മനസ്സിന്റെ വിമലീകരണം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: അത്യുന്നതനും അനുഗ്രഹദാതാവുമായ നമ്മുടെ രക്ഷിതാവ് എല്ലാ രാത്രിയിലും അതിന്റെ അവസാനത്തെ മൂന്നിലൊരു ഭാഗം അവശേഷിക്കുമ്പോള്‍ ഭൂമിയോടേറ്റവും അടുത്ത ആകാശത്തേക്കിറങ്ങിവരും. എന്നിട്ട് പറയും: എന്നോട് പ്രാര്‍ഥിക്കുന്നവരാരെങ്കിലുമുണ്ടോ? ഞാന്‍ അവന് ഉത്തരം നല്‍കാം. എന്നോട് ചോദിക്കുന്നവരുണ്ടോ അവര്‍ക്ക് ഞാന്‍ നല്‍കാം. എന്നോട് പാപമോചനം തേടുന്നവരുണ്ടോ അവര്‍ക്ക് ഞാന്‍ പൊ റുത്തുകൊടുക്കാം.”(ബുഖാരി, മുസ്‌ലിം)
ദുര്‍ബല ഹൃദയനായ മനുഷ്യന്‍ ധാരാളം തെറ്റുകുറ്റങ്ങളിലേര്‍പ്പെടുകയും സ്രഷ്ടാവില്‍ നിന്നകന്ന് പോവുകയും ചെയ്യുന്നു. അശ്രദ്ധ മനസ്സിനെയും കാഠിന്യം ഹൃദയത്തെയും കീഴ്‌പ്പെടുത്തുമ്പോള്‍ ദേഹേച്ഛകള്‍ക്കനുസരിച്ചുള്ള സഞ്ചാരം അനുസരണക്കേടിലേക്കും അതുവഴി പാപകര്‍മങ്ങളിലേക്കും എത്തിക്കുന്നു. വിശ്വാസം എന്ന പരിചയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് മുക്തമാവാന്‍ മനുഷ്യന് കഴിയുന്നു.
ചെയ്തുപോയ തെറ്റുകളെക്കുറിച്ച് നിരാശരാകാതെ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ട് നീങ്ങുകയാണ് വിശ്വാസികളുടെ ധര്‍മം. ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മനുഷ്യന്‍ പ്രേരിതനാവുന്നു. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ മുഴുകുന്നതില്‍ നിന്ന് അവനെ തടഞ്ഞുനിര്‍ത്തുന്ന ശക്തമായ മതില്‍ക്കെട്ടാണ് ഖേദിച്ചുമടങ്ങലും പശ്ചാത്താപവും. കാരുണ്യവാനായ സ്രഷ്ടാവുമായുള്ള ബന്ധം ചേര്‍ക്കലുമാണത്.
മനസ്സിനെ മാലിന്യങ്ങളില്‍നിന്ന് കഴുകിയെടുക്കാനുള്ള ആയുധമാണ് തൗബ. സ്വജീവിതത്തെയും കുടുംബത്തെയും തിന്മകളില്‍ നിന്ന് നന്മയിലേക്ക് നയിക്കാനുള്ള ഇന്ധനവുമാണത്. അവധിയെപ്പോള്‍ അവസാനിക്കുമെന്നറിയാത്ത അവസ്ഥയില്‍ ജീവിക്കുമ്പോള്‍ അവധിയെത്തുന്നതിന് മുന്‍പ് പശ്ചാത്തപിക്കാനും ജീവിതത്തെ നന്നാക്കുവാനും കഴിയുന്നവരത്രെ ഭാഗ്യവാന്മാര്‍. കാരണം തൗബ വിജയത്തിന്റെ വഴിയാകുന്നു. ”വിശ്വാസികളെ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം” (24:31) എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഇത് വ്യക്തമാക്കുന്നു.
മനുഷ്യമനസ്സിനെ നന്നായി അറിയുന്ന സ്ര ഷ്ടാവ് മനുഷ്യനോട് ഏറ്റവും സ്‌നേഹവും ഇഷ്ടവും കാണിക്കുന്നത് അവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുമ്പോഴാണ്. ജീവിതത്തില്‍ വന്നുപോയ പാപങ്ങള്‍ സ്രഷ്ടാവിന് മുന്നില്‍ ആത്മാര്‍ഥമായി ഏറ്റുപറയുന്നത് അല്ലാഹുവിനേറെ ഇഷ്ടമുള്ള കാര്യമത്രെ. മരുഭൂമിയിലെ യാത്രാമധ്യേ നഷ്ടപ്പെട്ടുപോയ യാത്രാ വാഹനവും പാഥേയങ്ങളുമെല്ലാം തിരിച്ചുകിട്ടുമ്പോള്‍ യാത്രക്കാരനുണ്ടാവുന്ന സന്തോഷത്തേക്കാളധികം അടിമ അല്ലാഹുവിനോട് പാപമോചനം തേടുമ്പോള്‍ അല്ലാഹു സന്തോഷിക്കുന്നു. ഈ സന്തോഷമാണ് ഓരോ രാത്രിയിലും പ്രത്യേകിച്ചും അതിന്റെ അന്ത്യയാമങ്ങളില്‍ തൗബ ചെയ്യുന്നവര്‍ക്കായി അല്ലാഹു പ്രത്യേകം കാത്തിരിക്കുന്നു എന്ന തിരുവചനത്തിന്റെ സന്ദേശം. ചുരന്നെടുത്ത പാല്‍ തിരിച്ച് അകിട്ടിലേക്ക് കയറാത്തതുപോലെ തെറ്റുകളിലേക്ക് വീണ്ടും പോകുകയില്ലെന്ന പ്രതിജ്ഞയുമായി കുറ്റം ഏറ്റുപറയുന്നതാണ് നിഷ്‌ക്കളങ്കമായ തൗബ എന്ന ഉമര്‍(റ)വിന്റെ ശ്രദ്ധേയമായ ഈ നിര്‍വചനം ഖേദിച്ചുമടങ്ങാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമത്രെ.