1921 മലബാര്‍ സമരം ആറ് വാള്യങ്ങളില്‍ ‘ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത’ അഞ്ചാംവാള്യം പ്രകാശനം ചെയ്തു

തൃശൂര്‍: 1921ലെ മലബാര്‍ സമരം ഒരു പ്രതിരോധ പോരാട്ടം എന്നതിനപ്പുറം സാമൂഹികമാറ്റങ്ങളുടെ ദര്‍പ്പണമെന്ന നിലയില്‍ പഠിക്കപ്പെടണമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം ആറ് വാള്യങ്ങളില്‍’ ഗ്രന്ഥപരമ്പരയിലെ അഞ്ചാം വാള്യം ‘ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത’യുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കൈവരിച്ച സാമൂഹിക പുരോഗതികളും പരിവര്‍ത്തനങ്ങളും മലബാര്‍ സമരത്തോടും അതു മുന്നോട്ടുവെച്ച ആശയാദര്‍ശങ്ങളോടും ഏറെ കടപ്പെട്ടിരിക്കുന്നു. സമര ചരിത്രങ്ങള്‍ക്ക് രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലുള്ള അപഗ്രഥനത്തോടൊപ്പം സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ നിന്നുകൊണ്ടുള്ള ആഖ്യാനങ്ങളും ആവശ്യമാണെന്ന് ഡോ. കെ കെ എന്‍ കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
കേരള സാഹിത്യ അക്കാദമിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ യുവത അസി. ഡയറക്ടര്‍ ഡോ. സി എ ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. അഞ്ചാം വാള്യം എഡിറ്റര്‍മാരായ ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി, തൃശൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഒ രാധിക, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് എം അബ്ദുല്‍ജബ്ബാര്‍, എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹ്ല്‍ മുട്ടില്‍, യുവത സി ഇ ഒ ഹാറൂന്‍ കക്കാട്, ഐ എസ് എം തൃശൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അദീബ് പ്രസംഗിച്ചു.
