27 Saturday
July 2024
2024 July 27
1446 Mouharrem 20

മലയാളിയുടെ വംശീയത പുറത്തുചാടുന്ന വിധം

ഷാഹിദ് രാമനാട്ടുകര

കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് പതിവായി മാറിയിരിക്കുന്നു. അമ്മ മകനെ കൊന്നതും മകന്‍ മാതാപിതാക്കളെ കൊന്നതും പേരമകന്‍ മുത്തച്ഛനെ കൊന്നതുമെല്ലാം സാധാരണമെന്നോണമാണ് മലയാളി വായിക്കുന്നത്. ഏതോ ഒരിടത്ത് തല തെറിച്ച ഒരുത്തന്‍ ചെയ്യുന്ന ക്രൂരത എന്ന നിലയ്ക്കാണ് അതിനെ മലയാളി കാണുന്നത്. എന്നാല്‍, ഒരു അതിഥി തൊഴിലാളി ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട വാര്‍ത്ത വരുമ്പോഴേക്ക് അതിഥി തൊഴിലാളികളെ നിയന്ത്രിക്കാനുള്ള മുറവിളി ഉയരും. യഥാര്‍ഥത്തില്‍ കേരളം ഒരു സംസ്ഥാനമാണ് എന്ന ബോധ്യമില്ലാതാവുന്ന സന്ദര്‍ഭങ്ങളിലാണ് ഈ മുറവിളി ഉയരുന്നത്. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും വയറ്റുപിഴപ്പിന് പണിയെടുക്കുന്ന മലയാളികളാണ് അതിഥി തൊഴിലാളിവിരുദ്ധരാകുന്നത് എന്നതാണ് വിരോധാഭാസം.
മോഷണം മുതല്‍ കൊലപാതകം വരെയും ബാലികമാെര മുതല്‍ വൃദ്ധകളെ വരെയും ലൈംഗികമായി പീഡിപ്പിക്കുന്ന മലയാളികള്‍ കേരളത്തിലുണ്ട്. അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം അന്യസംസ്ഥാന തൊഴിലാളികളെ നാടുകടത്താന്‍ ആഹ്വാനം ചെയ്യുന്ന മലയാളി ‘ദേശീയവാദികള്‍’ ഏറ്റെടുക്കുമോ? കുറ്റവാളികളുടെ മതം നോക്കി വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന വര്‍ഗീയവാദികളെ പോലെത്തന്നെ വംശീയവും വര്‍ഗീയവുമാണ് നാടും ഭാഷയും നോക്കി ആളുകളെ തരംതിരിക്കുന്നതും ഫോബിയ സൃഷ്ടിക്കുന്നതും. കേരള സ്റ്റോറി എന്ന സംഘപരിവാറിന്റെ പ്രോപ്പഗണ്ട സിനിമ ഇറങ്ങിയപ്പോള്‍ കേരളത്തിന് പുറത്തുണ്ടായ ദുരനുഭവങ്ങള്‍ പലരും വിവരിച്ചപ്പോള്‍ നെടുവീര്‍പ്പിട്ടവരാണ് നമ്മള്‍.
ആ സിനിമയിലൂടെ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയാണ് നിരന്തരമുള്ള വംശീയ പ്രചാരണങ്ങളിലൂടെ നാളെ ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളും നേരിടേണ്ടിവരുക. അവസാനം മണിപ്പൂര്‍ വംശഹത്യ വരെ എത്തിനില്‍ക്കുന്ന ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിയ വംശീയ അതിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഓരോ വംശീയ ആക്രമണങ്ങള്‍ക്കു മുമ്പും നാളുകളായി നടത്തിയ വിദ്വേഷ പ്രചാരണങ്ങളുടെയും നുണകളുടെയും വെറുപ്പിന്റെയും കഥകള്‍ പറയാനുണ്ടാവും.
മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കിയ സംഭവത്തില്‍ സംഘ്പരിവാര്‍ നടത്തിയ നുണ പ്രചാരണം കുറ്റവാളികള്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളാണെന്നാണ്. അസമില്‍ സംഘ്പരിവാര്‍ ഇരകളെ സൃഷ്ടിക്കുന്നത് ബംഗ്ലാദേശില്‍ നിന്ന് കുടിയേവരാണെന്ന മുദ്രകുത്തിയാണ്. നിങ്ങളുടെ മതത്തിലല്ലാത്തവരെ, നിങ്ങളുടെ ഭാഷ സംസാരിക്കാത്തവരെ, നിങ്ങളുടെ ജാതിയല്ലാത്തവരെ, നിങ്ങളുടെ നാട്ടിലല്ലാത്തവരെയെല്ലാം മാറ്റിനിര്‍ത്തുന്നതിന്റെ പേരാണ് വംശീയത. പലപ്പോഴും ഈ വംശീയതയാണ് നമ്മെ ഭരിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. നാമെത്ര പ്രബുദ്ധരെന്ന് അവകാശപ്പെട്ടാലും ആ വംശീയ മനോഭാവം ഇറക്കിവെക്കാത്തിടത്തോളം കാലം യഥാര്‍ഥത്തില്‍ അധമരായ അപരിഷ്‌കൃതരാവും നമ്മള്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x