28 Thursday
November 2024
2024 November 28
1446 Joumada I 26

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം താളംതെറ്റുന്നു

ഉസ്മാന്‍ അബ്ദുറഹ്‌മാന്‍, ഫസ്‌ലൂന്‍ ഖാലിദ് / വിവ. ഡോ. സൗമ്യ പി എന്‍


എല്ലാ ജീവികളുടെയും ആകാശത്തെ അനേകം നക്ഷത്രങ്ങളുടെയും ഓരോ മണല്‍ത്തരിയുടെയും അലയടിക്കുന്ന ജലധാരയുടെയും മഴത്തുള്ളികളുടെയും മരങ്ങളിലെ ഇലകളുടെയും അങ്ങനെ ഭൂമിയിലെയും സ്വര്‍ഗത്തിലെയും എല്ലാത്തിന്റെയും നാഥനായ ദൈവത്തിന് സ്തുതി.
വാക്കുകള്‍ക്കതീതമായി വിസ്തൃതവും വിസ്മയാവഹവുമായ പ്രപഞ്ചം നമ്മുടെ മനസ്സിനുള്‍ക്കൊള്ളാനാവുന്നതിനും അപ്പുറം ജീവലോകങ്ങളെയെല്ലാം നിലനിര്‍ത്തുന്ന ദൈവത്തിന്റെ സാര്‍വലൗകികമായ മഹിമയെ പ്രതിഫലിപ്പിക്കുന്നതാണ്. നാം ഭാഗമായിരിക്കുന്ന ഈ ഭൂമിയും അതിലെ ജീവജാലങ്ങളും നാഥന്റെ കൃപയും അനുഗ്രഹവും പ്രതിഫലിപ്പിക്കുന്നതുകൊണ്ടു തന്നെ കേവലം മര്‍ത്യരായ മനുഷ്യര്‍ക്ക് ഗ്രഹിക്കാനാവുന്നതിലപ്പുറം അതിവിശിഷ്ടമാണ്. ദൈവം സൃഷ്ടിച്ച ഓരോന്നും അവന്റെ ജ്ഞാനത്തിന്റെയും കൃപയുടെയും ശക്തിയുടെയും അടയാളങ്ങളാണ്. അവയില്‍ നിന്ന് നമ്മള്‍ അറിവും ഉള്‍ക്കാഴ്ചയും നേടുന്നു. അവന്‍ എല്ലാം സന്തുലിതമായി, ഒന്ന് മറ്റൊന്നിന് തുണയായി, ഉപകാരപ്രദമായി ആണ് സൃഷ്ടിച്ചിരിക്കുന്നത്. അവന്‍ സൃഷ്ടിച്ച ഒന്നും തന്നെ ആവശ്യമില്ലാത്തതോ വേണ്ടാത്തതോ അല്ല.
എല്ലാത്തിനെയും സത്യത്തിലും നന്മയിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോന്നിനും നമ്മുടെ മേല്‍ അവകാശങ്ങളുണ്ട്. നമ്മളവയെ എല്ലാം നാഥനോടുള്ള ആദരവോടെ അളവറ്റ കരുണയോടെ അങ്ങേയറ്റം ഭംഗിയായി, നന്നായി പരിപാലിക്കണം. അങ്ങേയറ്റം നന്മ പ്രവര്‍ത്തിക്കുക വഴി നാഥന് വഴിപ്പെടുകയാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം. കാരണം ‘ദൈവം മരണവും ജീവിതവും നിങ്ങളെ പരീക്ഷിക്കാനായി സൃഷ്ടിച്ചതാണ്, നിങ്ങളിലാരാണ് ഏറ്റവും അധികം നന്മ ചെയ്യുക എന്നറിയാന്‍….'(67:2).
നമ്മള്‍ എന്താണ്
ചെയ്തുവെച്ചത്?

നമ്മളിന്ന് ജീവിക്കുന്ന ലോകം അധഃപതിച്ചതും ദുഷിച്ചതും അപകടകരമായ വിധത്തില്‍ അസ്ഥിരവുമാണ്. നമ്മള്‍ ഭൂമിയുടെ മുഖം തന്നെ മാറ്റി. ഇപ്പോള്‍ അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പാടുപെടുകയാണ് നമ്മള്‍. കീടനാശിനികള്‍ മുതല്‍ റേഡിയേഷന്‍ വരെയുള്ള വിഷവസ്തുക്കള്‍ വായുവിനെയും വെള്ളത്തെയും മലിനമാക്കുന്നു. അന്തരീക്ഷം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ ഉയരുന്ന ഹരിത ഗൃഹവാതകങ്ങളാല്‍ മലിനപ്പെടുന്നു.
മണ്ണ് ഒലിച്ചുപോവുകയും ഊഷരമാവുകയും ചെയ്യുന്നു. സമുദ്രോപരിതലം പ്ലാസ്റ്റിക് കൊണ്ട് നിറയുന്നു, ധ്രുവങ്ങളിലെ ഹിമപാളികളും ആല്‍പൈന്‍ ഹിമാനികളും ഉരുകുന്നു, സമുദ്രനിരപ്പുയരുന്നു, പവിഴപ്പുറ്റുകള്‍ നശിക്കുന്നു, വരള്‍ച്ച, കാട്ടുതീ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ ആവൃത്തിയും തീവ്രതയും കൂടുന്നു. വൈദേശികമായ ജീവിവര്‍ഗങ്ങള്‍ അവക്ക് അന്യമായ ആവാസവ്യവസ്ഥയിലും വളരുന്നു. അതേസമയം തദ്ദേശീയമായ ജീവിവര്‍ഗങ്ങള്‍ മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ നാശോന്മുഖമാകുന്നു. യുദ്ധങ്ങളും ആഭ്യന്തര സംഘങ്ങളുമെല്ലാം നിര്‍ബാധം തുടരുന്നു.
ഇതെല്ലാം ഏറ്റവുമധികം ബാധിക്കുന്നത് പീഡിതരെയും ദരിദ്രരെയും ഒറ്റപ്പെട്ടവരെയും അഭയാര്‍ഥികളെയും വികലാംഗരെയും സ്ത്രീകളെയും വൃദ്ധരെയും കുട്ടികളെയുമൊക്കെയാണ്. ഈ ദുരവസ്ഥക്ക്, അഴിമതിക്ക് ഏറ്റവുമധികം വില നല്‍കേണ്ടി വരുന്നത് അതില്‍ കുറ്റമൊട്ടുമില്ലാത്ത ആളുകളാണ്. തദ്ദേശീയ ഗോത്ര വിഭാഗക്കാര്‍, വംശീയ, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നു. ഒന്നല്ലെങ്കില്‍ മറ്റൊരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ രാഷ്ട്രങ്ങളുടെ സംസ്‌കാരവും ചരിത്രവുമെല്ലാം തുടച്ചു നീക്കപ്പെടുന്നു.
നമ്മള്‍ മനുഷ്യര്‍ തമ്മില്‍ ദേശീയത, മതം, വംശം, സംസ്‌കാരം, ഗോത്ര, കുടുംബ ബന്ധങ്ങള്‍, പ്രത്യയശാസ്ത്രം, രാഷ്ട്രീയം എന്നിവയുടെയെല്ലാം പേരില്‍ വേര്‍തിരിവുകളുണ്ടാകാം. എന്നാല്‍ ആത്യന്തികമായി നമ്മളെല്ലാം ഒരേ ഭൂമിയില്‍ കാലൂന്നി നടക്കുകയും ഒരേ വായു ശ്വസിക്കുകയും ഒരേ ജലം കുടിക്കുകയും ചെയ്യുന്നവരാണ്. നമ്മുടെയെല്ലാം വീട് ഒന്നാണ്- ഭൂമി. അതൊന്നുമാത്രമേ നമുക്കുള്ളൂ.
നമ്മുടെ സമീപകാല ചരിത്രത്തില്‍ സാങ്കേതികവിദ്യയും വാണിജ്യവും വ്യാപാരങ്ങളുമെല്ലാം കാണിച്ചു തന്നതുപോലെ നാമൊരു ആഗോളഗ്രാമത്തിലാണ് ജീവിക്കുന്നത്. നാമൊരുമിച്ചാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതും. കൊറോണ വൈറസ് പരത്തിയ മഹാമാരി നമുക്ക് കാണിച്ചു തന്നത് രാജ്യങ്ങളെല്ലാം എത്രമേല്‍ പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും കിടക്കുന്നു, പരസ്പര സഹായവും സഹകരണവുമില്ലാതെ ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ നമുക്കാര്‍ക്കും സാധ്യമല്ല എന്നാണ്. ഈ വന്‍തോതിലുള്ള പാരിസ്ഥിതിക തകര്‍ച്ച നമ്മുടെ തന്നെ സൃഷ്ടിയാണ്. എന്നാലതിന് കുറച്ചു ആളുകള്‍ മറ്റുള്ളവരെക്കാള്‍ കുറ്റക്കാരാണ്. മൊത്തത്തിലുള്ള പ്രതിസന്ധി മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള ശ്രമത്തില്‍ ചില ചിന്തകള്‍ പങ്കിടുന്നു.
നമ്മുടെ ഗ്രഹമായ ഭൂമിക്ക് 4.45 ദശലക്ഷം വര്‍ഷം പഴക്കമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമി അതിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഒട്ടനവധി ജീവജാലങ്ങള്‍ക്ക് ആതിഥ്യം വഹിച്ചിട്ടുണ്ട്. എണ്ണമറ്റ ജീവിവര്‍ഗങ്ങള്‍ ഇവിടെ ജനിച്ചു പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നു ജീവിച്ചു ഒടുവില്‍ അനുകൂലപരിസ്ഥിതിയല്ലാതായപ്പോള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ജീവന്റെ ഈ തരത്തിലുള്ള കൂട്ടവളര്‍ച്ചയെ അഞ്ച് കൂട്ട വംശനാശങ്ങള്‍ തടസ്സപ്പെടുത്തിയതായി പാലിയന്റോളജിസ്റ്റുകള്‍ പറയുന്നു. വന്‍തോതിലുള്ള അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍, കനത്ത ഹിമയുഗങ്ങള്‍, ഭൂഖണ്ഡങ്ങള്‍ കൂട്ടിയിടിക്കുക വഴി ഉണ്ടാകുന്ന പുതിയ പര്‍വത നിരകള്‍, ഉല്‍ക്കയുടെ ആഘാതങ്ങള്‍ എന്നിവ മൂലം എല്ലാ ജീവജാലങ്ങളും എഴുപത്തഞ്ചു ശതമാനത്തോളം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി.

എന്നാല്‍ കാലക്രമേണ ഓരോ കൂട്ടവംശനാശത്തിന് ശേഷവും പുതിയ തരം ജന്തുജാലങ്ങള്‍ ഉദ്ഭവിക്കുകയും സമൃദ്ധമായി വളര്‍ന്നുവരുകയും ചെയ്തു. നമ്മള്‍ മനുഷ്യര്‍ ഭൂമിയിലെ ഏറ്റവും പുതിയ അതിഥികളില്‍ പെടുന്നു. ഭൂമിയുടെ ആയുസ്സ് ഘടികാരസൂചികള്‍ കാണിക്കുന്ന പന്ത്രണ്ടു മണിക്കൂര്‍ ആണെങ്കില്‍ മനുഷ്യനിവിടെ എത്തിയിട്ട് ഏതാനും മില്ലി സെക്കന്‍ഡുകള്‍ മാത്രമേ ആയിട്ടുള്ളു. ഏകദേശം 12000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനത്തെ ഹിമയുഗവും കഴിഞ്ഞപ്പോഴാണ് മനുഷ്യന്റെ ആദ്യകാല ആവാസ വ്യവസ്ഥ സാധ്യമായത്. അപ്പോഴാണ് മനുഷ്യര്‍ കൂട്ടായി താമസിക്കാനും സംസ്‌കാരങ്ങള്‍ രൂപം കൊള്ളാനുമൊക്കെ തുടങ്ങിയത്.
തുടര്‍ന്ന് വിഭിന്ന പരിതഃസ്ഥിതികളിലും വിഭിന്ന ഭൂഖണ്ഡങ്ങളിലും വളര്‍ന്നു വന്ന സംസ്‌കാരങ്ങള്‍ പരസ്പരം അറിവുകള്‍ കൈമാറി, ഇടക്ക് മറ്റുള്ളവരില്‍ നിന്ന് പാഠം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ടു. പ്രവാചകരില്‍ നിന്നും പാഠങ്ങള്‍ പഠിക്കുകയും ചുറ്റുമുള്ളവരുടെ കൂടി നേട്ടങ്ങളിന്മേല്‍ കെട്ടിപ്പടുക്കുകയും ചെയ്തു. പിന്നീട് ആ സംസ്‌കാരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അവക്ക് മീതെ മണ്ണുമൂടി, കാടു കയറി. പക്ഷെ ഭൂമി അതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. ജീവന്‍ വീണ്ടും ഉയര്‍ന്നു വരികയും ചെയ്തു.
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐബീരിയന്‍ നാവികരുടെ നാവികയാത്രകള്‍ പുതിയ ലോകങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ തുറന്നിട്ടു; കീഴടക്കാന്‍ പുതിയ നാഗരികതകളും. പില്‍ക്കാലത്തു ജ്ഞാനോദയം എന്നറിയപ്പെട്ട ഒരു പ്രസ്ഥാനത്തിന് അത് തുടക്കം കുറിച്ചു. അതുവഴി ദൈവവുമായും പ്രകൃതിയുമായും മനുഷ്യനുള്ള ബന്ധങ്ങളില്‍ കാതലായൊരു മാറ്റം വന്നു. മനുഷ്യന്‍ വിശ്വാസത്തില്‍ നിന്ന് മാറി അന്നോളമില്ലാത്തവണ്ണം പ്രകൃതിയെ അടക്കിഭരിക്കാനും ആരംഭിച്ചു.
ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യന് പ്രകൃതിയുമായി തദ്ദേശീയമായ ആത്മീയബന്ധങ്ങളുണ്ടായിരുന്നതെല്ലാം തകിടം മറിക്കുന്നതിനായി വിശ്വാസരൂപങ്ങള്‍ വികലമാക്കപ്പെട്ടു. അന്നുമുതല്‍ ദൈവികവും പവിത്രവുമായതിനെല്ലാമുള്ള പ്രാധാന്യം കുറഞ്ഞുവന്നു. മനുഷ്യനാണ് എല്ലാറ്റിന്റെയും അളവുകോല്‍ എന്ന ധാരണ, അതോടൊപ്പം അങ്ങേയറ്റം സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍, അഭൂതപൂര്‍വമായ ജനസംഖ്യാവളര്‍ച്ച എന്നിവയെല്ലാം ചേര്‍ന്ന് പ്രകൃതിലോകത്തെ മനുഷ്യന്റെ അത്യാര്‍ത്തിക്ക് കീഴ്പെടുത്താന്‍ കാരണമായി.
മിക്ക രാജ്യങ്ങളേക്കാളും ശക്തരായ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന, ‘ആഗോളഗ്രാമം’ എന്ന നിരുപദ്രവകരമെന്ന് തോന്നുന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനത്തില്‍ അകപ്പെട്ടിരിക്കുകയാണിന്ന് മനുഷ്യര്‍. ലോകത്തിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകള്‍, അതായത് ഒരു മില്യണ്‍ ഡോളറിലേറെ സമ്പത്തുള്ളവര്‍, ആഗോള സമ്പത്തിന്റെ നാല്‍പതു ശതമാനവും കൈയാളുന്നവരാണ്. അതേസമയം ലോകത്തിന്റെ പകുതിയിലേറെ വരുന്ന ജനസംഖ്യ ലോകസമ്പത്തിന്റെ വെറും 1.4 ശതമാനം മാത്രമാണ് കൈവശം വെച്ചിരിക്കുന്നത്. ഭൂമിയുടെ ജനസംഖ്യയുടെ അറുപത് ശതമാനം, അതായത് 4.6 ബില്യണ്‍ ആളുകളേക്കാള്‍ ഏറെ സമ്പത്തുണ്ട് എണ്ണത്തില്‍ രണ്ടായിരത്തിന് അല്‍പമേറെ വരുന്ന കോടീശ്വരന്മാര്‍ക്ക്.
നമ്മുടെ ധാര്‍മിക സംഹിതകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കുമെതിരായി ഇങ്ങനെയൊരു അനീതി സംഭവിക്കാന്‍ നാമെങ്ങനെ അനുവദിച്ചു? മനുഷ്യരാശി ഒന്നടങ്കം ഇതില്‍ ഉത്തരവാദികളാണ്, നമ്മുടെ ഈ അവസ്ഥക്ക് കാരണക്കാരുമാണ്. നമ്മള്‍ നമ്മളെത്തന്നെ ഒരു പ്രാകൃതികശക്തിയായി വിശേഷിപ്പിക്കുന്നിടത്തോളമെത്തിയിട്ടുണ്ട് ഭൂമിയില്‍ നമ്മുടെ പ്രഭാവം. ഭൗമശാസ്ത്രജ്ഞര്‍ ഹിമയുഗത്തിന് ശേഷമുള്ള യുഗത്തെ ഹോളോസീന്‍ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴത് ആന്ത്രോപോസീന്‍ അഥവാ മനുഷ്യരുടെ യുഗം എന്നാണ് എല്ലാവരാലും വിളിക്കപ്പെടുന്നത്. പ്രകൃതിലോകത്തിന്റെ ഗതി തന്നെ മാറ്റിക്കഴിഞ്ഞ നമ്മുടെ മഹത്തായതെന്ന് പറയപ്പെടുന്ന ഈ മാനവ സംസ്‌കാരത്തിന് അതിന്റെ കാലാവധി എത്തിത്തുടങ്ങി എന്ന സാധ്യത പരിഗണിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
ആറ്റത്തെ വിഭജിച്ചു, ഇരട്ട ഹെലിക്‌സ് കണ്ടെത്തി, മനുഷ്യ ജീനോം രേഖപ്പെടുത്തി, ചന്ദ്രനിലേക്ക് സന്ദര്‍ശനം നടത്തി, ചൊവ്വയെ ലക്ഷ്യം വെക്കുന്നു, ദ്രവിച്ചു പോകാത്ത പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാക്കി, നമ്മുടെ ശരീരത്തെ ബാധിക്കുന്ന സ്ഥിരമായ ജൈവികവും അജൈവികവുമായ മാലിന്യങ്ങള്‍ സൃഷ്ടിച്ചു, ദൈനംദിന ജീവിതം എളുപ്പമാക്കാന്‍ അനവധി സൗകര്യങ്ങള്‍ സൃഷ്ടിച്ചു, ഇതൊക്കെ കഴിഞ്ഞു നമ്മളിപ്പോള്‍ നേരിടുന്നത് നമ്മുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന പാരിസ്ഥിതിക തകര്‍ച്ചയാണ്. ഈ ഭീഷണികളില്‍ ഏറ്റവും വലുത് മനുഷ്യസൃഷ്ടി തന്നെയായ കാലാവസ്ഥാവ്യതിയാനവും ജൈവ വൈവിധ്യത്തിന്റെനഷ്ടവുമാണ്.

Back to Top