മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കണം – മാനവികതാ സംഗമം

കോഴിക്കോട്: ഫലസ്തീന്‍ അധിനിവേശം ഉള്‍പ്പെടെ ലോകത്ത് തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ ലോകസമൂഹം കണ്ണ് തുറക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മാനവികതാ സംഗമം ആവശ്യപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം പേരെ കൊന്ന് തള്ളിയിട്ടും തുടരുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും രക്തദാഹത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിക്കണം. ഫലസ്തീന്റെ നിലക്കാത്ത നിലവിളി കേട്ടില്ലെന്ന് നടിക്കുന്ന ഇന്ത്യന്‍ ഭരണകൂടം നിസ്സംഗത വെടിഞ്ഞ് സമാധാനത്തിനായി ഇടപെടണം. ദൈവിക വേദങ്ങള്‍ പ്രസരിപ്പിക്കുന്ന സമാധാന സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ ലോക സമൂഹം മുന്നോട്ടു വരണമെന്നും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന മത കാഴ്ചപ്പാടുകള്‍ മതാനുയായികള്‍ തന്നെ പിന്തുടരണമെന്നും മാനവികതാ സംഗമം അഭിപ്രായപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പി ഇമ്പിച്ചഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, സി പി എം സംസ്ഥാന സമിതി അംഗം എ പ്രദീപ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈ. പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അയ്യൂബ് മൗലവി, ജില്ലാ സെക്രട്ടി ടി പി ഹുസൈന്‍ കോയ, പി ടി അബ്ദുല്‍ മജീദ് സുല്ലമി, എം കെ സഫറുല്ല, ബി വി മഹ്ബൂബ് പ്രസംഗിച്ചു.
