മഹാന്മാരുടെ ചരിത്രം വളച്ചൊടിച്ച് അവിവേകത്തെ വെളുപ്പിക്കാനാവില്ല
മന്‍സൂറലി ചെമ്മാട്
‘വഹാബി പ്രസ്ഥാനം ബ്രിട്ടീഷ് സൃഷ്ടിയാണ്, കേരളത്തിലെ അതിന്റെ സ്ഥാപകന്‍ ബ്രിട്ടീഷ് ചാരനായ കെ എം മൗലവിയാണ്. ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്യലായിരുന്നു വഹാബികളുടെ പണി. ബ്രിട്ടീഷുകാരെ പേടിച്ച് കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടിയ ഭീരുവാണ് കെ എം മൗലവി’ -കേരള മുസ്ലിം നവോത്ഥാന ശില്‍പികളില്‍ പ്രമുഖനായ കെ എം മൗലവിക്കെതിരായ വ്യാജമായി ചമച്ചതും പഴകിപ്പുളിച്ചതുമായ കുറേ കുറ്റപത്രങ്ങളുമായി കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ സൈബര്‍ പോരാളികളുടെ പ്രചാരണങ്ങളാണിവ.
ഉസ്താദുമാരോതിത്തന്ന ആരോപണങ്ങള്‍ ചങ്ക് തൊടാതെ വിഴുങ്ങുന്നവര്‍ ബ്രിട്ടീഷ് ചാരന്‍ എന്തിനാ ബ്രിട്ടീഷുകാരെ പേടിച്ചൊളിച്ചോടുന്നത് എന്നുപോലും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരാണ്. സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞ് നിന്ന പൂര്‍വികരുടെ കറുത്ത ചിത്രം മറച്ചുപിടിക്കാന്‍ ഇതൊക്കെ മതി എന്നാണ് അവര്‍ കരുതുന്നത്. ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘത്തില്‍ അംഗങ്ങളായി ചേരുന്ന മുസ്ല്യാന്മാര്‍ കോണ്‍ഗ്രസുകാരല്ലാത്തവരും ഗവണ്‍മെന്റ് കക്ഷികളാവണമെന്നും’ (സമസ്ത ആറാം വാര്‍ഷിക റിപ്പോര്‍ട്ട് 15-ാം പ്രമേയത്തിലെ ആറാം ഖണ്ഡിക-1934) നിബന്ധന വെച്ച ഒരു പ്രസ്ഥാനത്തിന്റെ കൊടി പിടിച്ചാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മുന്നണിപ്പോരാളികളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നതെന്നത് എന്ത് വിരോധാഭാസമാണ്!
‘ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ്സു കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്ലിംകള്‍ക്ക് ചെയ്വാന്‍ പാടില്ലാത്തതാവുന്നു’ (സമസ്ത ആറാം വാര്‍ഷിക റിപ്പോര്‍ട്ട്-പേജ് 34, 35) എന്ന, പഴയ രേഖകളില്‍ പൊടിപിടിച്ച് കിടക്കുന്ന പ്രമേയം പൂര്‍വികരുടെ അവിവേകമായിരുന്നുവെന്നൊരു കുറ്റസമ്മതം പോലും നടത്താതെയാണ് മുസ്ല്യാക്കള്‍ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നത്.
അല്പം ചരിത്രം പറയാം. 1921 ആഗസ്ത് 20, വൈദേശികാധിപത്യത്തിനെതിരായ പോരാട്ട ചരിത്രത്തിലെ അവിസ്മരണീയമായ ദിനമായിരുന്നു അത്. ആറ് മാസത്തെ തടവിന് ശേഷം ജയില്‍മോചിതരാവുന്ന ഖിലാഫത്ത് പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ മാപ്പിളമാര്‍ നടത്തിയ ഒരുക്കത്തെ യുദ്ധസന്നാഹമായി തെറ്റിദ്ധരിച്ച് കണ്ണൂരില്‍ നിന്നെത്തിയ വെള്ളപ്പട്ടാളം തിരൂരങ്ങാടി പ്രദേശത്താകമാനം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളികളും ഓഫീസുകളും കയ്യേറിയും വിശുദ്ധ ഖുര്‍ആനുള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളും റിക്കാര്‍ഡുകളും നശിപ്പിച്ചും പ്രവര്‍ത്തകരെ അറസ്റ്റുചെയ്തുമൊക്കെ അവര്‍ പ്രകോപനമുണ്ടാക്കി. വെള്ളക്കാര്‍ ആഗ്രഹിച്ചതുപോലെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. മമ്പുറം പള്ളി തകര്‍ത്തതായും കിംവദന്തിയുണ്ടായി.
ജനങ്ങള്‍ കോട്ടക്കല്‍ ചന്ത കേന്ദ്രീകരിച്ച് തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. കയ്യില്‍ കിട്ടിയ വടികളും കല്ലുകളുമൊക്കെയായി പ്രകോപിതരായി തിരൂരങ്ങാടിയിലെത്തിയ ജനക്കൂട്ടം, പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയ ഖിലാഫത്ത് പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യവുമായി പൊലീസ് ക്യാമ്പിലേക്ക് പോവുകയാണ്. അത്യന്തം സംഘര്‍ഷഭരിതമായ അന്തരീക്ഷം! വിവരമറിഞ്ഞ് കെ എം മൗലവിയും അവിടെയെത്തി. അത്യാധുനിക ആയുധങ്ങളേന്തിയ പട്ടാളത്തിനു നേരെ കഠാരയും വടിയുമായി നേരിടുന്നതിന്റെ അവിവേകം അദ്ദേഹത്തെ അസ്വസ്ഥനാക്കി. അത്തരത്തിലൊരേറ്റുമുട്ടലിന്റെ ഭവിഷ്യത്ത് ആ ആള്‍ക്കൂട്ടത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ വേറെ ആരുമുണ്ടായിരുന്നില്ല. മുപ്പത്തഞ്ച് വയസ്സുള്ള യുവാവായിരുന്ന അദ്ദേഹം ഒരു മതിലില്‍ കയറി നിന്ന് ഉച്ചത്തില്‍ ജനങ്ങളോട് വിളിച്ച് പറഞ്ഞു:
”നമ്മുടെ നിസ്സഹകരണ സമരം അക്രമ സമരമല്ല. സഹന സമരമാണ്. അധികാരിവര്‍ഗം നമ്മെ എത്ര തന്നെ ആക്രമിച്ചാലും സഹിക്കുകയല്ലാതെ നാം പകരം ചെയ്യാന്‍ തുനിയരുത്. അത് കൂടുതല്‍ നാശത്തിനും ഖേദത്തിനും ഇടയാക്കും. കോണ്‍ഗ്രസ്സും ഖിലാഫത്തും ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കുകയില്ല. അറസ്റ്റു ചെയ്തവരെ വിട്ടയക്കുന്നത് വരെ നാം ക്ഷമിക്കണം” -അദ്ദേഹം ആ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു.
കെ എം മൗലവിയുടെ ആഹ്വാനം കേട്ട് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വിളിച്ച് ചോദിച്ചു: ‘നമ്മുടെ പള്ളി ആക്രമിച്ചതിന് പകരം ചോദിക്കാത്തതിനെ പറ്റി അല്ലാഹു പരലോകത്ത് വെച്ച് ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയും?’ മൗലവി ഉടന്‍ മറുപടി പറഞ്ഞു: ‘അല്ലാഹുവിനോട് അതിനെക്കുറിച്ച് ഈ സാധുവായ തയ്യില്‍ മുഹമ്മദ്കുട്ടി ഉത്തരം പറഞ്ഞുകൊള്ളാം. നിങ്ങള്‍ ഭയപ്പെടാതെ പിരിഞ്ഞുപോവുക.’
കുറെ ആളുകള്‍ അതുകേട്ട് പിരിഞ്ഞുപോയി. ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരുപറ്റമാളുകള്‍ തിരൂരങ്ങാടി കച്ചേരിയിലേക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍ പട്ടാളക്കാര്‍ അവര്‍ക്ക് നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഇരുപത് ഖിലാഫത്ത് പ്രവര്‍ത്തകരാണ് അവിടെ രക്തസാക്ഷികളായി പിടഞ്ഞ് വീണത്. മലബാര്‍ കലാപത്തിന് തുടക്കം ഇതായിരുന്നു.
1919-ല്‍ ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്‍ ജയിച്ചതിന്റെ ആഹ്ലാദസൂചകമായി രാജ്യവ്യാപകമായി വിജയദിനം കൊണ്ടാടിയിരുന്നു. തിരൂരങ്ങാടിയില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍, രാഷ്ട്രീയ പ്രസംഗകന്‍ എന്ന നിലക്ക് കെ എം മൗലവിയെ കൂടി അവര്‍ പങ്കെടുപ്പിച്ചു. എന്നാല്‍, ‘ബ്രിട്ടീഷ് സര്‍ക്കാറിന്റെ വിജയം മുസ്ലിംകള്‍ക്ക് പ്രത്യേകം ആഘോഷിക്കാന്‍ മാത്രമില്ല’ എന്ന മുഖവുരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ എം മൗലവിക്കെതിരെ കേസെടുത്തു.
മൗലവി ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ആഗസ്ത് 19-ന്റെ കലാപത്തിന്റെ പേരിലും ബ്രിട്ടീഷ് വിരുദ്ധ പ്രസംഗത്തിന്റെ പേരിലുമുള്ള കേസുകള്‍ വേറെയും. രാജാവിനും ഭരണകൂടത്തിനുമെതിരില്‍ സമരം നടത്താന്‍ മാപ്പിള സമൂഹത്തിന് ഉണര്‍വും ഉശിരും നല്‍കിയ മൗലവിക്കെതിരില്‍ കലക്ടര്‍ ഇ എഫ് തോമസ് പരമാവധി ശിക്ഷയ്ക്ക് തന്നെ ഉത്തരവിട്ടു. കൊലക്കുറ്റവും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ചുമത്തി, മൗലവിയെ പിടികൂടി മൂന്ന് മാസത്തിനകം തൂക്കിക്കൊല്ലാനായിരുന്നു ഉത്തരവ്.
ക്രൂരമായ വേട്ടയാണ് പിന്നീട് പട്ടാളം മൗലവിക്കായി നടത്തിയത്. ബ്രിട്ടീഷുകാര്‍ ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കിയ മതപ്രബോധകരെ പ്രത്യേകിച്ചും അവര്‍ അതിനിഷ്ഠൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുക വരെ ചെയ്യുന്ന സാഹചര്യത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും മൗലവിയെ കൊല്ലാന്‍ നടക്കുന്ന ബ്രിട്ടീഷുകാരില്‍ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങളാരാഞ്ഞത്. കൊടുങ്ങല്ലൂരിലേക്ക് പോവാനുള്ള തീരുമാനമുണ്ടായത് അങ്ങനെയാണ്. ഭീരുത്വം നിറഞ്ഞ ഒരൊളിച്ചോട്ടമായിരുന്നു അതെന്ന് ആ യാത്രയുടെ ചരിത്രമറിയുന്നവര്‍ പറയില്ല. ബ്രിട്ടീഷുകാര്‍ക്ക് അഭിമതനായിരുന്നു അദ്ദേഹമെങ്കില്‍ അത്തരത്തിലൊരു യാത്ര തന്നെ അദ്ദേഹത്തിനാവശ്യമുണ്ടാവില്ലല്ലോ.
മൗലവിയുടെ കൊടുങ്ങല്ലൂരിലേക്കുള്ള പലായനത്തെ ഒളിച്ചോട്ടമായും ഭീരുത്വമായും പരിഹസിക്കുന്നവര്‍ക്കായി ആ യാത്രയുടെ ഒരു ചിത്രം കൂടി വിവരിക്കാം:
ഭാര്യാ സഹോദരനായിരുന്ന എം സി സി അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നിര്‍ദേശം മാനിച്ചായിരുന്നു കൊടുങ്ങല്ലൂരിലേക്കുള്ള യാത്ര. രണ്ട് വിശ്വസ്ത സുഹൃത്തുക്കളോടൊത്ത് വഞ്ചിയില്‍ സാഹസികമായി യാത്ര ചെയ്യുകയായിരുന്നു മൗലവി. അതിനിടെ ചാവക്കാട് വെച്ച് വഞ്ചികള്‍ പരിശോധിക്കുകയായിരുന്ന സായുധ പൊലീസിനു മുന്നില്‍ ചെന്നുപെട്ടു. ഇതുകണ്ട് മൗലവി തന്റെ സഹയാത്രികരോട് പറഞ്ഞു: ‘നമ്മള്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. പൊലീസുകാര്‍ നമ്മെക്കുറിച്ച് ചോദിക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ നാം രക്ഷപ്പെടുമെന്നുറപ്പില്ല. സത്യം പറഞ്ഞിട്ടും പിടിക്കപ്പെട്ടാല്‍ ഒരു ഖേദം മാത്രമേ നമുക്കുണ്ടാവൂ. അസത്യം പറഞ്ഞിട്ടും അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ നാം രണ്ട് ഖേദം സഹിക്കേണ്ടി വരും. അതുകൊണ്ട് എന്ത് ചോദിച്ചാലും സത്യസന്ധമായ ഉത്തരം മാത്രമേ പറയാവൂ.’
എവിടേക്കാണ് യാത്ര എന്ന് പൊലീസുകാരന്‍ ചോദിച്ചപ്പോള്‍ തോണിക്കാരന്‍ പാടൂരിലേക്കാണെന്നാണ് പറഞ്ഞത്. പാടൂരിലേക്ക് പോവുന്ന തോണി ഇവിടെ അടുപ്പിക്കേണ്ടതില്ലെന്ന് അറിഞ്ഞുകൂടേ എന്ന് ചോദിച്ച് പൊലീസുകാരന്‍ തിരിച്ചുപോയി. എന്തിനാണ് പാടൂരിലേക്കെന്ന് കളവ് പറഞ്ഞതെന്ന് തോണിക്കാരനോട് മൗലവി അന്വേഷിച്ചു. തന്റെ നാടായ പാടൂര്‍ എന്നത് പെട്ടെന്ന് നാവിന്‍ തുമ്പത്ത് വന്നുപോയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഏതായാലും കൊടുങ്ങല്ലൂര്‍ യാത്ര പിന്നീടാകാം. ഇപ്പോള്‍ പൊലീസുകാരനോട് പറഞ്ഞതുപോലെ പാടൂരിലേക്ക് പോവുക’ -മൗലവി ആവശ്യപ്പെട്ടു. പാടൂരില്‍ പോയിട്ടാണ് അന്ന് മൗലവി കൊടുങ്ങല്ലൂരിലേക്ക് യാത്രയായത്.
മറ്റൊരിക്കല്‍ പൊലീസ് തന്നെ അന്വേഷിച്ചു നടക്കുന്ന കാലത്ത് വഴിയില്‍ വെച്ച് പേര് ചോദിച്ച പൊലീസുകാരനോട് സത്യം പറഞ്ഞ സംഭവവും വിഖ്യാതമാണ്. പൊലീസുകാരോട് ഇങ്ങനെ നേര് പറയരുതെന്ന് ഉപദേശിച്ച് ആ പൊലീസുകാരന്‍ തിരിച്ചുപോവുകയായിരുന്നു!
കൊടുങ്ങല്ലൂരില്‍ താമസിക്കവെ മൗലവിയെ പിടികൂടാന്‍ ബ്രിട്ടീഷുകാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. മൗലവിയെ ബ്രിട്ടീഷുകാര്‍ തിരഞ്ഞു രാത്രി പട്ടാളം വീട് വളയുകയും വീട്ടില്‍ കയറി പരിശോധിക്കുകയുമൊക്കെ ചെയ്തു. സദാ അവര്‍ മൗലവിയെ നിരീക്ഷിച്ചു കൊണ്ടിരുന്നു. മൗലവിക്കെതിരിലുള്ള കേസുകള്‍ പന്ത്രണ്ട് വര്‍ഷം തികയാനായ സന്ദര്‍ഭത്തില്‍. പൊതുമാപ്പില്‍ അദ്ദേഹം ഉള്‍പ്പെടുന്നതിനു മുമ്പ് അദ്ദേഹത്തെ അറസ്റ്റുചെയ്യലായിരുന്നു അവരുടെ പോലീസിന്റെ ഉദ്ദേശ്യം. പക്ഷെ അവരുടെ ശ്രമങ്ങളെല്ലാം നിഷ്ഫലമായി. ജാതിമത ഭേദമെന്യെ മൗലവിക്ക് സംരക്ഷണം നല്‍കാന്‍ കൊടുങ്ങല്ലൂരിലെ ജനങ്ങള്‍ കൈകോര്‍ത്തു. കൊടുങ്ങല്ലൂരിലെ ഹിന്ദുക്കളുടെ നെഞ്ചില്‍ ചവിട്ടിയല്ലാതെ മൗലവിയെ നിങ്ങള്‍ക്ക് വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ച് പൊലീസുകാരെ മടക്കിയയച്ച കെ സി കുട്ടികൃഷ്ണമേനോനെ പോലെയുള്ളവര്‍ ഈ ചരിത്രത്തില്‍ ജ്വലിച്ച് നില്‍ക്കുന്നു.
ഒടുവില്‍, 1932-ല്‍ കെ എം മൗലവിയുള്‍പ്പെടെയുള്ളവര്‍ക്കെതിരിലുള്ള കുറ്റപത്രം പിന്‍വലിച്ചു. മലബാര്‍ ലഹളയില്‍ കുറ്റക്കാരെന്ന് വിധിക്കപ്പെട്ടവരുടെ പേരില്‍ ചുമത്തപ്പെട്ടിരുന്ന ചാര്‍ജുകള്‍ നിരുപാധികം പിന്‍വലിക്കാന്‍ മദ്രാസ് നിയമസഭയിലും പുറത്തും ഉജ്ജ്വല സമരം നടത്തിയ ബി പോക്കര്‍ സാഹിബിന്റെയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെയുമൊക്കെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ സഫലമായി. തുടര്‍ന്നും സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായിത്തന്നെ മൗലവിയുള്‍പ്പെടെയുള്ള ഇസ്ലാഹീ നേതാക്കള്‍ ശക്തമായി നിലകൊണ്ടു.
എന്നാല്‍, അക്കാലത്ത് പിന്തിരിപ്പന്‍ നിലപാടുകളുമായി ബ്രിട്ടീഷുകാരുടെ പ്രീതി നേടിയെടുത്തും അതിന്റെ ആനുകൂല്യങ്ങളുടെ തണലനുഭവിച്ചും നടന്നവര്‍, സ്വാതന്ത്ര്യ സമരത്തില്‍ മറ്റാരെക്കാളും തങ്ങള്‍ മുന്‍പന്തിയിലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ പല അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണ്. പഴയ കാല വീഴ്ചകള്‍ പോലും അവരതിന് ആയുധമാക്കുന്ന രസകരമായ കാഴ്ചകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണിപ്പോള്‍.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള മുസ്ല്യാക്കളുടെ ആദ്യകാല എതിര്‍പ്പിനെ ബ്രിട്ടീഷ് വിരോധമായി വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പാമരന്മാരെ പഠിപ്പിച്ചിരുന്നത്, സായ്പന്മാരോടുള്ള വിദ്വേഷത്താല്‍ അവരുടെ ഭാഷ പോലും വര്‍ജ്ജിക്കാനുള്ള ആഹ്വാനമായിരുന്നത്രേ.
അന്നത്തെ സമസ്തയുടെയും മുസ്ല്യാക്കളുടെയും ബ്രിട്ടീഷ് വിരോധത്തിന്റെ ‘രൂക്ഷത’ മുകളിലെ പ്രമേയത്തിലും അംഗത്വത്തിന്റെ നിബന്ധനയിലുമൊക്കെ വളരെ വ്യക്തമാണല്ലോ. കൂടാതെ, സമസ്തയുടെ സ്ഥാപകനായി പരിചയപ്പെടുത്തുന്ന അതിന്റെ പ്രഥമ പ്രസിഡന്റായ വരക്കല്‍ മുല്ലക്കോയ തങ്ങളെ കുറിച്ച് അവരുടെ ജിഹ്വ തന്നെ പരിചയപ്പെടുത്തുന്ന ഭാഗം കൂടി ഈ ബ്രിട്ടീഷ് വിരോധത്തിലേക്ക് വരവ് വെക്കാം: ‘മുല്ലക്കോയ തങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചത് ഒരു സായ്പാണ്. പകരം അയാളെ തങ്ങള്‍ മലയാളം പഠിപ്പിച്ചു’ (സത്യധാര മാസിക, 97 ഡിസംബര്‍)
”ശംസുല്‍ ഉലമ ഖുത്ബിയും ബ്രിട്ടീഷുകാര്‍ക്കെതിരിലുള്ള സ്വാതന്ത്ര്യസമരം ശരിയല്ലെന്ന വീക്ഷണക്കാരനായിരുന്നു. സൂറത്തുല്‍ മാഇദയിലെ 83ാം ആയത്തുദ്ധരിച്ച് കൊണ്ടായിരുന്നു ദീര്‍ഘവീക്ഷണമുള്ള ആ പണ്ഡിതന്‍ ബ്രിട്ടീഷുകാര്‍ തന്നെ രാജ്യം ഭരിക്കുന്നതാണ് നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനെക്കാള്‍ ഭേദമെന്നു സമര്‍ഥിച്ചിരുന്നത്.” (ബുല്‍ബുല്‍ ദശവാര്‍ഷികപ്പതിപ്പ്, പേജ് 195).
”ബ്രിട്ടീഷുകാരോടു സമരം നടത്തി അവരെ കെട്ടുകെട്ടിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിക്കലും അനിവാര്യമാണെന്നു വാദിക്കുന്ന കുറേ മൗലവിമാരുണ്ടായിരുന്നു. അതിനു വേണ്ടി പ്രസംഗിക്കുകയും എഴുതുകയും അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും ചെയ്തവര്‍. അവരിലധികപേരും അന്നത്തെ പരിഷ്‌കരണ ചിന്താഗതിക്കാരും യുവാക്കളായ പൊതുപ്രവര്‍ത്തകരും മലയാള കൃതികളും മറ്റും വായിക്കുന്നവരുമായിരുന്നു.” (അതേ പുസ്തകം, പേജ് 199)
അതുപോലെ ഇവരുടെ പഴയകാല പണ്ഡിതനും ആത്മീയ ഗുരുവുമൊക്കെയായി പരിചയപ്പെടുത്തിക്കൊണ്ട് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അല്‍ ബുഖാരിയെക്കുറിച്ച് ഇവര്‍ തന്നെ പറയുന്നത് നോക്കൂ: ”പകല്‍ സമയത്ത് പുറത്തിറങ്ങാതെയും രാത്രികാലത്ത് യാത്രകള്‍ നടത്തിയും കാലങ്ങള്‍ കഴിച്ചു. പ്രത്യേക ദൂതന്‍മാര്‍ ഏര്‍പ്പാട് ചെയ്തതനുസൃതം പല പുരകളും മാറി മാറി ഒളിവ് ജീവിതം നയിച്ചു. വലിയ ചില വീടുകളില്‍ അട്ടത്തൊക്കെയായിരുന്നു താമസം. ചില ഹൈന്ദവ സുഹൃത്തുക്കളുടെ ഭവനങ്ങളില്‍ പോലും താമസിച്ചിട്ടുണ്ട്. വേഷപ്രച്ഛന്നനായായിരുന്നു പലപ്പോഴും നടത്തം, അങ്ങനെ ചില സമയത്ത് ടി എസ് അബ്ദുല്ലക്കോയയെ കണ്ടോ എന്ന് പട്ടാളക്കാര്‍ തങ്ങളുപ്പാപ്പയോട് തന്നെ ചോദിച്ചിരുന്നു. കിണറ്റില്‍ പോലും ഒളിച്ചിരുന്നു.” (രിസാല 98 മെയ് 1)
കെ എം മൗലവിയെ ഒളിവില്‍ താമസിച്ച ഭീരു എന്ന് പരിഹസിക്കുന്നവര്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഒടുവില്‍, കെ എം മൗലവിയെ ആരെക്കാളും അറിയുകയും മനസ്സിലാക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്ന മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ചരിത്രത്തിലും ഈ വ്യാജാരോപണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ട്. കെ എം മൗലവിയുടെ മതവിഷയങ്ങളിലുള്ള താല്‍പര്യവും ആത്മാര്‍ഥതയും ആകര്‍ഷകമായ കയ്യക്ഷരവും പരിഗണിച്ച് അദ്ദേഹത്തിന്റെ ഗുരുവര്യനായ ചാലിലകത്ത് തന്റെ അംഗീകൃത എഴുത്തുകാരനായി കെ എം മൗലവിയെ തെരഞ്ഞെടുത്തു. ചാലിലകത്തിന്റെ ഫത്വകളും കത്തുകളും ചില പുസ്തകങ്ങളും എഴുതിയിരുന്നത് മൗലവിയായിരുന്നു. കാത്തിബ് എന്ന പേരില്‍ മൗലവി പ്രസിദ്ധനായത് ഇങ്ങനെയാണ്. ചാലിലകത്തിനെ ഏതായാലും തള്ളിപ്പറയാന്‍ സമസ്തക്കോ മുസ്ല്യാക്കള്‍ക്കോ ആവില്ലല്ലോ. കേവലമൊരു ബ്രിട്ടീഷ് ചാരനും ഭീരുവുമാണ് കെ എം മൗലവിയെങ്കില്‍ ഇങ്ങിനെയൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ രൂപപ്പെടുമോ?
ഇന്നലെകളില്‍, ജീവിതം മ തത്തിന്റെ പ്രചാരണത്തിനും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്കും വേണ്ടി സമര്‍പ്പിച്ച മഹത്തുക്കളുടെ ചരിത്രം വളച്ചൊടിച്ച് അവരുടെ സേവനങ്ങളെ കരിവാരിത്തേച്ചാല്‍ തങ്ങളുടെ സ്വന്തം ഇന്നലെകളുടെ അവിവേകത്തിന്റെ കറകള്‍ വെളുപ്പിച്ചെടുക്കാനാവില്ലെന്ന് കെ എം മൗലവിക്കെതിരില്‍ അരമുറുക്കിയിറങ്ങിയ മുസ്ല്യാക്കള്‍ ഇനിയെങ്കിലും മനസ്സിലാക്കണം.