26 Friday
July 2024
2024 July 26
1446 Mouharrem 19

സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ മതതാരതമ്യ പഠനത്തിന്റെ പോരാളി

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ നവോത്ഥാന ശില്‍പി സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ ജീവചരിത്രം വിസ്മയകരമായ അധ്യായങ്ങളാല്‍ ഐശ്വര്യപൂര്‍ണമാണ്. അദ്ദേഹത്തിന്റെ മത-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏറിയപങ്കും നിര്‍വഹിക്കപ്പെട്ടത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണെങ്കിലും മഹത്തായ ആ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം കൂടുതല്‍ പ്രകടമായത് 20-ാം നൂറ്റാണ്ടിലാണ്. മതപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം, ഗ്രന്ഥരചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, പ്രഭാഷണം തുടങ്ങി മക്തി തങ്ങള്‍ കൈവെക്കാത്ത മേഖലകള്‍ വളരെ വിരളമാണ്.
1847-ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപത്തെ വെളിയങ്കോട് സയ്യിദ് അഹ്മദ് തങ്ങളുടെയും ശരീഫാ ബീവിയുടെയും പുത്രനായാണ് മക്തി തങ്ങളുടെ ജനനം. പിതാവില്‍ നിന്ന് അറബിഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് വെളിയങ്കോട്, പൊന്നാനി, മാറഞ്ചേരി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ നിന്നും ചാവക്കാട് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടി. അറബി, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളില്‍ അദ്ദേഹത്തിന് മികച്ച പ്രാവീണ്യമുണ്ടായിരുന്നു. അസാമാന്യ പ്രതിഭയായിരുന്ന മക്തി തങ്ങളെ ബ്രിട്ടീഷ് സര്‍ക്കാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായി നിയോഗിച്ചു. എന്നാല്‍ തന്റെ പ്രവര്‍ത്തനമേഖല ഇതല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 35-ാം വയസ്സില്‍ ജോലി രാജിവെച്ചു. പ്രഭാഷണങ്ങള്‍ക്കും എഴുത്തിനും വേണ്ടിയുള്ള സമര്‍പ്പിത ജീവിതമായിരുന്നു തുടര്‍ന്നുള്ള നാളുകള്‍.
ഒട്ടേറെ ചരിത്രങ്ങളുടെ മഹാനായ ശില്‍പി കൂടിയായിരുന്നു മക്തി തങ്ങള്‍. ബ്രിട്ടീഷുകാര്‍ ക്രൈസ്തവ മതസ്ഥാപനത്തിനു സൂത്രങ്ങള്‍ മെനഞ്ഞപ്പോള്‍ അസാമാന്യ ധിഷണയുടെയും പാണ്ഡിത്യത്തിന്റെയും പര്യായമായിരുന്ന മക്തി തങ്ങള്‍ അനിതരസാധാരണമായ ശൈലിയില്‍ അക്കമിട്ട് സര്‍വ വിമര്‍ശനങ്ങളുടെയും അടിവേരുകള്‍ അപ്പാടെ പിഴുതെറിഞ്ഞു. അദ്ദേഹം സ്ഥാപിച്ച മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തില്‍ വൈജ്ഞാനിക വിപ്ലവത്തിന് ഊര്‍ജം നല്‍കി.
മാതൃഭാഷ പഠിക്കാന്‍ മുസ്‌ലിംകളെ പ്രചോദിപ്പിച്ചത് മക്തി തങ്ങളായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും മലയാള ഭാഷയ്ക്ക് തിളക്കമാര്‍ന്ന സംഭാവനകള്‍ അര്‍പ്പിച്ച ഉജ്വല പ്രതിഭയായിരുന്നു അദ്ദേഹം. കേരളീയ മുസ്‌ലിംകളുടെ മാതൃഭാഷ മലയാളമായിരുന്നെങ്കിലും എഴുതാന്‍ ഉപയോഗിച്ചത് അറബിമലയാളം എന്ന അറബി ലിപിയായിരുന്നു. മാതൃഭാഷയുടെ പോരാളിയായി അദ്ദേഹം രംഗത്തിറങ്ങി. മലയാളത്തില്‍ ഗദ്യമെഴുതിയ ആദ്യത്തെ മുസ്‌ലിം അദ്ദേഹമാണ്. വിഖ്യാത ഗ്രന്ഥങ്ങളായ ‘കഠോരകുഠാരം’ 1884-ലും ‘പാര്‍ക്കലീത്താ പോര്‍ക്കളം’ 1892-ലും അദ്ദേഹം പ്രസിദ്ധീകരിച്ചു.
ക്രിസ്തുമത പ്രചാരകര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും നൃശംസിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ക്രിസ്തുമതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ നിര്‍ബന്ധിക്കുകയും ചെയ്തപ്പോഴാണ് ‘കഠോരകുഠാരം’ എന്ന ഗ്രന്ഥത്തിലൂടെ മക്തി തങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റത്. കഠോരകുഠാരം എന്നാല്‍ കഠിന പ്രഹരശേഷിയുള്ള കോടാലി എന്നാണര്‍ഥം. ത്രിയേകത്വ ദൈവസങ്കല്‍പത്തെ തകര്‍ക്കുന്ന മൂര്‍ച്ചയുള്ള ഖഡ്ഗം എന്ന അര്‍ഥത്തിലാണ് മക്തി തങ്ങള്‍ പുസ്തകത്തിന് ഈ പേര് നല്‍കിയത്.
മലയാളത്തിലെ ഒന്നാമത്തെ ക്രിസ്തുമത വിമര്‍ശന ഗ്രന്ഥമാണ് കഠോര കുഠാരം. ഒരു മുസ്‌ലിം പണ്ഡിതനും ഒരു ക്രൈസ്തവ ഉപദേശിയും തമ്മിലുള്ള സംഭാഷണരൂപേണയാണ് ഈ കൃതിയുടെ ഉള്ളടക്കം. ത്രിയേകത്വ ദൈവവിശ്വാസം അടിസ്ഥാനരഹിതമാണെന്ന് ഇവര്‍ തമ്മിലുള്ള സംഭാഷണം മുഖേന വായനക്കാരനെ കൃത്യമായി ഈ കൃതി ബോധ്യപ്പെടുത്തുന്നു. ദരിദ്ര ജനങ്ങളെ മുതലെടുത്ത് മതം മാറ്റുന്നതിന്റെ അര്‍ഥശൂന്യതയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
‘ക്രിസ്തീയ അജ്ഞേയ വിജയം അഥവാ പാര്‍ക്കലീത്താ പോര്‍ക്കളം’ ജൂത-ക്രൈസ്തവ വേദങ്ങളുടെ ആഗമന യാഥാര്‍ഥ്യം ബൈബിള്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ ഖണ്ഡിതമായി സ്ഥാപിച്ച അപൂര്‍വ കൃതിയാണ്. ക്രിസ്തുമത പ്രചാരകരുടെ വാദങ്ങളെ അപ്പാടെ തകര്‍ത്ത് തരിപ്പണമാക്കിയ ഈ കൃതികളെ ഖണ്ഡിക്കുന്നവര്‍ക്ക് 200 രൂപ ഇനാം അദ്ദേഹം പ്രഖ്യാപിച്ചു. പക്ഷേ, കിണഞ്ഞു പരിശ്രമിച്ചിട്ടും ആര്‍ക്കും അതിന് സാധിച്ചില്ല. വെല്ലുവിളിച്ചവര്‍ എല്ലാവരും പൂര്‍ണ പരാജിതരായി പിന്‍വാങ്ങുകയായിരുന്നു.
മരപ്പലകയില്‍ എഴുതിപ്പഠിച്ചിരുന്ന അറബി അക്ഷരപാഠങ്ങളെ അച്ചടിച്ച് ജനങ്ങളിലേക്ക് എത്തിച്ച ആദ്യ പ്രസിദ്ധീകരണം മക്തി തങ്ങളുടെ ‘തഅ്‌ലീമുല്‍ ഇഖ്‌വാന്‍’ ആയിരുന്നു. ഇംഗ്ലീഷുകാരോടൊപ്പം അവരുടെ മതവും നമ്മുടെ നാട്ടില്‍ ആധിപത്യത്തിന് മുതിര്‍ന്നപ്പോള്‍ അദ്ദേഹം കര്‍മോത്സുകനായി രംഗത്തെത്തി. കേരളമാകെ സഞ്ചരിച്ച് ക്രൈസ്തവ പാതിരിമാരോടും മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികരോടും തുടര്‍ച്ചയായ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം ശക്തമായ ബോധവത്കരണം നടത്തി.
മതതാരതമ്യ പഠനത്തിന്റെയും സൗഹാര്‍ദപൂര്‍ണമായ സംവാദശൈലിയുടെയും വഴി കാണിച്ചത് മക്തി തങ്ങളായിരുന്നു. ഹിന്ദു വേദങ്ങളെ സംബന്ധിച്ചും മക്തി തങ്ങള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നു. അദ്വൈത സിദ്ധാന്തത്തെ നിരൂപണം നടത്തി രചിച്ച ‘ലാ മൗജൂദില്‍ ലാ പോയിന്റ്’ ഹൃദ്യമായമായ രചനയാണ്.
ഹൈന്ദവ-ക്രൈസ്തവ-മുസ്‌ലിം സമൂഹത്തിനിടയില്‍ പ്രചരിച്ച സര്‍വ വികല വിശ്വാസങ്ങളെയും മക്തി തങ്ങള്‍ യുക്തിസഹമായി നേരിട്ടു. എങ്കിലും വിഭാഗീയതകള്‍ക്കതീതമായ സുഹൃദ്‌വലയങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. 1888-ല്‍ പുറത്തിറങ്ങിയ ‘പരോപകാരി’ നടത്തുന്നതിന് മക്തി തങ്ങള്‍ക്ക് സഹായം നല്‍കിയത് ഹിന്ദു സ്‌നേഹിതന്മാരായിരുന്നു. ആറു വര്‍ഷത്തോളം കൃത്യമായി ഇത് പ്രസിദ്ധീകരിച്ചു. കുടുംബപരമായി ശാദുലി ത്വരീഖത്തുകാരുടെ ഇടയില്‍ ജനിച്ചിട്ടുകൂടി, പരസ്പര തര്‍ക്കവിതര്‍ക്കങ്ങളും പള്ളി ബഹിഷ്‌കരണവുമായി സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കിയിരുന്ന ഖാദിരി-രിഫാഇ-നഖ്ശബന്ദി-ചിശ്തി ത്വരീഖത്തുകളെ നിശിതമായി എതിര്‍ക്കാന്‍ മക്തി തങ്ങള്‍ക്ക് ഒട്ടും ഭയമുണ്ടായിരുന്നില്ല.
താന്‍ ജീവിച്ച ചുറ്റുപാടുകളില്‍ മിഷനറിമാരോടുള്ള വൈജ്ഞാനിക പോരാട്ടത്തിന് ഒരു ആനുകാലിക പ്രസിദ്ധീകരണം അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ് അതിന്റെ പ്രയോഗവത്കരണത്തിനു വേണ്ടി സ്വയം അഗതിയായിത്തീരുകയായിരുന്നു മക്തി തങ്ങള്‍. വീടു വിറ്റ് അന്നന്നത്തെ ആഹാരം എവിടെ നിന്നെന്നു പോലുമറിയാതെ പ്രഭാഷണവും എഴുത്തുമായി കേരളത്തിന്റെ മുക്കുമൂലകളില്‍ നിത്യസഞ്ചാരിയായി അദ്ദേഹം മാറിയത് ‘പരോപകാരി’ പ്രസിദ്ധീകരിച്ചതിന്റെ അനന്തരഫലമായിരുന്നു! മൂന്നു പതിറ്റാണ്ടു കാലം മക്തി തങ്ങളുടെ തൂലിക ചലിച്ചത് പ്രാതികൂല്യങ്ങളുടെ കാഠിന്യം മാത്രമുള്ള എമ്പാടും പ്രതലങ്ങളിലൂടെയാണ്. കൊടിയ ദാരിദ്ര്യവും സ്വന്തം സമുദായത്തിനകത്തുനിന്നുള്ള നിസ്സഹകരണങ്ങളും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് മിഷനറിമാര്‍ സംഘടിതമായി സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രതിബന്ധങ്ങളും ഒന്നിനു പിറകെ മറ്റൊന്നായി തുരുതുരാ വേട്ടയാടിയിട്ടും മക്തി തങ്ങള്‍ നട്ടെല്ലു നിവര്‍ത്തി ധീരനായി പൊരുതി! ഇത് കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്തതാണ്! ആദര്‍ശ പ്രചാരണത്തിനും പ്രതിരോധത്തിനും വേണ്ടി നിരവധി അഗ്‌നിപരീക്ഷണങ്ങള്‍ ഏറ്റുവാങ്ങി ഒറ്റയാനായി എമ്പാടും ത്യാഗത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ച പരിഷ്‌കര്‍ത്താവാണ് അദ്ദേഹം.
ഹൈന്ദവ-ക്രൈസ്തവ-ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അടിസ്ഥാന ആശയങ്ങളുടെ താരതമ്യ പഠനമായ ‘സത്യദര്‍ശിനി’, തൃശൂര്‍ നഗരത്തില്‍ ഇസ്‌ലാമിനെ സമര്‍ഥിച്ചുകൊണ്ട് നടത്തിയ 17 ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പരയ്‌ക്കൊടുവില്‍ മിഷനറിമാരില്‍ നിന്ന് എഴുതി ലഭിച്ച ചോദ്യങ്ങള്‍ക്ക് അയച്ച വിശദമായ മറുപടികള്‍ പുസ്തകമാക്കിയ ‘തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ്’, മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും താരതമ്യം ചെയ്ത് യേശു മഹാനും നബി നിന്ദ്യനുമാണെന്ന് വരുത്താന്‍ ശ്രമിച്ച ഒരു മിഷനറി സൊസൈറ്റി ലഘുലേഖയ്ക്കുള്ള മറുപടിയായ ‘മക്തി സംവാദജയം’, ‘നബി നാണയം’ തുടങ്ങി നാല്‍പതിലേറെ പുസ്തകങ്ങളും പ്രൗഢോജ്വലമായ നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അവസാനകാലത്ത് രോഗപീഡകള്‍ തളര്‍ത്തുന്നതുവരേക്കും കേരളത്തില്‍ ഒരു കൊടുങ്കാറ്റു പോലെ വിശ്രമമില്ലാതെ ആ ജീവിതം അലയടിച്ചു. 1912 സപ്തംബര്‍ 18-ന് മക്തി തങ്ങള്‍ നിര്യാതനായി. ഫോര്‍ട്ട് കൊച്ചിയിലെ കല്‍വത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഭൗതികശരീരം സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x