28 Thursday
March 2024
2024 March 28
1445 Ramadân 18

മലക്കുകളുടെ ലോകം വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നവര്‍

അലി മദനി മൊറയൂര്‍


അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളാണ് മലക്കുകള്‍. പ്രകാശം കൊണ്ടാണവയെ അല്ലാഹു സൃഷ്ടിച്ചത്. നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്. ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടത് ചൂടേറിയ അഗ്നിയുടെ ജ്വാലയില്‍ നിന്നാണ്. ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നുമാണ്. (മുസ്‌ലിം)
അല്ലാഹു പഠിപ്പിച്ചതല്ലാത്ത സ്വയം അറിവോ കഴിവോ ഇല്ലാത്ത സൃഷ്ടികളാണ് മലക്കുകള്‍. മനുഷ്യരില്‍ നിന്നും ജിന്നു വര്‍ഗത്തില്‍ നിന്നും വ്യത്യസ്തരാണിവര്‍. ”അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചു തന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും.” (വി.ഖു 2:32) ”അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.” (വി.ഖു 66:6)
മനുഷ്യ രൂപത്തില്‍ മലക്കുകള്‍ പ്രത്യക്ഷപ്പെട്ടതായി വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മലക്കുകള്‍ തന്നെ അത് വെളിപ്പെടുത്തിയപ്പോഴാണ് പ്രവാചകന്മാര്‍ക്കു പോലും അത് ബോധ്യപ്പെട്ടത്. ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്നതും (ഹൂദ് 70), ലൂത്വ് നബി(അ)യുടെ അടുക്കല്‍ മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്നതും (ഹൂദ് 77), ജിബ്‌രീല്‍(അ) മര്‍യമിന്റെ (റ) അടുക്കല്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും (മര്‍യം 17) വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ഈമാനും ഇസ്‌ലാമും പഠിപ്പിക്കുന്നതിനു വേണ്ടി സ്വഹാബികളുള്ള സദസ്സില്‍ പ്രവാചകന്റെ അടുക്കല്‍ ജിബ്‌രീല്‍(അ) മനുഷ്യരൂപത്തില്‍ വന്ന സംഭവം ഹദീസിലും സ്വഹീഹായി വന്നിട്ടുണ്ട്.
മലക്കുകള്‍ക്ക് ചിറകുകളുള്ളതായി സൂറത്തു ഫാത്വിറിലെ ആദ്യവചനത്തില്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സര്‍വസ്തുതിയും. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിച്ചത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു’ (35:1)
അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടേയിരിക്കുക എന്നത് മലക്കുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ”ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ” (2:30). ”അവനെക്കുറിച്ചുള്ള ഭയത്താല്‍ മലക്കുകളും അവനെ പ്രകീര്‍ത്തിക്കുന്നു.” (13:13)
മരണത്തിന്റെ
മലക്കുകള്‍

”നബിയേ പറയുക, നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നവരുമാണ്.” (32:11)
‘സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍. മലക്കുകള്‍ (അവരോട് പറയും:) ജ്വലിക്കുന്ന അഗ്‌നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക” (8:50). ഇതേ ആശയം അന്‍ആമിലെ 93-ാം വചനത്തിലും വിശദീകരിച്ചിട്ടുണ്ട്.
വിശ്വാസികളുടെ ആത്മാവിനെ സമാധാനത്തോടെ ആശ്വസിപ്പിച്ചു കൊണ്ടാണ് മലക്കുകള്‍ പിടിച്ചെടുക്കുക എന്നു ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ”ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു ആണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ, അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദു:ഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക.” (41:30)
നിരീക്ഷകരും
എഴുത്തുകാരും

”അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല” (50:18). ”അവന്റെ സഹചാരി (മലക്ക്) പറയും: ഇതാണ് എന്റെ പക്കല്‍ തയ്യാറുള്ള (രേഖ)” (50:23). ”തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തി വെക്കുന്ന ചില മാന്യന്മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവന്‍ അറിയുന്നു” (വി.ഖു 82:10-12)
സ്വര്‍ഗ നരകങ്ങളുടെ കാവല്‍ക്കാര്‍
”സത്യനിഷേധികളെ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കും. അതിന്നടുത്തു വന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ എന്ന് അതിന്റെ (നരകത്തിന്റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ, പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. (അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും.
എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക. അവര്‍ പറയും: നമ്മോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ)ഭൂമി നമുക്കവകാശപ്പെടുത്തിത്തരുകയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!” (അസ്സുമര്‍ 71-74)
”അതിന്റെ മേല്‍നോട്ടക്കാര്‍ പത്തൊമ്പത് പേരുണ്ട്. നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കുവാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കുവാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉദ്‌ബോധനമല്ലാതെ മറ്റൊന്നുമല്ല.” (മുദ്ദസ്സിര്‍ 30,31)
സിംഹാസനത്തെ
വഹിക്കുന്നവര്‍

”മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധി കല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.” (വി.ഖു 39:75)
”മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടു കൂട്ടര്‍ വഹിക്കുന്നതാണ്.” (വി.ഖു 69:17)
അല്ലാഹുവിന്റെ
കല്‍പനക്കനുസരിച്ച്
രക്ഷക്കെത്തുന്നവര്‍

മലക്കുകള്‍ക്ക് സ്വയം അറിവോ കഴിവോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ഇല്ല എന്ന് നേരത്തെ വിശദീകരിച്ചു. ”മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍(മലക്കുകള്‍) ഉണ്ട്.” (വി.ഖു 13:11)
മനുഷ്യര്‍ അല്ലാഹുവിനോട് മാത്രം മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ അവന്റെ രക്ഷയ്ക്കുവേണ്ടി അല്ലാഹു പ്രത്യേകം മലക്കുകളെ അയക്കുമെന്ന് ഈ വചനം പഠിപ്പിക്കുന്നു. അതുതന്നെയാണ് ബദര്‍ യുദ്ധത്തിലും സംഭവിച്ചത്. ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി.” (വി.ഖു 8:9)
വിശ്വാസികള്‍ക്കായി
പ്രാര്‍ഥിക്കുന്നവര്‍

”സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും വിശ്വസിച്ചവര്‍ക്കുവേണ്ടി ഇപ്രകാരം പാപമോചനം തേടുകയും ചെയ്യുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കള്‍, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്മകളില്‍ നിന്ന് കാക്കുന്നുവോ അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാകുന്നു മഹാഭാഗ്യം.” (വി.ഖു 40:7-9)
ഇത്തരത്തില്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം വിശ്വാസികളുടെയും അല്ലാത്തവരുടെയും ജീവിതത്തില്‍ ഇടപെടുന്ന സൃഷ്ടികളാണ് മലക്കുകള്‍. അന്ത്യദിനത്തിന്റെ കാഹളം ഊതുന്നതിനു തയ്യാറായിരിക്കുന്ന മലക്കിനെക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിവരം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും കല്‍പിച്ചതനുസരിച്ച് അവനില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കല്‍ നമ്മുടെ ബാധ്യതയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x