മലബാര്‍ സമരാനന്തരം അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവര്‍
എ പി മുഹമ്മദ് അന്തമാന്‍
1921 ല്‍ മലബാര്‍ സമരത്തില്‍ പങ്കാളികളായ സ്വാതന്ത്ര്യസമര സേനാനികളില്‍ പലരെയും നാട് കടത്തി. നേതാക്കളെ ജയിലില്‍ അടച്ചു. ചിലരെ വെടിവെച്ചും തൂക്കിയും കൊലപ്പെടുത്തി. അവരില്‍ ഏറെയും മലബാറില്‍ നിന്നുള്ള മുസ്ലിംകളായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് മുന്നേറിയാല്‍ പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ പിടിക്കപ്പെടുന്നവരെ നാടുകടത്തി. ഒരു പറ്റം ജനങ്ങളെ കുടുംബത്തോടെ നാടു കടത്താനുള്ള ബ്രിട്ടീഷുകാരുടെ പദ്ധതിയായ ‘അന്തമാന്‍ സ്കീമി’നെതിരെ 1923-ല്‍ മലബാറില്‍ മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. എന്നാലും ബ്രിട്ടീഷുകാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മലബാറില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ അന്തമാന്‍ ദ്വീപിലെത്തിയത്.
ചെന്നൈയില്‍ നിന്ന് 1200 കിലോമീറ്റര്‍ ദൂരെ പോര്‍ട്ട് ബ്ലയറില്‍ 1906-ലാണ് മൂന്നു നിലകളിലായി സെല്ലുലാര്‍ ജയിലുകള്‍ നിര്‍മിച്ചത്. അഞ്ചു ദിശയില്‍ നിര്‍മ്മിച്ച ഇതിന് 663 അറകളുണ്ടായിരുന്നു. ജയിലിലെ ഇരുട്ടറയില്‍ കുടുസ്സ് മുറികളില്‍ അടക്കപ്പെട്ട മുസ്ലിം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നല്‍കിയിരുന്നത്. ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് അവരെ വിധേയരാക്കി. എതിര്‍ക്കുന്നവരെ തൂക്കിയും വെടിവെച്ചും പരസ്യമായി കൊന്ന് കാലാപാനിയില്‍ (ബംഗാള്‍ ഉള്‍ക്കടലില്‍) തള്ളി. മറ്റുള്ളവരെ അവിടുത്തെ കാട്ടുമനുഷ്യരായ ജര്‍വകള്‍ ജീവിക്കുന്ന കൊടും വനങ്ങളില്‍ താമസിപ്പിച്ചു. ഇവര്‍ ജീവിച്ചിരിക്കലല്ല; നരകയാതനകള്‍ അനുഭവിച്ച് കാട്ടുമനുഷ്യരുടെ ആക്രമണത്തിനിരയായി ഇല്ലാതാകലായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം.
എന്നാല്‍ രാജ്യത്തിനു വേണ്ടി ജീവന് സമര്‍പ്പിക്കാന്‍ തയ്യാറായ സ്വാതന്ത്ര്യ സമര സേനാനികളായ മലബാറിന്റെ മക്കള്‍ എല്ലാ നരക യാതനകളെയും ക്ഷമയോടെ മറികടന്ന് രാജ്യത്തിനു വേണ്ടി സമരം ചെയ്തു. നീണ്ട ജയില്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞതിനു ശേഷം ബ്രിട്ടീഷുകാര്‍ അവരെ ദ്വീപിലെ വിവിധ പ്രദേശങ്ങളില്‍ താമസിപ്പിച്ച് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ടു. അന്ന് അവര്‍ എത്തിപ്പെട്ട ദ്വീപിലെ ഉള്‍പ്രദേശങ്ങള്‍ക്ക് മലബാറില്‍ അവര്‍ ജീവിച്ച പ്രദേശത്തിന്റെ പേര് നല്കി. അങ്ങനെയാണ് മലപ്പുറം, മണ്ണാര്‍ക്കാട്, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, കാലിക്കറ്റ് തുടങ്ങിയവ ഇന്നും ദ്വീപിലെ സ്ഥലനാമങ്ങളായി അറിയപ്പെടുന്നത്.
സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സമരനായകരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ ആയിരക്കണക്കിന് മാപ്പിളമാരെ അന്തമാനിലേക്ക് കുടുംബത്തോടെ നാടുകടത്തിയിട്ടും ബോധപൂര്‍വം പേരുകള്‍ രേഖപ്പെടുത്താഞ്ഞതിനാല്‍ ഏതാനും പേരുകള്‍ മാത്രമേ സെല്ലുലാര്‍ ജയിലില്‍ ഇന്ന് കാണാന്‍ കഴിയൂ. ജയിലിലെ സെല്ലുകളില്‍ ജീവിതം ഹോമിക്കപ്പെട്ട് തടവില്‍ കഴിയവെ മരണപ്പെട്ട മാപ്പിളമാരുടെ പേരുകള്‍ മ്യൂസിയത്തില്‍ എഴുതി ചേര്‍ക്കുന്ന കാര്യത്തില്‍ ഒരു ശ്രമവും ഒരിടത്തു നിന്നും ഉണ്ടായില്ല. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവര്‍ വിസ്മരിക്കപ്പെട്ടു!
ജയിലിലെ ബോര്‍ഡില്‍ പേരില്ലെങ്കിലും സ്വാതന്ത്ര്യസമര സേനാനികളെ ഏത് നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്താലും അന്തമാനിലെ മണ്ണിനോട് ഇഴുകിച്ചേര്‍ന്ന മലബാറിന്റെ മണമുള്ളവര്‍ നല്കിയ മലബാറിലെ സ്ഥലനാമങ്ങളെ ഒരാള്‍ക്കും മായ്ച്ച് കളയുക സാധ്യമല്ല.
ഇന്ത്യാരാജ്യം സ്വാതന്ത്ര്യം നേടിയിട്ടും ദ്വീപില്‍ ഉള്ള സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്‍തലമുറയെയും ‘മോപ്പ്ള വിദ്രോഹി’ എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. ഇവരെയും പിന്തലമുറയില് ഉള്ളവരെയും സ്വാതന്ത്ര്യ സമരക്കാരായി പരിഗണിച്ച് കിട്ടാന്‍ ഈ ലേഖകന്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തേണ്ടി വന്നു. സി എച്ച് മുഹമ്മദ് കോയ സാഹിബ്, ഇ കെ നായനാര്‍ എന്നിവര്‍ പലപ്പോഴായി കേരളത്തില്‍ നിന്ന് ദ്വീപില്‍ വന്നപ്പോള്‍ ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അവസാനം നിരന്തരമായി നല്കിയ നിവേദനങ്ങളുടെ ഫലമായി ഇവരെ മാപ്പിള സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതായി അന്തമാനിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്ന രാമചന്ദ്ര കാപ്സെ അറിയിച്ചു. സെല്ലുലാര്‍ ജയിലില്‍ ഒമ്പത് മാപ്പിളമാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ ലേഖകന്‍ 2012-ല്‍ എഴുതിയ ‘മാപ്പിള സ്വാതന്ത്ര്യസമര സേനാനികളും പിന്‍തലമുറയും’ എന്ന പുസ്തകത്തില്‍ 159 മാപ്പിള സ്വാതന്ത്ര്യസമര സേനാനികളുടെ പേരും വീട്ടുപേരും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യം നേടിയ ഉടനെ അന്തമാനിലെ മുസ്ലിംകളുടെ മത, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥ വളരെ പരിതാപകരമായിരുന്നു. വ്യവസ്ഥാപിതമായ മതപഠന കേന്ദ്രങ്ങളോ മതപ്രബോധകരോ ഇല്ലായിരുന്നു. അന്തമാനിലേക്ക് നാടുകടത്തിയവര്‍ ഏത് സമയവും നാട്ടിലേക്കു തന്നെ തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഒരു സ്ഥലത്തും ജുമുഅ പോലും നടത്തപ്പെട്ടിരുന്നില്ല.
എന്നാല്‍ രണ്ടത്താണി സെയ്ദ് മൗലവി അന്തമാനില്‍ വന്നതിനുശേഷം അദ്ദേഹം മുന്‍കയ്യെടുത്ത് നടത്തിയിരുന്ന മതപ്രഭാഷണങ്ങളില്‍ ജുമുഅയുടെ അനിവാര്യത അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഇദ്ദേഹത്തോട് പലരും ജുമുഅ നടത്തുന്നതിനെ പറ്റി കാര്യമായി ചര്‍ച്ച നടത്തുകയും കേരളത്തിലെ പണ്ഡിതന്മാരോട് വിധി ആരായുകയും ചെയ്തു. കെ എം മൗലവിയില്‍ നിന്ന് അനുകൂലമായി ഫത്വ ലഭിച്ചതിനാല്‍ അന്തമാനില്‍ ആദ്യത്തെ ജുമുഅ സ്റ്റിവാര്‍ട്ട് ഗഞ്ചിലെ അന്‍സാറുല്‍ ഇസ്ലാം മസ്ജിദില്‍ ആരംഭിക്കുകയും ചെയ്തു.
അന്തമാനിലെ മലബാര്‍ മുസ്ലിം ജമാഅത്തിന്റെ തുടക്കത്തില്‍ സെക്രട്ടറിയായി എ പി അബ്ദുല്‍ ഖാദിര്‍ മൗലവി സേവനമനുഷ്ഠിച്ചിരുന്നു. അന്ന് അന്തമാനിലെ മാപ്പിളമാരുടെ പുരോഗതിക്ക് നേതൃപരമായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേരിട്ടുള്ള സഹകരണം കൊണ്ടും നിരന്തരമായ ഇടപെടല്‍ കൊണ്ടും അന്തമാനിലെ മത സാമൂഹിക രംഗം പുരോഗതി പ്രാപിക്കാന്‍ തുടങ്ങി.
ഒരുപാട് പ്രബോധകരെ കേരളത്തില്‍നിന്ന് അന്തമാനിലേക്ക് തുടര്‍ച്ചയായി അയക്കപ്പെട്ടു. വ്യവസ്ഥാപിതമായ ഈ പ്രക്രിയയുടെ തുടക്കക്കാരനായി എം എം അക്ബര്‍ ഏതാനും വര്‍ഷം ദ്വീപില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പുരോഗമന ആശയമുണ്ടായിരുന്ന, സെയ്ദ് മൗലവിയുടെ സഹോദരിയുടെ മകന് പി കെ ബീരാന്‍കുട്ടി സാഹിബ് ദാനം ചെയ്ത സ്ഥലത്താണ് പോര്‍ട്ട് ബ്ലയറിലെ ആദ്യത്തെ മുജാഹിദ് പള്ളി നിര്‍മ്മിച്ചത്. ഇദ്ദേഹത്തിന്റെ അനുജന് പി കെ മമ്മു സാഹിബാണ് ഈ പള്ളി പരിപാലിച്ചിരുന്നത്. മമ്മു സാഹിബിന്റെ മകന് അബ്ദുസ്സമദ് രണ്ടത്താണി സെയ്ദ് മൗലവിയുടെ മകളെ വിവാഹം ചെയ്തതോടെ അന്തമാനും മലബാറും തമ്മിലുള്ള പ്രാസ്ഥാനിക ബന്ധത്തിന് തുടര്‍ച്ചയുണ്ടാവുകയും പിന്‍തലമുറക്ക് അത് സാക്ഷ്യപ്പെടുത്തിക്കൊടുക്കാന്‍ സാധിക്കുകയും ചെയ്തു.
(അന്തമാന്‍ എം ഇ എസ് പ്രസിഡന്റും ‘സാഹില്‍ കീ ഓര്’ എന്ന ഹിന്ദി പത്രത്തിന്റെ സ്ഥാപകനുമാണ് ലേഖകന്‍)
തയ്യാറാക്കിയത്
മുസ്തഫ നുസ്രി