8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കാലോചിത മാറ്റത്തിന് മദ്‌റസകള്‍ സജ്ജമാണോ?

ഡോ. ഐ പി അബ്ദുസ്സലാം


മതത്തെ ശരിയായ വിധം ഉള്‍ക്കൊള്ളുകയും അത് പ്രയോഗവത്കരിക്കുകയും ചെയ്യുമ്പോള്‍ മതം മധുരമായി മാറുന്നു. ജീവിതം സമ്പന്നമായിത്തീരുന്നു. സംസ്‌കാരം ശക്തിപ്പെടുന്നു. ധാര്‍മികത സമൂഹത്തില്‍ നിലനിര്‍ത്തപ്പെടുന്നു. ആധുനികമായ ഏത് ജീവിത വെല്ലുവിളികളെയും നേരിടാന്‍ മതത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട ഒരു വ്യക്തിക്ക് സാധിക്കും. മതം കൃത്യമായി പഠിച്ച ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന് ഏതൊന്നിനെയും നേരിടാനുള്ള കരുത്തുണ്ട്. സാമൂഹിക ജീര്‍ണത അവനെ ബാധിക്കുകയില്ല. അവന്‍ പഠിച്ചിരിക്കുന്ന ദൈവവിശ്വാസം അവന്റെ മനസ്സിനെ ശക്തിപ്പെടുത്തുന്നതാണ്. അവന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കുള്ള പ്രതിരോധമായി മതനിയമങ്ങള്‍ അവനെ സഹായിക്കുന്നു.
സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് നവ ലിബറലിസം. മതമുള്ള ഒരു സമൂഹം വളര്‍ന്നുവന്നാല്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇവിടെ വളരാന്‍ സാധ്യമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ലിബറലിസം പോലുള്ള ചിന്തകള്‍ കൂടുതലായി പ്രചരിപ്പിക്കാന്‍ മതനിരാസ അപ്പോസ്തലന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നത്. മദ്‌റസാ വിദ്യാഭ്യാസത്തിലൂടെ കുഞ്ഞുമനസ്സുകളില്‍ ദൈവവിശ്വാസം രൂപപ്പെടുന്നത് പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവങ്ങള്‍ പ്രകൃതിയില്‍ നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ഏത് നിരീശ്വര-നിര്‍മത വാദത്തെയും താന്‍ പഠിച്ച ദൈവവിശ്വാസം കൊണ്ട് പ്രതിരോധിക്കാന്‍ അവനു കഴിയും. മദ്‌റസകളില്‍ നിന്ന് ചൊല്ലിപ്പഠിക്കുന്ന മതപഠനത്തിനു പകരം അനുഭവിച്ചു പഠിക്കാനുള്ള അവസരങ്ങള്‍ ആധുനിക മദ്‌റസാ സിലബസുകളില്‍ ഉണ്ട്. നാസ്തികത, ലിബറലിസം പോലുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളെയും തന്റെ വിശ്വാസത്തിനു മുമ്പില്‍ നിഷ്പ്രഭമാക്കാന്‍ ഒരു വിദ്യാര്‍ഥിക്ക് മദ്‌റസാ വിദ്യാഭ്യാസത്തിലെ ബാലപാഠത്തിലൂടെയും തുടര്‍ന്നുള്ള ഉന്നത പഠനങ്ങളിലൂടെയും സാധിക്കും. അതിനുള്ള ആദ്യ പ്രചോദനമായി മദ്‌റസാ വിദ്യാഭ്യാസം മാറുന്നു. കൗമാരപ്രായത്തിലും യുവത്വത്തിലും ഒരാള്‍ക്ക് കിട്ടേണ്ട ധാര്‍മികബോധത്തിന്റെ അടിസ്ഥാന കേന്ദ്രമാണ് മദ്‌റസാ വിദ്യാഭ്യാസം.
തന്റെ മുമ്പില്‍ കാണുന്ന എല്ലാ ജീര്‍ണതകളോടും പുറംതിരിഞ്ഞുനില്‍ക്കാനും പ്രതിരോധിക്കേണ്ട സമയത്ത് പ്രതിരോധിക്കാനും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാനും അവനെ പ്രാപ്തനാക്കുന്നത് താന്‍ പഠിച്ച മതവിദ്യാഭ്യാസത്തിന്റെ കരുത്ത് തന്നെയാണ്. ദൈവവിശ്വാസത്തിലൂടെയും അത് അടിസ്ഥാനമാക്കിയുള്ള അനുഷ്ഠാനങ്ങളിലൂടെയും ഉത്തമ മാതൃകയായ പ്രവാചക ചര്യയിലൂടെയും അവന്‍ നേടുന്ന അറിവിന്റെ ബലത്തില്‍ ജീവിതപ്രശ്‌നങ്ങളെയും സാമൂഹികമായി നേരിടുന്ന പ്രശ്‌നങ്ങളെയും പരിഹരിക്കാനും ആ പ്രശ്‌നങ്ങള്‍ക്കിടയിലും ജീവിക്കാനും അവനെ പ്രാപ്തനാക്കുന്നു.
ബഹുമത സമൂഹത്തില്‍ ജീവിക്കേണ്ട ഒരു മുസ്‌ലിമിന് ആവശ്യമായ എല്ലാ ബോധവും പുതിയ മദ്‌റസാ പഠനത്തിലൂടെ ചില ഏജന്‍സികള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. പാരിസ്ഥിതികമായ പ്രശ്‌നങ്ങളില്‍ ഒരു വ്യക്തി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് മദ്‌റസാ സിലബസിലൂടെ ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്നുണ്ട്.
കൃഷി വിജ്ഞാനം, ആരോഗ്യ പരിരക്ഷ, റോഡ് സുരക്ഷാ നിയമങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ ഒരു പൗരന് ഉണ്ടാകേണ്ട ശരാശരി ബോധം ഇന്നത്തെ മദ്‌റസാ സിലബസുകളില്‍ പഠനവിഷയമാണ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പാഠ്യപദ്ധതികള്‍ മദ്‌റസകളില്‍ ഇന്ന് അവതരിപ്പിക്കാന്‍ കഴിയുന്നു എന്നത് ഏറ്റവും പ്രശംസനീയമാണ്. മതവിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികളില്‍ അധാര്‍മികതയും ജീര്‍ണതയും വര്‍ധിക്കുന്നു എന്ന് പലരും പറയാറുണ്ട്.
എന്നാല്‍ ശരിയായ രൂപത്തിലുള്ള മതശിക്ഷണങ്ങള്‍ ലഭിച്ച വിദ്യാര്‍ഥികളില്‍ എല്ലാ ജീര്‍ണതകളില്‍ നിന്നും അധാര്‍മികതയില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും മാറിനില്‍ക്കാനുള്ള പ്രത്യേക കഴിവ് കാണാം. അതുകൊണ്ടുതന്നെ മതവിദ്യാഭ്യാസം ജീവിതസ്പര്‍ശിയായി മുന്നോട്ടുപോകുന്നില്ല എന്നത് ഒരു തെറ്റായ ധാരണയാണ്. അത് തിരുത്തപ്പെടേണ്ടതാണ്.
മതവിദ്യാഭ്യാസം നല്‍കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതില്‍ ഏറെ വിജയിച്ച ചില മദ്‌റസകളുണ്ട്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എല്ലാം വിഷ്വലൈസ് ചെയ്ത് കുട്ടികള്‍ക്ക് അനുഭവസാക്ഷ്യം നല്‍കി പ്രാക്ടിക്കലായി മതവിജ്ഞാനം നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത ശൈലികളില്‍ നിന്ന് മാറാത്ത ചില മദ്‌റസകള്‍ ഇന്നുമുണ്ട്. പഴയ ഓത്തുപള്ളി സിസ്റ്റത്തിലൂടെ അവ മുന്നോട്ടുപോകുന്നു. പുതിയ കാലത്തിന്റെ മാറ്റവും വിദ്യാര്‍ഥി മനസ്സുകളെ തിരിച്ചറിയാത്തതും അത്തരം മതപഠനശാലകളുടെ കാര്യക്ഷമതയെ കാര്യമായി ബാധിക്കുന്നത്.
കാര്‍ട്ടൂണുകള്‍ക്കും വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ കുട്ടികളുടെ മനസ്സില്‍ ഏറെ സ്വാധീനമുണ്ടാക്കാന്‍ കഴിയും. ഇസ്‌ലാം കാര്‍ട്ടൂണുകള്‍ക്കോ വീഡിയോകള്‍ക്കോ എതിരല്ല. അതുകൊണ്ടുതന്നെ പുതിയ പഠനരീതികള്‍ മദ്‌റസകളില്‍ നടപ്പാക്കേണ്ടതുണ്ട്. മദ്‌റസാ പാഠപുസ്തകങ്ങളെ വിഷ്വലൈസ് ചെയ്ത് അവതരിപ്പിക്കാനും നല്ല വീഡിയോകളും ചിത്രങ്ങളും കാര്‍ട്ടൂണുകളും നല്‍കാനും കഴിയുമെങ്കില്‍ വായിച്ചു പഠിക്കുന്നതിനേക്കാളും കേട്ടു പഠിക്കുന്നതിനേക്കാളും കുട്ടികളുടെ മനസ്സില്‍ ശക്തമായി ഇസ്‌ലാമിക വിജ്ഞാനങ്ങളെ ഉറപ്പിച്ചുനിര്‍ത്താന്‍ അതുവഴി സാധിക്കും. ഈ രംഗത്ത് സിഐഇആര്‍ പോലുള്ള സിലബസുകള്‍ ഓഡിയോ-വീഡിയോ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ ഇന്ന് വിഷ്വലൈസ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മദ്‌റസകളില്‍ വന്നുകഴിഞ്ഞാല്‍ പ്രതീക്ഷിക്കുന്നതിനപ്പുറം പുതിയ വിദ്യാര്‍ഥി സമൂഹം മാറും എന്നതില്‍ യാതൊരു സംശയവുമില്ല.
ഇസ്‌ലാമിക ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ മുഴുവനും കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അവതരിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇത്തരം കാലോചിതമായ ഒരു മാറ്റത്തിന് ആധുനിക മദ്‌റസാ സംവിധാനങ്ങളെ തയ്യാറാക്കുകയാണെങ്കില്‍ അടുത്ത തലമുറക്ക് നാം ചെയ്യുന്ന ഏറ്റവും വലിയ സേവനമായി അത് മാറും. ഇസ്‌ലാമിക നിയമങ്ങളെയും മൂല്യങ്ങളെയും കഥകളിലൂടെയും നോവലുകളിലൂടെയും സീരിയലുകളിലൂടെയും അവതരിപ്പിക്കുന്ന ഈ കാലത്ത് എന്തുകൊണ്ടാണ് മദ്‌റസകള്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയാത്തത് എന്നത് നാം ചിന്തിക്കേണ്ടതുണ്ട്.
അധ്യാപകരെയും മാനേജ്‌മെന്റിനെയും ഇതിന് പ്രാപ്തരാക്കേണ്ടതുണ്ട്. കോളജുകളില്‍ നിന്ന് ആധുനിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും നേടിയ വിദ്യാര്‍ഥികള്‍ നാളെ അധ്യാപകരാവുമ്പോള്‍ അവര്‍ പഠിച്ച, അവര്‍ ശീലിച്ച ഡിജിറ്റലൈസ്ഡ് ശൈലി മദ്‌റസകളില്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയും. മതപഠനത്തിന് സമയം കിട്ടുന്നില്ല എന്നത് എല്ലാവരും ഉന്നയിക്കുന്ന ഒരു വിഷയമാണ്. വിദേശ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ മുമ്പിലുള്ള ഏറ്റവും വലിയ ആശങ്ക, തങ്ങളുടെ മക്കള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാന്‍ സൗകര്യമില്ല എന്നതാണ്. ഇതിന് പരിഹാരമായി ഓണ്‍ലൈന്‍ മതപഠനം വ്യാപകമാക്കേണ്ടതുണ്ട്. സാധാരണ കിട്ടുന്ന മദ്‌റസയെ പോലെത്തന്നെ കുട്ടികളില്‍ മതബോധം നല്‍കാന്‍ കഴിയുന്ന ഒന്നാന്ന് ഓണ്‍ലൈന്‍ മതപഠന സംവിധാനങ്ങളെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍.
എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം ഒന്നിച്ചിരുന്നുള്ള മദ്‌റസയിലൂടെ കിട്ടുന്ന സാമൂഹിക ബോധം ഓണ്‍ലൈന്‍ മദ്രസകളിലൂടെ കിട്ടണമെന്നില്ല. എന്നിരുന്നാലും മതബോധം കിട്ടാത്ത ഒരു കുട്ടിക്ക് അടിസ്ഥാനപരമായ മതബോധവും ഭാഷാപഠനവും ഓണ്‍ലൈനിലൂടെ കിട്ടുമെങ്കില്‍ അത് ഉപകാരപ്പെടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ന് മതവിദ്യാഭ്യാസ ബോര്‍ഡുകള്‍ ഓണ്‍ലൈന്‍ മദ്‌റസാ മേഖലയില്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവന്നതായി കാണാന്‍ കഴിയും. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്ത് മുഴുവനും എല്ലാ പ്രവര്‍ത്തനവും നിശ്ചലമായപ്പോള്‍ ശക്തി പ്രാപിച്ച ഒരു ആശയമാണ് ഓണ്‍ലൈന്‍ പഠനം.
സ്‌കൂളുകളിലും കോളജുകളിലും ഫലപ്രദമായി അത് ഉപയോഗപ്പെടുത്തിയപ്പോള്‍ മതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന മദ്‌റസാ പ്രസ്ഥാനങ്ങള്‍ വരെ ഈ രംഗത്തേക്ക് പുത്തന്‍ കാല്‍വെപ്പ് നടത്തിയപ്പോള്‍ വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ മദ്‌റസാ സംവിധാനം കൊണ്ടുവന്നത് കെഎന്‍എം മര്‍കസുദ്ദഅ്‌വക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഐഇആര്‍ എന്ന വിദ്യാഭ്യാസ വിങ് ആണ്.
ഇന്ന് ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും താമസിക്കുന്ന ഒട്ടേറെ മലയാളികള്‍ക്ക് ആശ്വാസമായി ഈ ഓണ്‍ലൈന്‍ മദ്‌റസാ സംവിധാനം മാറിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ സംഗമിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും പഠിച്ച ഭാഗങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോഴുള്ള അവരുടെ പ്രതികരണവും വിലയിരുത്തുമ്പോള്‍ ഓണ്‍ലൈന്‍ പഠനം പ്രതീക്ഷക്കൊത്ത് വളര്‍ന്നിട്ടുണ്ട് എന്നുതന്നെ പറയാന്‍ കഴിയും.
മതവിദ്യാഭ്യാസം നേടാന്‍ കഴിയാത്ത ഒരു വിഭാഗം ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. ഔദ്യോഗിക പഠനത്തിനു ശേഷം മതവിദ്യാഭ്യാസം നേടണം എന്ന് ആഗ്രഹിക്കുന്ന പലരും ഇന്ന് ഉന്നയിക്കാറുള്ള ചോദ്യമാണ് ഈ പ്രായത്തില്‍ അഥവാ മുതിര്‍ന്നവരായതിനു ശേഷം എവിടെ നിന്നാണ് മതം പഠിക്കാന്‍ കഴിയുക എന്ന്.

വയോജന വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ നാട് പ്രശംസനീയമായ മാതൃക കാണിച്ചിട്ടുണ്ട്. അതേ രൂപത്തില്‍ മതപഠനരംഗത്തും അവസരങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ അല്ലാതെയും ഇത് നടപ്പാക്കാന്‍ കഴിയും. കുട്ടികളുടെ രാവിലെയുള്ള മദ്‌റസാ പഠനം കഴിഞ്ഞതിനു ശേഷം മദ്‌റസാ കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നു. വേണമെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം മുതിര്‍ന്നവര്‍ക്ക് മതം പഠിക്കാനും ആശയങ്ങള്‍ മനസ്സിലാക്കാനും അനുഷ്ഠാന മുറകള്‍ മനസ്സിലാക്കാനും ഇതുപോലുള്ള മദ്‌റസകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക എന്നത് ഒരു പ്രദേശത്തുള്ള ആളുകള്‍ ഒന്നിച്ചിരുന്ന് ആലോചിക്കേണ്ട വിഷയമാണ്. ബോധനശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങളും സംഭാവനകളും പാശ്ചാത്യരുടെ മാതൃകയാണ് എന്ന് പലരും പറയാറുണ്ട്. എന്തുകൊണ്ട് ഇത് ഇസ്‌ലാമിക മതപഠനത്തിന് ഉപയോഗപ്പെടുത്തിക്കൂടാ എന്നും ചോദിക്കുന്നവരുണ്ട്. ഈ രംഗത്ത് ഇസ്‌ലാമിക ബോധന മാതൃക വികസിപ്പിച്ചെടുത്ത സംഘടനകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ മദ്‌റസകളില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. സിഐഇആര്‍ ഇതിനും മാതൃകയാണ്. ആധുനിക ബോധനശാസ്ത്രത്തിലൂടെ സിലബസ് തയ്യാറാക്കി സിഐഇആര്‍ അവതരിപ്പിച്ചു.
മദ്‌റസാ പഠനനിലവാരം മെച്ചപ്പെടണമെങ്കില്‍ സിലബസ് മാത്രം ഉണ്ടായാല്‍ പോരാ. പഠിപ്പിക്കുന്ന അധ്യാപകര്‍ പൂര്‍ണമായും പരിശീലനം ലഭിച്ചവരായിരിക്കണം. അധ്യാപക പരിശീലനം ലഭിക്കാത്തവര്‍ പഠനപ്രക്രിയയില്‍ ഏര്‍പ്പെട്ടാല്‍ അത് തികച്ചും വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണ്. താന്‍ പഠിപ്പിക്കുന്ന സിലബസിനെ കുറിച്ച് പൂര്‍ണബോധവും അറിവും അനുഭവവുമില്ലാത്ത ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ അവന്റെ ക്ലാസ് ഒരു കുട്ടിയെയും സ്വാധീനിക്കാത്ത ക്ലാസായി മാറും. അതുകൊണ്ടുതന്നെ കൃത്യമായ പരിശീലനം അധ്യാപകര്‍ നേടിയിരിക്കണം. മദ്‌റസാ ബോര്‍ഡുകള്‍ അത്തരം പരിശീലനത്തിന് വേദിയൊരുക്കണം. പരിശീലനമില്ലാത്ത, സര്‍ട്ടിഫിക്കറ്റുകളില്ലാത്ത അധ്യാപകരെ മദ്‌റസകളില്‍ നിയമിക്കാന്‍ പാടില്ല. അവരുടെ സേവന-വേതനവ്യവസ്ഥകള്‍ വളരെ തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകാന്‍ മാനേജ്‌മെന്റിന് കഴിയേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്കും മാനേജ്‌മെന്റിനും പരിശീലനം നല്‍കേണ്ടതുണ്ട്.
ഓരോ ആറു മാസം കൂടുമ്പോഴും ദ്വിദിന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അധ്യാപകര്‍ക്ക് എടുക്കുന്ന വിഷയങ്ങളില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കും. അപ്‌ഡേഷന്‍ നടന്നിട്ടില്ല എങ്കില്‍ ക്ലാസ്‌റൂമുകളില്‍ പരാജയപ്പെടുന്ന അധ്യാപകരായി അവര്‍ മാറും. മദ്‌റസാ പഠനത്തിന്റെ നിലവാരം കുറയുന്നതില്‍ വലിയൊരു പങ്ക് മാനേജ്‌മെന്റിനുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല, അധ്യാപകര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കുന്നില്ല, മദ്‌റസയിലെ അധ്യാപകരുടെ സേവന-വേതന വിഷയങ്ങള്‍ വരുമ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നു എന്നിവയാണ് ചില മാനേജ്‌മെന്റുകളെക്കുറിച്ചുള്ള പരാതി. അത് മാറേണ്ടതുണ്ട്. മാറണമെങ്കില്‍ മദ്‌റസാ ബോര്‍ഡുകള്‍ ഏരിയാ തലങ്ങളിലും ജില്ലാതലങ്ങളിലും സംസ്ഥാനതലങ്ങളിലും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനേജ്‌മെന്റിനും പ്രത്യേക പരിശീലനങ്ങള്‍ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.
മദ്‌റസാ വിജ്ഞാനത്തിനൊപ്പം തന്നെ അധ്യാപക പരിശീലനത്തില്‍ ചൈല്‍ഡ് സൈക്കോളജി ട്രെയിനിങ് സെന്ററുകളുടെ സഹായത്തോടെ അധ്യാപകര്‍ക്ക് ഏറ്റവും പുതിയ മനഃശാസ്ത്ര പരിശീലനങ്ങളും നല്‍കേണ്ടതുണ്ട്. അപ്പോഴാണ് പരിശീലനം ഫലപ്രദമാവുക.
മദ്‌റസകള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മുമ്പില്‍ നില്‍ക്കാറുള്ളത് പ്രാദേശിക മഹല്ലുകളും കമ്മിറ്റികളുമൊക്കെയാണ്. വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളെ പണത്തിന്റെ സ്വാധീനത്താല്‍ ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന്റെ ഉന്നതസ്ഥാനത്തേക്ക് നിയോഗിക്കുമ്പോള്‍ അവര്‍ക്ക് പുതിയ കാലത്തെയോ സമൂഹത്തെയോ അറിയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കഴിവുള്ള ആളുകളെ ഇത്തരം ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ തന്നെ അവിടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. മാനേജ്‌മെന്റുകളില്‍ അത്തരം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റമാണ് വേണ്ടത്. മറ്റു മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കാണുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.
നമ്മുടെ പരിധികള്‍ക്കപ്പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിസിറ്റ് ചെയ്ത് നമ്മുടെ സ്ഥാപനങ്ങളില്‍ എന്തു മാറ്റങ്ങള്‍ വരുത്തണമെന്ന് പഠിക്കാന്‍ കഴിയുന്ന ആളുകളെയും പഠന റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നവരെയുമാണ് ഇന്ന് ആവശ്യം. ഈ രംഗത്ത് പുതിയൊരു ഗവേഷണം നടത്തേണ്ടതുണ്ട്.
പ്രാദേശിക മഹല്ലുകളും കമ്മിറ്റികളും അവരുടെ ഉത്തരവാദിത്തം എന്തെന്ന് തിരിച്ചറിഞ്ഞ് മാറ്റത്തിനായി മുമ്പില്‍ നില്‍ക്കാന്‍ പ്രാപ്തരാകേണ്ടതുണ്ട്. ഇങ്ങനെ ഒരു പുതിയ പ്ലാന്‍ തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ മദ്‌റസാ പഠനരംഗത്ത് വലിയൊരു മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്‌റസാ പഠനം ആധുനികവത്കരിക്കുന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പഠനങ്ങള്‍ നടക്കണം.
എല്ലാ മദ്‌റസാ ബോര്‍ഡുകളെയും ഒന്നിച്ചിരുത്തി കാലോചിതമായ മാറ്റം അവരുടെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സിലബസുകളിലും മാനേജ്‌മെന്റ് തലങ്ങളിലും ഉണ്ടാക്കാന്‍ സാധിച്ചാല്‍ അതായിരിക്കും ഈ കാലത്ത് നാം ചെയ്യുന്ന ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളിലൊന്ന്. നമ്മുടെ വിദ്യാര്‍ഥികളെ ശരിയായ മതബോധം നല്‍കി വളര്‍ത്താനും അവര്‍ക്ക് ആവശ്യമായ രീതിയില്‍ അവരുടെ മാനസികാവസ്ഥ പരിഗണിച്ച് മതം അനുശാസിക്കുന്ന ആശയങ്ങള്‍ അവരെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും നമ്മുടെ മദ്‌റസകള്‍ക്ക് സാധിക്കട്ടെ.
തയ്യാറാക്കിയത്
നജീബ് തവനൂര്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x