മദ്റസാ പ്രസ്ഥാനത്തിനെതിരെ സംഘപരിവാര്‍
ഹബീബ് റഹ്‌മാന്‍ കൊടുവള്ളി
മദ്റസകളിലെ അധ്യയന രീതി വിദ്യാര്‍ഥികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും മദ്‌റസകള്‍ക്കും ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം മത പാഠശാലകളാണ് മദ്റസകള്‍. ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡതക്കോ സുരക്ഷക്കോ ഭീഷണിയാവുന്നതോ രാജ്യത്ത് വര്‍ഗീയ വിദ്വേഷങ്ങളുണ്ടാക്കുന്നതിനോ കാരണമായ ഒരൊറ്റ സംഭവവും ഇക്കാലയളവില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. വര്‍ഗീയ സംഘര്‍ഷങ്ങളും പ്രകൃതി ദുരന്തങ്ങളും മഹാമാരികളും പോലുള്ള ഒട്ടുമിക്ക ദുര്‍ഘട സന്ധികളിലും മദ്‌റസകളും പള്ളികളുമൊക്കെ ഏറെ സഹായകരമാവുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ ഒട്ടനവധിയാണ്.
മുസ്ലിം മതവിഭാഗങ്ങള്‍ക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തത്തില്‍ തന്നെ ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് മദ്‌റസകളും അനാഥാലയങ്ങളും പോലുള്ള സ്ഥാപനങ്ങള്‍ നിറവേറ്റുന്നത്. മദ്റസകള്‍ മതപരമായ അറിവുകള്‍ പകരുന്ന കേന്ദ്രങ്ങളാണെന്ന് സമ്മതിച്ചാല്‍ തന്നെ, എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതം പഠിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടനാ ദത്തമാണല്ലോ. അതുകൊണ്ട് തന്നെ അവയെ നിര്‍ത്തലാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശ ലംഘനവുമാവും.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാഥമിക സ്‌കൂള്‍ പഠനത്തിന് പോലും സാധ്യതയോ സന്ദര്‍ഭമോ ഇല്ലാത്ത ഒട്ടനവധി കുട്ടികളാണ് മദ്റസാ പ്രസ്ഥാനം എന്ന സംവിധാനത്തിലൂടെ വിദ്യാഭ്യാസം നേടുന്നത്. അഥവാ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം പോലും ഒരു പരിധിവരെ സംരക്ഷിക്കപ്പെടുന്നത് മദ്റസകളിലൂടെയാണ്. മദ്റസാ പ്രസ്ഥാനം നിലവില്‍ വരുന്നത് തന്നെ കുട്ടികളുടെ പഠനവും സംസ്‌കാരവും മനുഷ്യത്വവുമൊക്കെ വളര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനുമാണ്. ഇസ്ലാമിന്റെ ആധാര ശിലകളായ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ചുള്ള മത വിശ്വാസം, കര്‍മശാസ്ത്രം, ചരിത്രം, സ്വഭാവ സംസ്‌കരണം തുടങ്ങി മാനുഷികതയുടെ മഹത്വം പഠിക്കുന്ന സ്ഥാപനങ്ങളാണ് യഥാര്‍ഥത്തില്‍ മദ്റസകള്‍. സത്യം, നീതി, പരസ്പര ബഹുമാനം, ജീവകാരുണ്യം, മാനവികത, ശാന്തി, മാതാപിതാക്കള്‍, അയല്‍വാസികള്‍, ബന്ധു മിത്രാദികള്‍, സഹോദര സമുദായങ്ങള്‍ എന്നിവരോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍, ചെറിയവരോടുള്ള കാരുണ്യം തുടങ്ങി സര്‍വവിധ നന്മകളും ശീലങ്ങളും ചൊട്ടയിലേ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് മദ്റസകള്‍ നിര്‍വഹിക്കുന്ന ആത്യന്തിക ധര്‍മങ്ങള്‍.
മദ്യം, മയക്കുമരുന്ന്, കളവ്, അക്രമം, കുത്തഴിഞ്ഞ ലൈംഗിക അശ്ലീലത, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങി സകല കൊള്ളരുതായ്മകള്‍ക്കും മൂല്യച്യുതികള്‍ക്കുമെതിരെ മദ്റസാ പഠനം ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. മാതാപിതാക്കള്‍ക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും രാജ്യത്തിനും മാതൃകയും മുതല്‍കൂട്ടുമായ സംസ്‌കാര സമ്പന്നരായ തലമുറയെ വാര്‍ത്തെടുക്കുകയാണ് മദ്‌റസകളുടെ ലക്ഷ്യം. ഗവണ്‍മെന്റിനെ ഒരുനിലക്കും ആശ്രയിക്കാതെ പൂര്‍ണമായും നാട്ടുകാരുടെ സഹായത്തോടെയാണ് ഭൂരിഭാഗം മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. മദ്രസകളുടെ സിലബസും അധ്യാപന രീതിയുമാകട്ടെ തികച്ചും സുതാര്യമാണ്. ഉത്തരേന്ത്യയിലെ പല മദ്‌റസകളിലും മത-ജാതി ഭേദമെന്യേ കുട്ടികള്‍ പഠിക്കുന്നുണ്ട്. വിദൂരങ്ങളിലെ സ്‌കൂളുകളിലേക്ക് പോകാന്‍ കഴിയാത്ത, സാമ്പത്തികശേഷി കുറഞ്ഞ കുട്ടികള്‍ക്ക് അത്തരം മദ്‌റസകള്‍ നല്‍കുന്ന ആശ്വാസം ചില്ലറയല്ല. പല മദ്‌റസകളിലും ഭാഷകളും സയന്‍സും കണക്കുമടക്കം വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നുമുണ്ട്.
യഥാര്‍ഥത്തില്‍ സര്‍ക്കാരും മദ്‌റസാ പ്രസ്ഥാനങ്ങളും ചെയ്യേണ്ടത് മദ്‌റസകളെ കൂടുതല്‍ പരിഷ്‌കരിക്കുകയും നവീകരിക്കുകയുമാണ്. ചെറുപ്പത്തിലെ ആചാരപ്രധാനമായ പഠനശേഷം ബുദ്ധി-യുക്തി വളര്‍ച്ചക്കനുസരിച്ച് മദ്‌റസാ പഠനം കാര്യക്ഷമവും യുക്തിഭദ്രവുമാക്കേണ്ടതുണ്ട്. വിവേകം വെക്കുന്ന കൗമാര കാലത്ത് മദ്റസാ സമ്പര്‍ക്കം ഉണ്ടായെങ്കിലേ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസ പഠനത്തിന്റെ ഗുണം ജീവിതത്തില്‍ പ്രകടമാവൂ. കേവല ഭൗതിക പഠനത്തിന്റെ പേരില്‍ അഥവാ സ്‌കൂള്‍ പഠനത്തിന്റെ പേരില്‍ ധാര്‍മിക-സദാചാര മൂല്യങ്ങള്‍ പഠിപ്പിക്കുന്ന മദ്റസാ പഠനം ഉപേക്ഷിക്കപ്പെടുന്ന സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്. ഇത് യഥാര്‍ഥത്തില്‍ മനുഷ്യ നന്മക്കും ഉത്തമ സമൂഹ നിര്‍മിതിക്കും വിഘാതം സൃഷ്ടിക്കും.
ഇന്നത്തെ കാമ്പസുകളില്‍ ധര്‍മവിചാരവും മൂല്യബോധവും പഠിതാക്കള്‍ക്ക് നന്നേ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. സ്വാഭാവികമായും ഇത് ഒരു ഉത്തമ സമൂഹ നിര്‍മിതിക്ക് ഗുണകരമല്ല. അതിനാല്‍ മത ധാര്‍മിക മൂല്യങ്ങളും മാനവികതയും പരസ്പര സ്നേഹ സഹകരണങ്ങളും പുഷ്‌കലമാക്കുന്ന മത ധാര്‍മിക ശാലകള്‍ ഉത്തരോത്തരം വളര്‍ന്ന് വികസിക്കുകയും രാജ്യ നന്മയില്‍ താല്പര്യമുള്ളവര്‍ അവയെ പ്രോത്സാഹിപ്പിക്കുകയുമാണ് യഥാര്‍ഥത്തില്‍ വേണ്ടത്.