മനസ്സിന്റെ താളം തെറ്റിക്കുന്ന ചതിക്കുഴികള്‍
ജംഷിദ് നരിക്കുനി
മനുഷ്യന്റെ കാമനകളെയും മോഹങ്ങളെയും ഇളക്കിവിടുന്ന സാഹിത്യമാണ് പോണോഗ്രഫി അഥവാ അശ്ലീല സാഹിത്യം. മലയാള സാഹിത്യ രചനകളിലും ഇത്തരം കൃതികള്‍ കാണാനാവും. മനുഷ്യ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നതില്‍ അശ്ലീല സാഹിത്യം വഹിക്കുന്ന പങ്ക് ചെറുതല്ല. അനുവാചക ഹൃദയങ്ങളെ അസാന്മാര്‍ഗികതയിലേക്ക് നയിക്കുന്ന അശ്ലീല സാഹിത്യത്തിന്റെ വ്യാപനം പുതിയ രൂപത്തിലും സാങ്കേതികവിദ്യകളില്‍ ഊന്നിയും മുന്നേറുകയാണ്. അധാര്‍മികം, അവിശുദ്ധം, ആഭാസം, അസഭ്യം, ലൈംഗിക വികാരോത്തേജനം, വൃത്തിഹീനം തുടങ്ങിയ പദാവലികളെ കൊണ്ടാണ് അശ്ലീലമെന്ന പദം വിശദീകരിക്കപ്പെടാറുള്ളത്. പഴയ കാലത്തെ കടലാസ് സാഹിത്യത്തില്‍ നിന്ന് അതിവേഗം വളരുന്ന ഡിജിറ്റല്‍ ഡിവൈസുകളിലേക്കുള്ള മാറ്റം അശ്ലീല സാഹിത്യം വിനിമയം ചെയ്യുന്നിടത്തും സംഭവിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും വരവോടെ പോണോഗ്രഫിയുടെ വ്യാപനം വര്‍ധിച്ചതായി കാണാനാവും. വളരെ എളുപ്പത്തിലും വേഗത്തിലും തങ്ങള്‍ ഉദ്ദേശിക്കുന്നത് കാണാനും ആസ്വദിക്കാനും കഴിയുന്നുവെന്നത് പുതിയ കാലത്തെ സൗകര്യമാണ്. ഇതു മുഖേന ജനങ്ങളില്‍ ഏറിയപങ്കും പോണ്‍ സൈറ്റുകളുടെ പിടിയില്‍ പെട്ടുപോകുന്നു. ജനപ്രിയ സൈറ്റുകളായി പോണ്‍വാതിലുകള്‍ ജനമനസ്സുകളില്‍ മലര്‍ക്കെ തുറന്നുകിടക്കുകയാണ്. ഈ ദൃശ്യവിരുന്നില്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും പങ്കാളികളാണ് എന്നതും ശ്രദ്ധേയമാണ്.
ലോകത്തെ ഏറ്റവും വലിയ അശ്ലീല സൈറ്റുകളിലൊന്നിന്റെ കണക്ക് ഇന്ത്യയിലെ ഭൂരിപക്ഷമാളുകളും അശ്ലീല സൈറ്റുകളുടെ നിത്യസന്ദര്‍ശകരാണ് എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നുണ്ട്. പോണ്‍ സൈറ്റുകളെല്ലാം സ്ത്രീവിരുദ്ധമാണെന്ന പൊതുബോധത്തിന്റെ മര്‍മത്തിനേല്‍ക്കുന്ന ചവിട്ടായിട്ടാണ് ഈ രംഗത്തെ സ്ത്രീസാന്നിധ്യം എന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്.
വര്‍ധിച്ചുവരുന്ന അശ്ലീലവത്കരണത്തിനെതിരെ സാമൂഹികമായ ഇടപെടല്‍ അനിവാര്യമാണ്. ഇന്റര്‍നെറ്റിന്റെ അനിയന്ത്രിതവും അനുസ്യൂതവുമായ ഉപയോഗത്തിന്റെയും അതിന്റെ സാധ്യതയുടെയും മറപിടിച്ചാണ് അശ്ലീല സാഹിത്യങ്ങള്‍ വളരുന്നത്. ഒളിച്ചും പാത്തും മലയാളികള്‍ കാണുകയും വായിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന ചിത്രങ്ങളും വിവരണങ്ങളും ഇന്നു പുതിയ രൂപത്തില്‍ വീഡിയോ സഹിതം പ്രാപ്യമാകുന്ന പുതിയ കാലത്താണ് നാം ജീവിക്കുന്നത്. ഒറ്റയ്ക്കും സംഘമായും അശ്ലീലത ആസ്വദിക്കുന്ന മനുഷ്യരുടെ എണ്ണം കൂടിവരുന്നുവെന്നത് ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ്.
ആധുനിക കാലത്ത് മനുഷ്യരില്‍ വിശിഷ്യാ യുവമനസ്സുകളില്‍ അശ്ലീല സാഹിത്യത്തിന്റെ സ്വാധീനം കൂടിയ തോതിലുണ്ട് എന്നത് നിസ്തര്‍ക്കമാണ്. പത്രമാസികകളിലും സിനിമകളിലും മറ്റു കലാരൂപങ്ങളിലുമെല്ലാം അശ്ലീലതയുടെ അടയാളങ്ങള്‍ കാണപ്പെടുന്നു. അശ്ലീല സാഹിത്യങ്ങളെ തടയാനും എതിരിടാനുമായി ധാരാളം നിയമങ്ങള്‍ ഇവിടെയുണ്ടെങ്കിലും അതൊന്നും പൂര്‍ണമായ ഫലത്തിലെത്തുന്നില്ല എന്നതാണ് അനുഭവം. അനുനിമിഷം ആധുനിക മനുഷ്യന്‍ പല തരത്തിലുള്ള അശ്ലീലവത്കരണത്തിന് വിധേയനാവുന്നചുറ്റുപാടാണ് നിലവിലുള്ളത്.
അശ്ലീല പ്രസിദ്ധീകരണങ്ങളെയും അശ്ലീലവത്കരണത്തെയും തടയാന്‍ നിയമങ്ങള്‍ കൊണ്ട് മാത്രമാവില്ല. അശ്ലീല പ്രസിദ്ധീകരണങ്ങളെ നിരോധിച്ചുകൊണ്ടുള്ള ആദ്യത്തെ നിയമം 1857ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റാണ് പാസാക്കിയത്. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ഇതിനു സമാനമായ നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292, 293, 294 എന്നീ വകുപ്പുകള്‍ അശ്ലീലതയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
മനുഷ്യമനസ്സിനെ മലീമസമാക്കുന്നതില്‍ അശ്ലീല അച്ചടിസാഹിത്യങ്ങള്‍ വഹിക്കുന്ന പങ്കിനേക്കാള്‍ വലിയ പങ്കാണ് പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഹിക്കുന്നത്. ഇതില്‍ പ്രധാന റോള്‍ വഹിക്കുന്നതാവട്ടെ പോണ്‍ സൈറ്റുകളാണ്.
പോണ്‍ ഇന്‍ഡസ്ട്രി
ലോകത്ത് ഇന്ന് പോണ്‍ സൈറ്റുകള്‍ക്ക് വലിയ ഡിമാന്റാണുള്ളത്. പോണ്‍ സൈറ്റുകളില്‍ വിളമ്പുന്ന വിഭവങ്ങള്‍ കാത്തിരിക്കുന്നവര്‍ കൂടുക തന്നെയാണ്. ഇന്ന് പോണ്‍ സൈറ്റുകള്‍ വലിയ ബിസിനസ് സാമ്രാജ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആസ്വാദനത്തോടൊപ്പം തന്നെ വരുമാനവും കിട്ടുന്ന ഒരിടമായി ഇത് മാറിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ വരെ മുതല്‍ മുടക്കാന്‍ ധൈര്യപ്പെടുന്ന കുത്തകമേഖലയായി പോണ്‍ സൈറ്റുകള്‍ മാറിയിട്ടുണ്ട്. ലോകത്ത് വന്നിട്ടുള്ള ഈ മാറ്റം കാരണം എല്ലാ രാജ്യങ്ങളിലും അപ്‌ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. കുട്ടികളുടെ അശ്ലീല സൈറ്റുകളാണ് കൂടുതല്‍ പേര്‍ തിരയുന്നത് എന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ നിന്ന് ഓരോ മിനിറ്റിലും 40 മിനിറ്റ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ചൈല്‍ഡ് പോണോഗ്രഫിയാണ് കൂടുതല്‍ പേര്‍ സെര്‍ച്ച് എന്‍ജിനുകളില്‍ തിരയുന്നത് എന്നാണ് ഇന്ത്യന്‍ സൈബര്‍ സെല്‍ ആര്‍മിയുടെ കണ്ടെത്തല്‍. അന്യരാജ്യങ്ങളില്‍ നിന്നുള്ള പോണ്‍ സൈറ്റുകളിലെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനേക്കാള്‍ ലാഭം ഇന്ത്യയില്‍ നിന്നുള്ള സൈറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നാണെന്നതുകൊണ്ടുതന്നെ ഇന്ത്യയാണത്രേ ഇവിടെയുള്ളവര്‍ തെരഞ്ഞെടുക്കുന്നത്.
പോണോഗ്രഫി എന്നത് ഒരു സംഘടിത തിന്മയായി വളര്‍ന്നിരിക്കുന്നു. ഒരാള്‍ ഒരു കളവു പറയുമ്പോള്‍ അതില്‍ അയാള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെങ്കില്‍ പോണോഗ്രഫിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ഇതില്‍ ഒരുപാട് പേര്‍ പങ്കാളികളാവുന്നുണ്ട്. ഇതില്‍ അഭിനയിക്കുന്നവര്‍, നിര്‍മിക്കുന്നവര്‍, വില്‍ക്കുന്നവര്‍, സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നവര്‍- ഇങ്ങനെ കുറേ ബിസിനസ് ചങ്ങലകള്‍ ഇതില്‍ മുഖ്യ പങ്കുവഹിക്കുന്നു. തിന്മയുടെ സംഘടിത രൂപമായാണ് അത് വളരുന്നത്. മനുഷ്യനു നല്‍കപ്പെട്ടിട്ടുള്ള ജൈവികമായ കുലീനത, ലജ്ജ, നാണം മറയ്ക്കുന്നതിലുള്ള ശ്രദ്ധ, വിവിധ തരം മര്യാദകള്‍ തുടങ്ങിയ മനുഷ്യന്റെ പൊതുസവിശേഷതകളെയെല്ലാം തച്ചുടച്ചുകൊണ്ടാണ് പോണോഗ്രഫി മുന്നോട്ടുപോകുന്നത്. മൃഗങ്ങളെപ്പോലെ പരസ്യമായി ഇണചേരുന്നതിലെ സര്‍വ സ്വാതന്ത്ര്യമാണത് പ്രമോട്ട് ചെയ്യുന്നത്. അമ്മ, അച്ഛന്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി തുടങ്ങിയ കുടുംബപരമായ സകല ഘടകങ്ങളെയും അപ്രസക്തമാക്കുന്ന വിധത്തില്‍ ശാരീരിക സുഖങ്ങളെയും ചാപല്യങ്ങളെയും മാത്രം മുന്‍നിര്‍ത്തിയാണ് പോണോഗ്രഫി മുന്നോട്ടുപോകുന്നത്.
പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്നവര്‍ വിവിധ തരത്തിലുള്ള ഹോര്‍മോണ്‍ ഗുളികകളും സ്‌പ്രേകളും ഉപയോഗിച്ചുകൊണ്ടാണ് ലൈംഗിക കേളികളില്‍ ഏര്‍പ്പെടുന്നതെന്ന് അധിക പേരും ആലോചിക്കാറില്ല. നിരന്തരം അശ്ലീലത ആസ്വദിക്കുന്നവര്‍ക്ക് ഒന്നിലും തൃപ്തി വരാതെ പുതിയത് ആസ്വദിക്കാനുള്ള മാനസിക ത്വരയായിരിക്കും ഉണ്ടാവുക.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതല്‍ അശ്ലീലത ആസ്വദിക്കുന്നത് എന്നതാണ് സത്യം. കാഴ്ചയിലൂടെ ലൈംഗിക ഉദ്ദീപനം കൂടുതല്‍ ഉണ്ടാവുക പുരുഷന്മാര്‍ക്കാണെന്ന് ആരോഗ്യ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു ഇത്തരം അശ്ലീലകാഴ്ചകള്‍ക്ക് അടിപ്പെടുന്നവരില്‍ ഭൂരിപക്ഷവും പുരുഷന്മാരായിത്തീരുന്നു. വികലമായ ചിന്തയിലേക്കും വിചിത്രമായ ഭാവനകളിലേക്കും മനുഷ്യനെ നയിക്കുന്ന പോണ്‍ സൈറ്റുകള്‍ സമൂഹമനസ്സിന് ഏല്‍പിക്കുന്ന പരിക്ക് നിസ്സാരമല്ല. ഭൗതികമായ നിയമങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല അശ്ലീലതയുടെ വ്യാപനമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
പരിണിത ഫലം
പോണോഗ്രഫി സൈറ്റുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്ന മനുഷ്യന്‍ അവനറിയാതെ ഒരു മായാലോകത്ത് എത്തിപ്പെടുന്നു. അയഥാര്‍ഥമായ കാര്യങ്ങളും ഭാവനകളുമാണ് പിന്നീട് അവനെ നയിക്കുക. യാഥാര്‍ഥ്യലോകവും ഭാവനാലോകവും തമ്മിലുള്ള സംഘര്‍ഷം മനുഷ്യമനസ്സില്‍ അരക്ഷിതബോധമാണ് ഉണ്ടാക്കുക. അപരിഷ്‌കൃതവും വിചിത്രവുമായ ഭാവനകള്‍ അവന്റെ യഥാര്‍ഥ ജീവിതത്തെ കാര്യമായി പരിക്കേല്‍പിക്കുകയാണെന്ന് അവന് തിരിച്ചറിയാനാവാത്ത അവസ്ഥ വന്നുചേരുന്നു.
പോണോഗ്രഫി സൈറ്റില്‍ മലയാളിക്ക് ഏറെ പ്രിയങ്കരമായ ചില ഉള്ളടക്കങ്ങളെക്കുറിച്ച് പോണ്‍ഹബ് വ്യക്തമാക്കുന്ന ചിത്രം വളരെ ഭീകരമാണ്. മനുഷ്യന്റെ ഭാവനാലോകം കൂടുതല്‍ അപരിഷ്‌കൃതവും വിചിത്രവുമായി തുടരുന്നു എന്നര്‍ ഥം. പോണോഗ്രഫി മനുഷ്യനില്‍ വരുത്തിവെക്കുന്ന മനഃശാസ്ത്ര പ്രശ്‌നങ്ങളിലേക്കാണ് മേല്‍ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. പോണ്‍ വീഡിയോകള്‍ കാഴ്ചകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുകൊണ്ടുതന്നെ ശാരീരികമായ ഇടപെടല്‍ നടക്കുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും കാഴ്ചകള്‍ കണ്ട് മനസ്സിനെ തൃപ്തിപ്പെടുത്താന്‍ മനുഷ്യന്റെ അബോധമനസ്സ് മനുഷ്യനെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് പോണ്‍ സൈറ്റുകളില്‍ ആകൃഷ്ടരാവുന്നവര്‍ക്ക് എളുപ്പത്തില്‍ അതില്‍ നിന്നൊരു മോചനം സാധ്യമാവാത്തത്. തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ വിവിധ തരത്തിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും അത് കാരണമാവുകയും ചെയ്യുന്നു. പോണ്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ചിന്ത തന്റെ ലൈംഗികാവയവത്തിന്റെ പോരായ്മയിലേക്കു പോവുകയും ഒരുതരം അപകര്‍ഷബോധം അവനെ പിടികൂടുകയും ചെയ്യുന്നു. ഒരു രാത്രി മുഴുവന്‍ ലൈംഗിക വേഴ്ചകളുടെ വീഡിയോകള്‍ കാണുന്ന മനുഷ്യന്‍ തന്റെ സ്വന്തം ജീവിതത്തില്‍ അത് പ്രയോഗിക്കുമ്പോള്‍ നേരിടുന്ന പരാജയം അവനെ മനഃസംഘര്‍ഷങ്ങളിലേക്കാണ് നയിക്കുക. വിചിത്രവും അപൂര്‍ണവും യുക്തിയില്ലാത്തതുമായ ഭാവനാലോകത്തേക്ക് മനുഷ്യനെ ആനയിക്കുക മാത്രമാണ് ഇത്തരം സൈറ്റുകള്‍ ചെയ്യുന്നത്. അമിതമായ പോണ്‍ സൈറ്റ് ഉപയോഗം മനുഷ്യനെ മനോരോഗിയാക്കുന്നു.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമൂഹികമായ മനുഷ്യന്റെ ഒറ്റപ്പെടലിനെ അവന്‍ നേരിട്ടത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു. ചിലരാകട്ടെ, കൃഷിയിലും മറ്റു കായികാധ്വാനങ്ങളിലും മുഴുകി. എന്നാല്‍ കൂടുതല്‍ പേരും മൊബൈല്‍ ഫോണിന്റെ രസങ്ങളില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു. ഈ കാലയളവില്‍ ചൈല്‍ഡ് പോണോഗ്രഫി വീഡിയോകളാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് എന്‍ജിനുകളില്‍ തിരയപ്പെട്ടത് എന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തില്‍ കൂടുതല്‍ സെര്‍ച്ച് വന്ന പട്ടണം കൊച്ചിയാണ്. മെട്രോ നഗരങ്ങളായ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ചൈല്‍ഡ് പോണ്‍ കീവേഡ് ഉപയോഗിച്ചുള്ള സെര്‍ച്ച് കൂടുതലായിരുന്നു കോവിഡ് കാലത്തെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഭര്‍ത്താവിന്റെ അശ്ലീല ആസക്തി മൂലം തങ്ങളുടെ ജീവിതം തകര്‍ക്കപ്പെടുകയാണെന്നും ഇതിനു കാരണമായിത്തീരുന്ന പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ വരെ ഹരജികള്‍ സമര്‍പ്പിച്ച കാലത്താണ് നാം ജീവിക്കുന്നത്.
പോണോഗ്രഫിയുടെ ഇന്ത്യയിലെ വേലിയേറ്റത്തിന് കാരണക്കാരിയായ നടി ഒരിക്കല്‍ കൊച്ചിയിലെ ഒരു ഫോണ്‍ ഷോറൂം ഉദ്ഘാടനത്തിനായി വന്നപ്പോള്‍ കാണാന്‍ വേണ്ടി അവിടെ എത്തിച്ചേര്‍ന്ന ജനമഹാസമുദ്രത്തെ കണ്ട് അവര്‍ അമ്പരന്നുപോയതായി അവരുടെ ട്വീറ്റ് സൂചിപ്പിക്കുന്നു. ഈ മഹാജനസമുദ്രത്തെപ്പറ്റി അവര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: ”എന്റെ കാര്‍ ഇപ്പോള്‍ കൊച്ചിയിലെ സ്‌നേഹക്കടലിലാണ്.” ഇതു സൂചിപ്പിക്കുന്നത് പോണോഗ്രഫി നമ്മുടെ സാമൂഹിക ഘടനയില്‍ എത്രത്തോളം വേരൂന്നിയിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെയാണ്.
ശരിയായ ലൈംഗിക വിദ്യാഭ്യാസം സമൂഹത്തിനു കിട്ടാത്തതുകൊണ്ടുതന്നെ ഈ രംഗത്ത് വലിയ പോരായ്മയാണ് നിലനില്‍ക്കുന്നത്. ലൈംഗികതയെപ്പറ്റി പറയുന്നതും, ചിന്തിക്കുന്നതുപോലെ തെറ്റായ കാര്യമായാണ് മലയാളികള്‍ പഠിപ്പിക്കപ്പെടുന്നത്. ലൈംഗിക വിഷയത്തില്‍ മലയാളികളില്‍ വിശേഷിച്ചും കാണപ്പെടുന്ന ഇരട്ടമുഖം ലൈംഗികതയെപ്പറ്റിയുള്ള അവിവേകത്തിലും അബദ്ധ ധാരണയിലുമാണ് ചെന്നെത്തിക്കുന്നത്. സാമൂഹിക മാധ്യമത്തില്‍ വളരെ മാന്യന്മാരായി അഭിനയിക്കുകയും ഒറ്റയ്ക്കാവുമ്പോഴോ അവസരങ്ങള്‍ ഒത്തുവരുമ്പോഴോ ഒക്കെ തങ്ങളുടെ തനിനിറം പ്രകടിപ്പിക്കുന്നവരുമാണ് അധിക പേരും. ജീവിവര്‍ഗങ്ങളില്‍ ജൈവികമായി കാണപ്പെടുന്ന ജൈവിക ചോദനയാണ് ലൈംഗികത എന്നും അതിന്റെ അതിര്‍വരമ്പുകളെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തുംവിധം വിദ്യാഭ്യാസത്തെ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ലൈംഗികതയെപ്പറ്റിയുള്ള ശരിയായ ധാരണ സമൂഹത്തിന് ഉണ്ടായാല്‍ പോണ്‍ സൈറ്റുകളില്‍ വിഹരിക്കുന്ന സ്വഭാവത്തെ തടുത്തുനിര്‍ത്താന്‍ ഒരു പരിധി വരെ സഹായകമാവും. ലൈംഗികത എന്നത് പാപമാണെന്നു വിലയിരുത്തിയ ദര്‍ശനങ്ങളെല്ലാം പരാജയപ്പെട്ടുപോയതായി ചരിത്രം പറയുന്നുണ്ട്. ”മനുഷ്യന്‍ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം, മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം.
പക്ഷേ, കിടപ്പറയിലെ ദുരന്തം പോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല” എന്ന ലിയോ ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ ലൈംഗികത മനുഷ്യനുമായി എത്രത്തോളം ഒട്ടിനില്‍ക്കുന്നുവെന്നത് സൂചിപ്പിക്കുന്നു. സ്വന്തം ഭാര്യയോടൊത്തുള്ള ലൈംഗികബന്ധത്തെ വിശുദ്ധ കര്‍മമായിട്ടാണ് ഇസ്‌ലാം പഠിപ്പിച്ചത്. സ്വവര്‍ഗ ലൈംഗികതയെയും ഉഭയവര്‍ഗ ലൈംഗികതയെയും ഇസ് ലാം എതിര്‍ക്കുന്നു. ശരിയായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അമിത രക്തസമ്മര്‍ദത്തില്‍ നിന്നും മാനസിക സമ്മര്‍ദത്തില്‍ നിന്നും ശരിയായ ലൈംഗികബന്ധം മനുഷ്യനെ രക്ഷപ്പെടുത്തുന്നു.
കൂടാതെ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും സ്ത്രീകളില്‍ മൂത്രാശയ പേശികളുടെ ശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ അമിതമായ ലൈംഗികത മനുഷ്യനില്‍ പല തരത്തിലുള്ള കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു.
അതിഭാവുകത്വം നിറഞ്ഞതും വിചിത്രവുമായ പോണോഗ്രഫി പോലുള്ള ചതിക്കുഴികളില്‍ നമ്മുടെ മക്കള്‍ ചെന്നുചാടാതിരിക്കാന്‍ ലൈംഗികതയെപ്പറ്റിയുള്ള ശരിയായ വിദ്യാഭ്യാസം ചെറുപ്പം മുതല്‍ തന്നെ കൃത്യമായ അളവില്‍ നല്‍കേണ്ടതുണ്ട്.
ആസക്തി
നിയന്ത്രിക്കണം
പോണോഗ്രഫി എന്ന വിഷയം ഒരു സാമൂഹിക പ്രശ്‌നമായി മാറിയ പുതിയ ചുറ്റുപാടില്‍ മനഃശാസ്ത്രരംഗത്ത് പുതിയ ചര്‍ച്ചകളും പഠനങ്ങളും നടക്കുകയാണ്. അശ്ലീല ആസക്തിയില്‍ നിന്ന് മനുഷ്യനെ എങ്ങനെ രക്ഷിെച്ചടുക്കാമെന്നതാണ് അവരുടെ ചര്‍ച്ചാ വിഷയം. ഈ രംഗത്തെ സ്തുത്യര്‍ഹമായ ഒരു ചുവടുവെപ്പായിട്ടാണ് സുഊദി അറേബ്യയുടെ പുതിയ വെബ്‌സൈറ്റ് വിലയിരുത്തപ്പെടുന്നത്.
പോണോഗ്രഫിയോടുള്ള ആസക്തി കുറയ്ക്കുന്നതിനു വേണ്ടിയും അതില്‍ നിന്ന് മോചനം നേടുന്നതിനു വേണ്ടിയും സൈക്കോളജിക്കല്‍ ക്ലാസുകളും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു വെബ്‌സൈറ്റാണ് അവര്‍ പുറത്തിറക്കിയിട്ടുള്ളത്. കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പരിച്വല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയേണ്‍മെന്റ് എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങള്‍ അടങ്ങിയതാണ് ചികില്‍സ. മാനുഷിക മൂല്യങ്ങളെയും മാനസിക ആരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്ന പോണാഗ്രഫിയെന്ന സാമൂഹിക രോഗത്തെ പ്രതിരോധിക്കേണ്ടത് മുഴുവന്‍ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്.
പോണോഗ്രഫിയുടെ ആസക്തിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗം ലോക രക്ഷിതാവായ നാഥന്റെ സ്മരണയിലേക്ക് എത്തിച്ചേരുക എന്നതാണ്. രസമുള്ള കാഴ്ചകള്‍ നുണയുമ്പോള്‍ അത് അല്ലാഹു കാണുന്നുണ്ടെന്ന ബോധ്യത്തിലേക്ക് ഉണരാന്‍ കഴിഞ്ഞാല്‍ ഏത് ലഹരിയെയും പിടിച്ചുകെട്ടാന്‍ മനുഷ്യന് കരുത്തു ലഭിക്കും. അല്ലാഹു പറയുന്നു: ”കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു” (ഖുര്‍ആന്‍ 6:103).
അല്ലാഹു രഹസ്യവും പരസ്യവും അറിയുന്നുണ്ടെന്നും അവനറിയാതെ തനിക്ക് രഹസ്യമായി ഒന്നും ചെയ്യാനാവില്ലെന്നും മനസ്സിലാക്കിയാല്‍ തിന്മയില്‍ അകപ്പെടാതെ ജീവിതത്തെ സംരക്ഷിക്കാന്‍ മനുഷ്യനു സാധിക്കും. ”കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല” (ഖുര്‍ആന്‍ 6:59).
അല്ലാഹുവിന്റെ ശിക്ഷയിലുള്ള ഭയം മനുഷ്യനെ തെറ്റു ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കും. ”മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക” (ഖുര്‍ആന്‍ 2:24). അതുപോലെത്തന്നെ അല്ലാഹുവിന്റെ സമ്മാനമായ സ്വര്‍ഗത്തെപ്പറ്റിയുള്ള പ്രതീക്ഷാബോധവും മനുഷ്യനെ നന്മയിലേക്ക് അടുപ്പിക്കും. ഒരു കണ്ണും കാണാത്തതും ഒരു മനസ്സും ഭാവനയില്‍ പോലും കാണാത്തതുമായ തരത്തിലുള്ള സ്വര്‍ഗീയാരാമത്തെപ്പറ്റിയും സുമോഹന വിചാരങ്ങള്‍ മനുഷ്യനെ തിന്മയില്‍ നിന്നകറ്റാന്‍ പ്രേരണ നല്‍കും. നന്മയില്‍ ചരിക്കാനും അശ്ലീലതകള്‍ കണ്ടാസ്വദിക്കാതിരിക്കാനും അല്ലാഹു പറയുന്ന വാഗ്ദാനങ്ങള്‍ അവന് പ്രചോദനമേകും. ‘(ചിപ്പികളില്‍) ഒളിച്ചുവെക്കപ്പെട്ട മുത്തു പോലെയുള്ള, വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവര്‍ക്കുണ്ട്)’ തുടങ്ങിയ വചനങ്ങള്‍ മനുഷ്യന് നന്മയില്‍ ചരിക്കാന്‍ പ്രചോദനമേകാതിരിക്കില്ല.
അശ്ലീലതകള്‍ ആസ്വദിക്കുന്ന മനുഷ്യരുടെ ഏറ്റവും വലിയ ദുര്യോഗമെന്നത് നമസ്‌കാരം നന്നായി നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ്. നമസ്‌കാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ചീത്ത ചിത്രങ്ങളും തെറ്റായ ഭാവനകളും അത്തരക്കാരുടെ മനോമുകുരങ്ങളിലേക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കും. അത് അവനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരിക്കും. നമസ്‌കാരമെന്ന നാഥനോടുള്ള ഏറ്റവും വലിയ പ്രാ ര്‍ഥനയില്‍ കളങ്കം ചേര്‍ക്കപ്പെടുക വഴി വലിയ നഷ്ടമാണ് അശ്ലീലം ആസ്വദിക്കുന്നതിലൂടെ മനുഷ്യന് നേരിടേണ്ടിവരുന്നത്.
അല്ലാഹുവിനോടുള്ള നിരന്തര പ്രാര്‍ഥനകളിലൂടെയും തഹജ്ജുദ് നമസ്‌കാരങ്ങളിലൂടെയും പശ്ചാത്താപങ്ങളിലൂടെ യും ഐച്ഛിക വ്രതാനുഷ്ഠാനങ്ങളിലൂടെയും പുണ്യകര്‍മങ്ങളില്‍ വ്യാപൃതരാവുന്നതിലൂടെയും നല്ല സൗഹൃദങ്ങള്‍ കൂടെ കരുതുന്നതിലൂടെയും സദ്‌വി ചാരങ്ങളെ നട്ടുവളര്‍ത്തുന്നതിലൂടെയും നല്ല സാഹചര്യങ്ങളെ ബോധപൂര്‍വം സൃഷ്ടിക്കുന്നതിലൂടെയും അല്ലാഹുവിനെ മറ്റെന്തിനേക്കാളും ഇഷ്ടപ്പെടുന്നതിലൂടെയും റസൂലിന്റെ മാര്‍ഗത്തെ ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കുന്നതിലൂടെയും അശ്ലീലതയെ പടിക്കുപുറത്തു നിര്‍ത്താന്‍ ഏതു മനുഷ്യനും സാധിക്കും. പോണ്‍സൈ റ്റുകളും അശ്ലീല വീഡിയോകളും വിരല്‍ത്തുമ്പില്‍ തൂങ്ങിയാടുന്ന കാലമത്രയും ഈമാനെന്ന പരിച നമുക്ക് കൂടിയേ തീരൂ. പോണോഗ്രഫി രസമല്ല, വിചിത്രമായ ചതിക്കുഴികളാണ്.