16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

മനസ്സിന്റെ ശക്തിയാണ് ക്ഷമ

സി കെ റജീഷ്‌

ഒരു നദിയുടെ വക്കിലിരുന്ന് ചൂണ്ടയിടുകയാണ് അയാള്‍. മൂന്നോ നാലോ മണിക്കൂറുകള്‍ കഴിഞ്ഞു. കുറച്ച് മത്സ്യങ്ങളേ ചൂണ്ടയില്‍ കുരുങ്ങിയിട്ടുള്ളൂ. വെയിലിന് നല്ല ചൂടുണ്ട്. സഹായികളായി ആരുമില്ല. അകലെ നിന്ന് ഒരു യുവാവ് ഇതെല്ലാം വീക്ഷിക്കുന്നുണ്ട്. അടുത്തേക്ക് വന്ന യുവാവിനോട് അയാള്‍ ചോദിച്ചു: താങ്കള്‍ക്കും എന്നെപ്പോലെ ചൂണ്ടയിട്ടു കൂടേ? യുവാവ് പറഞ്ഞു: താങ്കളെപ്പോലുള്ള ക്ഷമ എനിക്കില്ല. നിങ്ങളുടെ ചൂണ്ടയില്‍ കുടുങ്ങിയ ഓരോ മത്സ്യവും നിങ്ങളുടെ ക്ഷമയുടെ വിലയാണ്.
വിലമതിക്കാനാവാത്ത വിശിഷ്ട ഗുണം തന്നെയാണ് ക്ഷമ. ഒരാളുടെ വിലയിടിഞ്ഞ് പോവാനും ഒരു നിമിഷ നേരത്തെ അക്ഷമ മതിയാവും. അറിവും കഴിവും മികവും ഒക്കെ ഉണ്ടെങ്കിലും ക്ഷമയില്ലെങ്കില്‍ ആ പോരായ്മ എവിടെയും പ്രതിഫലിക്കും. ആ ശക്തിയായിരിക്കും എല്ലാറ്റിനെയും സൗമ്യഭാവത്തോടെ നേരിടാന്‍ അവര്‍ക്ക് കരുത്തേകുന്നത്. ശാന്തതയും അവധാനതയും കൊണ്ട് അവര്‍ക്ക് ലക്ഷ്യം നേടി വിജയ തീരമണിയാന്‍ കഴിയും.
അന്തരീക്ഷത്തില്‍ ചിലപ്പോള്‍ കോടക്കാറ്റ് കാണും. മഞ്ഞ് മൂടി മേഘാവൃതമാവുന്നതും കാണാം. മിന്നല്‍പ്പിണരിനൊപ്പം ഇടിമുഴക്കങ്ങളും കേള്‍ക്കാം. തണുപ്പും തമസ്സും നമ്മെ ഭയചകിതരാക്കുകയും ചെയ്യും. മഴ തിമിര്‍ത്ത് പെയ്താല്‍ ഒത്തിരി ആശ്വാസവും ശാന്തതയും കാണും. മഴയും മഞ്ഞും വെയിലും കുളിരും ഒക്കെയുള്ള ഋതുഭേദങ്ങളിലൂടെ നാം കടന്നുപോയേ തീരൂ. ജീവിതാന്തരീക്ഷത്തിലെ ഋതുഭേദങ്ങളായി കണ്ണീരും പുഞ്ചിരിയും പ്രതീക്ഷയും നിരാശയും ഇണക്കവും പിണക്കവുമെല്ലാം കടന്നുവരുന്നു. ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും, ചിലപ്പോഴൊക്കെ പൊരുതിയും തുടരുകയാണ് നാമീയാത്ര. ഇവിടെ മനസ്സിനെ ശാന്തമാക്കാന്‍, സമചിത്തത കൈവിടാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. അക്ഷമയാണ് ശാന്തതയില്‍നിന്ന് മനസ്സിനെ ബഹുദൂരം അകറ്റുന്നത്.
നിരന്തര സാധനയുടെ ഫലമായുണ്ടാകുന്ന മനസ്സിന്റെ ശക്തിയാണ് ക്ഷമ. അത് ശീലമാക്കിയവരുടെ ജീവിതം നമ്മെ അതിശയിപ്പിക്കും. ‘സമയവും ക്ഷമയും കൊണ്ട് മള്‍ബറി ഇലകള്‍ പട്ടുതുണിയായി മാറും’ എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്.
ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന് ‘ദിയമോണ്ട്’ എന്നൊരു വളര്‍ത്തു നായയുണ്ടായിരുന്നു. അദ്ദേഹം അതിനെ ഓമനിച്ചു വളര്‍ത്തിയിരുന്നു. ഒരു ദിവസം നായ ന്യൂട്ടന്റെ പഠനമുറിയില്‍ കയറി. അവിടെ കത്തിച്ചു വച്ചിരുന്ന മെഴുക് തിരി തട്ടി വീഴ്ത്തി. കടലാസ് കഷണങ്ങളില്‍ തീ ആളിപ്പടര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കടലാസുകളെല്ലാം കത്തിച്ചാമ്പലായി. എട്ടു വര്‍ഷത്തെ നിരന്തര അധ്വാനഫലമായി ശേഖരിച്ച പഠന ഗവേഷണ കുറിപ്പുകളാണ് കത്തിചാമ്പലായത്. ന്യൂട്ടന് ഏറെ ദുഖമുണ്ടായി. എങ്കിലും ദു:ഖവും കോപവും ഒന്നും വളര്‍ത്തു നായയോട് അദ്ദേഹം കാണിച്ചില്ല. ‘ദിയമോണ്ട്’ നീ നിന്റെ യജമാനന്റെ എത്ര വിലപ്പെട്ട കടലാസുകളാണ് കത്തിച്ചുകളഞ്ഞത് എന്നറിയുന്നുണ്ടോ എന്ന് ചോദിക്കുക മാത്രം ചെയ്തു.
നമ്മുടെയുള്ളില്‍ കോപത്തിന്റെ കനലെരിയുമ്പോള്‍ ശരീരവും മനസ്സും രോഗാതുരമാകുന്നു. കോപം അത്രമേല്‍ അപകടകാരിയായതു കൊണ്ടാണ് കോപനിയന്ത്രണമെന്നത് സ്വര്‍ഗത്തിന് അര്‍ഹതയുള്ള ഭക്തരുടെ വിശേഷണമായി അല്ലാഹു പറഞ്ഞിരിക്കുന്നത്. (3:134) മനശാസ്ത്രജ്ഞനായ എവറെറ്റ് വര്‍ത്തിംഗ്്ടനിന്റെയടുക്കല്‍ ഒരാള്‍ വന്ന് പറഞ്ഞു. എനിക്ക് ഒരാളോട് വിരോധമുണ്ട്. അയാളോടുള്ള കോപം ശമിക്കാന്‍ എനിക്ക് ഒരു വിദ്യ പറഞ്ഞ് തരണം. എവറെറ്റ് പറഞ്ഞു. നിനക്ക് കോപം വരുമ്പോള്‍ വിരോധമുള്ളയാള്‍ക്ക് ഒരു കത്തെഴുതുക. എന്നിട്ട് അയാളുടെ വിലാസത്തില്‍ അയച്ചു കൊടുക്കുക. ദീര്‍ഘമായി എഴുതി. സ്വയം വായിച്ചു. അപ്പോഴേക്കും അയാള്‍ ശാന്തനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x