മഹല്ലെന്നാല്‍ ഖബറിസ്ഥാന്‍ മാത്രമല്ല
ഡോ. യൂനുസ് ചെങ്ങര
മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവുമായ അടിസ്ഥാന ഘടകമായി പൊതുവെ കണക്കാക്കപ്പെടുന്നത് മഹല്ല് അല്ലെങ്കില്‍ മൊഹല്ലകളെയാണ്. ജുമുഅഃ നടത്താന്‍ നിശ്ചയിക്കപ്പെട്ട അതിരുകള്‍ക്കുള്ളില്‍ വരുന്ന ഒരു പ്രദേശമാണ് സാങ്കേതിക ഭാഷയില്‍ മഹല്ല്. ഈ പരിധിയിലെ മുഴുവന്‍ മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്ന ഔദ്യോഗിക വേദിയായാണ് പൊതുവേ മഹല്ല് ജമാഅത്ത് പരിഗണിക്കപ്പെട്ടുപോരുന്നത്. മഹല്ല് സംവിധാനമെന്നത് ഇസ്‌ലാമിക നിയമസംഹിതകളില്‍ കൃത്യമായി പരാമര്‍ശിക്കപ്പെട്ട ഒന്നല്ല. എന്നാല്‍ ജമാഅത്ത് എന്നത് ഈ സമുദായത്തിന്റെ നിലനില്‍പിന്റെ ആധാരവുമാണ്. അങ്ങനെയായിരിക്കാം മഹല്ല് ജമാഅത്തുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ടാവുക.
ഇന്ത്യയില്‍ ഈ സംവിധാനം രൂപപ്പെട്ടുവന്നത് കേരളത്തില്‍ നിന്നുതന്നെയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഈ സംഘടനാ ഘടനയുടെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമം നടത്തിയ പലര്‍ക്കും കേരളത്തിലെ, സവിശേഷമായി മലബാറിലെ ആദ്യകാലങ്ങളില്‍ മുസ്‌ലിം സെറ്റില്‍മെന്റുകളിലെ മഹല്ലിനെക്കുറിച്ച് വളരെക്കുറച്ച് തെളിവുകളേ ലഭ്യമായിട്ടുള്ളൂ. ഉദാഹരണത്തിന്, മധ്യകാല അറബ് സഞ്ചാരികളോ വ്യാപാരികളോ എഴുത്തുകാരോ കേരളത്തിലെ ഇസ്‌ലാമിക ജീവിതത്തില്‍ മഹല്ല് സമ്പ്രദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തുന്നില്ല. ആദ്യകാല അറബ് സഞ്ചാരികളായ മസ്ഊദി (എ.ഡി ഒമ്പതാം നൂറ്റാണ്ട്), മൊറോക്കന്‍ സഞ്ചാരി ഇബ്‌നു ബത്തൂത്ത (എ.ഡി 14ാം നൂറ്റാണ്ട്), അബ്ദുര്‍റസാഖ് (എ.ഡി 15ാം നൂറ്റാണ്ട്) എന്നിവരും നിവാസികളുടെ മേല്‍ മതപരമായ അധികാരമുള്ള ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.
മലബാറില്‍ നിന്നുള്ള മധ്യകാല അറബ് മുസ്‌ലിം ചരിത്രകാരന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും പ്രസിദ്ധമായ ചരിത്രകൃതിയില്‍ അത്തരം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ചില മുസ്‌ലിം സെറ്റില്‍മെന്റുകളിലെ പള്ളികളുടെ ചുമതലയുള്ള ചില ഖാദിമാരെപ്പറ്റി പരാമര്‍ശിച്ചുപോകുന്നുണ്ട്. അതേസമയം ആദ്യകാല പള്ളികള്‍ ഉണ്ടായ കൊടുങ്ങല്ലൂര്‍, മാടായി, കടലുണ്ടി, പന്തലായിനി കൊല്ലം എന്നിങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസ്ജിദുകള്‍ നിര്‍മിച്ച ശേഷം, മാലിക് ഇബ്‌നു ദീനാര്‍ ദൗത്യത്തിന്റെ ഭാഗമായി ഖാദിമാരെ സ്വന്തം ജോലിക്കാരില്‍ നിന്ന് നിയോഗിച്ചു എന്നു കാണാനാവുന്നുണ്ടെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദ് എ.ഡി 629ല്‍, അതായത് മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലാണ് പണിതതെന്നാണ് അനുമാനിക്കപ്പെടുന്നത്. മാലിക് ഇബ്‌നു ദീനാര്‍ എ.ഡി 643ല്‍ എത്തി അദ്ദേഹത്തിന്റെ അനന്തരവനെ കൊടുങ്ങല്ലൂരിലെ ഖാദിയായി നിയമിച്ചു എന്ന മറ്റൊരു വിലയിരുത്തലുമുണ്ട്. ഇങ്ങനെയൊക്കെയുള്ള നീക്കങ്ങള്‍ നടന്നുവെങ്കിലും തീരപ്രദേശങ്ങളില്‍ നിര്‍മിച്ച ഈ മസ്ജിദുകള്‍ യഥാര്‍ഥത്തില്‍ ഈ തീരങ്ങളില്‍ പതിവായി വരുന്ന അറബ് വ്യാപാരികളെ ഉദ്ദേശിച്ചായിരുന്നു.
അല്ലാതെ അവിടത്തെ മുസ്‌ലിം സമൂഹത്തെ കണ്ടല്ല എന്നു കാണാനാവും. മുസ്‌ലിം സമൂഹത്തെക്കുറിച്ച പല പഠനങ്ങളും പങ്കുവെക്കുന്നത് മുസ്‌ലിംകള്‍ താമസിക്കുന്നിടത്തെല്ലാം ജമാഅത്ത് ജീവിതമുണ്ടായിരുന്നെങ്കിലും അത് മഹല്ലില്‍ കലാശിച്ചില്ല എന്നതാണ്. മുസ്‌ലിം സമൂഹം പ്രജകളായിരുന്നു, ഭരണാധികാരികളല്ല. പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തദ്ദേശീയ ഭരണാധികാരികള്‍ സമൂഹത്തിനായി പ്രത്യേക വാസസ്ഥലങ്ങളും പ്രാര്‍ഥനാ ഹാളുകളും ഒരുക്കുന്നതില്‍ ശ്രദ്ധിച്ചു.
ഇത് പള്ളികളിലെ ദൈനംദിന പ്രാര്‍ഥനകള്‍ക്കും പ്രത്യേക വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കും സംവിധാനം ഒരുക്കി. ജുമുഅഃ/ജമാഅത്ത് മതപരമായ ആഘോഷമായതും, അവയുടെ ചെലവുകള്‍ പോലും ഭരണാധികാരികള്‍ നടത്തിയതായും കാണാനാവും. കോഴിക്കോട്ടെ സാമൂതിരിമാര്‍ ഖാദിമാരെ -ഇസ്‌ലാമിക നിയമം അറിയുന്നവരെ -മുസ്‌ലിംകള്‍ക്കായി നിയമിച്ചുവെന്നും കാണാനാവും. ഈയൊരു കീഴ്‌വഴക്കം മുസ്‌ലിം സമൂഹം വളര്‍ച്ച പ്രാപിച്ചയിടങ്ങളിലെല്ലാം അനുവര്‍ത്തിച്ചാകാം മസ്ജിദുകളും മഹല്ല്-ഖാദി സമ്പ്രദായങ്ങളും രൂപപ്പെട്ടുവന്നത്.
ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ മഹല്ല് ജമാഅത്തിനോ മഹല്ല് കമ്മിറ്റിക്കോ പ്രസക്തിയില്ല. അവിടെ രാഷ്ട്രത്തലവന്‍ നിശ്ചയിക്കുന്ന സംവിധാനങ്ങള്‍ അംഗീകരിക്കുകയാണ് പൊതുവേ ജനങ്ങളുടെ കടമ. തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാമേതര വ്യവസ്ഥിതിയില്‍, നമ്മുടേതു പോലുള്ളൊരു മതേതര രാജ്യത്ത് മുസ്‌ലിംകളുടെ മത-സാമൂഹിക കാര്യങ്ങള്‍ നോക്കിനടത്താനും പരിചരിക്കാനും ഭരണസംവിധാനങ്ങളും ഔദ്യോഗിക ഏജന്‍സികളും ഉണ്ടാകില്ല എന്നത് ഒരു വസ്തുതയാണ്. അവിടങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെടുകയെന്നത് ഇസ്ലാമിന്റെ പൂര്‍ത്തീകരണത്തിന് നിബന്ധനയല്ല. ഭരണാധികാരം എന്നത് മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ അനിവാര്യ ഘടകമല്ല.
എന്നാല്‍ മുസ്‌ലിംകളുടെ മത-സാമൂഹിക കാര്യങ്ങള്‍ നോക്കിനടത്താനും പരിചരിക്കാനും ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതരും ബുദ്ധിജീവികളും കാര്യബോധമുള്ള സംഘടനകളുമാണ് ശ്രദ്ധിക്കേണ്ടതും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതും. ജീവിക്കുന്ന സമൂഹത്തിന്റെ അവസ്ഥകളെ പരിഗണിച്ചു മാത്രമേ മുസ്‌ലിം സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. ഈ കര്‍ത്തവ്യ നിര്‍വഹണ കേന്ദ്രങ്ങള്‍ നാട്ടിലെ പള്ളികളെ ബന്ധപ്പെടുത്തിയാണ് നടന്നുവരുന്നത്. ആ പള്ളികള്‍ തന്നെയാണ് പൊതുവേ മഹല്ലു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും. ഇങ്ങനെ പരിശോധിക്കുമ്പോള്‍ ഒരു മതേതര രാജ്യത്ത് മുസ്‌ലിംകളുടെ മതപരമായ നേതൃത്വമാണ് മഹല്ലിനുള്ളത്. സാമൂഹികവും സാംസ്‌കാരികവുമായ മുസ്‌ലിം വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ മഹല്ല് ജമാഅത്തുകള്‍ക്ക് മുഖ്യ പങ്കുണ്ട്.
സമകാലിക സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റികളാണ് പള്ളിയുടെ പരിപാലനവും മഹല്ലിന്റെ നേതൃത്വവും നിര്‍വഹിക്കുന്നത്. ഈ കമ്മിറ്റികള്‍ അതത് പ്രദേശത്തെ മുസ്‌ലിംകളുടെ പൊതുവേദിയും ആധികാരിക സംവിധാനവുമാണ്. പള്ളി, മദ്‌റസ, മയ്യിത്ത് സംസ്‌കരണം, അഗതി-അനാഥ സംരക്ഷണം, വിശ്വാസ സംരക്ഷണം, അനാചാര നിര്‍മാര്‍ജനം, വിദ്യാഭ്യാസ പ്രചാരണം തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ മഹല്ല് ജമാഅത്തിനുണ്ട്.
മുസ്ലിംകള്‍ക്കിടയിലെ വീക്ഷണവ്യത്യാസങ്ങളെ നയപരമായി സമീപിക്കാന്‍ മഹല്ല് ഭാരവാഹികള്‍ക്കു കഴിയണം. നാട്ടിലും സമൂഹത്തിലും ഉണ്ടാകുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഗ്രൂപ്പുവഴക്കുകള്‍ക്കും കാതോര്‍ക്കുകയും ഏതെങ്കിലും ഒരു വിഭാഗത്തെ പരിഗണിക്കുകയും മറുവിഭാഗത്തെ അവഗണിക്കുകയും ചെയ്താല്‍ മഹല്ലില്‍ ശൈഥില്യവും അനൈക്യവുമുണ്ടാകും. ഇത് മഹല്ലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും മഹല്ല് നിവാസികളുടെ മത-ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. ഈ ഉത്തരവാദിത്തങ്ങളത്രയും കൃത്യമായും ഭംഗിയായും നിര്‍വഹിക്കാന്‍ കഴിവും കരുത്തും സേവനതല്‍പരതയുമുള്ളവരായിരിക്കണം മഹല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. മതത്തിന്റെ പ്രധാനവും ആധികാരികവുമായ കേന്ദ്രമെന്ന നിലയ്ക്ക് തങ്ങളുടെ ചുമലില്‍ അര്‍പ്പിതമായ ബാധ്യതകളെക്കുറിച്ച് പരിപാലന സമിതി അംഗങ്ങള്‍ ജാഗ്രതയുള്ളവരാകണം.
ഇസ്‌ലാമിക സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ് സാധ്യമാകുന്നതിനായി രൂപപ്പെടുത്തിയെടുത്ത ഈ ഘടനയുെട പ്രധാന്യത്തെ പുതുതലമുറ മുസ്‌ലിം സമൂഹത്തിന് ബോധ്യപ്പെടാനുള്ള അവസരങ്ങള്‍ കുറഞ്ഞുവരുന്നതിനാല്‍, ജുമുഅഃ നടത്താന്‍ ഒരു പള്ളിയും മരിച്ചവരെ മറവു ചെയ്യാന്‍ ഖബര്‍സ്ഥാനും ഉള്ള ഒരു സംവിധാനം എന്ന് അവര്‍ മഹല്ലുകളെ മനസ്സിലാക്കിയാല്‍ കുറ്റം പറയാനാകില്ല. ഈ പരിമിത ചിത്രത്തിനപ്പുറം മഹത്തായ ലക്ഷ്യങ്ങളുള്ള ഒന്നാണ് മഹല്ല് ജമാഅത്ത് എന്നും, കൃത്യമായ നേതൃഘടനയും ഇസ്‌ലാമിക മതസമൂഹനിര്‍മിതിയിലും നടത്തിപ്പിലും അവിഭാജ്യമായ പങ്കുണ്ടെന്നും ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ അനിവാര്യമായ കാലത്താണ് നാമിപ്പോള്‍ എത്തിനില്‍ക്കുന്നത്.
ഓരോ നാടിനും ഒരു മതപരമായ നേതൃത്വവും അതിനെ പ്രാധാന്യപൂര്‍വം പരിഗണിക്കുന്ന ഒരു സമൂഹവും എത്ര ചെറുതെങ്കിലും രൂപപ്പെടുത്തിയെടുക്കുകയും അവര്‍ക്കത് അനുഭവവേദ്യമായിത്തീരുകയും ചെയ്താല്‍ മാത്രമേ മുസ്‌ലിം സമൂഹത്തിലെ വരുംകാല തലമുറയെ ഈ മതത്തിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും നിലനിര്‍ത്താനാവൂ എന്നാണ് മതനേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ടവസ്തുത.