20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

‘പോരാട്ടം; നാടുകള്‍ നാള്‍വഴികള്‍’ രണ്ടാം വാല്യം പ്രകാശനം ചെയ്തു


കോഴിക്കോട്: 1921-ല്‍ മലബാറിലുണ്ടായ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭം ഒരു ജനകീയ സമരമായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് പ്രസ്താവിച്ചു. യുവത പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍’ ഗ്രന്ഥപരമ്പരയിലെ ‘പോരാട്ടം; നാടുകള്‍ നാള്‍വഴികള്‍’ എന്ന രണ്ടാം വാല്യത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.1921-ലെ മലബാര്‍ സമരം കേവലം കര്‍ഷക കലാപമോ വര്‍ഗീയ കലാപമോ ആയിരുന്നില്ല. മറിച്ച്, സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെല്ലാം പങ്കെടുത്ത ജനകീയ സമരമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാര്‍ സമരത്തെ ബഹുമുഖ പരിപ്രേക്ഷ്യത്തില്‍ പഠന വിധേയമാക്കിയാല്‍ മാത്രമേ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് രണ്ടാംവാല്യം പ്രകാശനം ചെയ്തുകൊണ്ട് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ. കെ ടി ഷംഷാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രാദേശിക വൈവിധ്യങ്ങളെ പരിഗണിച്ചുകൊണ്ട് യുവത പുറത്തിറക്കിയ ഗ്രന്ഥം ഈ മേഖലയിലെ ശ്ലാഘനീയമായ മുന്നേറ്റമാണെന്നും അവര്‍ വ്യക്തമാക്കി.
കോഴിക്കോട് കിംഗ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ യുവത അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ഡോ. കെ ഗോപാലന്‍കുട്ടി, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. സി എ ഫുക്കാര്‍ അലി, രണ്ടാം വാല്യത്തിലെ ലേഖകരായ ഡോ. പി കെ അനീസുദ്ദീന്‍, ഡോ. വി ഹരിദാസന്‍, ഡോ. ഒ പി സലാഹുദ്ദീന്‍, ജാഫര്‍ ഈരാറ്റുപേട്ട, ഡോ. ജോഷി മാത്യു, ഡോ. കെ. അബ്ദുറഷീദ്, കോഡിനേറ്റിംഗ് എഡിറ്റര്‍ ഡോ. കെ ടി അന്‍വര്‍ സാദത്ത്, യുവത സി ഇ ഒ ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Back to Top