മലയാളിയുടെ സാഹിത്യ സംവാദങ്ങള്‍
റിഹാന്‍ റാഷിദ്
ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന എഴുത്താളായി പരിഗണിക്കപ്പെടുന്നത് ബിസി 2300 കാലഘട്ടത്തില്‍ മെസോപ്പെട്ടോമിയയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയാണ്. എന്‍ഹെഡുവാന എന്നാണ് അവരുടെ പേര്. ഇന്നത്തെ ഇറാഖില്‍ സ്ഥിതി ചെയ്തിരുന്ന മെസോപ്പെട്ടോമിയന്‍ പ്രദേശത്ത് ജീവിച്ചിരുന്ന വനിത. ലോകത്ത് ആദ്യമായി അച്ചടിച്ച പുസ്തകങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന, 520 വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച അപൂര്‍വമായ പുസ്തകം ജീഹ്യരവൃീിശരീി എന്ന കൃതിയാണ്. ലോകമുണ്ടായതിന്റെ ചരിത്രത്തെ സംബന്ധിച്ചാണ് പുസ്തകം പറയുന്നത്.
കേരള സാഹിത്യ ചരിത്രത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുരാതന കാലം മുതല്‍ അതാരംഭിച്ചിട്ടുണ്ട്. രാജസദസ്സുകളിലെ കവികളെക്കുറിച്ചുള്ള വിവരണങ്ങളില്‍ നിന്നുമത് മനസിലാക്കാം. 1859-ല്‍ ഫ്രാന്‍സെസ് കോളിന്‍സും ഭര്‍ത്താവ് റവ. റിച്ചാര്‍ഡ് കോളിന്‍സും ചേര്‍ന്നെഴുതി, സിഎംഎസ് കോളജില്‍ നിന്നുള്ള ത്രൈമാസികയില്‍ തുടര്‍കൃതിയായി പ്രസിദ്ധീകരിച്ച ‘ദി സ്ലേയര്‍ സ്ലെയിന്‍’ എന്ന പുസ്തകം 1877-ല്‍ ‘ഘാതകവധം’ എന്ന പേരില്‍ മലയാളത്തില്‍ പ്രസീദ്ധീകരിച്ചു. 1860-കളില്‍ മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ ‘പുല്ലേലി കുഞ്ചു’ എന്ന നോവലും പുറത്തിറങ്ങി. ആര്‍ച്ച് ഡിക്കന്‍സ് കോശി എഴുതിയ നോവല്‍ ജ്ഞാനനിക്ഷേപം ത്രൈമാസികയില്‍ ഖണ്ഡശ്ശയായിട്ടാണ് വന്നത്. 1887-ല്‍ പ്രസിദ്ധീകൃതമായ, അപ്പു നെടുങ്ങാടി എഴുതിയ ‘കുന്ദലത’യാണ് മലയാളത്തിലെ ആദ്യ നോവലെന്നും പണ്ഡിതാഭിപ്രായമുണ്ട്. നൂറ്റിയിരപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ‘വാസനാവികൃതി’യാണ് മലയാളത്തിലെ ആദ്യ ചെറുകഥയായി കണക്കാക്കുന്നത്. 1891-ല്‍ വേങ്ങയില്‍ കുഞ്ഞിരാമാന്‍ നായര്‍ എഴുതി, വിദ്യാവിനോദിനി മാസികയിലാണതു അച്ചടിച്ചു വന്നത്.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കാവ്യമായി പറയുന്നത് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച ‘രാമചന്ദ്രവിലാസം’ ആണ്. മഹാകാവ്യമെന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം മലയാളഭാഷയില്‍ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്നാണ് അവതാരികയില്‍ എ ആര്‍ രാജ രാജവര്‍മ പരാമര്‍ശിച്ചിരിക്കുന്നത്. 1466 മുതല്‍ 1478 വരെ കോഴിക്കോട് ഭരിച്ച മാനവവിക്രമന്‍ രാജാവ് സംഘടിപ്പിച്ച രേവതി പട്ടത്താനം കാവ്യസമ്മേളനങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ്. ‘പതിനെട്ടരക്കവികള്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന കവികളും അതില്‍ പങ്കെടുത്തിരുന്നു. ഉദ്ധണ്ഡശാസ്ത്രികള്‍, പുനം നമ്പൂതിരി, പയ്യൂര്‍ പട്ടേരിമാര്‍, തിരുവേദപ്പുറ നമ്പൂതിരിമാര്‍, മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് ഭട്ടതിരി തുടങ്ങിയവര്‍. ഹ്രസ്വമായ ഈ വിവരണങ്ങള്‍ മലയാളസാഹിത്യത്തിന്റെ ഒരേകദേശ രൂപത്തെക്കുറിച്ച് ആമുഖമായി കുറിച്ചതാണ്.
പുതിയകാലത്ത് സാഹിത്യസമ്മേളനങ്ങള്‍ (ലിറ്ററേച്ചര്‍ ഫെസ്റ്റുകള്‍) ലോകത്തിന്റെ പലയിടങ്ങളിലും വലിയ ആഘോഷമായി നടക്കുന്നുണ്ട്. 1988-ല്‍ ഹേ ഓണ്‍ വൈ എന്ന ചെറിയ പട്ടണത്തിലാണ് ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന പുതുകാല ലിറ്ററേച്ചര്‍ ഫെസ്റ്റുകളുടെ തുടക്കം. വെറും രണ്ടായിരത്തിനടുത്ത ജനസംഖ്യയുള്ള നഗരം. മതര്‍ ഓഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്നാണ് അതറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതില്‍ പങ്കെടുക്കാനായി ആളുകളെത്തി. വൈകാതെ അതിന്റെ പതിപ്പുകള്‍ മറ്റ് രാജ്യങ്ങളിലേക്കും അവര്‍ വ്യാപിപ്പിച്ചു. ഇന്ത്യയില്‍ അതിനു വേണ്ടി അവര്‍ സമീപിച്ചത് പുസ്തകപ്രസാധകയും ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയുമായ ഉര്‍വശി ബൂട്ടാലിയെയായിരുന്നു. നമ്മുടെ രാജ്യത്ത് അതിനേറ്റവും അനുയോജ്യമായത് കേരളമാണെന്നായിരുന്നു ബൂട്ടാലിയയുടെ കണ്ടെത്തല്‍. അവര്‍ ആ വിവരം സുഹൃത്തായ ഡി സി രവിയുമായി സംസാരിച്ചു. സര്‍ക്കാര്‍ തലത്തിലും അതിന്റെ ചര്‍ച്ചകള്‍ സാധ്യമായി. അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബിയുമായി സംഘം കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം എം പിയും എഴുത്തുകാരനുമായ ശശി തരൂരിന്റെ ഇടപെടലും അതിനെ മുന്നോട്ട് നയിച്ചു. അങ്ങനെ 2009 മുതല്‍ 2011 വരെ ഹേ ഫെസ്റ്റിന്റെ മൂന്ന് പതിപ്പുകള്‍ കോവളത്ത് നടന്നു. ജയ്പൂര്‍ ഫെസ്റ്റിന്റെ അമരക്കാരന്‍ സഞ്ജയ് റോയിയുടെ നേതൃത്വത്തിലുള്ള സംഘാടകരായിരുന്നു അതിന് നേതൃത്വം വഹിച്ചത്. (വിവരങ്ങള്‍ക്ക് കടപ്പാട്: 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ രവി ഡിസി എഴുതിയ ലേഖനം). എഡിന്‍ബര്‍ഗ്, മെല്‍ബണ്‍, ഷാര്‍ജ, ജയ്പൂര്‍, കറാച്ചി, ബെര്‍ലിന്‍, പെന്‍വേള്‍ഡ്, നോര്‍വീജിയന്‍ ലിറ്ററേച്ചര്‍ തുടങ്ങി ലോകത്തിന്റെ വിവിധയിടങ്ങളിലായി ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ നടത്തുന്നുണ്ട്.
സാഹിത്യവും സംസ്‌കാരവും രാഷ്ട്രീയവും സിനിമയും സംഗീതവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കൂടിക്കലരുകളാണത്. ലോകത്ത് മിക്കയിടത്തും ആള്‍ക്കൂട്ടങ്ങളെ ഭയപ്പെടുന്ന കാലത്ത്, സര്‍ഗാത്മകമായ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നത് മറ്റൊരു ലോകമാണ്. അവിടെ പരസ്പരമുള്ള വെല്ലുവിളികള്‍ താരതമ്യേനെ വിരളമാണെന്നതാണ് കാരണം.
വിവിധ മുസ്ലിം സംഘടനകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന സാഹിത്യ സര്‍ഗ മത്സരങ്ങള്‍, ആറ് വര്‍ഷം പൂര്‍ത്തീകരിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ഗഘഎ), മാതൃഭൂമി നടത്തുന്ന ക ഫെസ്റ്റ്, കേരളനിയമസഭാ ഫെസ്റ്റ്, കഴിഞ്ഞ വര്‍ഷം നടന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് (ങഘഎ), സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഫെസ്റ്റ്, യുവധാര ഫെസ്റ്റ്, പൂര്‍ണ ലിറ്ററേച്ചര്‍ ഫെസ്റ്റ്, ഈ വര്‍ഷം നവംബറില്‍ കോഴിക്കോടുവെച്ച് മനോരമയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹോര്‍ത്തൂസ്, കേരളത്തിലെ വിവിധ സര്‍വകലാശാലകളും സംഘടനകളും നടത്തുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റുകള്‍, അടുത്ത വര്‍ഷാദ്യത്തില്‍ മലപ്പുറത്ത് നടക്കാനിരിക്കുന്ന ‘മ’, വ്യക്തികളും മറ്റ് സാഹിത്യഗ്രൂപ്പുകളും മുന്‍കയ്യെടുത്ത് നടത്താറുള്ള കവി സമ്മേളനങ്ങള്‍, സാഹിത്യക്യാമ്പുകള്‍… തുടങ്ങി നിരവധി വേദികളില്‍ മനുഷ്യര്‍ സാഹിത്യത്തിന്റെ ഭാഗമാവുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങളും എഴുത്തുകളും ആശങ്കകളും പങ്കുവെക്കുന്നു. രാഷ്ട്രീയം സംസാരിക്കുന്നു. കാഴ്ചക്കാരും അതില്‍ പങ്കാളികളാവുമ്പോള്‍ അതിനൊരു ജനാധിപത്യസ്വഭാവം കൈവരുന്നുണ്ട്. കേള്‍വിക്കാരായും കാഴ്ചക്കാരയും യുവതയുടെ വലിയ നിര ഒഴുകിയെത്തുന്നു.
എഴുത്തുകാരനും വായനക്കാര്‍ക്കും ഇടയിലുണ്ടായിരുന്ന വിടവിനെ ഇല്ലാതാക്കാന്‍ ഇത്തരം സാഹിത്യസമ്മേളനങ്ങള്‍ക്ക് സാധ്യമാണെന്നാണ് അനുഭവം. സാഹിത്യ സമ്മേളനങ്ങള്‍ എന്നു പറയുന്നതിലേറെ ഫെസ്റ്റ് എന്ന ആഘോഷത്തെ സൂചിപ്പിക്കുന്ന പദമാണ് അതിനേറ്റവും ചേരുക. ഓണ്‍ലൈന്‍ ലോകത്തെ പരിചയം ഓഫ്‌ലൈനിലേക്ക് എത്താന്‍ സാഹിത്യപ്രേമികള്‍ ഇത്തരം അവസരങ്ങളെ വിനിയോഗിക്കുന്നുണ്ട്.
ഒരേ അഭിരുചിയുള്ള ആളുകള്‍ തമ്മില്‍ കാണുകയും തങ്ങളുടെ ഇഷ്ട പുസ്തകങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ദീര്‍ഘനേരം സംസാരിക്കാന്‍ സമയം കണ്ടെത്തുന്നു. ലോകോത്തര എഴുത്തുകാരും അവരുടെ പുസ്തകങ്ങളും ചര്‍ച്ചയാവുന്നു, വിമര്‍ശിക്കപ്പെടുന്നു, എതിര്‍പ്പുകളും അനുകൂലനങ്ങളും തമ്മില്‍ ആരോഗ്യപരമായ വാഗ്വാദങ്ങള്‍ക്ക് വേദിയാവുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും തദ്‌വിഷയത്തിലെ തങ്ങളുടെ അഭിപ്രായം ഉച്ചത്തില്‍ വിളിച്ചു പറയാനും തയാറാവുന്നു. അതിനാരും തടയുകയോ വിലക്കുകയോ ചെയ്യുന്നുമില്ല. ലോകക്രമത്തിലെ തങ്ങളുടെ ആശങ്കകളും ബാധ്യതകളും ഗൗരവമായി തന്നെ പ്രസ്താവിക്കുന്നു. സാമൂഹികക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്യപ്പെടുത്തുന്നു. അതിന്റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ കെ എല്‍ എഫ് ഉദ്ഘാടന വേദിയില്‍ വെച്ച് എം ടി നടത്തിയ പ്രസംഗം. മുഖ്യമന്ത്രിയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞവ കുറേനാളുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. സര്‍ക്കാറിന് അനുകൂലമാണെന്നും പ്രതികൂലമാണെന്നും പലവിധ സംവാദങ്ങള്‍ ഉണ്ടായി. നടനും എഴുത്തുകാരനുമായ പ്രകാശ് രാജ്, സംഗീതഞ്ജനായ ടി എന്‍ കൃഷ്ണ തുടങ്ങിയവര്‍ നടത്തിയ പ്രസ്താവനകളും ശ്രദ്ധേയമാണ്. കാല്‍പ്പനികതയിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും മലയാളിയെ തൃപ്തിപ്പെടുത്തുന്ന കവിയാണ് നെരൂദയെന്ന് ക ഫെസ്റ്റിവലില്‍ വെച്ച് നോവലിസ്റ്റും കവിയുമായ മനോജ് കുറൂര്‍. മലയാളിയുടെ സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തെ നെരൂദയിലൂടെ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
കോഴിക്കോട് വെച്ചു നടന്ന മലബാര്‍ ലിറ്ററേച്ചറല്‍ ഫെസ്റ്റില്‍ ദളിത് വിഭാഗങ്ങളുടെ പങ്കാളിത്തം പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. നടാടെയാവും കേരളത്തില്‍ നടന്ന ലിറ്റ്‌ഫെസ്റ്റില്‍ ദളിത് വിഭാഗക്കാരനായ ഒരാള്‍ ഡയറക്ടറായി നിയമിക്കപ്പെട്ടതും. സമൂഹത്തില്‍ നടക്കുന്ന നാവോത്ഥാനത്തിന്റെ ഭാഗമായിട്ടാണ് അതിനെ നോക്കിക്കാണേണ്ടത്. ഏറ്റവും ഉചിതമായ സമയത്തു തന്നെയതു സാധ്യമായെന്നത് സന്തോഷത്തിനു വക നല്‍കുന്നു. എല്ലാ തരം ആളുകളെയും ഇവിടങ്ങളില്‍ ചേര്‍ത്തു പിടിക്കുന്നു. അതേസമയം പുസ്തകങ്ങളുടെ വില്‍പ്പനയും ഈ ഫെസ്റ്റുകളുടെ ലക്ഷ്യമാണ്.
അവിടെ എല്ലാതരത്തിലുമുള്ള മനുഷ്യരെയെന്നപോലെ സകല തരത്തിലുമുള്ള പുസ്തകങ്ങളും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭിക്കുന്നു. വെറുതെയൊന്നു വന്നു കേറിപ്പോവുന്നവര്‍ മുതല്‍ തങ്ങള്‍ അന്വേഷിക്കുന്ന പുസ്തകം തപ്പിയെടുക്കുന്നവരെ അക്കൂട്ടത്തില്‍ കാണാം. തലമുറ വ്യത്യാസമില്ലാതെ മിക്ക എഴുത്താളുകളും ഏതെങ്കിലും വിധേന ഇവിടങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഏറ്റവും പുതിയ കാലത്ത് സ്റ്റോറികളും സ്റ്റാറ്റസുകളുമായത് നിമിഷ നേരങ്ങള്‍കൊണ്ട് വൈറലാവുന്നു. ഭാഷയേയും ദേശങ്ങളേയുമത് ഭേദിക്കുന്നുണ്ട്. അതിര്‍ത്തികള്‍ ഇല്ലെന്നു തന്നെ പറയാനൊക്കും.
വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയുണ്ട്
ലിറ്റ്‌ഫെസ്റ്റുകള്‍ ചില വിമര്‍ശനങ്ങളേയും നേരിടേണ്ടി വന്നിട്ടുണ്ടെന്നത് വിസ്മരിക്കാവതല്ല. തങ്ങള്‍ക്ക് അവശ്യമായ പരിഗണന ലഭിച്ചില്ലെന്നതു മുതല്‍ സ്വജനപക്ഷപാതം വരെ ആരോപിക്കപ്പെടാറുണ്ട്. അതില്‍ ചിലതിലെങ്കിലും കഴമ്പില്ലാതെയുമില്ല. സംഘാടകരും സര്‍ക്കാറും മറ്റും ചേര്‍ന്നേ അതിനു പരിഹാരം കാണാനൊക്കൂ. ഇത്തരത്തിലുള്ള ഏത് വലിയ പരിപാടികളിലും ഉന്നയിക്കപ്പെടാറുള്ള കാര്യങ്ങളാണിവ. അത് അവശ്യമാം വിധം തിരുത്തപ്പെടാറുമുണ്ട്.
ഇനിയീ ഫെസ്റ്റുകളുടെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നോ എന്നാണ് ചോദ്യമെങ്കില്‍ തീര്‍ച്ചയായും അതേയെന്നു തന്നെയാണ് പറയാനാവുക. കാരണം, വിദ്വേഷങ്ങളില്ലാതെ മനുഷ്യക്കൂട്ടങ്ങളെ കാണാനൊക്കുന്ന വിരളമായ ഇടങ്ങളിലൊന്ന് ഇത്തരം മേളകളാണ്. ജാതിയോ മതമോ നിറമോ മറ്റ് വ്യത്യാസങ്ങളോ ഇല്ലാതെ അവര്‍ ഒരുമിച്ചുകൂടുന്നു. ചര്‍ച്ചകള്‍ നടത്തുന്നു. ആശയങ്ങള്‍ കൈമാറുന്നു. മറ്റൊരു ഫെസ്റ്റില്‍ ഒത്തുകൂടാമെന്ന് പ്രതീക്ഷ പങ്കിടുന്നു. പാട്ടും നൃത്തവും ആസ്വദിക്കുന്നു. ചിലപ്പോഴെങ്കിലും വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. അവരുടെ കൂടെ ഒരു സെല്‍ഫിയെടുക്കുന്നു. മറ്റ് ചിലപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട എഴുത്താളിന്റെ കൂടെയൊരു ചായകുടിക്കാന്‍ അവരം ലഭിക്കുന്നു. ഓര്‍മകളിലേക്ക് അച്ചുകൂടം പോലയതു പതിപ്പിക്കുന്നു.
മറ്റൊന്ന് ഫെസ്റ്റ് നടക്കുന്ന നഗരത്തിലെ വ്യാപാര വ്യവസായിക മേഖലകളില്‍ സംഭവിക്കുന്ന സാമ്പത്തിക നേട്ടമാണ്. ഓട്ടോറിക്ഷകള്‍ മുതല്‍ ഹോട്ടലുകള്‍ വരേ നീളുന്ന വലിയ ശൃംഖലയാണത്. ചെറുകിട കച്ചവടക്കാര്‍ക്കും അതിന്റെ ലാഭമെടുക്കാനാവുന്നു. പലവിധ വിനിമയങ്ങളാണ് ഈ സമയത്തുണ്ടാവുന്നത്. തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കിലും സാഹിത്യത്തെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ അവരും ഭാഗവാക്കാവുന്നു.
സാഹിത്യപ്രേമികളല്ലാത്തവര്‍ക്കു കൂടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഉതകും മട്ടിലാണ് ലിറ്റ് ഫെസ്റ്റുകളുടെ രൂപമെന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്. ആകെത്തുകയില്‍ ഏതൊരു ലിറ്ററേച്ചര്‍ ഫെസ്റ്റുകളും മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് സാഹിത്യവും മാനവികതയും രാഷ്ട്രീയവും കലയുമാണ് സംസാരിക്കുന്നത്. അതിന്റെ സാധ്യതകളും വീഴ്ചകളും നിരാകരണങ്ങളെക്കുറിച്ചും വിവിധങ്ങളായ അഭിപ്രായ രൂപീകരണങ്ങള്‍ നടക്കുന്നു. കോവിഡ് കാലത്ത് ചെറിയൊരു ഇടവേള സംഭവിച്ചെങ്കിലും പൂര്‍ണശക്തിയോടെ സാഹിത്യസംവാദങ്ങള്‍ മടങ്ങിയെത്തിയിട്ടുണ്ട്.
കുറേ നാളുകള്‍ ലോകമാകെ വീട്ടുതടങ്കലിലാക്കപ്പെട്ട മനുഷ്യരുടെ ഒത്തുകൂടലിന്റെ ആനന്ദം. യുദ്ധം, മതസ്പര്‍ധകള്‍, ജാതീയവേര്‍തിരിവുകള്‍, വസ്ത്ര സ്വാതന്ത്ര്യം, ഭക്ഷണസ്വാതന്ത്ര്യം, രാഷ്ട്രീയ വിദ്വേഷങ്ങള്‍ തുടങ്ങി സമാധാനത്തിനു നേര്‍ക്കു ചൂണ്ടുന്ന വാളിനേയും തോക്കിനേയും മറ്റായുധങ്ങളേയും ഇത്തരം ലിറ്റ് ഫെസ്റ്റുകള്‍ നിരായുധരാക്കി മാറ്റുന്ന സൗന്ദര്യം അനുഭവിക്കുകയെന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയിലും വൈവിധ്യങ്ങളേയും നിലനിര്‍ത്താനും സംരക്ഷിക്കാനും ഇതുപോലുള്ള ഫെസ്റ്റുകള്‍ വലിയ രീതിയില്‍ സഹായിക്കുമെന്നതും നിസ്തര്‍ക്കമാണ്. വരൂ, പങ്കെടുക്കൂ, ആഘോഷിക്കൂ, അനുഭവിക്കൂ, അതിലൂടെ ഫാസിസത്തിനെതിരെ പ്രവര്‍ത്തിക്കൂ എന്നാണ് ഓരോ ലിറ്റ്‌ഫെസ്റ്റുകളും പറയാതെപറയുന്നത്.