1 Tuesday
July 2025
2025 July 1
1447 Mouharrem 5

മലബാര്‍ സമരത്തെ മതഭീകരതയാക്കുന്നതിനു പിന്നിലെ രാഷ്ട്രീയ അജണ്ട

മലബാര്‍ സമരത്തിലെ ധീരദേശാഭിമാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം ഒരു നിലക്കും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയാത്തതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ പേരോ അടയാളമോ എവിടേയും എടുത്തു പറയാനില്ലാത്ത സംഘ്പരിവാരം രാജ്യത്തിന്റെ ഐതിഹാസികമായ പോരാട്ട ചരിത്രത്തെ കുറുക്കുവഴികളിലൂടെ കാവി പുതപ്പിക്കാന്‍ കഴിയുമോ എന്നാണ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ മൊത്തക്കച്ചവടമാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രക്തസാക്ഷി പട്ടികയുടെ അഞ്ചാം വാള്യം പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് മൂന്നംഗസമിതി റിപ്പോര്‍ട്ട് പരിഗണിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്്‌ലിയാരും അടക്കമുള്ള മലബാര്‍ സമര രക്തസാക്ഷികളേയും വാഗണ്‍ ട്രാജഡി രക്തസാക്ഷികളേയും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റുന്നത്. ഇത്തരം ലൊടുക്കു വിദ്യകള്‍ കൊണ്ട് മായ്ച്ചാല്‍ മായുന്നതല്ല രാജ്യാഭിമാനം സ്വന്തം ജീവനേക്കള്‍ വലുതായി കണ്ട മാപ്പിളമാരുടെ സ്വാതന്ത്ര്യ സമര പങ്കാളിത്തമെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല.
മലബാര്‍ സമരത്തെ ഹിന്ദു വിരുദ്ധ ലഹളയായി സംഘ്പരിവാരം വിശേപ്പിക്കുന്നതില്‍ അത്ഭുതമില്ല. ബ്രിട്ടീഷുകാരും അവരുടെ മൂടുതാങ്ങികളായ സവര്‍ണ ജന്മിത്തമ്പുരാക്കന്മാരും തുടക്കം മുതല്‍ തന്നെ ശ്രമിച്ചത് കലാപത്തിന് ഹിന്ദു വിരുദ്ധ പരിവേഷം നല്‍കി ദുര്‍ബലപ്പെടുത്താനായിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ക്കൊപ്പം ഒട്ടിനിന്നവരുടെ പിന്മുറക്കാര്‍ തന്നെയാണ് ഇന്നത്തെ സംഘ്പരിവാരക്കാര്‍. എന്നാല്‍ രേഖപ്പെട്ടുകിടക്കുന്ന ചരിത്ര വസ്തുതകളെ അപനിര്‍മ്മിതികള്‍ കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നിസ്സാരവല്‍ക്കരിച്ചു കാണാനാവില്ല. മലബാര്‍ സമരത്തില്‍ പങ്കെടുത്തവര്‍ മാപ്പിളമാര്‍ മാത്രമായിരുന്നില്ല. മലബാറിലെ ഹിന്ദുക്കളുമുണ്ടായിരുന്നു. സമരത്തിന്റെ നേതൃസ്ഥാനത്തും ഹിന്ദുക്കളുണ്ടായിരുന്നു. എന്നിട്ടും അതിനെ മാപ്പിള സമരമെന്ന് ചുരുക്കിക്കെട്ടാനാണ് എല്ലാ കാലത്തും ശ്രമങ്ങള്‍ നടന്നിട്ടുള്ളത്.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മലബാറിലെ സ്വാതന്ത്ര്യ സമര ചെറുത്തുനില്‍പ്പ്. മലബാറിലേക്ക് ബ്രിട്ടന് പ്രത്യേക സൈന്യത്തെ അയക്കേണ്ടി വന്നതും ആയുധവും വെടിക്കോപ്പുകളും എത്തിക്കേണ്ടി വന്നതും ഇതേതുടര്‍ന്നായിരുന്നു. അതിന്റെ ശേഷിക്കുന്ന സ്മാരകങ്ങളാണ് മലപ്പുറത്തെ എം എസ് പി(മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്) കേന്ദ്രം. തിരൂരങ്ങാടിയും മമ്പുറവും നിലമ്പൂരും മഞ്ചേരിയും പൂക്കോട്ടൂരുമെല്ലാം ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളില്‍ നിന്ന് എത്ര മായ്ച്ചാലും മായാത്തതാണ്. മലബാര്‍ സമരമെന്ന് വിശേഷിപ്പിക്കുന്നത് 1921ലുണ്ടായ ബ്രിട്ടീഷ് വിരുദ്ധ – ജന്മിവിരുദ്ധ ചെറുത്തുനില്‍പ്പിനെയാണ്. എന്നാല്‍ ഇതു മാത്രമായിരുന്നില്ല മലബാറിലെ സ്വാതന്ത്ര്യ സമരം. പതിറ്റാണ്ടുകള്‍ തുടര്‍ന്ന നിരന്തരമായ ചെറുത്തുനില്‍പ്പിനാണ് മലബാര്‍ വേദിയായത്. വാരിയംകുന്നത്തും ആലി മുസ്്‌ലിയാരും മമ്പുറം തങ്ങളും എം പി നാരായണമേനോനുമെല്ലാം ആ സമര പോരാട്ടങ്ങളുടെ മുമ്പിലുണ്ടായിരുന്നവരാണ്. അതിന്റെ മൂര്‍ധന്യാവസ്ഥയായിരുന്നു 1921ല്‍ കണ്ടത്.
അന്ന് ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കങ്കാണിപ്പണി എടുത്തവരിലും ഉണ്ടായിരുന്നു ഹിന്ദുക്കളും മുസ്്‌ലിംകളും. ഏറിയ പങ്കും ഹിന്ദു ജന്മിമാരായിരുന്നുവെന്ന് മാത്രം. സ്വാഭാവികമായും മലബാറിലെ ജനങ്ങള്‍ക്ക് ഒരേ സമയം രണ്ടു ശത്രുക്കളെ നേരിടേണ്ടി വന്നു. ബ്രിട്ടീഷുകാരേയും ജന്മിത്തമ്പുരാക്കന്‍മാരേയും. ഈ രണ്ടു വിഭാഗക്കാരും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെയും കൃഷിപ്പണിക്കാരന്റേയും ചൂഷകരായിരുന്നുവെന്നതാണ് അവര്‍ തമ്മിലുള്ള സാമ്യം. ഈ ഫ്യൂഡല്‍ വിരുദ്ധ പോരാട്ടത്തെയാണ്് അന്ന് ബ്രിട്ടീഷുകാരും ഇന്ന് സംഘ്പരിവാരവും ഹിന്ദുവിരുദ്ധ സമരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് ഖിലാഫത്ത് സ്ഥാപിക്കാനും ഹിന്ദുക്കളെ ബലമായി മതപരിവര്‍ത്തനം നടത്തിക്കാനും വേണ്ടിയാണ് ലഹളയുണ്ടാക്കിയതെന്നാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച ധീരദേശാഭിമാനികളോട് ഇതിലും വലിയ നന്ദികേട് കാണിക്കാന്‍ ഒരു ഭരണകൂടത്തിന് കഴിയില്ല. സംഘ്പരിവാറിന്റെ വര്‍ഗീയ, വിഭാഗീയ രാഷ്ട്രീയവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മുസ്്‌ലിം വിരുദ്ധതയുമാണ് ഇതിലൂടെ തികട്ടി വരുന്നത്. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അമൃത് മഹോത്സവ് പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയായ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വെട്ടിമാറ്റി പകരം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പാരമ്പര്യമുള്ള സവര്‍ക്കറെ പ്രതിഷ്ഠിക്കുന്നതിനു പിന്നിലെ രാഷ്ട്രീയ അജണ്ടയും മറ്റൊന്നല്ല.
ഒരു നൂറ്റാണ്ടായിട്ടും നികത്താനാവാത്ത അപരിഹാര്യമായ നഷ്ടങ്ങളാണ് മലബാര്‍ സമരം മാപ്പിളമാര്‍ക്ക് സമ്മാനിച്ചത്. ആംഗലേയ വിദ്യാഭ്യാസം നേടുന്നതടക്കം ബ്രിട്ടന്റെ എല്ലാ അടയാളങ്ങളേയും ശത്രുപക്ഷത്ത് സ്ഥാപിച്ചാണ് അന്നവര്‍ പോരിനിറങ്ങിയത്. സാമൂഹികമായും വിദ്യാഭ്യാസപരമായും ഒരു ജനത പിന്നാക്കം എടുത്തെറിയപ്പെട്ടതില്‍ ഈ കൊളോണിയല്‍ വിരുദ്ധ മനോഭാവത്തിന് പങ്കുണ്ട്. സംഘ്പരിവാരത്തിന്റെ വിഷംകലര്‍ന്ന പേനത്തുമ്പുകൊണ്ട് വെട്ടിമാറ്റിയാല്‍ മായുന്നതല്ല ഈ ചരിത്രം. കാരണം സ്വന്തം ചോര കൊണ്ടാണ് മലബാറിലെ ധീരദേശാഭിമാനികള്‍ ആ ചരിത്രം എഴുതിച്ചേര്‍ത്തിരിക്കുന്നത്.

Back to Top