയില്‍ വൈരം വെച്ചവര്‍ക്കൊഴികെ. അവര്‍ പരസ്പരം നന്നാകുവോളം അവരുടേത് മാറ്റിവെക്കുക എന്ന് പറയപ്പെടും.” (മുസ്‌ലിം 2565)
പരസ്പരം വൈരം വെക്കാന്‍ കാരണമാകുന്ന മുഴുവന്‍ കാര്യങ്ങളും ഇസ്‌ലാം വിരോധിക്കുകയുണ്ടായി. നബി (സ) പറഞ്ഞതായി അബുഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ”നിങ്ങള്‍ പരസ്പരം അസൂയ വെക്കുകയോ മത്സരിക്കുകയോ കൈവെടിയുകയോ ചെയ്യരുത്. ഒരാള്‍ കച്ചവടം ചെയ്തതിന് മേല്‍ നിങ്ങള്‍ കച്ചവടം ചെയ്യരുത്. അല്ലാഹുവിന്റെ ദാസരെ നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനോട് അന്യായം ചെയ്യില്ല. അവനെ നിന്ദിക്കുകയില്ല. അവന്‍ അവനെ നിസ്സാരനായി കാണില്ല. തന്റെ നെഞ്ചിലേക്ക് ചൂണ്ടി മൂന്ന് തവണ നബി (സ) പറഞ്ഞു: ഇവിടെയാണ് സൂക്ഷ്മത. തന്റെ സഹോദരനായ മുസ്‌ലിമിനെ നിന്ദിക്കുന്നത് തന്നെ ഒരാള്‍ കുറ്റക്കാരനാകാന്‍ മതിയായതാണ്. മുസ്‌ലിമിന് മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.” (ബുഖാരി, മുസ്‌ലിം)
”നിനക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് നിന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും മുസ്‌ലിം ആവുകയില്ല.” (ബുഖാരി മുസ്‌ലിം)
പരസ്പരം കക്ഷികളായി പിരിയുക ബഹുദൈവ വിശ്വാസികളുടെ സ്വഭാവമാണ് ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പല കക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.” (വി.ഖു 30:32)
കക്ഷികളായി പിരിയുകയും നിസ്സാര വിഷയങ്ങളില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുകയും മതത്തില്‍ അനാചാരങ്ങള്‍ നിര്‍മിക്കുകയും ഭിന്നതയുടെ മാര്‍ഗം തേടുകയും ചെയ്യുന്ന സമൂഹത്തിനോട് നബി(സ)ക്ക് യാതൊരു ബന്ധവുമില്ല. ”തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ചുകൊള്ളും.” (വി.ഖു 6:159)
പരസ്പരം ശത്രുത വരുത്തുന്ന ഭിന്നിപ്പ് നാശ ഹേതുകമാണ്. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ഒരാള്‍ ഖുര്‍ആന്‍ വചനം പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടു. അപ്രകാരമായിരുന്നില്ല നബി (സ) പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടത്. ആ വിവരം നബി(സ)യോട് ഞാന്‍ പറഞ്ഞപ്പോള്‍ നബിയുടെ മുഖത്ത് നീരസം ദൃശ്യമായി. അദ്ദേഹം പറഞ്ഞു: ആ രണ്ട് പാരായണവും ശരിയാണ്. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചു പോയത് പരസ്പരം ഭിന്നിച്ചതു കൊണ്ടാണ്.” (ബുഖാരി 2410)
ഇജ്തിഹാദിയായ വിഷയങ്ങളിലും വിജ്ഞാന രംഗത്തും വിലയിരുത്തുന്ന നിലപാടിലുമൊക്കെ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ, സമുദായം ഐക്യപ്പെടണം. ഐക്യപ്പെടാവുന്ന മേഖലകളില്‍ ഐക്യപ്പെട്ടു ഒരുമയോടെ കഴിയേണ്ടവരാണ് മുസ്‌ലിംകള്‍. നിലപാടുകളില്‍ പ്രവാചകന്മാര്‍ പോലും വ്യത്യസ്തരാണ്. നൂഹ്(അ), ഇബ്‌റാഹിം (അ) എന്നിവര്‍ വ്യത്യസ്ത നിലപാടുകാരാണ്. സ്വഹാബികളില്‍ അബൂബക്കര്‍ (റ), ഉമര്‍(റ) എന്നിവര്‍ വ്യത്യസ്ത നിലപാടുകാരാണ്. എന്നിട്ടും രണ്ടു സ്വഹാബികളെയും രണ്ട് പ്രവാചകന്മാരിലേക്ക് ചേര്‍ത്താണ് നബി(സ) വിശേഷിപ്പിച്ചത്. സ്വഹാബിമാരില്‍ വൈവിധ്യ വീക്ഷണങ്ങളും നിലപാടുകളില്‍ വ്യതിരിക്തതകളും നബി(സ) അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വൈജ്ഞാനികവും ഗവേഷണാത്മകവുമായ മേഖലയില്‍ ഗവേഷണം നടത്തി അത് ശരിയല്ലെങ്കിലും അയാള്‍ക്ക് ഒരു പുണ്യമുണ്ട്. ശരിയായാല്‍ രണ്ട് പുണ്യമുണ്ട് എന്ന് നബി(സ) പഠിപ്പിച്ചു.
മനുഷ്യന്‍ എന്ന നിലയില്‍ മനുഷ്യരെ മുഴുവനും മാനവിക സൗഹൃദത്തില്‍ പങ്കുചേരാനും സര്‍വ ജീവജാലങ്ങളോടും കരുണ കാണിച്ചു അല്ലാഹുവിന്റെ കാരുണ്യത്തിന് അവകാശികളാകുകയും വേണം. മുസ്‌ലിം സഹോദരങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്തു ഐക്യത്തോടെ ഒരു ശരീരത്തിലെ അവയവം പോലെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരാണ്. ”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” (വി.ഖു 5:2)
സമൂഹങ്ങളും സംഘടനകളും അവരവരുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ, യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി പരസ്പരം ഒരുമയോടെ വര്‍ത്തിക്കേണ്ടവരാണ്. എല്ലാവരും ലയിച്ചു ചേരണം എന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അത് സാധ്യവുമല്ല. ”തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏക സമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍, എന്നാല്‍ അവര്‍ (ജനങ്ങള്‍) കക്ഷികളായി പിരിഞ്ഞുകൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു.” (വി.ഖു 52,53)
ആദര്‍ശ വ്യതിരിക്തത ഉണ്ടെങ്കില്‍ പോലും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് സമൂഹത്തിന് ഉത്തമ സാക്ഷികളായി തീരുക. സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടാല്‍ നരകത്തില്‍ അവന്‍ ഒറ്റപ്പെടും. സംഘത്തില്‍ നിന്ന് അകന്നവന്‍ ഇസ്‌ലാമില്‍ നിന്ന് അകന്നു. ഒറ്റപ്പെട്ടവരെയാണ് ചെന്നായ പിടികൂടുക. അതുകൊണ്ട് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ലഭിക്കാന്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ഉത്തമ സമൂഹത്തിന്റെ വക്താക്കളാകുക. നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹമാണ് നാം. ”നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.” (വി.ഖു 3:104)
”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധിക പേരും ധിക്കാരികളാകുന്നു.” (വി ഖു 3:110)
”അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി.” (വി.ഖു 2:143)