മഹ്മൂദ് നഹ ഓര്‍മയായി
മന്‍സൂറലി ചെമ്മാട
മതസാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പരപ്പനങ്ങാടിയിലെ കെ മഹ്മൂദ് നഹ (87) നിര്യാതനായി. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും ട്രഷററുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002-ലെ മുജാഹിദ് പിളര്‍പ്പില്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിക്കൊപ്പം അനുരഞ്ജനത്തിന് പരിശ്രമിക്കുകയും അത് സാധ്യമാകാതെ വന്നപ്പോള്‍ ഇരുപക്ഷത്തും ചേരാതെ ദീര്‍ഘകാലം നിഷ്പക്ഷനായി തുടരുകയും ചെയ്തു.
1999-ല്‍ പ്രസ്ഥാനത്തിനകത്ത് ആദര്‍ശവ്യതിയാനാരോപണം തലപൊക്കുകയും അതിനെ തുടര്‍ന്ന് അപസ്വരങ്ങളും ഛിദ്രതയും പ്രകടമാവുകയും ചെയ്തപ്പോള്‍ ആരോപണങ്ങളുടെ വ്യര്‍ഥത തിരിച്ചറിയുകയും പിളര്‍പ്പിലേക്കുള്ള നീക്കം പരാജയപ്പെടുത്താന്‍ അത്യധ്വാനം നടത്തുകയും ചെയ്തു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയോടൊത്ത് സംഘടനയുടെ മുന്‍നിര നേതാക്കളെയും ആരോപകരെയും ആരോപിതരെയും നിരന്തരം ബന്ധപ്പെട്ട് പിളര്‍പ്പൊഴിവാക്കാനുള്ള മാര്‍ഗങ്ങളാരാഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് സംഭവിച്ചതിനു ശേഷവും പുനരൈക്യത്തിനായി അദ്ദേഹം വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
പിളര്‍പ്പില്‍ കക്ഷിചേരാതെ മാറിനിന്നെങ്കിലും സംഘടനാ തര്‍ക്കങ്ങളിലും വിവാദങ്ങളിലും നഹാസാഹിബിന് കൃത്യമായ നിലപാടുണ്ടായിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന പട്ടിത്തറ അവറാന്‍ മൗലവിയില്‍ നിന്ന് പകര്‍ന്ന് കിട്ടിയ കാര്‍ക്കശ്യവും ആര്‍ജവവും ആദര്‍ശ രംഗത്ത് ഒട്ടും ചോരാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു. മുജാഹിദ് പിളര്‍പ്പിന്റെ മറവില്‍ തലപൊക്കിയ ജീര്‍ണതകളെ കുറിച്ചും പുനരാനയിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും ഏറെ ജാഗ്രത പുലര്‍ത്തിയ അദ്ദേഹം അക്കാര്യങ്ങള്‍ മുഖം നോക്കാതെ പറയുകയും അവക്കെതിരെ ശക്തമായി പോരാടുകയും ചെയ്തു.
അവറാന്‍ മൗലവി പരപ്പനങ്ങാടിയിലായിരുന്ന കാലത്ത് മഹ്മൂദ് നഹയെ എഴുതിയേല്‍പ്പിച്ച മൂന്ന് രചനകള്‍ അദ്ദേഹം 10 കൊല്ലം മുന്‍പ് ഒരിക്കല്‍ എന്റെ കയ്യില്‍ തന്ന്, ഇത് പുതിയ സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും ഒന്ന് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു. ‘സിഹ്‌റ്’ എന്ന രചന ആദ്യം പുസ്തകമായി പുറത്തിറക്കാന്‍ തീരുമാനിച്ചു. അവറാന്‍ മൗലവി അക്കാലത്ത് രോഗബാധിതനായി കിടപ്പിലായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് പോയി വിവരം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കുന്നെന്നറിഞ്ഞപ്പോള്‍ മൗലവിക്കും സന്തോഷമായി. പുസ്തകത്തിന്റെ അവതാരിക മഹ്മൂദ് നഹ തന്നെ തയ്യാറാക്കിത്തന്നു. പുസ്തകം പുറത്തിറങ്ങിയപ്പോഴേക്കും അവറാന്‍ മൗലവി വിടപറഞ്ഞിരുന്നു. എങ്കിലും മഹ്മൂദ് നഹ തന്നെ പുസ്തകം പ്രചരിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്നു. മരണത്തിന്റെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ പുസ്തകത്തിന്റെ കോപ്പികള്‍ വ്യാപകമായി വിതരണം ചെയ്തിരുന്നു.
പ്രദേശത്തെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലും നവോത്ഥാന സംരംഭങ്ങളിലും നഹാ സാഹിബിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തിന്റെയും വിയര്‍പ്പിന്റെയും അടയാളങ്ങള്‍ പതിഞ്ഞ് കിടക്കുന്ന സ്ഥാപനമാണ് പരപ്പനങ്ങാടി പുത്തരിക്കലുള്ള എജ്യുക്കേഷണല്‍ കോംപ്ലക്‌സ് ആന്റ് ചാരിറ്റി സെന്റര്‍. ഇ സി സി സിക്ക് കീഴിലുള്ള ഇശാഅത്തുല്‍ ഇസ്‌ലാം അറബിക് കോളജ്, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പരപ്പനങ്ങാടി ഐ ടി ഐ, പരപ്പനങ്ങാടി അനാഥാലയം, മസ്ജിദ് അമീന മുഹമ്മദ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്ഥാപകനും ദീര്‍ഘ കാലത്തെ ജനറല്‍ സെക്രട്ടറിയും മാനേജറുമായിരുന്നു. ഇവിടുത്തെ കെട്ടിടങ്ങളിലോ അതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലോ മാത്രമല്ല, വിശാലമായി കിടക്കുന്ന ഈ കാമ്പസിലെ ഓരോ വൃക്ഷങ്ങളിലും അവയിലെ കായ്കനികളിലും ചെറു ചെടികളില്‍ പോലും നഹാസാഹിബിന്റെ വിയര്‍പ്പു കണങ്ങളുണ്ട്. കൃഷിയെയും പൂക്കളെയും സ്‌നേഹിച്ച ഒരു നല്ല കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. വീട്ടു മുറ്റത്തും തന്റെ ഉടമസ്ഥതയിലുള്ള പറമ്പുകളിലും വ്യത്യസ്ത തരത്തിലുള്ള മരങ്ങള്‍ നട്ടുപിടിക്കുന്നതിലും കൃഷി ചെയ്യുന്നതിലും അദ്ദേഹം കാണിച്ച ശുഷ്‌കാന്തി മാതൃകാപരമാണ്. വിദേശയാത്രകളില്‍ പോലും അദ്ദേഹം വ്യത്യസ്തങ്ങളായ ചെടികളും വിത്തുകളും ശേഖരിച്ച് നാട്ടിലെത്തിച്ചു.
കര്‍പ്പൂരം തൊട്ട് പപ്പായ വരെ നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് പാഴ്‌ചെടികള്‍ക്ക് ഇടമില്ല. വിദേശ പഴങ്ങളായ സിങ്കപൂര്‍ സീതപ്പഴം, അസല്‍ നട്ട്, ലബനാന്‍ നാരങ്ങ തുടങ്ങി മാംഗോസ്റ്റിന്‍, മുള്ളന്‍ചക്ക, ജാതിക്ക, കുലച്ചിലില്ലാത്ത തെങ്ങ് വരെയുള്ളവയാല്‍ വീട്ടുമുറ്റവും തൊടിയും സമൃദ്ധമാക്കിയ നഹ ജീവിതാന്ത്യം വരെ കൃഷിയും പരിപാലനവും തുടര്‍ന്നു. കാര്‍ഷിക മേഖലയിലേക്ക് എല്ലാവരെയും പ്രചോദിപ്പിച്ചിരുന്ന അദ്ദേഹം അവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കുമായിരുന്നു.
പരപ്പനങ്ങാടി ഇശാഅത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ മുന്‍ പ്രസിഡന്റും സംഘത്തിനു കീഴിലുള്ള സൂപ്പിക്കുട്ടി നഹാ മെമ്മോറിയല്‍ സ്‌കൂളിന്റെ ദീര്‍ഘ കാലത്തെ മാനേജറുമായിരുന്നു. സ്‌കൂളിന്റെ വളര്‍ച്ചയുടെ പടവുകളിലും നിര്‍ണ്ണായക സാന്നിധ്യമായിരുന്നു മഹ്മൂദ് നഹ. തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി അംഗമായിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 25 വര്‍ഷം മുമ്പ് വനിതകള്‍ക്കായി ടൈലറിംഗ് യൂണിറ്റും പ്രതിഭാ ടൈപ്പ് റൈറ്റിംഗ് സെന്ററും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന രംഗത്തെ മായാത്ത ഓര്‍മ്മകള്‍ ഏറെയാണ്.
2014-ല്‍ കോട്ടക്കല്‍ നടന്ന മുജാഹിദ് സമ്മേളനത്തില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചത് മഹ്മൂദ് നഹയും ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുമായിരുന്നു. ആദര്‍ശ പ്രചരണ രംഗത്ത് സജീവപങ്കാളിത്തവും ജാഗ്രതയും പുലര്‍ത്തിയിരുന്ന മഹ്മൂദ് നഹ എല്ലാ വിഭാഗം ആളുകളോടും നല്ല ബന്ധം കാത്തു സൂക്ഷിച്ചു. നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും സമര്‍ഥനായ ഒരു മധ്യസ്ഥന്‍ കൂടിയായിരുന്നു അദ്ദേഹം. പരപ്പനങ്ങാടിയിലെ വ്യാപാര മേഖലയിലെ സജീവ സാന്നിധ്യം കൂടിയായിരുന്ന മഹ്മൂദ് നഹ നാടിന്റെ വികസന കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ജീവകാരുണ്യ രംഗത്തും നഹാ സാഹിബ് കരുത്തുറ്റ മാതൃകയായിരുന്നു.
മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ അവുക്കാദര്‍ കുട്ടി നഹയുടെ ജേഷ്ഠന്‍ സൂപ്പിക്കുട്ടി നഹയുടെ മകനാണ് മഹ്മൂദ് നഹ. അവുക്കാദര്‍ കുട്ടി നഹയുടെ മകള്‍ ആയിഷ ബീവിയാണ് ഭാര്യ. ഇസ്‌ലാഹീ പ്രവര്‍ത്തന രംഗത്തും സാമൂഹ്യ രംഗത്തും സജീവ സാന്നിധ്യമായ അബ്ദുല്‍ഹമീദ് നഹ, മുനീര്‍ നഹ, ഹസീന മക്കളാണ്. അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ. ജീവിത വിജയം വരിച്ച സദ്‌വൃത്തരില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമാറാവട്ടെ (ആമീന്‍)