8 Sunday
December 2024
2024 December 8
1446 Joumada II 6

മനസ്സില്‍ പതിഞ്ഞ ‘കാഴ്ച’

എം ടി മനാഫ്‌


2014 ഫെബ്രുവരി ആദ്യവാരം കോട്ടക്കലില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയില്‍ ഒരുക്കിയിരുന്ന ‘ദ മെസേജ്’ മെഗാ എക്‌സിബിഷന്‍ ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ജാതി-മതഭേദമെന്യേ ആയിരങ്ങളാണ് കുടുംബസമേതം പ്രദര്‍ശനം കാണാനെത്തിയത്. തിരക്കു കാരണം എത്രയോ പേര്‍ ഓരോ ദിവസവും മടങ്ങിപ്പോയി. മനുഷ്യന്റെ ജീവിതവും ലക്ഷ്യവും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എക്‌സിബിഷന്‍. ജനുവരി 26ന് ആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി നാലു വരെ നീണ്ടു. മെഗാ എക്‌സ്‌പോയോട് ചേര്‍ന്ന് ‘കാഴ്ച’ എന്ന മിനി എക്‌സിബിഷനും ഉണ്ടായിരുന്നു. ഐഎസ്എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ കോഴിക്കോട് മലബാര്‍ ഐ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് ‘കാഴ്ച’ സംഘടിപ്പിച്ചത്.
കട്ട പിടിച്ച കറുത്ത ഇരുട്ട് നിറഞ്ഞ ഹാളാണ് ‘കാഴ്ച’ എക്‌സിബിഷന്റെ ഇടം. പ്രകാശത്തിനു പ്രവേശനം പാടേ നിരോധിച്ചിട്ടുണ്ട്. അകത്തു കയറുമ്പോള്‍ കറുത്ത കണ്ണട കൂടി ധരിപ്പിക്കും. അതോടെ നാം പൂര്‍ണമായും അന്ധരായി. അറിയാത്ത വഴികളിലൂടെ നഗ്‌നപാദരായാണ് പോകാനുള്ളത്. ഇരുട്ടിന്റെ ആ ലോകത്ത് നമ്മെ നയിക്കുന്നത് ശരിക്കും അന്ധരായ സഹോദരങ്ങളാണ്. അവര്‍ മുന്നില്‍ നടന്ന് നിര്‍ദേശങ്ങളും വിശദീകരണങ്ങളും തരും. അഥവാ, നമ്മള്‍ അന്ധരും അവര്‍ വഴികള്‍ അറിയുന്നവരും! അവരുടെ ലോകമാണത്.
മുമ്പില്‍ നടക്കുന്ന അന്ധ സുഹൃത്തിന്റെ തോളില്‍ ഇടതു കൈ കൊണ്ട് പിടിക്കണം. പിന്നിലുള്ളവര്‍ അങ്ങനെ ക്രമത്തില്‍ അപരന്റെ തോളില്‍ പിടിച്ച് ഒരു വരിയായാണ് നീങ്ങുന്നത്. വലതു കൈ ഫ്രീയാണ്. എല്ലാം തൊട്ടു മനസ്സിലാക്കാം, മണത്തറിയാം, ചോദിക്കാം, കേള്‍ക്കാം; കണ്ണു മാത്രം കാണില്ല! പരിപൂര്‍ണ അന്ധത!
ശിങ്കാരിമേളം തകര്‍ത്താടുന്ന പൂരപ്പറമ്പിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. പൊരീ… പൊരീ… പൊരീ…, വള… വള… മാല… കച്ചവടക്കാരുടെ ബഹളം കേള്‍ക്കാം. കടകളില്‍ വില്‍പനയ്ക്കായി തൂക്കിയിട്ടിരിക്കുന്ന വസ്തുക്കളും വളയും മാലയും ബലൂണുകളുമൊക്കെ തൊട്ടു ബോധ്യപ്പെടാം, പൊരിച്ചാക്കില്‍ വിരലോടിക്കാം, കച്ചവടക്കാരോട് വര്‍ത്തമാനം പറയാം, വില ചോദിക്കാം. പക്ഷേ, വര്‍ണങ്ങളില്ലാത്ത കറുത്ത ലോകം! ശിങ്കാരി മേളവും കച്ചവടക്കാരുടെ ശബ്ദങ്ങളും അവസാനിക്കുമ്പോള്‍ നമ്മള്‍ ഒരു പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവേശിക്കും. വിലക്കുറവേയ്… കിലോ പത്ത്… കിലോ പത്ത്… ആദായം… ആദായം… നിരത്തിവെച്ചിരിക്കുന്ന തക്കാളി, ഉള്ളി, പൈനാപ്പിള്‍, മുന്തിരി, മറ്റു പലതരം പഴവര്‍ഗങ്ങള്‍ എല്ലാം തൊട്ടു മനസ്സിലാക്കാം. ഉണക്കമല്‍സ്യത്തിലും മല്ലിച്ചപ്പിലുമൊക്കെ തൊട്ടാല്‍ വാസനിക്കാം… കച്ചവടക്കാരുടെ കുശലം പറച്ചില്‍ കേള്‍ക്കാം… പക്ഷേ, ഒന്നും കാണാനാവില്ല!
മാര്‍ക്കറ്റ് പിന്നിട്ട് കുത്തിയൊഴുകുന്ന പുഴയ്ക്കു മീതെ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെയാണ് യാത്ര. ഒന്ന്, രണ്ട്, മൂന്ന് പടികള്‍ കയറിയാല്‍ പാലത്തിലൂടെ നടക്കാം. വലതുവശത്ത് കൈവരികള്‍ കെട്ടിയിട്ടുണ്ട്. അതില്‍ തപ്പിപ്പിടിച്ചു പതുക്കെ നടക്കാനാണ് അന്ധ സുഹൃത്തിന്റെ നിര്‍ദേശം. താഴെ കുത്തിയൊഴുകുന്ന പുഴയുടെ ശബ്ദം കേള്‍ക്കാം. പാലത്തില്‍ ചെറിയ നനവുണ്ട്… പാറയില്‍ തല്ലിത്തകരുന്ന ജലകണങ്ങള്‍ നമ്മുടെ ശരീരത്തില്‍ പതിക്കുന്നു. കാലു തെന്നിയാല്‍ എല്ലാം തീരുമെന്നു തോന്നും. യാ അല്ലാഹ്…!
പാലം കഴിഞ്ഞ് സ്റ്റെപ്പുകളിറങ്ങി അല്‍പം നടന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തി. രണ്ടു പടികള്‍ കയറിയാല്‍ പ്ലാറ്റ്‌ഫോമായി. അന്ധ സുഹൃത്ത് കൈപിടിച്ചു കയറ്റി. അയാളെന്നെ മറുവശത്തേക്ക് പിടിച്ചു തിരിച്ചു. അവിടെയാണത്രേ വണ്ടി വന്നുനില്‍ക്കുക. ഞാന്‍ ദിക്കറിയാത്ത വെറും അന്ധന്‍! തീവണ്ടിയുടെ വരവറിയിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ തനതു ശൈലിയിലുള്ള അറിയിപ്പുകള്‍ കേള്‍ക്കാം. ചായ… ചായ… കാപ്യേയ്… കാപ്യേയ്… വട… വട… നമ്മള്‍ തീര്‍ത്തും ഇപ്പോള്‍ ഒരു സ്റ്റേഷനില്‍ തന്നെ! സ്റ്റേഷനില്‍ കച്ചവടക്കാരുടെ പതിവു ബഹളം. ഏതോ ട്രാക്കില്‍ ഏതോ ട്രെയിന്‍ നില്‍ക്കുന്നുണ്ടാകും.
അതില്‍ യാത്രക്കാരുണ്ടാവും. പക്ഷെ, ഞാന്‍…! ദൂരെ നിന്നും തീവണ്ടി വരുന്ന ശബ്ദം കേള്‍ക്കാം. കിതപ്പ് കൂടിക്കൂടി ഓടിയടുത്ത് മുന്നിലൂടെ അത് ചീറിപ്പാഞ്ഞുപോയി. വസ്ത്രങ്ങളെ ഉലച്ച് കാറ്റു വീശി. ഹോണ്‍ മുഴക്കി ദൂരെ മറയുന്ന ശബ്ദം കേള്‍ക്കാം. ആ വണ്ടിക്ക് അവിടെ സ്റ്റോപ്പില്ല.
സ്റ്റേഷന്റെ പടവുകളിറങ്ങി മുന്നോട്ടു നടന്നാല്‍ പിന്നെ കൊടുംകാടാണ്. കാലില്‍ തടയുന്ന വള്ളിപ്പടര്‍പ്പുകള്‍… യാത്ര തടസ്സപ്പെടുത്തുന്ന പൊന്തക്കാടുകള്‍… ഊടുവഴി… ശരീരത്തില്‍ കോറുന്ന മരച്ചില്ലകള്‍.. വന്യജീവികളുടെ അലര്‍ച്ചയും മുരളലും… പൊന്തക്കാട്ടില്‍ നിന്ന് ഏതോ ജീവി മാന്തുന്നു… അപരന്റെ തോളില്‍ പിടിച്ച് ഒരുവിധം നടന്നു മുന്നോട്ടുനീങ്ങി…
കാട് അവസാനിച്ചു. ഇപ്പോള്‍ പുറത്തേക്കുള്ള വാതിലിലാണ്. പുറത്തു കടന്നു. കണ്ണട നീക്കി. വെളിച്ചമുള്ള ലോകം!
സമ്മേളന നഗരിയില്‍ പലയിടത്തായി ജനം. പിറ്റേ ദിവസമാണ് സമ്മേളനത്തിന് തുടക്കം. എക്‌സിബിഷന്‍ അതിനു മുമ്പ് അവസാനിക്കും. ഇതുവരെ എന്നെ നയിച്ച സുഹൃത്തിനെ നോക്കി. മൃതിയടഞ്ഞ കുഴിഞ്ഞ കണ്ണുകള്‍! ഇവിടെയും അയാള്‍ക്ക് ഇരുട്ടാണല്ലോ! ആ ‘വഴികാട്ടി’യോട് അല്‍പനേരം സൗഹൃദം പങ്കിട്ടു. ഒരു വോളന്റിയര്‍ അയാളുടെ കൈ പിടിച്ച് എക്‌സിബിഷന്‍ ഹാളിന്റെ മുന്‍വശത്തെ കവാടത്തിലേക്കു കൊണ്ടുപോയി, അടുത്ത ടീമിനെ നയിക്കാന്‍.
ഇരുട്ടിന്റെ ലോകത്ത് സ്ത്രീകളെ നയിക്കുന്നതിന് അന്ധകളായ സഹോദരിമാരും ‘കാഴ്ച’യില്‍ ഉണ്ടായിരുന്നു. ശബ്ദങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമായി ഇരുപതിലധികം പേരെ ഹാളില്‍ പലയിടത്തായി വിന്യസിച്ചിട്ടുണ്ടായിരുന്നു. ഇതുകൂടാതെ റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളും ഉപയോഗിച്ചിരുന്നു. ലളിതമായ സജ്ജീകരണങ്ങളിലൂടെ നമ്മുടെ മനസ്സില്‍ നിരവധി ബോധ്യപ്പെടലുകള്‍ പതിപ്പിക്കുന്ന വലിയൊരു സന്ദേശമായിരുന്നു ‘കാഴ്ച.’ കാഴ്ചയെന്ന മഹാ അനുഗ്രഹത്തിന്റെ വില മനസ്സിലാക്കാന്‍ എടരിക്കോട് സമ്മേളനത്തിലെ ‘കാഴ്ച’ കാരണമായി.

Back to Top