ചരിത്രം മായ്ക്കുന്നത് ആഗോള മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗം: മലബാര്‍ പ്രകാശന സെമിനാര്‍
ഷാര്‍ജ: ചൂഷണ വ്യവസ്ഥയായ മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്ന് ചരിത്രം മായ്ച്ച് കളയുന്നതെന്ന് യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ പ്രസ്താവിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് ജനറല്‍ എഡിറ്ററായി യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന, 1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍ ഗ്രന്ഥപരമ്പരയുടെ ഒന്നാം വാല്യം ‘പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ പുതുതലമുറ ചരിത്രം പഠിക്കാന്‍ തയ്യാറാകാണമെന്ന് മലബാര്‍ ഗ്രന്ഥപരമ്പരയുടെ ഒന്നാം വാല്യത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി കെ സൈനുല്‍ ആബിദീന്‍ പ്രസ്താവിച്ചു.
എക്‌സ്‌പൊ സെന്ററിലെ റൈറ്റേര്‍സ് ഫോറത്തില്‍ നടന്ന പ്രകാശനചടങ്ങില്‍ 1921 മലബാര്‍ സമരം ഗ്രന്ഥപരമ്പരയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. സി.എ ഫുക്കാര്‍ അലി ഗ്രന്ഥപരിചയം നടത്തി. പൂമരം ബുക്‌സ് എഡിറ്റര്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട്, യുഎഇ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല മദനി എന്നിവര്‍ പ്രസംഗിച്ചു.