5 Saturday
July 2025
2025 July 5
1447 Mouharrem 9

മക്ക: പ്രിയപ്പെട്ട ഭൂമി

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു അദിയ്യ് അല്‍ഹംറാഅ്(റ) പറയുന്നു: മക്കയിലെ ഹസ്‌വറയില്‍ തന്റെ വാഹനപ്പുറത്തിരുന്ന് നബി(സ) പറയുന്നതായി അദ്ദേഹം കേട്ടു. (ഓ മക്ക), അല്ലാഹുവാണേ, നീ അല്ലാഹുവിന്റെ ഭൂമിയില്‍ ഉത്തമമായ ഭൂമിയാണ്. അല്ലാഹുവിനേറ്റവും ഇഷ്ടപ്പെട്ട ഭൂമിയും നീ തന്നെ. ഇവിടെ നിന്ന് എന്നെ ബഹിഷ്‌കരിച്ചി ട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് പുറത്തുപോകുമായിരുന്നില്ല. (അഹ്മദ്, നസാഈ, തിര്‍മിദി, ഇബ്‌നുമാജ)

ചില നാടും ചില വ്യക്തികളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ചില വസ്തുക്കളും ചില കാലവും വ്യതിരിക്തമായതുപോലെ. ചില പ്രദേശങ്ങളോടുള്ള ഇഷ്ടം മനസ്സില്‍ മായാതെ നിലനില്‍ക്കുക സ്വാഭാവികമാണ്. അവിടെ കേന്ദ്രീകരിക്കാന്‍ മനസ്സ് തുടിക്കും. അതുമായി ബന്ധിപ്പിക്കാന്‍ ഹൃദയം വെമ്പല്‍കൊള്ളും. അവിടേക്ക് തീര്‍ഥാടനം നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. വിശ്വാസികളുടെ മനസ്സില്‍ അത്തരം ഒരു ഇഷ്ടം നിലനില്‍ക്കുന്ന കേന്ദ്രമത്രെ പരിശുദ്ധ മക്ക. നിര്‍ഭയത്വത്തിന്റെയും വിശ്വസ്തതയുടെയും കേന്ദ്രമത്രെ അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാലാകാലങ്ങളായി മുസ്്‌ലിംകള്‍ ഒരുമിച്ചുകൂടുന്ന പൂണ്യഭൂമിയാണത്. അവിടേക്കുള്ള യാത്രയ്ക്കായി പണം ചെലവഴിക്കുന്നത് അതിനോടുള്ള ഇഷ്ടംകൊണ്ടാണ്.
കാരണം, അവിടെയാണ് മുസ്്‌ലിംകള്‍ തങ്ങളുടെ നമസ്‌കാരത്തില്‍ മുഖം തിരിക്കുന്ന കേന്ദ്രം നിലകൊള്ളുന്നത്. തീര്‍ച്ചയായും മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാമന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശനമായും (നിലകൊള്ളുന്നു). അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍-(വിശിഷ്യാ) ഇബ്‌റാഹീം നിന്ന സ്ഥലം-ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ, അവര്‍ നിര്‍ഭയരായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു (3:96,97)
അതിനോടുള്ള ബഹുമാനവും ആദരവും വിശ്വാസിയുടെ മനസ്സിലെ ഭക്തിയുടെ അടയാളമാകുന്നു. ആ പള്ളിയിലെ ഒരു നമസ്‌കാരം അതിന് പുറത്തുള്ള ഒരു ലക്ഷം നമസ്‌കാരത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന നബിവചനം അതിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്നു. പരിശുദ്ധ കഅ്ബാലയം സ്ഥിതിചെയ്യുന്ന മക്കയോടുള്ള അടുപ്പവും ബന്ധവും വിശ്വാസികളുടെ മനസ്സില്‍ നിലനില്ക്കുന്ന ഒരു വികാരമാണ്. അല്ലാഹുവിങ്കല്‍ എറ്റവും ശ്രേഷ്ഠമായ ഭൂമിയാണ് മക്കയെന്നും ആ നാടിനോടുള്ള സ്‌നേഹം ഒരിക്കലും വിശ്വാസികളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോവുകയില്ലെന്നും നബിതിരുമേനിയുടെ ഈ വചനത്തിലൂടെ ബോധ്യപ്പെടുന്നതാണ്.

Back to Top