മലക്കുകളുടെ കീഴ്‌വണക്കവും ഉത്തരവാദിത്തവും
പി മുസ്തഫ നിലമ്പൂര്‍
അല്ലാഹുവിനെ ഏറ്റവും കൂടുതലായി ഭയപ്പെടുന്നവരും അവനില്‍ കീഴ്‌പ്പെട്ടു കഴിയുന്നവയുമാണ് മലക്കുകള്‍. അല്ലാഹുവിനെ അനുസരിക്കുന്നതിലും ആരാധിക്കുന്നതിലും സ്തുതി കീര്‍ത്തനങ്ങള്‍ നടത്തുന്നതിലും വൈമനസ്യമോ മടുപ്പോ അവര്‍ കാണിക്കുകയില്ല. ‘അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്’. (വി.ഖു 4:172) ‘നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല’.(41:38) കൂടാതെ (7:206, 21:19,20, 66:6, 16:49, 50) വചനങ്ങളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. നബി(സ) പറഞ്ഞു: അവിടെ (ആകാശത്തില്‍) ഓരോ നാല് വിരലിന്റെ സ്ഥാനത്തും സാഷ്ടാംഗം ചെയ്യുന്ന മലക്കുകള്‍ ഇല്ലാതെ ഇല്ല. (തിര്‍മിദി 2312).
‘മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിനു ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധി കല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.’ (39:75)
കൃത്യനിര്‍വഹണവും
ഉത്തരവാദിത്തവും
ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും അതില്‍ ജാഗ്രതയും കൃത്യതയും പുലര്‍ത്തുകയും ചെയ്യുന്നവരുമാണ് അവര്‍. ആകാശ ലോകത്തേക്ക് നബിയുമായി രാപ്രയാണം നടത്തിയ സന്ദര്‍ഭത്തില്‍ ഓരോ ആകാശത്തിലെയും കാവല്‍ക്കാര്‍ കൃത്യമായി വിവരങ്ങള്‍ അന്വേഷിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ജിബ്രീലിനും(അ) നബി(സ)ക്കും പ്രവേശനം നല്‍കിയത്. സ്വര്‍ഗ കവാടം തുറക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെടുമ്പോള്‍ പ്രവാചകനാണ് എന്ന് ഉറപ്പാക്കിയ ശേഷമാണ് സ്വര്‍ഗ കവാടം തുറക്കപ്പെടുന്നത്. ഇങ്ങനെ ഓരോരുത്തര്‍ക്കും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കൃത്യമായി തന്നെ അവര്‍ നിര്‍വഹിക്കും.
അച്ചടക്കവും
ഒതുക്കവും
കൃത്യമായ വ്യവസ്ഥയും അച്ചടക്കവും പാലിക്കുന്നവരാണ് മലക്കുകള്‍. മലക്കുകളെ പോലെ സ്വഫ്ഫുകള്‍ നേരെയാക്കാന്‍ നബി(സ) നിര്‍ദേശിച്ചു. ജിബ്രീലിന്റെ(അ) നേതൃത്വത്തില്‍ മലക്കുകള്‍ ആകാശ ലോകത്തു നിന്നും ഇറങ്ങി വരുന്നതും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് (78:38, 89:22). ‘അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ അണികളായി നില്‍ക്കുന്നവരാണ്. ആദ്യ സ്വഫ്ഫുകള്‍ പൂര്‍ത്തീകരിക്കുകയും വിടവുകള്‍ ഇല്ലാതെ അണിചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നവരാണ് അവര്‍.’ (അബൂദാവൂദ് 661).
സൗബാന്‍(റ) പറയുന്നു: നബി(സ) ഒരു ജനാസയെ അനുഗമിക്കുമ്പോള്‍ ഒരു വാഹനം കൊണ്ടുവന്ന് അവിടുത്തോട് അതില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടുന്ന് അത് ഇഷ്ടപ്പെട്ടില്ല. നബി(സ) പറഞ്ഞു: മലക്കുകള്‍ നടക്കുമ്പോള്‍ ഞാന്‍ വാഹനത്തില്‍ കയറില്ല. ജനാസ സംസ്‌കരണം പൂര്‍ത്തിയായതിനു ശേഷം നബി(സ) വാഹനത്തില്‍ കയറി. (അബൂദാവൂദ് 3177). ജുമുഅ സമയത്ത് ഇമാം പ്രവേശിച്ചാല്‍ മലക്കുകള്‍ അവരുടെ ഏടുകള്‍ മടക്കി അണിയണിയായി സ്വഫ്ഫില്‍ ഇരിക്കും.
മനുഷ്യരുടെ
സംരക്ഷണത്തിന്
ചുമതലയുള്ളവര്‍
നാം അപകടത്തില്‍പ്പെടുന്ന ഘട്ടത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ് വേണ്ടത്. അങ്ങനെ അവന്റെ തീരുമാനം നടപ്പിലാക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രവര്‍ത്തിക്കും. അപ്രകാരമുള്ള സംരക്ഷണം ഏല്‍പ്പിച്ചിട്ടുള്ളത് മലക്കുകളെയാണ്. ചിലര്‍ ജല്‍പിക്കുന്നത് പോലെ ജിന്നുകളെയല്ല. ഹാജറുള്ളവര്‍ എന്ന് സങ്കല്‍പ്പിച്ചാലും ഇല്ലെങ്കിലും ജിന്നുകളോട് സഹായം തേടുന്നതിനെ ന്യായീകരിക്കുന്നത് അതി ഗുരുതരമാണ്. ജിന്നുകള്‍ ആ ചുമതല ഏല്‍പ്പിക്കപ്പെട്ടവരല്ല. ഏല്‍പ്പിക്കപ്പെട്ട മലക്കുകളോട് പോലും സഹായം തേടാന്‍ പാടില്ല. അല്ലാഹുവിനോടാണ് സഹായം തേടേണ്ടത്.
”മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍(മലക്കുകള്‍) ഉണ്ട്. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല”(13:11).