മനസ്സ് തപിക്കുമ്പോഴാണ് തൗബ ഉണ്ടാകുന്നത്
പി മുസ്തഫ നിലമ്പൂര്‍
അനേകം സൃഷ്ടിജാലങ്ങളില്‍ നിന്ന് ഏറെ ആദരണീയനാണ് മനുഷ്യന്‍. മലക്കുകളെ പോലെ പാപരഹിത ജീവിതമോ മൃഗങ്ങളെപ്പോലെ നിയമരഹിത ജീവിതമോ അല്ല മനുഷ്യപ്രകൃതി. മനുഷ്യന്‍ വിശുദ്ധ പ്രകൃതിയില്‍ ജനിച്ചവനാണ്. സാഹചര്യങ്ങളും സഹവാസങ്ങളും മനുഷ്യ മനസ്സിനെ മലീമസമാക്കാന്‍ സാധ്യത ഏറെയാണ്. മലീമസപ്പെടാതിരിക്കാന്‍ നന്മതിന്മകളെ സംബന്ധിച്ചും സ്രഷ്ടാവിന്റെ ഹിതാഹിതങ്ങളെ സംബന്ധിച്ചും ബോധ്യപ്പെടുത്തി മോക്ഷത്തിന്റെ തീരങ്ങളിലേക്ക് അവനെ ആനയിക്കുകയാണ് ഇസ്‌ലാം.
അവന്റെ പ്രകൃതിപരമായ നിലീനതകളെ അറിയുന്നവനായ സ്രഷ്ടാവ്, സദ്ചിന്തകളാല്‍ സുകൃതിയില്‍ വര്‍ത്തിക്കാനുള്ള മനനശേഷിയും ദൈവിക സന്ദേശങ്ങളും നല്‍കി. സുകൃതിയില്‍ നിലകൊള്ളുന്നവര്‍ക്ക് വിജയമുണ്ടെന്ന് (91:09) അറിയിച്ചു.
മനുഷ്യ മനസ്സ് സുസ്ഥിര പ്രകൃതിയുള്ളതല്ല. അതുകൊണ്ടുതന്നെ പാപങ്ങളുടെ കെണിയില്‍ പതിക്കുമാറ് പ്രലോഭനങ്ങളിലും പ്രചോദനങ്ങളിലും അകപ്പെടാന്‍ സാധ്യത ഏറെയാണ്. ഇവിടെയാണ് പശ്ചാത്താപത്തിന്റെ പൊരുളും സവിശേഷതയും. ദുഷ്ചിന്തകള്‍ മനുഷ്യമനസ്സില്‍ നിലീനമാണ് എന്നതിനാല്‍ തന്നെ കഴിയുംവിധം നിഷ്‌കളങ്ക പശ്ചാത്താപത്തിലൂടെ ധര്‍മചോദനകളെ പുല്‍കാന്‍ സ്രഷ്ടാവ് താല്‍പര്യപ്പെടുന്നു.
പാപത്തില്‍ നിന്ന് സമ്പൂര്‍ണമായും അതീതനായി ജീവിക്കല്‍ മനുഷ്യപ്രകൃതമല്ലാത്തതിനാല്‍ പാപം ചെയ്തവരെ അകറ്റിനിര്‍ത്തുകയല്ല, പാപങ്ങള്‍ പൊറുത്തുകൊടുത്ത് കാരുണ്യത്തിന്റെ ശീതളിമയിലേക്ക് അവരെ ചേര്‍ക്കുകയാണ് സ്രഷ്ടാവ് ചെയ്യുന്നത്.
സൂക്ഷ്മതാ ബോധത്തിന് കുറവ് വരുമ്പോള്‍ സംഭവിക്കുന്നതാണ് തെറ്റുകുറ്റങ്ങള്‍. അപ്പോള്‍ യഥാര്‍ഥത്തില്‍ ഉണ്ടാകേണ്ടത് കുറ്റബോധമാണ്. ആദം സന്തതികള്‍ അഖിലവും തെറ്റു ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റു ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ് (സുനനു തിര്‍മിദി 2499, മുസ്‌നദ് അബൂയഅ്‌ല 2922).
പശ്ചാത്തപിക്കുന്നവര്‍ വിജയികളും (24:31) പശ്ചാത്തപിക്കാത്തവര്‍ അക്രമികളുമാണെന്ന് (49:11) ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുകയും അവര്‍ക്ക് പൊറുത്തുകൊടുക്കുകയും ചെയ്യുന്നതാണ്. അവന്റെ കാരുണ്യത്തില്‍ നിരാശരാകരുതെ”ന്നും (39:53) ”നിരാശരാകുന്നവര്‍ കാഫിറുകളാണെ”ന്നും (12:87) ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുഭൂമിയില്‍ കാണാതായ ഒട്ടകത്തെ വീണ്ടും കണ്ടെത്തുമ്പോഴുള്ള ഉടമസ്ഥന്റെ സന്തോഷത്തേക്കാള്‍, തന്റെ അടിമ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനു സന്തോഷമുണ്ടാകുന്നു (ബുഖാരി സംഗ്രഹം: 6309). സ്രഷ്ടാവിന് അവന്റെ ദാസരോടുള്ള കാരുണ്യത്തിന്റെ നിദര്‍ശനങ്ങളാണ് ഇവ.
തെറ്റുകളില്‍ പശ്ചാത്തപിക്കുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ശരിയായ നിലയില്‍ അല്ലാഹുവിലേക്ക് മടങ്ങുകയാണെന്നും അവരുടെ തിന്മകളെ നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാണെന്നും (25:70,71) അല്ലാഹു സുവിശേഷം അറിയിക്കുന്നു. നബി(സ) പറഞ്ഞു: നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്‍മകളോട് നന്‍മകളെ തുടര്‍ത്തുക. ആ നന്‍മകള്‍ തിന്‍മകളെ മായ്ച്ചുകളയും (സുനനു തിര്‍മിദി 1987).
സംഭവിച്ച തെറ്റിലും പശ്ചാത്തലത്തിലും ഖേദിച്ചു മനസ്സു തപിക്കുമ്പോഴാണ് പശ്ചാത്താപം ഉണ്ടാകുന്നത്. ഖേദം ദുഃഖമാണ്. മനസ്സില്‍ നിന്നാണ് അതിന്റെ പ്രഭാവം. മരണം, ഖബര്‍, അന്ത്യനാള്‍, പരലോകം, വിചാരണ എന്നീ ചിന്തകളാണ് അതിന് പ്രചോദകം. തൗബ പടച്ചവനിലേക്കുള്ള മടക്കമാണ്. തെറ്റില്‍ നിന്നു സത്യപാതയിലേക്കുള്ള തിരിച്ചുവരവ്. പിന്നീടാവാം എന്ന ചിന്തയ്ക്ക് അവസരമില്ല. ഏത് നിമിഷത്തിലും നാഥനിലേക്ക് നാം മടങ്ങിയേക്കും. അവനാണ് പ്രതിഫല ദിനത്തിന്റെ ഉടമസ്ഥന്‍. അവന്‍ സര്‍വ രഹസ്യങ്ങളും അറിയുന്നവനാണ്. അവന്‍ അറിയാത്തതൊന്നും ഇല്ല തന്നെ. എല്ലാം അവന്റെ അനുമതിയോടെ മാത്രമേ സംഭവിക്കൂ. അവനെ ഒന്നും മറച്ചുവെക്കാന്‍ സാധ്യമല്ല. ഏത് നിമിഷത്തിലും അവനിലേക്ക് പോകേണ്ടതിനാല്‍ സംഭവിച്ച ഉടനെ, അല്ലെങ്കില്‍ ബോധ്യമായ ഉടനെ കുറ്റബോധത്തോടെ തപിക്കുന്ന മനസ്സുമായി സ്രഷ്ടാവിലേക്ക് ഖേദത്തോടെയുള്ള തിരിച്ചുപോക്കാണ് വേണ്ടത്. തെറ്റുകളില്‍ ഉറച്ചുനില്‍ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് പാപമോചനത്തിന്റെ ബാധ്യത രക്ഷിതാവ് ഏറ്റിട്ടില്ല.
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത് (4:18). കൊടും ധിക്കാരിയായ ഫിര്‍ഔന്‍ അവസാന നിമിഷത്തില്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സ്രഷ്ടാവ് അത് നിരസിച്ചു (10:90,91).
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്കാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു (4:17).
”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചു നില്‍ക്കാത്തവരുമാകുന്നു അവര്‍” (3:135).
പശ്ചാത്തപിക്കുന്നവരിലെ
വിവിധ അവസ്ഥകള്‍
”അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. മധ്യ നിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നന്‍മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. അതുതന്നെയാണ് മഹത്തായ അനുഗ്രഹം” (35:32).
തെറ്റുകള്‍ സംഭവിച്ച ശേഷം ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങുകയും ജീവിതാന്ത്യം വരെ തൗബയില്‍ ഉറച്ചുനില്‍ക്കുകയും കൊച്ചുകൊച്ചു വീഴ്ചകള്‍ ഒഴികെ പാപങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയും ചെയ്യുന്നവരാണ് നന്മകളില്‍ മറ്റുള്ളവരെ മുന്‍കടന്നവര്‍. പശ്ചാത്തപിച്ചതിനു ശേഷം സല്‍കര്‍മങ്ങളില്‍ നിരതരാവുകയും വന്‍പാപങ്ങളില്‍ നിന്ന് പൂര്‍ണമായി വിടപറയുകയും ചെയ്ത മധ്യമ വിഭാഗം. പക്ഷേ, കുറേക്കാലം പാപങ്ങള്‍ ഒന്നും ചെയ്യാതെ ജീവിക്കുകയും കാലക്രമത്തില്‍ അപാകതകള്‍ സംഭവിച്ചു ഖേദിക്കുകയും ചെയ്യുന്ന വിഭാഗം. ഇവരാണ് സ്വന്തത്തോട് അന്യായം ചെയ്തവര്‍ എന്ന് അല്ലാഹു പരിചയപ്പെടുത്തിയത്.
”തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുമുണ്ട്. (കുറേ) സത്കര്‍മവും വേറെ ദുഷ്‌കര്‍മവുമായി അവര്‍ കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്നു വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (വി.ഖു. 9:102). പശ്ചാത്തപിച്ച ശേഷവും തിന്മകളില്‍ കഴിഞ്ഞുകൂടുന്നവര്‍ നാശകാരികളില്‍ പെട്ടുപോകും, അല്ലാഹുവിന്റെ കരുണ ലഭിച്ചവര്‍ ഒഴികെ.
സ്വീകാര്യമാവാന്‍
നിഷ്‌കളങ്ക പശ്ചാത്താപം
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം” (വി.ഖു. 66:08).
പശ്ചാത്താപത്തെ അലി(റ) വ്യക്തമാക്കിയത് ഇപ്രകാരമാണ്: ”ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പശ്ചാത്താപം. സംഭവിച്ചുപോയതിലുള്ള ഖേദം, നഷ്ടമായ ബാധ്യതകള്‍ നിറവേറ്റല്‍, തിരിച്ചുകൊടുക്കേണ്ടവ തിരിച്ചുകൊടുക്കല്‍, ഉപദ്രവങ്ങള്‍ക്ക് ക്ഷമാപണം നടത്തല്‍, പാപത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ദൃഢമായി തീരുമാനിക്കല്‍, മനസ്സിനെ സ്രഷ്ടാവിനോടുള്ള വിനയത്തില്‍ അലിയിക്കല്‍.”
”നിങ്ങളോട് നിരോധിച്ച വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്” (വി.ഖു. 4:31).
നിബന്ധനകള്‍
ആത്മാര്‍ഥമായ ഖേദം, പാപങ്ങളില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കല്‍, തെറ്റിലേക്ക് തിരിച്ചുപോകില്ലെന്ന ഉറച്ച തീരുമാനം എന്നിവ പശ്ചാത്താപത്തിന്റെ നിബന്ധനകളാണ്. മറ്റുള്ളവരുമായി ബന്ധപ്പെട്ടതാണെങ്കില്‍ അവര്‍ അത് ക്ഷമിക്കുകയും മാപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
പശ്ചാത്താപത്തിലേക്കുള്ള പാഥേയം
ഒരു തിന്‍മയെയും നിസ്സാരമാക്കരുത്. അബ്ദുല്ലാഹിബ്‌നു മസ്ഉൗദി(റ)ല്‍ നിന്ന് നിവേദനം: ”നബി(സ) പറഞ്ഞു: നിങ്ങള്‍ ചെറിയ പാപങ്ങളെ പ്രത്യേകം സൂക്ഷിക്കുക. എന്തുകൊണ്ടെന്നാല്‍ അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും” (മുസ്‌നദ് അഹ്മദ് 3818). വിശ്വാസികളുടെ മാതാവിനോടു പോലും നബി(സ) പറയുന്നത് നോക്കൂ: ”ആയിശാ, നിസ്സാരമാക്കപ്പെടുന്ന പാപങ്ങളെ നീ സൂക്ഷിക്കുക. കാരണം അതിനെ സംബന്ധിച്ച് അല്ലാഹു വിചാരണ ചെയ്യുന്നതാണ്” (മുസ്‌നദ് അഹ്മദ് 2446).
സത്യവിശ്വാസികള്‍ പാപങ്ങളെ നിസ്സാരവത്കരിക്കില്ല. ഗൗരവതരമായ ജാഗ്രത പുലര്‍ത്തുന്നവരാണവര്‍. നബി(സ) പറഞ്ഞു: ”വിശ്വാസി പാപങ്ങളെ, തന്റെ മേല്‍ പതിക്കാനിരിക്കുന്ന പര്‍വതത്തിന്റെ ചാരത്തിരിക്കുന്നതുപോലെ ഗണിക്കും. കപടവിശ്വാസിയാകട്ടെ തന്റെ മൂക്കിന്‍തുമ്പിലൂടെ പാറുന്ന ഈച്ചയെപ്പോലെ (നിസ്സാരമായി) ഗണിക്കും” (ബുഖാരി 6308).
”വിശ്വാസി ഒരു തെറ്റു ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളി പ്രത്യക്ഷപ്പെടുന്നു. അവന്‍ പശ്ചാത്തപിക്കുകയും തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും പാപമോചനം തേടുകയും ചെയ്യുമ്പോള്‍ അവിടം തിളക്കമുറ്റതാകുന്നു” (സുനനു തിര്‍മിദി 3334).
”പശ്ചാത്തപിക്കുന്നവന്‍ യാതൊരു തെറ്റും ചെയ്യാത്തവനെപ്പോലെയാണ്” (സുനനു ഇബ്‌നുമാജ 4250).
അല്ലാഹു പാപങ്ങളെല്ലാം പൊറുത്തുതരുന്ന പരമകാരുണികനാണ്: ”ആര് നന്മ കൊണ്ടുവന്നുവോ അവന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല” (വി.ഖു. 28:84). എന്നാല്‍ വന്‍പാപങ്ങള്‍ക്ക് ശിക്ഷ അധികരിക്കപ്പെടുന്ന കാര്യം (വി.ഖു. 25:69) നമ്മെ താക്കീതു ചെയ്യുന്നുണ്ട്.
വിശാലമായ കാരുണ്യം
അല്ലാഹുവിന്റെ കാരുണ്യം സര്‍വ പാപക്കൂമ്പാരങ്ങളെയും കവച്ചുവെക്കുന്നതും സര്‍വവും വ്യാപിച്ചതുമാണ്. രാപകല്‍ ഭേദമെന്യേ പാപച്ചുമടുകളില്‍ അഭിരമിച്ച പോക്കിരികള്‍ക്കു പോലും പൊറുത്തുകൊടുക്കുന്ന വിശാല കാരുണ്യത്തിന്റെ ഉടമയാണ് അല്ലാഹു (7:156, 40:7).
അല്ലാഹു പറയുന്നതായി നബി(സ) അറിയിച്ച വചനങ്ങള്‍ ശ്രദ്ധിക്കുക: ”എന്റെ അടിയാറുകളേ, നിങ്ങള്‍ രാപകലുകളില്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ സര്‍വ പാപങ്ങളെയും പൊറുത്തുതരുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ എന്നോട് പാപമോചനം തേടുക, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരുന്നതാണ്” (മുസ്‌ലിം 2557).
”ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ ആകാശങ്ങളോളമുണ്ടെങ്കിലും നീ എന്നോട് പാപമോചനം തേടിയാല്‍ ഞാന്‍ നിനക്ക് പൊറുത്തുതരും. എനിക്ക് അതിന് ഒരു വിഷമവുമില്ല. ആദമിന്റെ പുത്രാ, ഭൂമി നിറയെ തെറ്റുകളുമായാണ് നീ എന്നിലേക്ക് വന്നതെങ്കിലും പിന്നീട് നീ ശിര്‍ക്ക് ചെയ്യാത്തവനായിട്ടാണ് നീ എന്നെ കണ്ടുമുട്ടുന്നത് എങ്കില്‍ ഭൂമി നിറയെ പാപമോചനവുമായി ഞാന്‍ നിങ്ങളില്‍ എത്തും” (തിര്‍മിദി 3540).
പാപഭാര ചുമടുകള്‍ എത്രയായാലും തന്റെ ദാസന്മാര്‍ക്ക് ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിനീര്‍ കനിയുന്നവനാണ് രക്ഷിതാവ്. അവന്‍ പറയുന്നു: ”(നബിയേ) പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (39:53).
”തീര്‍ച്ചയായും അല്ലാഹു പകല്‍വേളയില്‍ പാപം ചെയ്യുന്നവര്‍ക്ക് പൊറുത്തുകൊടുക്കാനായി രാത്രിയില്‍ അവന്റെ കൈ നീട്ടും. രാത്രിയില്‍ പാപം ചെയ്യുന്നവര്‍ക്ക് പൊറുത്തുകൊടുക്കാനായി പകല്‍സമയത്തും അവന്‍ തന്റെ കൈ നീട്ടുന്നു. സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിക്കുന്നതുവരെയും അപ്രകാരം തുടരുന്നു” (മുസ്‌ലിം).
റമദാനും തൗബയും
പശ്ചാത്താപത്തിനും പാപമോചനത്തിനും പ്രത്യേക സമയവും കാലവും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ റമദാന്‍ വിശാലമായ പാപമോചനത്തിന്റെ മാസമാണ്. രണ്ടു റമദാനുകള്‍ക്കിടയിലെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി അറിയിച്ചിട്ടുണ്ട്. റമദാനിനെ തൗബയുടെ മാസമെന്ന് വിശേഷിപ്പിക്കാം. സര്‍വ തിന്‍മകളും വെടിഞ്ഞ് നന്‍മയില്‍ മല്‍സരിക്കുന്ന സമയമാണത്. തിന്‍മയില്‍ നിന്നു മോക്ഷം നേടാന്‍ തൗബക്ക് തുല്യമായ ഒന്നുമില്ല. അതുകൊണ്ടാണ് റമദാന്‍ സമാഗതമായിട്ടും സ്വര്‍ഗപ്രവേശം നേടാത്തവന്‍ നശിച്ചുപോകട്ടെ എന്ന് നബി(സ) പറഞ്ഞത്.
നബി പറഞ്ഞു: ”ഹേ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും അവനിലേക്ക് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം നൂറിലേറെ തവണ പശ്ചാത്താപം തേടുന്നു” (മുസ്‌ലിം).