മക്ക
അഹ്മദ് ഇഖ്ബാല്‍ കട്ടയാട്ട്
സര്‍വദാ തുടിക്കുന്ന ഭുവന ഹൃദയമേ
സര്‍വരും ഭയമേലാതണയും ഭവനമേ
എങ്ങുമിത്തിരി ജലം കാണാതെ ബീവി ഹാജര്‍
വിങ്ങിയ നേരത്തല്ലോ ചുരത്തി അമൃതം നീ
ഉന്നതന്‍ ഖലീലുല്ലാഹ് ആദ്യമായ് തൗഹീദിന്റെ
മന്ദിരമുയര്‍ത്തി നിന്‍ കീര്‍ത്തിയെ ഘോഷിച്ചില്ലേ
പിന്നെയും നൂറ്റാണ്ടുകള്‍ക്കിപ്പുറം അതേ മണ്ണില്‍
വന്നണഞ്ഞില്ലേ ലോകര്‍ക്കാകെയും റസൂലൊരാള്‍
ഏവരും വിശ്വസ്തനെന്നോമനിച്ചവന്‍ അതാ
കേവലം ബഹിഷ്‌കൃതന്‍, ഒടുവില്‍ ജേതാവായ്
മഹനീയമായി നിന്‍ നാമമാ മണ്ണും വിണ്ണും
വഹ്‌യിന്‍ അഭൗമമാം തന്തുവില്‍ സന്ധിച്ചില്ലേ
കഠിനശിലകളെ ഇളക്കി അലിയിക്കും
നദിയായ് വേദത്തിന്റെ വരികള്‍ വ്യാപിച്ചില്ലേ
ജബലുന്നൂറില്‍ അന്നു തെളിഞ്ഞ ദീപത്തിന്റെ
പ്രഭയല്ലയോ വിശ്വമാകെയും നിറയുന്നു.