18 Monday
November 2024
2024 November 18
1446 Joumada I 16

മദ്‌റസകളില്‍ മതം മാത്രമല്ല പഠിപ്പിക്കുന്നത്‌

ഡോ. അഷ്‌റഫ് വാളൂര്‍

1949 നവംബര്‍ 25ന് ഭരണഘടന അസംബ്ലിയില്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ച് ഭരണഘടന ശില്പി ഡോ. അംബേദ്കര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. രണ്ടുവര്‍ഷവും 11 മാസവും 17 ദിവസവും എടുത്ത് ഭരണഘടന നിര്‍മ്മാണം പൂര്‍ത്തിയാക്കി നടത്തിയ ആ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്ന ഒരു പ്രധാന കാര്യം ‘നല്ല ഭരണഘടന ആയാലും അത് നടപ്പാക്കുന്ന ഭരണാധികാരികള്‍ മോശമാണെങ്കില്‍ ആ ഭരണഘടന മോശമാണ്. എത്ര മോശം ഭരണഘടന ആയാലും അത് നടപ്പാക്കുന്ന ഭരണാധികാരികളുടെ ഉദ്ദേശ്യശുദ്ധി ശരിയാണെങ്കില്‍ അത് ഏറ്റവും നല്ല ഭരണഘടനയായി മാറും’ എന്നതാണ്. അത് ഇന്ത്യന്‍ ഭരണഘടനക്കും ബാധകമാണ്. ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ച വലിയ വിമര്‍ശനമായി പറയാറുള്ളത് അത് ഒരു കൈ കൊണ്ട് കൊടുക്കുകയും മറു കൈ കൊണ്ട് എടുക്കുകയും ചെയ്യുന്നു എന്നതാണ്. നമ്മുടെ ഭരണ ഘടന അത്രയും അയവുള്ളതാണ്. ചില ഉദാഹരങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാകും.
ഇന്ത്യ ഒരു ഫെഡറല്‍ സംവിധാനം ആണെന്ന് പറയപ്പെടുന്നു. പക്ഷെ, ഭരണഘടന പറയുന്നു ഇന്ത്യ ഒരു യൂണിയന്‍ സ്വഭാവം ഉള്ളതാണെന്ന്. ഇന്ത്യ ഒരു പാര്‍ലമെന്ററി ഡെമോക്രസിയാണ്. പക്ഷേ ചില ഘട്ടങ്ങളില്‍ അതിന് പ്രെസിഡന്‍ഷ്യല്‍ സ്വഭാവവും ഉണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രിക്ക് ആണോ പ്രസിഡന്റിന് ആണോ കൂടുതല്‍ അധികാരം എന്ന് ചോദിച്ചാലും നമുക്ക് വ്യത്യസ്ത ഉത്തരങ്ങള്‍ ആണ് ലഭിക്കുക. ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടനയെ വ്യാഖ്യാനിക്കാനും ദുര്‍വ്യാഖ്യാനിക്കാനും എല്ലാം എളുപ്പമാണ്. അത് ഇന്ത്യയില്‍ മറ്റു രാജ്യങ്ങളില്‍ ഇല്ലാത്ത രീതിയില്‍ ഈ വിഷയങ്ങളില്‍ വ്യവഹാരങ്ങള്‍ നടക്കുന്നതിലേക്ക് നയിക്കുന്നു. ഈ കാര്യങ്ങള്‍ എല്ലാം സംഗ്രഹിക്കുമ്പോള്‍ ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് നമുക്ക് മനസിലാക്കാം. ന്യൂനപക്ഷങ്ങളോടുള്ള സമീപനം, അവരുടെ അവകാശം, അധികാരം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന പോലെ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കിയ മറ്റൊരു ഭരണഘടനയും കാണാന്‍ സാധിക്കില്ല. യഥാര്‍ഥത്തില്‍ മൗലികാവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഭൂരിപക്ഷങ്ങളുടെ വിഷയത്തില്‍ ഇത്തരം സന്ദേഹങ്ങള്‍ ഒന്നും തന്നെയില്ല. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 29 രാജ്യത്തുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ സവിശേഷമായ ഭാഷ, ലിപി, സംസ്‌കാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കാനുള്ള അവകാശം നല്‍കുന്നു.
ആര്‍ട്ടിക്കിള്‍ 30 പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു അവരുടെ താല്‍പര്യത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ തുടങ്ങാനും അത് നടത്താനുമുള്ള അവകാശവും ഉറപ്പുവരുത്തുന്നു. ഈ മൗലിക അവകാശങ്ങളെല്ലാം തന്നെ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. ഒരു രാജ്യത്തിന്റെ പൊതുഭാഷയും സംസ്‌കാരവും ലിപിയുമെല്ലാം ഭൂരിപക്ഷത്തിന്റേതായിരിക്കുന്നത് കൊണ്ട് തന്നെ അതിന് പ്രത്യേക സംരക്ഷണം നല്‍കേണ്ട ആവശ്യമില്ലല്ലോ. ആര്‍ട്ടിക്കിള്‍ 25 പ്രകാരം എല്ലാവര്‍ക്കും മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും പ്രഘോഷണം ചെയ്യാനും അവകാശമുണ്ട്. അതും പ്രത്യേകം പരാമര്‍ശിക്കുന്നില്ലെങ്കില്‍ പോലും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ചാണ്.
ഇത് ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ക്ക് കൃത്യമായ ധാരണയുണ്ട്. അതിനാല്‍ തന്നെ ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി കൊണ്ടേയിരിക്കുന്നു. ഇത്രത്തോളം ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയെ ഒരിക്കലും എളുപ്പത്തില്‍ അട്ടിമറിക്കുക എന്നുള്ളത് സാധ്യമല്ല. അതുകൊണ്ട് തന്നെ ഘട്ടം ഘട്ടമായി ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷാധികാരമുള്ള ഓരോ മേഖലകളിലായി കൈവെക്കുകയും അത് ഒരു സാധാരണ പ്രക്രിയയായി മാറ്റുകയും ചെയ്യുകയാണ് ഇന്നത്തെ ഭരണപക്ഷം സ്വീകരിക്കുന്ന തന്ത്രം. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പെട്ടെന്ന് മദ്റസകള്‍ നിരോധിക്കുക എന്നുള്ളത് പ്രായോഗികമല്ല. അതുകൊണ്ട് ആദ്യം മദ്റസകള്‍ക്കെതിരെ ദീര്‍ഘകാലമായി പ്രചാരണം നടത്തുന്നു. എന്നിട്ട് പരീക്ഷണം പോലെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. പിന്നീട് മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ പറയുന്നു. ഈ ചര്‍ച്ചകള്‍ തുടരാന്‍ അതുകൊണ്ട് ഇവര്‍ക്ക് സാധിക്കുന്നു.
മദ്റസകളെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല, നമ്മുടെ കൊച്ചു കേരളത്തിലും അതിന്റെ വിത്തുകള്‍ പാകിയിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി ഒരു മുസ്ലിം മാനേജ്‌മെന്റ് തുടങ്ങിയ ഒരു ചാനലിന്റെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് അവര്‍ സംപ്രേഷണം ചെയ്ത 15 മികച്ച കഥകളില്‍ ഒന്ന് മാറാട് കലാപത്തെ കുറിച്ചുള്ളതായിരുന്നു. ആ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ചെറുബാല്യത്തില്‍ തന്നെ കുട്ടികളെ ശാഖയിലേക്കും മദ്റസകളിലേക്കും അയക്കുന്ന രീതി തുടരുന്നിടത്തോളം പരസ്പര വിദ്വേഷവും കലാപങ്ങളുമുണ്ടാകും’. എത്ര ലാഘവത്തോടെയാണ് ശാഖയെ മദ്റസയുമായി താരതമ്യപ്പെടുത്തുന്നത്. അത് റിപ്പോര്‍ട്ട് ചെയ്തവരോ സംപ്രേഷണം ചെയ്തവരോ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ ആയിരുന്നില്ല. പക്ഷേ അങ്ങനെ ഒരു പൊതുധാരണ നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്നു എന്നുള്ളത് കൊണ്ടാണ് അത് തിരുത്തണമെന്ന് പോലും അവര്‍ക്ക് തോന്നാതിരുന്നത്. ഈ രീതിയില്‍ ക്യാംപെയിനുകള്‍ നടത്തുകയും പിന്നീട് സാധാരണവല്‍ക്കരിക്കുകയും ചെയ്യുന്ന തന്ത്രം അവര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
കോഴിക്കോട് ട്രെയിന്‍ തീവെപ്പിലെ പ്രതിയെ അറസ്റ്റു ചെയ്ത എഡിജിപി പറഞ്ഞത് അയാള്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നാണ്. ഇത് കേള്‍ക്കുന്നവര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ വലിയ കുഴപ്പമാണ് എന്നുള്ള ധാരണ സ്വാഭാവിക തലത്തില്‍ തോന്നും. അതിന്റെ അടുത്ത ഘട്ടത്തില്‍ സാക്കിര്‍ നായിക്കിന്റെ പുസ്തകം വായിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ഒരാളെ അറസ്റ്റു ചെയ്യാം. ഇതാണ് പ്രചാരണത്തിന്റെ ഒരു രീതി. അത് ഓരോഘട്ടത്തിലും ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ കൃത്യമായി നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്.
തൊപ്പി, താടി തുടങ്ങി മത ചിഹ്നങ്ങള്‍ തീവ്രവാദത്തിന്റെ ചിഹ്നമായി മാറുകയും മാധ്യമങ്ങള്‍ ആ ചിന്ത ആളുകളില്‍ സ്വാഭാവികമായും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഭരണകൂടവും അവരുടെ രാഷ്ട്രീയ കക്ഷികളും ഇത്തരം ക്യാംപെയിനുകള്‍ നിരന്തരം നടത്തി കൊണ്ടിരിക്കും. ഇത് നടത്തുന്നതിന്റെ ലക്ഷ്യം ഇന്ന് തന്നെ അത് പ്രാബല്യത്തില്‍ വരുത്താന്‍ കഴിയും എന്നല്ല. നടപ്പാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നുമില്ല. മറിച്ച് ഇത് ഘട്ടം ഘട്ടമായി സാധാരണവല്‍ക്കരിക്കപ്പെടുന്നു. മദ്റസകള്‍ പ്രശ്‌നമാണ്, ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് ഒരു മതവിശ്വാസികള്‍ക്ക് മാത്രം പഠിക്കാനുള്ള അവസരം നല്‍കുന്നു. മറ്റാര്‍ക്കും ആ അവസരമില്ല എന്നൊക്കെ വ്യാജപ്രചാരണം പടച്ചു വിടുന്നു. 80 -20 സംവരണ വിവാദത്തില്‍, എന്തു കൊണ്ടാണ് സര്‍ക്കാറിന്റെ ആനകൂല്യങ്ങള്‍ 100 ശതമാനം ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത്, അത് ശരിയല്ലല്ലോ എന്നാണ് ചോദ്യമുയര്‍ന്നത്. അവര്‍ എന്തു കൊണ്ട് അര്‍ഹരായി എന്നത് ഒരിക്കലും അവര്‍ വ്യക്തമാക്കില്ല.
അങ്ങനെ ഒരു ആശയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിന് സംഘപരിവാറിന്റെ ക്യാമ്പയിനുകള്‍ ഫലം ചെയ്യുന്നു. അവര്‍ കൊണ്ടുവരുന്ന ആശയങ്ങള്‍ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുവാനും അത് നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമായി നിലനിര്‍ത്തുവാനും യാതൊരു മടിയും കൂടാതെ പലയിടങ്ങളിലും പ്രചരിപ്പിക്കുവാനും ഉള്ള ഒരു അന്തരീക്ഷം അവര്‍ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്.
അതുപോലെ തന്നെയാണ് മദ്റസയുടെ വിഷയവും. ഇന്ന് അതൊരു ചെറിയ വിഷയമായി അവസാനിക്കുന്നു. നാളെ അത് വലിയ വിവാദങ്ങളിലേക്ക് പോകുന്നു. 2017 സപ്തംബറില്‍ ദി ഹിന്ദുവില്‍ അമര്‍ത്യ താലുക്ദാര്‍ എഴുതിയ ഒരു ലേഖനത്തിന്റെ അവസാനത്തില്‍ അദ്ദേഹം മദ്റസ എന്നത് ഇന്ത്യയിലെ വരേണ്യ വര്‍ഗത്തിന്റെ ഒരു താല്‍പര്യമായിരുന്നു എന്ന് പ്രതിപാദിക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ആളുകള്‍ താല്പര്യപ്പെടുന്നതുപോലെ വരേണ്യ വര്‍ഗത്തിന്റെ ഒരു താല്പര്യം ആയിരുന്നു മദ്റസകളില്‍ പഠിപ്പിക്കുക എന്നത്. രാജാറാം മോഹന്‍ റോയ്, രാജേന്ദ്രപ്രസാദ് ഗുരുനാഥ് തുടങ്ങിയ പ്രമുഖര്‍ മദ്റസയില്‍ പഠിച്ചവരായിരുന്നു എന്നുകൂടി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ ലേഖനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു ദാനം തന്നെയാണ് മദ്റസ വിദ്യാഭ്യാസവും. ഉത്തരേന്ത്യയില്‍ ഒക്കെ പൊതുവിദ്യാലയങ്ങളുടെ ദൗത്യമാണ് മദ്റസകള്‍ നിറവേറ്റുന്നത്.
ഈ വിഷയത്തോട് അനുബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയത് മാത്രമാണ്. രാഷ്ട്രീയനേട്ടത്തിനായുള്ള ധ്രുവീകരണമാണ് ഈ ഒളി അജണ്ടകളിലൂടെ ഭരണപക്ഷം ലക്ഷ്യമാക്കുന്നത്. അതല്ലാതെ നിലവില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മദ്രസകള്‍ അടച്ചുപൂട്ടുന്നത് ഒരുതരത്തിലും സാധ്യമല്ല. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ആറു വയസ്സിന് മുകളിലുള്ള എട്ടു കോടി കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തിയിട്ടില്ല. ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണ്. 12 ശതമാനം കുട്ടികള്‍ പത്താം ക്ലാസോടെ പഠനം നിര്‍ത്തുന്നു.
1.9 ശതമാനം കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തോടെ അവസാനിപ്പിക്കുന്നു. ഈ പരിതസ്ഥിതിയിലുള്ള ഒരു രാജ്യത്തെ നിലവിലുള്ള മദ്റസകള്‍ കൂടി അടച്ചു പൂട്ടുന്നത് ഭരണ പക്ഷത്തിനു തന്നെ തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. നിലവില്‍ മദ്റസകള്‍ അടച്ചുപൂട്ടിയാല്‍ അതിന് ബദല്‍ സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റിന് സാധ്യമല്ല.
ഇങ്ങനെയുള്ള വിവാദങ്ങള്‍ ഇവയുടെ ഗുണവശങ്ങള്‍ കൂടി ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉള്ള ഒരു അവസരമാണ് നമുക്ക് തുറന്നു തരുന്നത്. ഈ വിവാദത്തിന് മുന്‍പ് വരെ ജനവിഭാഗം മനസ്സിലാക്കിയിരുന്നത് ഉത്തരേന്ത്യന്‍ മദ്‌റസകള്‍ മതം മാത്രം പഠിപ്പിക്കുന്ന ഇടങ്ങളാണ്, അവിടെ വരുന്ന ഇതര മുസ്ലിം വിദ്യാര്‍ഥികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ആണ്. എന്നാല്‍ ഇപ്പോഴാണ് മദ്റസാ വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങളിലും ഗവണ്‍മെന്റിന്റെ നയനിലപാടുകളിലും വ്യക്തമായ ധാരണകള്‍ നമുക്കുണ്ടാവുകയും അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് തന്നെയാണ് ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ വലിയ ഭീഷണി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്ക്ചെയ്യാനുള്ളത്.
ലേഖനാവിഷ്‌കാരം
വാഫിറ ഹനാന്‍

Back to Top