30 Saturday
November 2024
2024 November 30
1446 Joumada I 28

മഹല്ല് നവീകരണത്തില്‍ പ്രാദേശിക നേതൃത്വത്തിന്റെ പങ്ക്‌

ശംസുദ്ദീന്‍ പാലക്കോട്


മഹല്ല് എന്ന ത്രയാക്ഷരപദത്തെ പല അര്‍ഥപരികല്‍പനകളും നല്‍കി വിശകലനം ചെയ്യാറുണ്ട്. ജനം അധിവസിക്കുന്ന ഇടം എന്നാണ് ഈ പദത്തിന്റെ ശരിയായ വിവക്ഷ. ഈ അര്‍ഥത്തില്‍ ഒരു സ്ഥലപരിധിക്കുള്ളില്‍ അധിവസിക്കുന്ന ജനത്തെ ആ മഹല്ല് നിവാസികള്‍ എന്ന് ഭാഷാപരമായി വ്യവഹരിക്കാം. ഒരു പഞ്ചായത്ത്, പഞ്ചായത്തിലെ ഓരോ വാര്‍ഡും, ഇവയെല്ലാം ഈയര്‍ഥത്തില്‍ മഹല്ല് തന്നെയാണ്. പക്ഷേ അങ്ങനെ ആരും പറയാറില്ല എന്നത് വേറെ കാര്യം. മതപരമായ കാര്യങ്ങള്‍ മാത്രം പറയുകയും പരിശീലിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന, വിശ്വാസികള്‍ക്ക് മാത്രം ബാധകമായ ഒരു ജനാധിവാസ കൂട്ടായ്മ എന്ന വളരെ സങ്കുചിതമായ അര്‍ഥ പരികല്‍പനയും മഹല്ല് എന്ന പദത്തിന് ചിലര്‍ മനസ്സിലാക്കിയിട്ടുണ്ട്.
എന്നാല്‍, അതിവിശാലവും വളരെ സങ്കുചിതവുമായ ഈ രണ്ട് അര്‍ഥസങ്കല്‍പങ്ങളുടെയും മധ്യേ വരുന്ന ഒരു യാഥാര്‍ഥ്യമാണ് മഹല്ല് എന്ന വീക്ഷണത്തിലാണ് ഈ ലേഖനം തയ്യാറാക്കുന്നത്. അഥവാ വിശ്വാസികളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും മഹല്ലിന്റെ പരിധിയിലെ എല്ലാ വിഭാഗം ആളുകളുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തന ക്രമീകരണങ്ങളാവണം ഒരു മാതൃകാ മഹല്ലിന്റെ മുഖമുദ്ര. അതിന് ദീര്‍ഘവീക്ഷണവും സഹൃദയത്വവുമുള്ള ഒരു മഹല്ല് നേതൃത്വം ഉണ്ടാകണം.
ഒരു മാതൃകാ മഹല്ലിന്റെ കര്‍മകേന്ദ്രം അവിടത്തെ ഒരു പള്ളിയായിരിക്കണം. പള്ളി എന്നത് അഞ്ചു നേരത്തെ ബാങ്കും ഇഖാമത്തും ജമാഅത്ത് നമസ്‌കാരവും മാത്രം നിര്‍വഹിച്ച് പൂട്ടിയിടേണ്ട ഒരു സ്ഥലമല്ല. ‘പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ എന്ന ഒരു വാക്ക് സമൂഹത്തില്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ടല്ലോ! പറയുന്നവര്‍ എന്ത് ഉദ്ദേശ്യത്തോടെ ഇത് പറഞ്ഞാലും അതില്‍ വലിയൊരു സത്യം ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. എന്ത് പ്രശ്‌നവും പള്ളിയില്‍ പോയി പറയാം. അത് കേള്‍ക്കാനും പരിഹാരം നിര്‍ദേശിക്കാനും പള്ളിക്ക് കഴിയണം. അഥവാ, പള്ളിയാണ് കര്‍മസജ്ജമായ ഒരു മഹല്ലിന്റെ ആധാരശില. പള്ളി കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും ഒന്നാവുകയോ പ്രവര്‍ത്തന സൗകര്യത്തിനു വേണ്ടി രണ്ടായി പ്രവര്‍ത്തിക്കുകയോ ചെയ്യാം. പക്ഷേ, രണ്ട് കമ്മിറ്റിയാണെങ്കില്‍ കൃത്യമായ പ്രവര്‍ത്തന വികേന്ദ്രീകരണവും പരസ്പര കോ-ഓര്‍ഡിനേഷനും ആവശ്യമാണ്. മഹല്ലിന്റെ ഭരണസാരഥികള്‍ക്ക് അല്ലെങ്കില്‍ പ്രാദേശിക നേതൃത്വത്തിന് മുകളില്‍ സൂചിപ്പിച്ച സഹൃദയത്വത്തിനും വിശാല കാഴ്ചപ്പാടിനും പുറമേ ആദര്‍ശ നിലപാടും ധാര്‍മിക ജീവിതചിട്ടയുമുണ്ടാകണം.
നാട്ടിലെ ധനാഢ്യനെ മഹല്ല് കമ്മിറ്റി പ്രസിഡന്റാക്കുന്ന, അദ്ദേഹത്തിന്റെ ധാര്‍മിക-ആരാധനാ ചിട്ടകളൊന്നും തീരെ തൃപ്തികരമല്ലെങ്കിലും അതിനു നേരെയൊക്കെ കണ്ണു ചിമ്മുന്ന ഒരു മഹല്ല് കമ്മിറ്റിയാണുള്ളതെങ്കില്‍ ആ മഹല്ല് അതിവേഗം ജീര്‍ണതയിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത കൂടുതലാണ്. പള്ളിയില്‍ നമസ്‌കാരത്തിനും മറ്റും നേതൃത്വം നല്‍കുന്ന ഇമാമിനെ വരെ ‘നീ’ എന്നും മറ്റും അഭിസംബോധന ചെയ്ത് തൊഴിലാളി-മുതലാളി ബന്ധത്തിന്റെ രൂപത്തില്‍ ‘ബോസത്തരം’ കാണിക്കുന്ന മുതലാളി മാത്രമായ മഹല്ല് പ്രസിഡന്റിന് സ്ഥായിയായതും ഗുണപരമായതുമായ എന്ത് പരിവര്‍ത്തനമാണ് തന്റെ മഹല്ലില്‍ ഉണ്ടാക്കാന്‍ കഴിയുക! ഒരു മഹല്ലിന്റെ നവീകരണ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്നും മഹല്ല് കമ്മിറ്റിക്ക് അതിലൊക്കെ ഏതു വിധത്തില്‍ ഇടപടാന്‍ കഴിയുമെന്നതുമാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
ജീവിതവിശുദ്ധി
കുടുംബത്തിലായാലും സമൂഹത്തിലായാലും വ്യക്തികളില്‍ ജീവിതവിശുദ്ധി കുറയുന്നു എന്ന പരാതിയും പരിഭവവും ഇന്ന് പരക്കെ കേള്‍ക്കാം. ദീര്‍ഘവീക്ഷണമുള്ള ഒരു മഹല്ല് കമ്മിറ്റിക്ക് ഇതില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയും. ഒരു ഉദാഹരണം പറയാം: ഒരു മഹല്ലിലെ ഒന്നുരണ്ടിടങ്ങളില്‍ വഴിയരികിലെ തോട്ടുവക്കില്‍ സ്ത്രീകള്‍ കുളിക്കുകയും അലക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു. കുറേ കാലമായി അത് തുടര്‍ന്നുവന്നതിനാല്‍ ആ നാട്ടുകാര്‍ക്ക് അതൊരു മോശം കാര്യമായി അനുഭവപ്പെട്ടിരുന്നുമില്ല. ആ മഹല്ലിലെ പള്ളിയില്‍ പുതുതായി ചാര്‍ജെടുത്ത ഖത്തീബിന് ഇതിലെ പന്തികേട് ബോധ്യപ്പെടുകയും മഹല്ല് കമ്മിറ്റിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. കമ്മിറ്റി ഖത്തീബിന്റെ വാക്കിനെ മുഖവിലക്കെടുത്തു. നടവഴിയിലെ തോട്ടിലും കുളത്തിലും കുളിക്കുന്ന പെണ്ണുങ്ങളില്‍ പലരും വീട്ടില്‍ കിണറും കിണറ്റില്‍ വെള്ളവുമുള്ളവരാണെന്ന് കണ്ടെത്തി. എന്നിട്ടും അവര്‍ നടവഴിയിലെ തോട്ടില്‍ കുളിക്കാന്‍ വരുന്നതിന്റെ കാരണവും അവര്‍ കണ്ടെത്തി.
നാട്ടുവര്‍ത്തമാനം പറഞ്ഞും കേട്ടും തോട്ടില്‍ കുളിക്കുന്നതിലെ ഒരു സുഖം! ഇത് മുതലെടുക്കുന്നവരുണ്ടെന്നു പോലും അറിയാത്ത പാവങ്ങള്‍ അവരില്‍ ഉണ്ടായിരുന്നു. മഹല്ലിന്റെ പ്രാദേശിക നേതൃത്വം ആ സ്ത്രീകളോട് വീട്ടില്‍ പോയി സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അവര്‍ക്കത് ബോധ്യപ്പെട്ടു. പിന്നീട് ആ തോട്ടിലും കുളത്തിലും പെണ്ണുങ്ങള്‍ കുളിക്കാന്‍ വരാതായി. ആ നടവഴിയില്‍ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന ‘മനോരോഗികളു’ടെ നടത്തവും കുറഞ്ഞു.

വളരെ നിസ്സാരമെന്ന് തോന്നുന്ന ഈ സംഭവം ഇവിടെ സൂചിപ്പിച്ചത് ധാര്‍മികതക്ക് അപചയം സംഭവിക്കുന്ന ഏതൊരു സംഭവവും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹാരം കാണാന്‍ മഹല്ലിലെ പ്രാദേശിക നേതൃത്വത്തിന് ധാര്‍മികമായ കടമയുണ്ട് എന്ന് സൂചിപ്പിക്കാനാണ്. മഹല്ലില്‍ അവിടെയുമിവിടെയുമിരുന്ന് മദ്യപിക്കുകയോ കഞ്ചാവടിക്കുകയോ ചീട്ടു കളിക്കുകയോ ചെയ്യുന്നവരുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അത് ഖത്തീബിനെക്കൊണ്ട് ഖുത്ബയില്‍ പറയിപ്പിച്ചിച്ചതുകൊണ്ടു മാത്രം കാര്യമില്ല എന്നെങ്കിലും കമ്മിറ്റിക്കാര്‍ മനസ്സിലാക്കണം. ആരൊക്കെയാണ് അവര്‍ എന്നു കണ്ടെത്തി അവരെ ഓരോരുത്തരെയും വേറെ വേറെ കണ്ട് കൗണ്‍സലിങ് രൂപത്തില്‍ ഗുണകാംക്ഷയോടെ സംസാരിച്ച് ധാര്‍മികതയുടെയും ജീവിതവിശുദ്ധിയുടെയും മുഖ്യധാരയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യേണ്ട പ്രഥമവും പ്രധാനവുമായ കടമ മഹല്ല് കമ്മിറ്റിക്ക് തന്നെയാണ്.
മതപഠനത്തുടര്‍ച്ച
മഹല്ലിന്റെ നവീകരണത്തിന് മുഖ്യമായി വേണ്ട മറ്റൊരു കാര്യം മഹല്ല് നിവാസികള്‍ക്ക് മതപഠനത്തുടര്‍ച്ചക്ക് വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ മഹല്ലില്‍ ഒരുക്കിക്കൊടുക്കുക എന്നതാണ്. ഇന്ന് ഏതാണ്ടെല്ലാ മഹല്ലുകളിലും മദ്റസയിലും പ്രാഥമിക മതപഠന സംവിധാനവുമുണ്ട് എന്നത് ചെറിയ തോതിലെങ്കിലും ആശ്വാസകരം തന്നെയാണ്. എന്നാല്‍ പലയിടത്തും ഇവ വ്യവസ്ഥാപിതമോ ദീര്‍ഘവീക്ഷണാധിഷ്ഠിതമോ ശാസ്ത്രീയ രീതിയില്‍ ക്രമീകരിക്കപ്പെട്ടതോ അല്ല. ഖുര്‍ആന്‍ ഓതാന്‍ പഠിക്കുന്നു എന്നതും മതത്തിന്റെ അനുഷ്ഠാനപ്രധാനമായ കുറച്ചു കാര്യങ്ങള്‍ കുട്ടികള്‍ പഠിച്ചെടുക്കുന്നു എന്നതും മാത്രമാണ് ഇപ്പോഴത്തെ മദ്‌റസാ വിദ്യാഭ്യാസത്തെപ്പറ്റി പറയാവുന്ന ഏക ഗുണം. (ഈ ഗുണവശത്തെ ഈ ലേഖകന്‍ ചെറുതായി കാണുകയല്ല. ഇത്തരം മദ്രസാ സംവിധാനവും പ്രാഥമിക മതപഠന സംവിധാനവും ലഭിക്കാത്ത ചിലര്‍ ഉദ്യോഗസ്ഥരായും മറ്റും പല സ്ഥലങ്ങളിലും എത്തുമ്പോള്‍ മുസ്‌ലിംകള്‍ പള്ളികളില്‍ ഈസിയായി ഖുര്‍ആന്‍ ഓതുകയും ചെയ്യുന്നത് കാണുമ്പോള്‍, ഖുര്‍ആന്‍ ഓതാന്‍ പോലും പഠിച്ചിട്ടില്ലാത്ത ഇവരിലെ മതബോധമുള്ള ചിലര്‍ സങ്കടപ്പെടുന്നതും ഇസ്ലാമിക ബുക്സ്റ്റാളുകളില്‍ ചെന്ന് ‘മലയാളത്തില്‍ പ്രിന്റുള്ള ഖുര്‍ആന്‍ ഉണ്ടോ’ എന്ന് അന്വേഷിക്കുന്നതും ഈ ലേഖകന്‍ കണ്ടിട്ടുണ്ട്).
എന്തുതന്നെയായാലും പ്രാഥമികം മാത്രമാണ് മദ്റസയിലെ മതപഠനം. അത് കുട്ടികള്‍ക്ക് വേണ്ടത്ര പക്വതയോ വിവേകമോ എത്താത്ത പ്രായത്തിലും (5 മുതല്‍ 12 വരെ) അവസ്ഥയിലും (പലപ്പോഴും രക്ഷിതാക്കളുടെ താല്‍പര്യം, താല്‍പര്യമില്ലായ്മ എന്ന അവസ്ഥ) ആണ് നടക്കുന്നത്. ഇസ്‌ലാമിന്റെ മഹിതമായ സ്വഭാവ-സംസ്‌കാര-ചരിത്രഭാഗങ്ങളൊക്കെ ചെറിയ തോതില്‍ ഈ പ്രായത്തിലും ഈ അവസ്ഥയിലും കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും, അവ പില്‍ക്കാല ജീവിതത്തില്‍ കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ വേണ്ടത്ര പ്രതിഫലിച്ചുകാണുന്നില്ല. ഇതും പഠനവിഷയമാക്കേണ്ട കാര്യമാണ്.
എന്താണ് പരിഹാരം?
ഹയര്‍ സെക്കന്‍ഡറിക്കു മുകളിലുള്ള മഹല്ലിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധമായും, മുതിര്‍ന്നവര്‍ക്ക് (രക്ഷിതാക്കള്‍, വീട്ടമ്മമാര്‍, മഹല്ലിലെ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക്) പൊതുവെയും വ്യവസ്ഥാപിത തുടര്‍ മതപഠനപദ്ധതി എല്ലാ മഹല്ലിലും വ്യാപകമായി നടപ്പാക്കുക എന്നതാണ് ഇതിന്റെയെല്ലാം പ്രായോഗിക പരിഹാര മാര്‍ഗങ്ങളിലൊന്ന്.
മുപ്പത് വര്‍ഷം മുമ്പ് 1995ല്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ യുവജന വിഭാഗം കെ കെ മുഹമ്മദ് സുല്ലമിയുടെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്ത് അവതരിപ്പിച്ച ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ (ക്യൂ.എല്‍.എസ്) ഈ രംഗത്ത് ഒരു പുതിയ പരീക്ഷണവും പ്രതീക്ഷയുമായിരുന്നു. ഇതിന്റെ പുഷ്‌കലകാലത്ത് മഹല്ലുകളില്‍ ഗുണപരമായ വലിയ ആന്ദോളനങ്ങള്‍ ഉണ്ടാക്കാന്‍ ക്യു.എല്‍.എസിന് സാധിച്ചിരുന്നു.
ഇതിന് ഇതര മതസംഘടനകളില്‍ അനുകരണവും അനുകര്‍ത്താക്കളുമുണ്ടായി എന്നതും ഇതിന്റെ ആവശ്യകതയും പ്രയോജനപരതയും അടയാളപ്പെടുത്തുന്നു. എന്നാല്‍ സംഘടനക്കും സംഘാടകര്‍ക്കും കര്‍മനൈരന്തര്യത്തിന്റെ മറ്റു ഉത്തരവാദിത്തങ്ങള്‍ വന്നപ്പോള്‍ അതിന്റെ ആദ്യകാല പുഷ്‌കല പ്രതാപം നിലനിര്‍ത്താനോ വികസിപ്പിക്കാനോ കഴിയാതെവരുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം.
സ്‌കൂള്‍ ഓഫ്
ഇസ്‌ലാമിക് സ്റ്റഡീസ്

പ്രമാണബോധ്യത്തോടെ മതം പഠിക്കാം എന്ന ആദര്‍ശവാക്യം ഉയര്‍ത്തിപ്പിടിച്ച് ഇസ്‌ലാഹി പ്രസ്ഥാനം 2022 ഫെബ്രുവരി മുതല്‍ കൈരളിക്ക് പരിചയപ്പെടുത്തിയ ശ്രദ്ധേയമായ ഒരു തുടര്‍ മതപഠനപദ്ധതിയാണ് സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്. പ്ലസ്ടുവിനു മുകളിലുള്ള എല്ലാ തരം വിദ്യാര്‍ഥികള്‍ക്കും പഠനതല്‍പരരായ മുതിര്‍ന്നവര്‍ക്കും ഒന്നര വര്‍ഷം കൊണ്ട് 4 ക്വാഡ്രീമെസ്റ്ററുകളിലായി മതത്തിന്റെ വിശ്വാസം, അനുഷ്ഠാനം, കുടുംബ നിയമങ്ങള്‍, സാമൂഹികം എന്നിവ പ്രമാണബോധ്യത്തോടെ പഠിച്ചെടുക്കാന്‍ കഴിയുന്ന ഒരു കോഴ്‌സാണിത്. 14 ജില്ലകളിലായി 90 ചാപ്റ്ററുകളിലായി രണ്ടായിരത്തിലധികം പഠിതാക്കള്‍ ഇപ്പോള്‍ (2024 ഏപ്രിലില്‍) സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ (എസ്.ഒ.ഐ.എസ്) ഗുണഭോക്താക്കളായുണ്ട്. ഇത് വ്യാപകമാക്കിയാല്‍, മതത്തെക്കുറിച്ച് പ്രാഥമികമായ അറിവുകള്‍ പോലുമില്ലാത്ത ഇന്നത്തെ ദയനീയാവസ്ഥക്ക് പരിഹാരമാകും. മഹല്ല് നവീകരണത്തില്‍ പ്രാദേശിക നേതൃത്വത്തിന്റ സജീവ ശ്രദ്ധ പതിയേണ്ട ഒരു കാര്യമാണിത്.
കുടുംബ ഡാറ്റ
മഹല്ലിലെ ഓരോ കുടുംബത്തെപ്പറ്റിയും വ്യക്തമായ ഒരു ഡാറ്റ മഹല്ലു കമ്മിറ്റിയുടെ കൈവശമുണ്ടാകണം. വിവാഹിതര്‍, വിവാഹപ്രായമായിട്ടും വിവാഹിതരാകാത്തവര്‍, അഭ്യസ്തവിദ്യര്‍, അവരുടെ വിദ്യാഭ്യാസ യോഗ്യത, ഉദ്യോഗാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, വീടില്ലാത്തവര്‍, ദരിദ്രര്‍, പരമ ദരിദ്രര്‍, സകാത്ത് ദാതാക്കള്‍, കിടപ്പുരോഗികള്‍ തുടങ്ങി കുടുംബം, വ്യക്തി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മഹല്ലിന്റെ പ്രാദേശിക നേതൃത്വത്തിന്റെ കൈയില്‍ ഉണ്ടാകണം. ഏറ്റവും ചുരുങ്ങിയത് മഹല്ലിലെ കേന്ദ്രമായ പള്ളിയുമായി സ്ഥിരമായി ബന്ധപ്പെടുന്നവരുടെ ഡാറ്റയെങ്കിലും മഹല്ല് കമ്മിറ്റിയുടെ കൈവശം ഉണ്ടാകണം.
സംഘടിത സകാത്ത് സംവിധാനം
റമദാന്‍ 27ന് വീട്ടുപടിക്കലും മുതലാളിമാരുടെ ഓഫീസിനു മുന്നിലും ക്യൂ നില്‍ക്കുന്ന ‘യാചകര്‍’ക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളോ നോട്ടുകളോ അല്ല ഇസ്‌ലാമിലെ സകാത്ത് എന്ന മതാവബോധം വ്യാപകമായ ബോധവത്കരണത്തിന്റെ ഫലമായി ഇന്ന് പൊതുവേ സമൂഹത്തില്‍ ഉണ്ടായിവരുന്നുണ്ട്.
‘ചോദിച്ചു വരുന്നവരെ ആട്ടിയകറ്റരുത്’ എന്ന ഖുര്‍ആനിക ശാസന സകാത്ത് ചോദിച്ചു വരുന്നവരെപ്പറ്റിയല്ല എന്നും ഇപ്പോള്‍ പലര്‍ക്കും അറിയാം. സകാത്തിന്റെ എട്ട് അവകാശികളെ ഖുര്‍ആനില്‍ (തൗബ: 60) എണ്ണിപ്പറഞ്ഞത് അവരെ മഹല്ല് കമ്മിറ്റിക്ക് തിരിയാതെപോകരുത് എന്നതുകൊണ്ടുമായിരിക്കുമല്ലോ. വസ്തുത ഇങ്ങനെയാണെങ്കിലും സകാത്തിന്റെ സംഘടിത ശേഖരണ-വിതരണരീതി പല മഹല്ലിലും ആശാവഹമോ തൃപ്തികരമോ അല്ല. (എന്നാല്‍ വളരെ വ്യവസ്ഥാപിതമായും മാതൃകാപരമായും സകാത്ത് കമ്മിറ്റിയും സകാത്ത് സെല്ലും പ്രവര്‍ത്തിക്കുന്ന മഹല്ല് കമ്മിറ്റികളുമുണ്ട്).
സകാത്തിന്റെ ആധുനിക രൂപവും ഇസ്‌ലാമിക രീതിയും മഹല്ല് നിവാസികളെ മുഴുവന്‍ ബോധ്യപ്പെടുത്താന്‍ വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഉണ്ടാകണം. ക്ലാസുകള്‍, ലഘുലേഖകള്‍, ബോധവത്കരണ സ്‌ക്വാഡ് വര്‍ക്കുകള്‍, സകാത്ത് കാല്‍കുലേറ്റര്‍ ആപ്പ് പരിചയപ്പെടുത്തല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഇതിന് ഉപയോഗപ്പെടുത്താം. പള്ളിയിലെ ഖതീബ് സകാത്തിനെപ്പറ്റി വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഖുത്ബ നടത്തിയതുകൊണ്ടോ ഒന്നോ രണ്ടോ ഖുര്‍ആന്‍ ക്ലാസ് കൊണ്ടോ മാത്രം മഹല്ലില്‍ സകാത്ത് വിപ്ലവം പ്രതീക്ഷിക്കരുത്.
തങ്ങളുടെ മഹല്ലില്‍ സകാത്ത് ദാതാക്കള്‍ ആരൊക്കെയെന്നും സകാത്തിന്റെ അവകാശികള്‍ ആരൊക്കെയെന്നും വേര്‍തിരിച്ചറിയാവുന്ന രണ്ട് രജിസ്റ്ററുകള്‍ മഹല്ല് കമ്മിറ്റിയുടെ കൈവശമുണ്ടാകണം. തങ്ങളുടെ മഹല്ലില്‍ പെട്ട ഒരാളും ഇവിടന്ന് സഹായവും പരിഗണനയും കിട്ടാത്തതിനാല്‍ മറ്റു മഹല്ലുകളിലേക്ക് ‘ചക്കാത്ത്’ വാങ്ങാന്‍ യാചകരായി പോകുന്നില്ല എന്നും മഹല്ല് കമ്മിറ്റി ഉറപ്പ് വരുത്തണം. പ്രാദേശികതലത്തില്‍ സകാത്ത് സെല്ലും സംസ്ഥാനതലത്തില്‍ സകാത്ത് ഫൗണ്ടേഷനും സക്രിയമാകാനും മഹല്ല് കമ്മിറ്റിക്ക് നല്ല സകാത്ത് അവബോധം ആവശ്യമാണ്.
മതസൗഹാര്‍ദം
മഹല്ലിലെ ഇതര മതസ്ഥരുമായി നല്ല ആത്മബന്ധം നിലനിര്‍ത്തണം. പെരുന്നാളിനു സംഘടിപ്പിക്കുന്ന ഈദ് സോഷ്യല്‍ പ്രോഗ്രാം, മഹല്ലില്‍ സംഘടിപ്പിക്കുന്ന സൗഹൃദ മുറ്റം, മദ്‌റസാ വാര്‍ഷികം, സര്‍ഗമേള, സാമൂഹിക ഇഫ്താര്‍ തുടങ്ങിയ സാമൂഹികപ്രസക്തമായ കാര്യങ്ങളിലെല്ലാം മഹല്ലിലെ ഇതര മതസ്ഥരെയും മതമില്ലാത്തവരെയും സഹകരിപ്പിക്കുകയും ചേര്‍ത്തുപിടിക്കുകയും വേണം. റിലീഫ്, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മഹല്ലില്‍ മതവിഭാഗീയതയില്ലാതെ മാനുഷിക മുഖം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
ഈ വിധം മഹല്ലിന്റെ ശാക്തീകരണത്തില്‍ പ്രാദേശിക നേതൃത്വത്തിന് കാര്യമായ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും അഥവാ കഴിയണം. അല്ലാതെ പള്ളിയിലെ മൗലവി കൃത്യമായി ബാങ്ക് വിളിക്കുന്നുണ്ടോ എന്നു നോക്കാന്‍ മാത്രം ഒരു മഹല്ല് കമ്മിറ്റി ആവശ്യമില്ലല്ലോ.

Back to Top