5 Tuesday
March 2024
2024 March 5
1445 Chabân 24

മാനവിക പ്രതിസന്ധികളും വേദവെളിച്ചത്തിന്റെ പരിഹാരങ്ങളും

ഡോ. ജാബിര്‍ അമാനി


മനുഷ്യന്റെ സര്‍വതോ്ന്മുഖമായ വിമോചനമാണ് ഖുര്‍ആനിന്റെ അവതരണലക്ഷ്യം. മാനവതയെ ഇരുട്ടില്‍നിന്ന് സത്യപ്രകാശത്തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്ന വേദഗ്രന്ഥത്തിന്റെ ദൗത്യം ലോകാന്ത്യംവരെ തുടരുന്നതാണ്. ഖുര്‍ആനിന്റെ പ്രഥമ അഭിസംബോധിതരായ അറബികളില്‍നിന്ന് ഒട്ടേറെ വ്യതിരിക്തതയുണ്ട് ആധുനിക മനുഷ്യന്. കാലാകാലങ്ങളിലായി നടക്കുന്ന വികസനങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും ശാസ്ത്രീയ പുരോഗതികളുടെയും മുന്‍പില്‍ പ്രായോഗികമായ മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കുമ്പോഴാണ് ഏതൊരു ഗ്രന്ഥവും വിമോചനത്തെ ഉള്‍ക്കൊള്ളുന്നത്.
നൂറ്റാണ്ടുകളുടെ ഇളകിയാട്ടങ്ങളിലും ശബളിമ മങ്ങാതെ ഖുര്‍ആനിക ആദര്‍ശ പ്രപഞ്ചം നിത്യനൂതനമായി നിലകൊള്ളുന്നത്, ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥമായതുകൊണ്ട് മാത്രമാണ്. ലോകത്ത് മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം പ്രദാനം ചെയ്യുന്ന ദൈവികഗ്രന്ഥമെന്ന് സത്യാസത്യ വിവേചനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും മുന്‍പില്‍വെച്ച് പ്രഖ്യാപിക്കാന്‍ കഴിയുന്നത് ഖുര്‍ആനിന് മാത്രമാണ്. അത് ഖുര്‍ആനിന്റെ ലോകത്തോടുള്ള ഒരു വെല്ലുവിളിയാണ്.
‘മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍വേണ്ടി നിനക്കവതരിപ്പിച്ചുതന്നിട്ടുള്ള (വേദ)ഗ്രന്ഥമാണ് (ഖുര്‍ആന്‍)” (14:9). ‘തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ (മാര്‍ഗത്തിലേക്ക്) വഴികാണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുയും ചെയ്യുന്നു” (17:9)
ഓരോ മനുഷ്യന്റെയും ജനനം മുതല്‍ മരണംവരെയുള്ള അതിസൂക്ഷ്മ ചലനങ്ങള്‍ വരെ – ആന്തരികവും ബാഹ്യവുമായ – കൃത്യമായി അറിയുന്ന, അവന്‍ ജീവിക്കുന്ന കാലഘട്ടങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനവും സാംസ്‌കാരിക വ്യതിയാനങ്ങളെയും ധാര്‍മിക പ്രതിസന്ധികളെയും സംബന്ധിച്ച് സുവ്യക്തമായ അറിവും ഉള്ള ഒരാള്‍ക്ക് മാത്രമേ മനുഷ്യന്റെ വിമോചനത്തെക്കുറിച്ച് മാര്‍ഗദര്‍ശനം നല്‍കാനാവൂ. വര്‍ത്തമാനകാലത്തുള്ള അവസ്ഥാന്തരങ്ങളെക്കുറിച്ചുമാത്രം ഏറെക്കുറെ ഗ്രഹിച്ചെടുക്കാന്‍ കഴിയുന്ന സൃഷ്ടിയായ മനുഷ്യന്, പക്ഷേ ഭാവിയിലേക്കുകൂടി വിസ്തൃതമായി കിടക്കുന്ന കാലത്തെക്കുറിച്ച് നിഗമനങ്ങളിലെത്തിച്ചേരുവാനേ കഴിയൂ.
അതിനാല്‍ സമകാലസമൂഹം അനുഭവിക്കുന്ന മാനവിക-സ്വത്വ പ്രതിസന്ധികള്‍ക്ക് കാലാതീതനായ സ്രഷ്ടാവ് പറഞ്ഞുവെച്ച ദൈവിക സന്ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമാണ് പരിഹാരങ്ങളായി കാണാനാവൂ. മനുഷ്യവിമോചനത്തെ മുഖ്യപ്രമേയമായി പരിഗണിച്ച് ലോകത്ത് ഉദയം ചെയ്ത പ്രത്യയശാസ്ത്രങ്ങളും ദര്‍ശനങ്ങളും സ്വാഭാവികമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് കാലിതിവര്‍ത്തിത്വമെന്ന സവിശേഷത ഉള്‍ക്കൊള്ളാനായില്ല എന്നതുകൊണ്ടാണ്.
അതിമഹത്തായ ദര്‍ശനങ്ങളും തത്വചിന്തകളുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടും പ്രായോഗിക രംഗത്ത് സമ്പൂര്‍ണ പരാജയമായി ഭൗതിക നിര്‍മിത മനുഷ്യവിമോചനശാസ്ത്രങ്ങള്‍ പരിഗണിക്കപ്പെട്ടത്, ആശയാവതാരകര്‍ അവരവര്‍ ജീവിക്കുന്ന കാലത്തില്‍ പരിമിതപ്പെട്ട സൃഷ്ടികള്‍ മാത്രമായിരുന്നുവെന്നതിനാലാണ്. മാനവിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതില്‍ അനന്യത(2:2), പ്രായോഗികത (41:42), ധാര്‍മികത, മാനവികത (16:90) നീതിനിഷ്ഠ ശാസ്ത്രീയത തുടങ്ങിയ രംഗങ്ങളില്‍ കാലഹരണപ്പെടാത്ത ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയണം. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ മൗലികാശയങ്ങള്‍ കൊണ്ട് ഈ രംഗത്ത് അജയ്യമായി നിലകൊള്ളുന്നു.
ലൈംഗിക വിശുദ്ധിയും
വേദവെളിച്ചവും

മനുഷ്യന്റെ സദാചാര ജീവിതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സന്ദേശമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ആണ്‍-പെണ്‍ സ്വത്വവും അവരുടെ ധര്‍മ ദൗത്യങ്ങളെയും സുവ്യക്തമായി പഠിപ്പിക്കുന്നു. ഒരു സമൂഹത്തിന്റെ സുരക്ഷയും നിര്‍ഭയത്വവും കുടികൊള്ളുന്നത് ലൈംഗിക വിശുദ്ധി കണിശമായി പാലിക്കുന്ന ഒരു സമൂഹത്തിലായിരിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. സമൂഹ സുരക്ഷ സ്ത്രീ സുരക്ഷയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. മനുഷ്യന്റെ ദാമ്പത്യ ജീവിതത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളില്‍ പരിമിതപ്പെടുന്നതല്ല സദാചാര ജീവിത മാര്‍ഗനിര്‍ദേശങ്ങള്‍. മറിച്ച്, ലൈംഗിക വിശുദ്ധി ഉറപ്പുവരുത്തേണ്ട സൂക്ഷ്മതലങ്ങളെക്കൂടി അഭിസംബോധന ചെയ്യുന്നുണ്ട്.
സദാചാര നിഷേധം സര്‍വനാശത്തിലേക്കുള്ള വഴിയാണ്. എന്നാല്‍ സ്ത്രീ പുരുഷ ബന്ധങ്ങളില്‍ പാലിക്കേണ്ട എല്ലാ അതിരടയാളങ്ങളെയും ലംഘിച്ച് ലൈംഗിക വിപ്ലവവും വിമോചനവും(?) സൃഷ്ടിക്കാനാണ് ആധുനിക സമൂഹം ശ്രമിക്കുന്നതും പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നതും. മാനവികതയും മനുഷ്യത്വവും തകര്‍ക്കുന്ന സാംസ്‌കാരിക ഫാസിസമാണ് കുത്തഴിഞ്ഞ ലൈംഗികജീവിതം. ലൈംഗിക അരാജകത്വം അപരാധവും അപമാനവീകരണവുമായി തിരിച്ചറിയാത്ത സംസ്‌കാരം(?) താന്ത്രിക പാരമ്പര്യങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്യവും മൈഥുനവും താന്ത്രിക അനുഷ്ഠാനങ്ങളുടെ ഭാഗമായി പരിചയപ്പെട്ടിരുന്നു. (Wendy Diniger, The Hindus an alternative history, Newyork, The Penguin press 2009, p 348)
സംഘരതി ആത്മസാക്ഷാത്കാരത്തിന്റെ ഭാഗമായി പരിചയപ്പെടുത്തിയിരുന്നു. മദ്യലഹരിയില്‍ ആറാടി പരസ്ത്രീ ലൈംഗികത സ്വീകരിക്കുന്നത് ബ്രഹ്‌മ നിര്‍വാണമായി പരിഗണിക്കപ്പെട്ടിരുന്നു. ദേവദാസീ സമ്പ്രദായവും സവര്‍ണാധിപത്യം വഴി ശാരീരിക സൗന്ദര്യം പരസ്യപ്പെടുത്തേണ്ടത് താഴ്ന്ന ജാതിക്കാരായ സ്ത്രീകളുടെ മതബാധ്യതയായി പരിചയപ്പെടുത്തുന്നതും നമുക്ക് കാണാം. ഭാരതത്തിന്റെ ചില ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും കാണുന്ന നഗ്ന ശില്‍പങ്ങളും മറ്റു ചുവര്‍ ചിത്രങ്ങളും ആ കാലഘട്ടത്തിന്റെ പരിഛേദങ്ങളായിരുന്നുവെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. (ആര്‍ഷ ഭാരതം-സങ്കല്‍പവും യാഥാര്‍ഥ്യവും, എം എം സ്‌നേഹജാന്‍, കോഴിക്കോട് 2006)
‘ശരീരത്തിലെ എല്ലാ അവയവങ്ങളും ആത്മാവിന്റെ ആനന്ദത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്ന്’ പ്രഖ്യാപിക്കുന്ന ഭാരതീയ വേദ ഉപനിഷത്ത് ഭാഗങ്ങള്‍, സ്വതന്ത്ര ലൈംഗികതയുടെ വക്താക്കള്‍ തങ്ങളുടെ കാമകേളികളെ ന്യായീകരിക്കുന്നതിന് ഉദ്ധരിക്കാറുണ്ട് (ജോസഫ് ഇടമറുക്, താന്ത്രികമതം, ഇന്ത്യന്‍ എതിസ്റ്റ് പബ്ലിക്കേഷന്‍സ്, ന്യൂഡല്‍ഹി, 2005, ഭാഗം 1). അവരുടെ ന്യായ അന്യായ ചര്‍ച്ചകള്‍ക്കപ്പുറത്ത്, ലൈംഗിക വിശുദ്ധിയും സദാചാര നിഷ്ഠയും മനുഷ്യന്റെ മൗലികമായ വ്യക്തിത്വമായി അവതരിപ്പിക്കാന്‍ ഷോവനിസത്തിനും സവര്‍ണ-ജാതീയതാ സങ്കല്‍പങ്ങള്‍ക്കും വൈദികഭാഷ്യങ്ങള്‍ക്കും സാധ്യമാവുന്നില്ല എന്ന യാഥാര്‍ഥ്യം വസ്തുതാപരമാണ്.

പരസ്ത്രീ ബന്ധവും രക്തബന്ധമുള്ളവരോടൊത്തുള്ള ശരീര സമ്പര്‍ക്കങ്ങളും-പ്രവാചകരുടെ പേരില്‍ പോലും നടന്നതായി (ഉല്‍പത്തി 9:20-21, 12:1020, 2 പത്രോസ് 2:78), (ഉല്‍പത്തി 19:3136, 2 ശാമുവേല്‍ 11, 13:114, 16:2023) പരാമര്‍ശിക്കുന്ന ബൈബിളിന്റെ പരാമര്‍ശങ്ങള്‍, സദാചാരജീവിതം തേടുന്നവര്‍ക്കുള്ള സുവ്യക്തമായ വേദവെളിച്ചമായി ഗ്രഹിക്കാന്‍ കഴിയില്ല. ബൈബിളില്‍ സംഭവിച്ചിട്ടുള്ള മാനുഷിക കൈകടത്തലുകളുടെ ഉദാഹരണങ്ങളില്‍ ചിലതായി ഇത്തരം അപമാനവീകരണ പരാമര്‍ശങ്ങെള വിലയിരുത്തിയ വേദ പണ്ഡിതര്‍ ഉണ്ട്. (റവ: എസി കയിറ്റര്‍, വേദപുസ്തക നിഘണ്ടു, തിരുവല്ല, മലയാള ക്രൈസ്തവസഭ) പക്ഷേ ഒരു സന്മാര്‍ഗ ഗ്രന്ഥം എന്ന നിലക്ക് ജീവിത വിശുദ്ധി തേടുന്ന ഒരാള്‍ക്ക് അന്യൂനമായ മാര്‍ഗദര്‍ശനം നല്‍കാന്‍ സാധ്യമാകേണ്ടതാണ് വേദഭാഷ്യങ്ങള്‍ എന്നത് അവിതര്‍ക്കിതമാണല്ലോ.
ദൈവപ്രോക്ത വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹൈന്ദവ, ക്രൈസ്തവ വേദഗ്രന്ഥങ്ങളില്‍ സന്മാര്‍ഗ ജീവിതത്തിനുള്ള സമ്പൂര്‍ണവും സമഗ്രവുമായ മാര്‍ഗദര്‍ശനങ്ങള്‍ നിഷ്പക്ഷ അന്വേഷകര്‍ക്ക് പൂര്‍ണമായി കണ്ടെത്താനാവുന്നില്ല. ഇതരവേദഗ്രന്ഥങ്ങളെയും വിശുദ്ധ ഖുര്‍ആനിന്റെ വേദവെളിച്ചത്തെയും താരതമ്യ വിശകലനത്തിന് ഉപയോഗപ്പെടുത്തിയാല്‍ സന്മാര്‍ഗ സദാചാര പാഠങ്ങള്‍ മാനവതയ്ക്ക് പകര്‍ന്നു നല്‍കുന്നത് ദൈവിക വേദഗ്രന്ഥമായ ഖുര്‍ആന്‍ ആണെന്ന് കാണാം. ഒരു മതമെന്ന നിലക്ക് അപ്രമാദിത്തം ഇസ്‌ലാം പ്രഖ്യാപിക്കുന്നു. മുസ്‌ലിംകളും ഖുര്‍ആനിന്റെ അനുയായികളും ഈ രംഗത്ത് സമ്പൂര്‍ണമാതൃകയാണ് നല്‍കുന്നത് എന്ന് അതിന്നര്‍ഥവുമില്ല.
സദാചാരം അപരിഷ്‌കൃത സമൂഹത്തിന്റെ സിംബലായി കാണുകയാണ് സാമ്രാജ്യത്വവും ലിബറലിസ്റ്റ് വാദഗതികളും. സെക്‌സ് ടൂറിസത്തിലൂടെ ആഗോള വിപണിയെ ശാക്തീകരിക്കുന്ന മുതലാളിത്തവും സ്വതന്ത്ര ചിന്തകളും സൃഷ്ടിക്കുന്ന അപമാനവീകരണം ചെറുതല്ല. വിവാഹേതരരതി, സ്വവര്‍ഗരതി, ഫ്രീസെക്‌സ്, ലൈംഗികകേളികള്‍ എന്നിവയുടെ സൂപ്പര്‍ ഹൈവേയായി മാറിയിട്ടുണ്ട് പോണോഗ്രാഫിക് വ്യവസായം.
ലൈംഗിക ജനാധിപത്യമാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന് പെരുമ്പറയടിക്കുന്നവര്‍ കുടുംബമെന്ന ധാര്‍മിക സ്ഥാപനത്തെയാണ് തകര്‍ക്കുന്നത്. ജോഡിറ്റ് ബട്ട്‌ലര്‍ മുതല്‍ ആരംഭിച്ച് നവകേരളത്തിന്റെ സൃഷ്ടിക്കായി ആണ്‍-പെണ്‍ ദ്വന്ദങ്ങളെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന ഭൗതിക പ്രത്യയശാസ്ത്രവാദികള്‍വരെ ഉദാരലൈംഗികതയുടെ സ്‌പോണ്‍സര്‍മാരാണ്. കേരളത്തില്‍ വരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ധിച്ച തോതിലുള്ള സ്ത്രീപീഡനവും ബലാത്സംഗങ്ങളുടെ പെരുപ്പവും നമ്മെയൊന്നും കണ്ണുതുറപ്പിക്കുന്നില്ലെങ്കില്‍, മഹാ കഷ്ടം. അമേരിക്ക അനുഭവിച്ച് തീര്‍ക്കുന്ന സ്വതന്ത്രലൈംഗികതയുടെ ദുരന്തങ്ങളുടെ നേര്‍ചിത്രമാണ് ഡവി ബ്ലങ്കന്‍ ഹോണ്‍ എഴുതിയ ‘ഫാദര്‍ലെസ് അമേരിക്ക’ എന്ന പുസ്തകം. കേരളത്തിലുള്ള ഒരു ‘ഫാദര്‍ലെസ്’ പുസ്തകത്തിനല്ലാ നാം ശബ്ദമുയര്‍ത്തേണ്ടത്.
സ്ത്രീ പുരുഷബന്ധങ്ങളുടെ അതിരടയാളങ്ങള്‍ മാത്രം പരാമര്‍ശിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നേ ഇനി പറയാനാവൂ. അത്രമേല്‍ സ്വവര്‍ഗരതിയുടെ ലഹരി ആധുനിക സമൂഹത്തില്‍ വ്യാപകമാണ്. ജെന്‍ഡര്‍ പൊളിറ്റ്ക്‌സും ഘഏആഠഝ സിദ്ധാന്തങ്ങളും മനുഷ്യന്റെ പൈശാചികഭാവത്തെ ശക്തിപ്പെടുത്തുവാനുള്ള ആസൂത്രിത നീക്കങ്ങളിലാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്റെ തെരഞ്ഞെടുപ്പ് എന്ന അപകടകരമായ ആശയങ്ങള്‍ പുതുസമൂഹത്തെ ചെറുതല്ലാത്ത വിധം സ്വാധീനിച്ചിട്ടുണ്ട്. തദ്ഫലമായി തലമുറകളുടെ അവശേഷിക്കുന്ന ധാര്‍മികത പോലും ചോദ്യം ചെയ്തും ലിബറല്‍ ചിന്ത പകര്‍ന്നും ഉദാരലൈംഗികതയക്ക് ചുവപ്പു പരവതാനി വിരിക്കാനുള്ള ആസൂത്രിതനീക്കങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. ഒരു ഭാഗത്ത് മാനവിക പൈതൃകം തകര്‍ക്കുന്ന ഫാസിസവും മറുഭാഗത്ത് ധാര്‍മിക സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന സാംസ്‌കാരിക അധിനിവേശവും. ലൈംഗികതയെ വില്‍ക്കല്‍ വാങ്ങല്‍ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിപണിമൂല്യമുള്ള ചരക്കായിട്ടാണ് മുതലാളിത്തം വിലയിരുത്തുന്നത്. സെക്‌സ് ഇന്‍ഡസ്ട്രി എന്ന പ്രയോഗം പോലും ആധുനിക കാലത്തുണ്ട്. സെക്‌സ് ഹബ്ബായി ഏഷ്യയില്‍ തായ്‌ലന്റിനെയാണ് പരിചയപ്പെടുത്തുന്നത്.
മനുഷ്യന്റെ ജൈവപരമായ സവിശേഷതയായ ലൈംഗികതയെ പവിത്രവും പരിധി നിശ്ചയിക്കപ്പെട്ടതുമായി തിരിച്ചറിയുന്നതിനുപകരം വിപണന മൂല്യമുള്ളതാക്കി പരിഗണിക്കുക വഴി വലിയ മാനവിക ദുരന്തമാണ് സമകാല ലോകത്ത് നടക്കുന്നത്. പത്തുവര്‍ഷം മുമ്പ് പ്രതിവര്‍ഷം 3000 കോടി ഡോളര്‍ സെക്‌സ് ടൂറിസം വഴി തായ്‌ലന്റിന് വരുമാനം ലഭിച്ചുവെങ്കില്‍ വര്‍ത്തമാനകാലത്ത് പ്രസ്തുത സംഖ്യ പതിനായിരം കോടിയോളമടുത്തിരിക്കും!
ഇവ്വിധം ലൈംഗികവിപണിയും പെണ്ണുടല്‍ വ്യവസായവും വര്‍ധിച്ച് വരുന്നുവെങ്കില്‍ മാരകമായ പ്രത്യാഘാതങ്ങളും ലൈംഗിക ജഡത്വവും അപമാനവീകരണവും കൊണ്ട് സമൂഹം ദുരിതപൂരിതമാവുമെന്ന് വിലയിരുത്തിയത് അമേരിക്കന്‍ സാമൂഹിക ദാര്‍ശനികന്‍ കൂടിയാണ്. (ക്ലിസ്റ്റഫര്‍ ലാച്ച് The culture of Narsism) ജൈവബാധ്യതയായ ലൈംഗിതയെ ഒരു ജോലിയായി പരിഗണിക്കുകവഴി രാജ്യങ്ങള്‍ കാണുന്ന അരാജക നിലപാടിനെ പ്രസ്തുത ഗ്രന്ഥം വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, ഭൗതികവാദ മുതലാളിത്ത വിപണന സിദ്ധാന്തങ്ങള്‍ മാനവതയ്ക്ക് മഹാദുരന്തമായിരിക്കും സമ്മാനിക്കുക.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി രംഗത്തുവന്നതാണ് പെണ്ണുടല്‍ പ്രദര്‍ശനപരസ്യ വിപണി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നതിന് സ്ത്രീ ശരീരത്തെ പരസ്യമാക്കുന്ന മുതലാളിത്ത താല്‍പര്യങ്ങള്‍, കേവലം ഒരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയായി വിലയിരുത്തിക്കൂടാ. മറിച്ച് പരിധി ലംഘിക്കുന്ന ലൈംഗികാഭിനിവേശവും ഉപഭോഗതൃഷ്ണയും ശക്തമാവുകയും സാമൂഹിക ധാര്‍മികത തകരുകയും ചെയ്യുകയാണ് മുഖ്യമായ അനന്തരഫലം. സ്ത്രീ ശരീര നിമ്‌നോന്നതികള്‍ ആവര്‍ത്തിച്ച് കാണുക വഴിയുള്ള അപമാനവീകരണവും അനന്തിരഫലമായി മനുഷ്യനില്‍ രൂപ്പപെടുന്ന ലൈംഗിക മരവിപ്പും ഇണജീവിതത്തെ പരസ്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താനുള്ള ത്വരയും അവ സാധ്യമാവാതെ വരുമ്പോള്‍ ലൈംഗികദാഹം ശമിപ്പിക്കാന്‍ അവിഹിത വഴികള്‍ തേടുകയും ചെയ്യുന്ന ദുരന്തങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇത്ര അളവില്‍ ഇന്ന പരസ്യം വിപണിയിലെത്തുക വഴി ലൈംഗികാഭാസങ്ങളുടെ തോത് ഇത്ര അളവിലാണെന്നും അതുവഴി ലൈംഗികോത്തേജന മരുന്നുകളും മറ്റു മാര്‍ഗങ്ങളും ഇത്ര ശതമാനം ആവശ്യമാണെന്നും ശാസ്ത്രീയമായി പഠിച്ചാണ് ബ്രാന്‍ഡിംഗ് നിര്‍വഹിക്കുന്നത്. ലൈംഗികോത്തേജക മരുന്നുകള്‍ വിപണിയില്‍ എത്തിക്കുന്നതും സമാന കോര്‍പറേറ്റ് ഭീമന്മാരായിരിക്കും എന്ന വൈരുധ്യാത്മകതയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. മനസ്സ് ഉപഭോഗവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ പ്രസ്തുത അടിമത്വത്തിന്റെ കയത്തില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാനാവില്ല. മനുഷ്യ മനസ്സിന്റെ ഈ സവിശേഷതയെയാണ് മുതലാളിത്തം ചൂഷണം ചെയ്യുന്നത്.
‘മുതലാളിത്ത സംസ്‌കാരത്തിന്റെ മതമെന്നത് പരസ്യങ്ങളാണെന്ന്” മാസാച്ചുസെറ്റസ് സര്‍വകലാശാല മീഡിയാ പഠനവിഭാഗം പ്രഫസര്‍ ഡോ. സ്ട്രജള്ളി അഭിപ്രായപ്പെട്ടിട്ടുണ്ട് (sutjully, The codes of Advertising 1990)
കേരളത്തിന്റെ പരസ്യവിപണി 2002കളില്‍ എഴുപത്തയ്യായിരം കോടിക്ക് മുകളിലാണ് (ധനം മാഗസിന്റെ പഠനറിപ്പോര്‍ട്ട്). ഒരു രാഷ്ട്രത്തിന്റെ ബജറ്റ് സംഖ്യയേക്കാള്‍ മുകളിലാണ് പരസ്യവിപണി. ലൈംഗിക അരാജകത്വവും സ്ത്രീപീഡനങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്നതല്ല പരസ്യങ്ങളില്‍ ഉള്ളത്. മറിച്ച് ഉല്‍പന്നങ്ങളുടെ വില്‍പ്പന മാത്രം. പരസ്യങ്ങള്‍ ‘കാണുന്ന’ വരില്‍ കാലാന്തരേണ രൂപപ്പെടുന്ന അനന്തര ഫലമാണ് വര്‍ധിച്ച തോതിലുള്ള ലൈംഗിക അരാജകത്വം.
പരസ്യങ്ങള്‍ തിന്മകളെ ഉല്‍പാദിപ്പിക്കുന്നു എന്നതിനേക്കാള്‍ അപകടകരമാണ് ലൈംഗികതയെ കൃത്രിമമാക്കുകയും സ്വയം അത് അനുഭവിക്കാനുള്ള കഴിവ് നഷ്ടമാകുന്നുവെന്ന ബോധം ജനിപ്പിക്കുകയും ചെയ്യുക എന്നത്… (Jean ki bourne, can’t by my love, 2000 page 186)
പെണ്ണുടല്‍ വസ്തുവല്‍ക്കരിക്കുന്നു. അത് ഒരു ലൈംഗിക ഉപകരണവും ചരക്കുമാണെന്ന് ബോധം ജനിപ്പിക്കുന്നു. അത് ആസ്വദിക്കാനുള്ള കൃത്രിമവും അവിഹിതവുമായ മാര്‍ഗങ്ങളും പരസ്യപ്പെടുത്തുന്നു. അത് നേടാനുള്ള ആണ്‍മനസ്സിന്റെ അപകടകരമായ അത്യാര്‍ത്തി പെണ്‍പീഡനങ്ങളും പ്രകൃതി വിരുദ്ധ ലൈംഗികതകളുമായി പരിണമിക്കുന്നു. ഈ ദുരന്തങ്ങളുടെ പ്രഥമ ചവിട്ടുപടി ആസ്വാദനപ്രദാനമായി വരുന്ന കാഴ്ചകളും നോട്ടങ്ങളുമാണ്. ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും സൈബറിടങ്ങളും തീര്‍ക്കുന്ന ഉദാരലൈംഗികതയുടെ കാണാക്കയങ്ങളിലേക്ക് കൂടുതലും എടുത്തെറിയപ്പെടുന്നത് 25 വയസ്സിന് താഴെയുള്ളവരാണ്.
ഈ വസ്തുത എത്രമേല്‍ വലിയ അപകടമാണ് പുതുതലമുറയില്‍ സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൈറ്റുകളും ഡേറ്റകളും 50% വരെ ലൈംഗിക ആഭാസങ്ങളും പോണോഗ്രാഫികളുമാണ്. ഇതിനെല്ലാം പുറമെയാണ് നവകേരള സൃഷ്ടിക്കായി ആസൂത്രിത നീക്കങ്ങളും ഔദ്യോഗിക കാമ്പയിനുകളും. തലമുറകളെ സംസ്‌കാര-ധാര്‍മികവല്‍ക്കരിക്കാനുള്ള അവസാന ആകാശവും തകര്‍ത്താല്‍ നന്മയുടെ ചിറകടികള്‍ പിന്നെ എവിടേക്ക് പോകുമെന്ന് ആലോചിക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x