8 Friday
August 2025
2025 August 8
1447 Safar 13

മാലിന്യ സംസ്‌കരണം എന്തുകൊണ്ട് തീരാപ്രശ്‌നമാകുന്നു?

അബ്ദുല്‍ഖാദിര്‍ മലപ്പുറം

നമ്മുടെ നാട്ടിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാലിന്യ സംസ്‌കരണം മാറിക്കഴിഞ്ഞിട്ട് കാലങ്ങളായി. മാലിന്യം എവിടെ, എങ്ങനെ സംസ്‌കരിക്കണം എന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ ഉഴറുകയാണ് ഭരണസംവിധാനങ്ങള്‍.
ഖരമാലിന്യം എന്നത് ഒറ്റ വസ്തുവല്ല. അടുക്കളയില്‍ ബാക്കി വരുന്ന ഭക്ഷണം, വീട്ടില്‍ നിന്നു പുറത്തു കളയേണ്ടിവരുന്ന ബാറ്ററി, സ്ട്രീറ്റ് ലൈറ്റിന്റെ ബള്‍ബ്, വെട്ടിക്കളയുന്ന ചില്ലകളും പുല്ലും, പൊളിച്ചുകളയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകള്‍ എന്നിവയെല്ലാം ജനവാസ മേഖലയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളാണ്. ഇതു കൂടാതെ ആശുപത്രികളില്‍ നിന്നു വരുന്ന രക്തവും പഞ്ഞിയും ഉള്‍പ്പെടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍, എല്ലായിടത്തു നിന്നും വരുന്ന പ്ലാസ്റ്റിക് പാക്കേജിങ് വസ്തുക്കള്‍ എന്നിവയെല്ലാം സംസ്‌കരിക്കേണ്ട മാലിന്യങ്ങളില്‍ പെടും. ഓരോ നഗരവും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ സ്വഭാവവും അളവും കൂടിവരും. ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളത്തില്‍ മാലിന്യങ്ങള്‍ പുറത്തേക്കു കളയുന്ന കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ തന്നെയായിരിക്കും.
ഒരു നഗരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളില്‍ ബഹുഭൂരിഭാഗവും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ പറ്റില്ല. നമ്മുടെ വീട്ടിലെ ഫ്യൂസായ ബള്‍ബും കേടായ ഫ്രിഡ്ജും മാത്രമല്ല, പഴയ പേപ്പറും സാനിറ്ററി നാപ്കിനും വരെ ഉറവിടത്തില്‍ സംസ്‌കരിക്കുക എന്നത് അസാധ്യമാണ്.
മുറ്റത്ത് കുഴിച്ചിടാവുന്ന പൈപ്പ് കമ്പോസ്റ്റിങ്, ഫ്‌ളാറ്റിനകത്തു പോലും ചെയ്യാവുന്ന ബാസ്‌കറ്റ് കമ്പോസ്റ്റ് എന്നിങ്ങനെ പല രൂപങ്ങളും സാങ്കേതികവിദ്യയുമുണ്ട്. മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണത്തിന്റെ കാര്യത്തില്‍ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം, മാലിന്യ സംസ്‌കരണം നടത്തുന്നത് ബാക്ടീരിയ മുതല്‍ മണ്ണിര വരെയുള്ള ജീവികളാണ്. അവയ്‌ക്കെല്ലാം വളരാന്‍ കൃത്യമായ ജീവിതസാഹചര്യവും വേണം. അതില്ലാതായാല്‍ അവര്‍ പണിമുടക്കും. ഉദാഹരണത്തിന്, ഓക്‌സിജന്റെ അഭാവത്തിലാണ് ബയോഗ്യാസ് പ്ലാന്റുകളിലെ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ടാങ്കിലേക്ക് ലീക്കുണ്ടായാല്‍ അവ പ്രവര്‍ത്തിക്കില്ല. അധിക അമ്ലമോ അധിക ക്ഷാരമോ ഇല്ലാത്ത അന്തരീക്ഷത്തിലേ എയ്‌റോബിക് ആയാലും അല്ലെങ്കിലും ജീവികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. അപ്പോള്‍ വീട്ടില്‍ ചെറിയൊരു അച്ചാറുകുപ്പി പൊട്ടിയതെടുത്ത് ബയോഗ്യാസ് പ്ലാന്റിലിട്ടാല്‍ പോലും പ്ലാന്റ് പണിമുടക്കും. ജൈവ സംസ്‌കരണത്തിനും ഒരു ‘ലോഡിങ് റേറ്റ്’ ഉണ്ട്. അതായത് എത്ര ബാക്ടീരിയക്ക് എത്ര ഭക്ഷണം കഴിക്കാമെന്ന്.
വ്യക്തികേന്ദ്രിതമായ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കൊക്കെ പരിമിതികളുണ്ട്. വലിയ ഫ്‌ളാറ്റ് സമുച്ചയത്തിലുള്ളവര്‍ക്കൊക്കെ ഇത് പ്രയാസകരമാവുകയേ ഉള്ളൂ. അവിടെയാണ് സാമൂഹികപ്രധാനമായ സംസ്‌കരണപദ്ധതികള്‍ക്ക് പ്രസക്തിയേറുന്നത്. കേരളത്തില്‍ എല്ലായിടത്തും ആധുനികമായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

Back to Top