10 Saturday
January 2026
2026 January 10
1447 Rajab 21

കേരളത്തിലെ പുതിയ മദ്യനയം പിന്‍വലിക്കണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള പുതിയ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്്മദ്കുട്ടി, ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ലഹരി മാഫിയ കേരളത്തില്‍ പിടിമുറുക്കി കൊള്ളയും കൊലപാതകങ്ങളും വ്യാപകമാക്കിക്കൊണ്ടിരിക്കെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് പുതിയ മദ്യനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
ഐ ടി മേഖലയെ മദ്യവിപണിയാക്കി മാറ്റുന്ന പുതിയ മദ്യനയം കടുത്ത അപരാധമാണ്. കേരളത്തിന്റെ ഏറ്റവും വിലപ്പെട്ട മനുഷ്യ വിഭവശേഷിയായ ഐ ടി വിദഗ്ധരെ മദ്യത്തിന്റെ അടിമകളാക്കി മാറ്റാന്‍ അവസരമൊരുക്കുന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാറിന് യോജിച്ചതല്ല.
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍ മദ്യവിപണനവും ഉല്പാദനവും സാര്‍വത്രികമാക്കുക വഴി സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. പുതിയ മദ്യനയം എത്രയും പെട്ടെന്ന് പിന്‍വലിച്ച് കേരളത്തെ മഹാദുരന്തത്തില്‍നിന്ന് രക്ഷിക്കാന്‍ നടപടി വേണമെന്ന് ഡോ. ഇ കെ അഹ്്മദ്കുട്ടിയും സി പി ഉമര്‍ സുല്ലമിയും പറഞ്ഞു.

Back to Top