20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി നിസ്തുലമായ വിപ്ലവ തേജസ്‌

ഹാറൂന്‍ കക്കാട്‌


കേരള മുസ്ലിം നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍. മുസ്രിസ് എന്ന പേരില്‍ വിഖ്യാതമായ ഈ പുരാതന നഗരിയിലെ സസ്യമൃഗാദികളിലും രത്നങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ആകൃഷ്ടരായി ഫിനീഷ്യക്കാര്‍, ഗ്രീക്കുകാര്‍, അറബികള്‍, പേര്‍ഷ്യക്കാര്‍, ചൈനക്കാര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കച്ചവടക്കാര്‍ ഇവിടെ എത്തിയിരുന്നു.
കൊടുങ്ങല്ലൂരിന് കേരള മുസ്ലിം ചരിത്രത്തില്‍ അത്യപൂര്‍വ സ്ഥാനമാണുള്ളത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമനം കൊടുങ്ങല്ലൂരിലായത് ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ്. സാംസ്‌കാരിക, വിദ്യാഭ്യാസരംഗങ്ങളില്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊടുങ്ങല്ലൂരിലെ മുസ്ലിം നേതൃത്വങ്ങളായിരുന്നു ഏറെ മുന്നില്‍. അവരുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും മാതൃകായോഗ്യമായിരുന്നു.
20-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ കേരള മുസ്ലിം ഐക്യസംഘം എന്ന നവോത്ഥാന പ്രസ്ഥാനത്തിന് ജന്മം നല്‍കാന്‍ കൊടുങ്ങല്ലൂരിലെ മുസ്ലിം നേതൃത്വത്തിന് കഴിഞ്ഞു. അതിന്റെ ഫലമായി ഭാരതം സ്വതന്ത്രമാവുമ്പോള്‍ തന്നെ കൊടുങ്ങല്ലൂരിലെ മുസ്ലിം ജനവിഭാഗത്തിന്റെ സാക്ഷരത ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ സാക്ഷരതയോടൊപ്പമായി. ശ്രദ്ധേയമായ ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ മഹാനായ പരിഷ്‌കര്‍ത്താവായിരുന്നു മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി. സമയവും സമ്പത്തും ആരോഗ്യവും എല്ലാ അര്‍ഥത്തിലും പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഉജ്വലനായ കര്‍മയോഗിയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിലെ പുരാതന തറവാടായ പടിയത്ത് മണപ്പാട് കുടുംബത്തില്‍ 1890 മാര്‍ച്ച് 31ന് ഐദ്രോസ് ഹാജിയുടെയും കറുകപ്പാടം അണ്ണാന്‍ചാലില്‍ കൊച്ചാമിനുമ്മയുടെയും മകനായാണ് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ജനനം. കൊടുങ്ങല്ലൂരില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് പൊന്നാനിയില്‍ ഉപരിപഠനം നടത്തി. അറബി, ഉര്‍ദു, മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടി.
കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അനിഷേധ്യ നാഴികക്കല്ലായ ‘ഐക്യസംഘ’ത്തിന്റെ സ്ഥാപകരില്‍ പ്രമുഖനാണ് മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി. അക്കാലത്ത് കൊടുങ്ങല്ലൂരിലെ സമ്പന്ന കുടുംബങ്ങള്‍ പരസ്പരം കുടിപ്പകയിലും കക്ഷി വഴക്കുകളിലും ഏര്‍പ്പെട്ട സാഹചര്യമുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. ഐക്യവും സമാധാനവുമില്ലാതെ ഒരു പരിഷ്‌കരണവും സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, കക്ഷിത്വം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘നിഷ്പക്ഷസംഘം’ എന്ന കൂട്ടായ്മ രൂപീകരിച്ചു. 1922 ജനുവരിയില്‍, ശൈഖ് ഹമദാനി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയുമായി ‘നിഷ്പക്ഷസംഘം’ രൂപീകൃതമായി.
മൂന്നു മാസത്തെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിച്ചു. 1922 ഏപ്രില്‍ 24ന് എറിയാട് ചന്തമൈതാനിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ ‘നിഷ്പക്ഷ സംഘം’ എന്ന പ്രാദേശിക കൂട്ടായ്മ വിപുലീകരിച്ച് ‘മുസ്ലിം ഐക്യസംഘം’ എന്ന് പുനര്‍നാമകരണം ചെയ്തു. സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, പുത്തന്‍വീട്ടില്‍ കെ എം കുഞ്ഞഹമ്മദ് സാഹിബ്, കെ എം മൗലവി, ഇ കെ മൗലവി, ടി കെ മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി, അറബി ഷംനാട്, കെ എം സീതി സാഹിബ് എന്നിവരായിരുന്നു പ്രധാന പ്രവര്‍ത്തകര്‍.
കേരളത്തില്‍ മെച്ചപ്പെട്ട ഒരു പൊതുമണ്ഡലം രൂപപ്പെടുത്തിയത് പ്രധാനമായും പൊതുവിദ്യാലയങ്ങളാണ്. ഈ ആശയത്തിന്റെ ബീജാവാപം നല്‍കിയ മലയാളികളില്‍ പ്രമുഖനായിരുന്നു മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി. 18-ാമത്തെ വയസ്സിലാണ് വീടിനടുത്ത് ഒരു പ്രൈമറി വിദ്യാലയം അദ്ദേഹം തുടങ്ങിയത്. അവിടെ വരുന്നവര്‍ക്കെല്ലാം ഉച്ചഭക്ഷണം സ്വന്തം വീട്ടില്‍നിന്ന് അദ്ദേഹം സൗജന്യമായി നല്കി. പിന്നീട് അത് ഹൈസ്‌കൂളായി ഉയര്‍ന്നു. സര്‍ക്കാര്‍ ഏറ്റെടുത്തു, ഇന്നത് കേരള വര്‍മ ഹൈസ്‌കൂളാണ്.
തന്റെ മുണ്ടാര്‍ എസ്റ്റേറ്റില്‍ നിന്ന് എന്‍ എസ് എസ് ആസ്ഥാനത്തിനും എസ് എന്‍ ഡി പിക്കും 25 ഏക്കര്‍ വീതം സ്ഥലം അദ്ദേഹം സംഭാവന നല്‍കി. എറിയാട് വില്ലേജ് ഓഫീസ്, എറിയാട് കേരളവര്‍മ സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ എന്‍ ഇ എസ് ബ്ലോക്ക്, ചേരമാന്‍ മാലിക് മന്‍സില്‍ ഓര്‍ഫനേജ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം ഭൂമി നല്‍കിയിരുന്നു. ഫാറൂഖ് കോളജിന് മുണ്ടാര്‍ എസ്റ്റേറ്റില്‍ നിന്ന് 1948 ല്‍ 112 ഏക്കര്‍ ഭൂമി അദ്ദേഹം നല്‍കി. കൊല്ലം എസ് എന്‍ കോളജ്, ചങ്ങനാശേരി എന്‍ എസ് എസ്, കാലടി ശ്രീശങ്കര കോളജുകള്‍ക്ക് 25 ഏക്കര്‍ വീതവും അദ്ദേഹം ദാനം നല്‍കി. മത ജാതിഭേദങ്ങള്‍ക്കതീതമായി വിദ്യഭ്യാസം സാര്‍വത്രികമാകണമെന്ന വിചാരധാരയായിരുന്നു അദ്ദേഹത്തിന്. അതിന് ശക്തി പകരുംവിധമായിരുന്നു ഉദാരമായ സഹായപദ്ധതികള്‍. സ്ത്രീവിദ്യാഭ്യാസത്തിനും മുന്നേറ്റത്തിനും വേണ്ടി ഒട്ടേറെ പ്രായോഗിക നീക്കങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹം ആസൂത്രിതമായി സംഘടിപ്പിച്ചിരുന്നു.
ഭക്ഷണം, ക്ഷേമഗ്രാമം, മനുഷ്യന്‍ എന്നിവ മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ശ്രദ്ധേയ കൃതികളാണ്. ഒട്ടേറെ ലഘുകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു മാതൃകാ ഗ്രാമത്തിന്റെ കാര്‍ഷിക, വ്യാവസായിക, വാണിജ്യ വികസന രൂപരേഖയാണ് ക്ഷേമഗ്രാമം എന്ന കൃതി. അദ്ദേഹത്തിന്റെ പ്രദേശത്തെ ‘ഐക്യപുരം’ എന്നു പേരിട്ട് ആ പദ്ധതി സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. തന്റെ വീടിന് ‘ഐക്യവിലാസം’ എന്നായിരുന്നു പേരിട്ടത്. മാനസികവും ആത്മീയവും സാമുദായികവും രാഷ്ട്രീയവുമായ ആരോഗ്യത്തിന് നല്ല ഭക്ഷണം അനിവാര്യമാണെന്ന കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ് ഭക്ഷണം എന്ന കൃതി. മനുഷ്യന്‍ എന്ന കൃതി ദാര്‍ശനികവും ആധ്യാത്മികവുമായ ചിന്തയാണ്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിക്കുകയും ആത്മീയതയിലൂന്നിയ മാനവസങ്കല്പം മുന്നോട്ടുവെക്കുകയും ചെയ്യുന്ന പുസ്തകമാണിത്.
കൊടുങ്ങല്ലൂരില്‍ നിന്ന് ഐക്യസംഘം പ്രസിദ്ധീകരിച്ച അല്‍ഇര്‍ശാദ് അറബി മലയാള മാസികയുടെ പത്രാധിപരും ഐക്യം മലയാള മാസികയുടെ ഉടമസ്ഥനും അദ്ദേഹമായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍അമീന്‍ പത്രത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാതിയാളം അബൂബര്‍ രചിച്ച കേരളീയ നവോത്ഥാനവും മണപ്പാടനും കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ്.
ചേരികള്‍ ഇല്ലാതാക്കാന്‍ രൂപീകരിച്ച ‘ഐക്യസംഘം’, ‘കേരള മുസ്ലിം മജ്‌ലിസ്’ എന്ന പേരില്‍ സമാനലക്ഷ്യത്തോടെ മറ്റൊരു സംഘടന രൂപീകരിച്ചു. എന്നാല്‍ സാമൂഹിക പരിഷ്‌കരണ അജണ്ടകള്‍ പതുക്കെ നിഷ്പ്രഭമാകുകയും മതപരമായ വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ മുഖ്യ കാര്യപരിപാടിയാവുകയും ചെയ്തത് ഐക്യസംഘത്തിന്റെ പ്രസക്തി ചോര്‍ത്തിയതായി മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി കരുതിയിരുന്നു. അദ്ദേഹം വിഭാവന ചെയ്ത ‘ഐക്യസംഘം’ മഹത്തായ മാനവിക, പരിഷ്‌കരണ പ്രസ്ഥാനമായിരുന്നു. എന്നാല്‍ ഐക്യസംഘം ഒരു സമുദായസംഘമായി ശോഷിക്കുകയും അതിന്റെ ചര്‍ച്ചകള്‍ സാമൂഹികോന്മുഖമല്ലാതാവുകയും ചെയ്ത ഘട്ടത്തില്‍ അദ്ദേഹം സ്വന്തമായ വഴിയിലൂടെ യാത്ര തുടര്‍ന്നു. 1934-ല്‍ ഐക്യസംഘം പിരിച്ചുവിടുന്നതിന് മുമ്പുതന്നെ മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി പ്രവര്‍ത്തനരംഗം കര്‍ഷകപ്രസ്ഥാനത്തിലേക്ക് മാറ്റിയിരുന്നു.
1924-ല്‍ കൊച്ചി നിയമസഭയിലേക്ക് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി സാമാജികനായി. ഐക്യസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കെ തന്നെ എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. കാര്‍ഷികരംഗത്തെ അനീതിക്കെതിരെ വിശ്രമമില്ലാത്ത പോരാട്ടത്തിന് കുഞ്ഞിമുഹമ്മദ് ഹാജി നേതൃത്വം നല്‍കി. അദ്ദേഹമെഴുതിയ വിപ്ലവരേഖ, രക്തരേഖ എന്നീ ലഘുലേഖകളില്‍ അതിരൂക്ഷമായ ഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട അദ്ദേഹത്തെ 1935-36 കാലഘട്ടത്തില്‍ ഒമ്പതു മാസം ജയിലില്‍ അടച്ചു.
മതമൈത്രിക്കും സൗഹാര്‍ദത്തിനും ജീവനേക്കാളേറെ വില കല്‍പ്പിച്ച മാതൃകാ പുരുഷനായിരുന്നു ഹാജി. മലയാളമണ്ണിന്റെ മുഖഛായ മാറ്റുന്നതില്‍ ഒട്ടേറെ നന്മകള്‍ സമ്മാനിച്ച മികച്ച പരിഷ്‌കര്‍ത്താവായ മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി പ്രമേഹരോഗത്തെ തുടര്‍ന്ന് 1959 സപ്തംബര്‍ ആറിന് സ്വവസതിയില്‍ നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x