26 Thursday
December 2024
2024 December 26
1446 Joumada II 24

മദ്‌റസകളെ ഉന്നംവെക്കുന്നു


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു കത്തയക്കുകയുണ്ടായി. മദ്‌റസകളെല്ലാം അടച്ചുപൂട്ടണമെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും മുസ്‌ലിംകളല്ലാത്തവരെ ഉടന്‍ മദ്‌റസയില്‍ നിന്ന് മാറ്റണമെന്നുമാണ് പ്രധാന നിര്‍ദേശം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനായി മുസ്‌ലിം വിദ്യാര്‍ഥികളെയും മദ്‌റസയില്‍ നിന്ന് മാറ്റണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
പതിനൊന്ന് അധ്യായങ്ങളിലായി ബാലവകാശ കമ്മീഷന്‍ തയ്യാറാക്കിയ Guardians of rigsth or Oppresosrs of Rigsth; Cotnsi tutional rigsth of Children v–s Madrassa എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടും കത്തിന്റെ കൂടെ അയച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കൂടെ തന്നെ രാവിലെയോ വൈകുന്നേരമോ മദ്‌റസാ സംവിധാനം പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സാഹചര്യത്തെക്കുറിച്ചല്ല ഈ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ഈ വിവാദത്തിന് തൊട്ടുപിറകെ, കേരളത്തിലടക്കം മദ്‌റസകള്‍ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നു എന്ന തരത്തില്‍ ബാലവകാശ കമ്മീഷന്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. കേരളത്തിലെ ഒരു മദ്‌റസ പോലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു എന്ന തരത്തില്‍ സംഘ്പരിവാര്‍ പ്രചാരണമുണ്ടായപ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് നിയമസഭയില്‍ അക്കാര്യം വ്യക്തമാക്കിയതാണ്.
കേരളത്തിലെ മദ്‌റസകളെല്ലാം തന്നെ പ്രാദേശിക കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ചെലവുകളും മറ്റും വഹിക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. അതോടൊപ്പം മദ്‌റസയില്‍ പഠിക്കുന്ന കുട്ടികളെല്ലാം തന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും സമാന്തരമായി നേടുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യയിലെ സാഹചര്യം വിഭിന്നമാണ്. അതിനര്‍ഥം അവരുടെ മദ്‌റസാ സംവിധാനം അടച്ചുപൂട്ടണമെന്നല്ല. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസ ബോര്‍ഡുകള്‍ ചില സംസ്ഥാനങ്ങളിലെങ്കിലും നിലവിലുണ്ട്.
ഉത്തരേന്ത്യയിലെ മദ്‌റസാ സംവിധാനം എന്നത് നമ്മുടെ നാട്ടിലെ സ്‌കൂളിന് സമാനമാണ്. മതപഠനത്തിന് പുറമെ ഭൗതിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുന്ന വിധത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കുന്ന വിധത്തിലോ റസിഡന്‍ഷ്യല്‍ സംവിധാനത്തിലോ അത്തരം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നു. ഭൗതികവിദ്യാഭ്യാസം ഉണ്ട് എന്നതുകൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന് പുറത്തുള്ളവരും വിദ്യാര്‍ഥികളായി മദ്‌റസകളില്‍ പഠിക്കുന്നുണ്ട്. അവര്‍ ഭൗതിക വിഷയങ്ങളില്‍ മാത്രം പഠനം നടത്തുകയും മതപഠന ക്ലാസുകളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നു. ഇത്തരം മദ്‌റസകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തതുകൊണ്ട് ബാലാവാകശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നതാണ് പരാതി.
ഈ പരാതിയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആ മദ്‌റസകള്‍ക്ക് വേണ്ട സൗകര്യങ്ങളും വ്യവസ്ഥകള്‍ പാലിക്കാന്‍ ആവശ്യമായ സാഹചര്യവും ഒരുക്കാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവേണ്ടത്. മുസ്‌ലിംകളും അല്ലാത്തവരുമായി മുഴുവന്‍ വിദ്യാര്‍ഥികളെയും ഉടന്‍ പിന്‍വലിക്കണമെന്നും മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നും ഉത്തരവിടുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ പിന്നെ എന്തു ചെയ്യണമെന്നാണ് ബാലാവകാശ കമ്മീഷന്‍ കരുതുന്നത്?
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തവര്‍ക്ക് അനുഭവമുണ്ടാകും. കീലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ പോലും സ്‌കൂളോ നല്ലൊരു ആശുപത്രിയോ കണ്ടെത്താന്‍ കഴിയില്ല. ഒരു കിലോമീറ്റര്‍ പരിധിയില്‍ എല്‍ പി സ്‌കൂളുകളും മൂന്ന് കീലോമീറ്റര്‍ പരിധിയില്‍ യു പി സ്‌കൂളും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍-6 ല്‍ പറയുന്നത്. അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഈ സ്‌കൂള്‍ സംവിധാനത്തിന്റെ അഭാവത്തിലാണ് ഉത്തരേന്ത്യയില്‍ പല പ്രയാസങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് തന്നെ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.
മതവിദ്യാഭ്യാസം നല്‍കുക എന്നത് മതപരമായ ബാധ്യതയാണ് എന്ന് മനസ്സിലാക്കിയിട്ടുള്ള മുസ്‌ലിംകള്‍ അതിനുവേണ്ടി മദ്‌റസകള്‍ സ്ഥാപിക്കുകയും സ്‌കൂളിന്റെ അഭാവത്തില്‍ ഭൗതിക വിദ്യാഭ്യാസം കൂടി നല്‍കുകയും ചെയ്യുന്ന ഈ സ്ഥിതിവിശേഷത്തെ സര്‍ക്കാറുകള്‍ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയുമാണ് ചെയ്യേണ്ടത്. പ്രായോഗികമായ അത്തരം നടപടികള്‍ സ്വീകരിക്കാതെ, മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ തുരങ്കം വെക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ്. വിദ്യാഭ്യാസ അവകാശ നിയമത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍, മദ്‌റസകളില്‍ നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്.

Back to Top