31 Thursday
July 2025
2025 July 31
1447 Safar 5

മദ്ഖലി സലഫികളുടെ ഫലസ്തീന്‍ വിരുദ്ധ ന്യായങ്ങള്‍

ഡോ. സുഫ്യാന്‍ അബ്ദുസ്സത്താര്‍


കേരള മുസ്ലിംകളിലെ ഒരു ചെറു ന്യൂനപക്ഷം ഫലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്നും സിയോണിസ്റ്റ് അനുകൂല പ്രസ്താവനകളാണ് നടത്തുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഈയിടെ ഉയരുകയുണ്ടായി. ആ വിമര്‍ശനത്തെ പരിശോധിക്കുകയാണിവിടെ. ഫലസ്തീനികളുടെ വിമോചനത്തിനായി പോരാടുന്ന ഹമാസിനെ തള്ളിപ്പറഞ്ഞും ഇസ്രായേല്‍ വീക്ഷണങ്ങള്‍ക്ക് മുന്‍തുക്കം നല്‍കുകയും ചെയ്യുന്ന ചില നിലപാടുകള്‍ നമുക്ക് കാണാവുന്നതാണ്. സലഫി വിഭാഗങ്ങളില്‍ പല നിലപാടുകളും നിശ്ചയിക്കുന്നത് അതിലെ മദ്ഖലി ധാരയാണ് എന്നതാണ് യാഥാര്‍ഥ്യം.
ഈയൊരു ഫലസ്തീന്‍ വിരുദ്ധ /സിയോണിസ്റ്റ് അനുകൂല നിലപാട് യാദൃച്ഛികമല്ല. കാരണം, ആഗോളതലത്തില്‍ തന്നെ ഫലസ്തീനിലെ വിമോചന പോരാട്ടത്തെ തള്ളിപ്പറയുന്ന സലഫി ഗ്രൂപ്പുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനവും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് മദ്ഖലി സലഫികള്‍. മദ്ഖലി അല്ലെങ്കില്‍ അല്‍ജാമി സലഫികള്‍ ഇസ്രായേലിന്റെ സുഹൃത്തുക്കളാണ് എന്ന് സിയോണിസ്റ്റ് പത്രമായ ദ ടൈംസ് ഓഫ് ഇസ്രായേല്‍ അഭിമാനത്തോടെ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.
‘മദ്ഖലിസം ഇസ്രായേല്‍ രാജ്യത്തിന്റെ സുഹൃത്താണോ’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടും, പാശ്ചാത്യ രാജ്യങ്ങളില്‍ പോലും, ഇസ്രായേല്‍ വിരുദ്ധവാദം വര്‍ധിച്ചുവരുമ്പോള്‍, പൊതുവില്‍ ഇസ്രായേലിന് പിന്തുണ പ്രതീക്ഷിക്കാത്ത ഒരിടത്തു നിന്നു ലഭിക്കുന്നുണ്ടെന്നും മതേതര, ദേശീയ, ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലാക്കാന്‍ ശക്തമായ പിന്തുണ നല്‍കുന്ന ഇസ്ലാമിക വിഭാഗമാണ് മദ്ഖലികള്‍ എന്നും ഈ ലേഖനം പറയുന്നു. ഹമാസ് ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമില്‍ വേരൂന്നിയ പല തീവ്രവാദ ഗ്രൂപ്പുകളും രാജ്യത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍, മദ്ഖലിസമാണ് ഇസ്രായേല്‍ പക്ഷ നിലപാടുമായി പരിച തീര്‍ക്കുന്നതെന്ന് ലേഖനം സമര്‍ഥിക്കുന്നു.
അറബ് മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധത്തെ നോര്‍മലൈസ് ചെയ്യുന്നതിനെ മദ്ഖലികള്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള യാതൊരു പ്രതിഷേധ പരിപാടികളെയും മദ്ഖലി സലഫികള്‍ പിന്തുണക്കുന്നില്ല. പാശ്ചാത്യ ജനാധിപത്യ മൂല്യങ്ങളെയും ഇസ്രായേലിന്റെ സുരക്ഷാ താല്‍പ്പര്യങ്ങളെയും സഹായിക്കുന്ന ഇസ്രായേല്‍ അനുകൂല സര്‍ക്കാരുകളോടുള്ള അനുസരണത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.
ആരാണ് മദ്ഖലികള്‍?
1991-ലെ ഗള്‍ഫ് യുദ്ധശേഷം രൂപം കൊണ്ട അറബ് രാഷ്ട്രീയ പശ്ചാത്തലത്തിലാണ് മദ്ഖലി വിഭാഗം ശ്രദ്ധയാകര്‍ഷിക്കുന്നത്. യുദ്ധാനന്തരം സുഊദി അറേബ്യയില്‍ രൂപം കൊണ്ട സഹ്വ മൂവ്‌മെന്റിനെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് മദ്ഖലി സലഫികള്‍ രംഗത്തുവന്നത്. വിവിധ അറബ് രാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന് മിലിറ്ററി ബേസുകള്‍ അനുവദിക്കുന്നതിനെ സഹ്വ മൂവ്‌മെന്റ് എതിര്‍ത്തിരുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്റെയും സയ്യിദ് ഖുതുബിന്റെയും ആശയങ്ങളാണ് സഹ്വ മൂവ്‌മെന്റിന്റെ പശ്ചാത്തലമെന്ന് വിമര്‍ശിക്കപ്പെടുകയും ചെയ്തു.
1933-ല്‍ ജനിച്ച ശൈഖ് റബീഅ് ബിന്‍ ഹാദി ബിന്‍ മുഹമ്മദ് അല്‍ മദ്ഖലി എന്ന സലഫി പണ്ഡിതനിലേക്ക് ചേര്‍ത്താണ് മദ്ഖലി സലഫികള്‍ എന്ന് വിളിക്കപ്പെടുന്നത്. മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു അദ്ദേഹം. ഇന്നും ജീവിച്ചിരിക്കുന്ന ശൈഖ്, സലഫി പണ്ഡിത ലോകത്ത് അങ്ങേയറ്റം ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. സഹ്വ മൂവ്‌മെന്റും സുഊദി ഗവണ്‍മെന്റും ഇരു ധ്രുവങ്ങളില്‍ വന്നപ്പോള്‍, സുഊദി ഗവണ്‍മെന്റിന് നിരുപാധിക പിന്തുണ നല്‍കിയ പണ്ഡിതന്മാരാണ് ശൈഖ് മദ്ഖലിയും ശൈഖ് മുഹമ്മദ് അമാന്‍ അല്‍ജാമിയും.

ഭരണകൂടത്തിനെതിരെ നില്‍ക്കുന്നത് സലഫി അഖീദ അനുസരിച്ച് തെറ്റാണെന്നും അതിനാല്‍ ഭരണകൂടത്തിനെ അനുസരിക്കണമെന്നുമാണ് ഇവരുടെ നിലപാടിന്റെ ആകെത്തുക. മദ്ഖലി സലഫികള്‍ സഹ്വക്കെതിരെ ശക്തമായി രംഗത്ത് വന്നു. സ്വാഭാവികമായും സഊദിയുടെ പിന്തുണ മദ്ഖലികള്‍ക്കായിരുന്നു. സഹ്വ മുന്നോട്ട് വെക്കുന്നത് ബ്രദര്‍ഹുഡിന്റെ ആശയങ്ങളാണെന്ന് ആരോപിച്ചപ്പോള്‍, തങ്ങള്‍ ആഥാരികള്‍ ആണെന്ന് സഹ്വ പണ്ഡിതന്മാര്‍ തിരിച്ചടിച്ചു. അഥര്‍ എന്ന വാക്കില്‍ നിന്നാണ് ആഥാരികള്‍ ഉണ്ടാവുന്നത്. അഥര്‍ എന്നത് പ്രവാചകന്റെയും സ്വഹാബികളുടെയും ചര്യക്ക് പൊതുവില്‍ പറയുന്ന പേരാണ്.
വിശ്വാസത്തില്‍ സലഫീ അഖീദയാണ് അവര്‍ പിന്തുടരുന്നതെങ്കിലും അവരുടെ രീതിശാസ്ത്രം അഥവാ മന്‍ഹജ് സലഫി വിശ്വാസപ്രകാരമല്ല എന്നാണ് മദ്ഖലികള്‍ അതിന് മറുപടി നല്‍കിയത്. ഹിസ്ബിയ്യ അഥവാ കക്ഷിത്വത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ് മദ്ഖലികള്‍. പൊതുവെ സലഫികള്‍ എല്ലാം തന്നെ കക്ഷിത്വത്തിന് എതിരായ നിലപാട് എന്ന നിലക്കാണ് സംഘടന എന്ന ആധുനിക ഉല്‍പ്പന്നത്തെ കക്ഷിത്വമെന്ന നിലയില്‍ എതിര്‍ക്കുന്നത്. കക്ഷിത്വം സമം സംഘടന എന്നാണവര്‍ ആരോപിക്കുന്നത്.
യഥാര്‍ഥത്തില്‍ ഇസ്ലാമിക കാഴ്ചപ്പാട് പ്രകാരമുള്ള ഹിസ്ബിയ്യയെ മനസ്സിലാക്കുന്നേടത്ത് വന്ന പിഴവാണത്. സംഘടനയായത് കൊണ്ട് കക്ഷിത്വം ഉണ്ടാകണമെന്നില്ല. അതേസമയം, സംഘടന ഇല്ലാതെയും കക്ഷിത്വം ഉണ്ടായേക്കാം. കക്ഷിത്വം എന്നത് സംഘടനയല്ല, മറിച്ച് അത് പ്രവാചകചര്യക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് ഉദ്ദേശിക്കുന്നത്. പ്രാമാണിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയില്‍ അംഗമായും അല്ലാതെയും ഒരാള്‍ കക്ഷിത്വത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. ആധുനികതയുടെ ഉല്‍പ്പന്നങ്ങളായ സംഘടന, ദേശീയത, ദേശരാഷ്ട്രം, ഭരണകൂടം തുടങ്ങിയ സങ്കല്‍പ്പങ്ങളെ അതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് വിശകലനം ചെയ്യാന്‍ സലഫി മന്‍ഹജുകാര്‍ മെനക്കടാറില്ല.
വിയോജിപ്പുള്ള പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുമെതിരെ റുദൂദ് (ഖണ്ഡനം) തയ്യാറാക്കുകയാണ് മദ്ഖലികളുടെ പതിവ്. ഇങ്ങനെ സഹ്വി പണ്ഡിതന്മാര്‍ക്ക് നേരെ നിരവധി ഖണ്ഡനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. സുഊദി സര്‍ക്കാറിന്റെ പിന്തുണ ലഭിക്കുന്നത് കൊണ്ട് തന്നെ ഏതെങ്കിലും പ്രദേശത്ത് ഇസ്ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളോ ഭരണകൂട വിമര്‍ശനങ്ങളോ ഉണ്ടായാല്‍ ആ ഭാഗത്തേക്ക് മദ്ഖലി പണ്ഡിതന്മാരെയാണ് പിന്നീട് നിയമിക്കുക. ശൈഖ് റബീഇന്റെ ഗുരുനാഥന്‍ കൂടിയായ ശൈഖ് മുഹമ്മ് അമാന്‍ അല്‍ജാമി എന്ന പണ്ഡിതനിലേക്ക് ചേര്‍ത്ത് ജാമികള്‍ എന്നും ഇവരെ വിളിക്കാറുണ്ട്.
സഹ്വ മൂവ്‌മെന്റിനെതിരെ ആദ്യം രംഗത്ത് വന്നവര്‍ എന്ന നിലക്ക് അവരാണ് ജാമികള്‍ എന്ന പേരു വിളിച്ചുതുടങ്ങിയത്. ശൈഖ് മുഹമ്മദ് അമാന്‍ അല്‍ജാമിയും മദീന യൂണിവേഴ്‌സിറ്റിയിലെ ഹദീസ് വിഭാഗം ഫാക്കല്‍റ്റിയായിരുന്നു. എത്യോപ്യന്‍ വേരുകളുള്ള പണ്ഡിതന്‍ എന്ന നിലക്ക് പരിഹാസ രൂപേണയാണ് സഹ്വി പണ്ഡിതന്മാര്‍ ഇവരെ ജാമികള്‍ എന്ന് വിളിച്ചിരുന്നത്. ശൈഖ് അല്‍ജാമിയുടെയും ശൈഖ് റബീഇന്റെയും ശിഷ്യന്മാര്‍ മദ്ഖലികള്‍ എന്നോ ജാമികള്‍ എന്നോ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാശ്ചാത്യ അക്കാദമിക പഠനങ്ങളിലും മറ്റും തിരിച്ചറിയാനും സലഫി അവാന്തര വിഭാഗങ്ങളെ വേര്‍തിരിക്കുന്നതിനും ഈ പേരുകളാണ് കാര്യമായി പ്രയോഗിക്കപ്പെടുന്നത്.
വടക്കേ ആഫ്രിക്കയിലെ മദ്ഖലി മുന്നേറ്റത്തെക്കുറിച്ച് കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ജോര്‍ജ് ജോഫെയുടെ ഒരു പഠനം ലിബിയ ട്രൈബ്യൂണ്‍ 2018-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ശൈഖ് റബീഇന്റെയും സഹോദരന്‍ ശൈഖ് മുഹമ്മദിന്റെയും നേതൃത്വത്തിലുള്ള മദ്ഖലി സലഫിസം, അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യാത്ത അനുസരണം എന്ന തത്വത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് മറ്റ് സലഫി ഗ്രൂപ്പുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതെന്ന് ഈ പഠനം വാദിക്കുന്നു. പല സലഫി ഗ്രൂപ്പുകളും അന്യായമായ അക്രമങ്ങള്‍ക്ക് മുന്നില്‍ ഭരണകൂട വിധേയത്വം അവസാനിപ്പിക്കുമ്പോള്‍, മദ്ഖലിസം അനുസരണം എന്ന തത്വത്തോട് പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ മദ്ഖലി സലഫികള്‍ ശക്തമായി എതിര്‍ക്കുന്നു. അത്തരം ഗ്രൂപ്പുകളെല്ലാം ആധുനിക ഖവാരിജുകളാണെന്നാണ് മദ്ഖലിസം വാദിക്കുന്നത്. 2018-ന് ശേഷം ലിബിയയില്‍ മതകാര്യ മന്ത്രാലയങ്ങളിലെല്ലാം തന്നെ മദ്ഖലി സലഫികളുടെ ആധിക്യമാണെന്ന് പത്രറിപ്പോര്‍ട്ടുകളുണ്ട്.
സഊദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ ശ്രമങ്ങളോട് പല തരത്തിലുള്ള എതിര്‍പ്പുകള്‍ വിവിധ പണ്ഡിതന്മാരില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ തീവ്ര വിശ്വസ്തര്‍ എന്ന് വിശേഷിപ്പിക്കാവുന്ന (റാഡിക്കല്‍ ലോയലിസ്റ്റുകള്‍ എന്നാണ് റൈഹാന്‍ ഇസ്മാഇലിന്റെ വിശേഷണം) മദ്ഖലികള്‍ എം ബി എസിന് പൂര്‍ണ പിന്തുണ നല്‍കുന്നവരാണെന്ന് ‘എംബിഎസിനു കീഴിലുള്ള സുഊദി സലഫി പണ്ഡിതന്മാര്‍: നവീകരണവും അതിജീവനവും’ എന്ന പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഞലവേശിസശിഴ ടമഹമളശാെ എന്ന പുസ്തകത്തിന്റെ രചയിതാവ് റൈഹാന്‍ ഇസ്മാഈലിന്റേതാണ് ഈ പഠനം.
ഭരണകര്‍ത്താക്കള്‍ക്ക് അചഞ്ചലമായ പിന്തുണയും ആദരവും പ്രകടിപ്പിക്കാനും അവരെ ഖുലഫാഉര്‍റാശിദുകളെപ്പോലെയുള്ള ചരിത്രപുരുഷന്മാരുമായി തുലനം ചെയ്യാനും ശ്രമിക്കുന്ന മദ്ഖലികളുടെ ആവിര്‍ഭാവത്തെക്കുറിച്ച് റൈഹാന്‍ ഇസ്മാഈലിന്റെ പഠനം ചര്‍ച്ച ചെയ്യുന്നുണ്ട്. ശൈഖ് റബീഅ്, ശൈഖ് അല്‍ജാമി തുടങ്ങിയ വ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ വിഭാഗം, ഭരണകുടുംബത്തിന്റെ വിമര്‍ശകരെ പരസ്യമായി എതിര്‍ക്കുന്നതിലൂടെ പരമ്പരാഗത ഉലമാക്കളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നു.

എം ബി എസിന്റെ ഭരണത്തിനു കീഴില്‍, ഈ തീവ്ര വിശ്വസ്തര്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചു. എം ബി എസ് അവതരിപ്പിച്ച ചില സാമൂഹിക മാറ്റങ്ങള്‍ തങ്ങളുടെ മതപരമായ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും, അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാതെ പിന്തുണയ്ക്കുകയും അദ്ദേഹത്തിനായി വാദിക്കുകയും ചെയ്തു. ഭരണാധികാരികളെ വിമര്‍ശിക്കുന്നത് അസ്ഥിരതയും വിയോജിപ്പും സൃഷ്ടിക്കുന്നു, ഭരണാധികാരിയുടെ അധികാരം പരമോന്നതവും കുറ്റമറ്റതുമാണെന്ന് നിലനിര്‍ത്തിക്കൊണ്ടുള്ള അവരുടെ സിദ്ധാന്തപരമായ വിശകലനത്തില്‍ നിന്നാണ് പണ്ഡിതന്മാര്‍ക്കിടയില്‍ ഈ സമ്പൂര്‍ണ വിശ്വസ്തത ഉടലെടുത്തത്. എം ബി എസിനുള്ള ഇത്തരം പിന്തുണ സഊദി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും, സഊദി ഇതരരും സമാനമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. അതേസമയം, എം ബി എസിന്റെ പരിഷ്‌കരണങ്ങള്‍ ആധുനികതയുടെ ചട്ടക്കൂടിലൂടെ വീക്ഷിക്കുകയും അതിന് പ്രമാണങ്ങളുടെ അടിസ്ഥാന ആശയങ്ങളില്‍ ഊന്നിയുള്ള വ്യാഖ്യാനത്തിലൂടെ പിന്തുണ നല്‍കുകയും ചെയ്യുന്നവര്‍ സഊദിയിലും പുറത്തുമുണ്ടെന്നത് മറ്റൊരു വിഷയമാണ്.
മദ്ഖലികളുടെ
വാദങ്ങള്‍

ഒന്ന്, ഭരണകൂടത്തെ ഒരവസ്ഥയിലും വിമര്‍ശിക്കാന്‍ പാടില്ല. ഏത് കാര്യത്തിലും ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളില്‍ വിയോജിപ്പുണ്ടെങ്കില്‍ രഹസ്യമായി മാത്രമേ അവരെ വിമര്‍ശിക്കാന്‍ പാടുള്ളൂ. അതിന് സാധിക്കുന്നില്ലെങ്കില്‍ മൗനം പാലിക്കണമെന്നാണ് മദ്ഖലികള്‍ പറയുന്നത്. ഇസ്രായേല്‍ ടൈംസ് അടക്കം സിയോണിസ്റ്റ് ലോബികള്‍ എല്ലാം ഈ നിലപാടിനെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഇത് ത്വആത്തു ഉലില്‍ അംറ് എന്ന അടിസ്ഥാനത്തിലാണ് വികസിച്ചുവന്നിരിക്കുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധാരണവത്കരിക്കുന്ന അബ്രഹാം അക്കോഡിന് മദ്ഖലികള്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.
ജമാഅത്തുല്‍ മുസ്ലിമ എന്ന കാഴ്ചപ്പാട് അനുസരിച്ച് രാജാക്കന്മാരും ഭരണകൂടവും എതിര്‍ക്കപ്പെടാന്‍ പാടില്ലാത്തവരാണ്. അവരെ എതിര്‍ക്കുന്നത് മുസ്ലിം സമുദായത്തെ എതിര്‍ക്കുന്നതിന് തുല്യമാണ്. ഭരണാധികാരികള്‍ തീരുമാനിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് അവരും അല്ലാഹുവും തമ്മിലുള്ള ഇടപാടിന്റെ ഭാഗമാണ്. അതില്‍ നാം അഭിപ്രായം പറയേണ്ടതില്ല എന്നൊക്കെയാണ് മദ്ഖലികളുടെ വാദങ്ങള്‍.
ഉലുല്‍ അംറ് എന്ന ഇസ്ലാമിക കാഴ്ചപ്പാടിനെ ചുറ്റിപ്പറ്റി വികസിക്കുന്ന ഈ നിലപാടുകള്‍ ഇസ്ലാമിക ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടത്തിലുണ്ടായിരുന്ന അതേ നിലയിലാണ് ഭരണകൂടത്തെ കാണുന്നത്. ഖിലാഫത്തിന്റെ പതനമോ ദേശരാഷ്ട്രങ്ങളുടെ വളര്‍ച്ചയോ ആധുനിക ജനാധിപത്യത്തിന്റെ വികാസമോ മതനിരപേക്ഷ രാഷ്ട്രീയ ഘടനയോ പരിഗണിക്കാതെയാണ് ഈ നിലപാടുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അറബ് വസന്തത്തിന്റെ പേരിലുള്ള എല്ലാ സമരപോരാട്ടങ്ങള്‍ക്കും മദ്ഖലികള്‍ എതിരായിരുന്നു.
അതേസമയം, അറബ് വസന്താനന്തരം ഈജിപ്തില്‍ സലഫി പാര്‍ട്ടിയായ അന്നൂറാണ് രാഷ്ട്രീയ സമരങ്ങള്‍ക്കും ഭരണമാറ്റത്തിനും സജീവമായി ഇടപെട്ടത്. അതുകൊണ്ട് തന്നെ മദ്ഖലി സലഫികളുടെ വാദങ്ങള്‍ ലോകത്തെ മുഴുവന്‍ സലഫി വിഭാഗങ്ങളും അംഗീകരിക്കുന്നില്ല. ഭരണകൂട വിമര്‍ശനമെന്നത് ജനാധിപത്യ രാഷ്ട്രീയ ഘടനയില്‍ സ്വാഭാവികവും അത്യന്താപേക്ഷിതവുമാകുമ്പോള്‍ അതിന്റ ഇസ്ലാമിക കാഴ്ചപ്പാട് രൂപീകരിക്കേണ്ടത് ഖുലഫാഉര്‍റാശിദുകളുടെ സാഹചര്യത്തെ അവലംബിച്ചുകൊണ്ടല്ല.
അതേസമയം, തീവ്രവാദപരമോ അരാജകത്വം സൃഷ്ടിക്കുന്ന വിധത്തിലോ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ് എന്ന് എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്നുണ്ട്. നിലനില്‍ക്കുന്ന ഭരണസംവിധാനത്തെ അട്ടിമറിക്കണം എന്നോ ഭരണാധികാരിക്കെതിരെ വിപ്ലവം നയിക്കണമെന്നോ അല്ല ഭരണകൂട വിമര്‍ശനത്തിന്റെ താല്‍പ്പര്യം. ഇസ്ലാമിക ഭരണകൂടങ്ങളുടെ പശ്ചാതലത്തില്‍ തന്നെ, രഹസ്യമായി ഉപദേശിക്കാന്‍ പറ്റാതെ വന്നാല്‍ പരസ്യമായി തന്നെ അത് നിര്‍വഹിക്കപ്പെടണമെന്നും സത്യം അവഗണിക്കപ്പെട്ട് പോകരുതെന്നും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, ഉലുല്‍ അംറിനെ അനുസരിക്കുക എന്നതിന്റെ വിവക്ഷ ഭരണകൂടങ്ങളുടെ ഏത് കിരാത നടപടികളെയും പിന്തുണക്കുക എന്നതല്ല.
രണ്ട്, ശൈഖ് നാസറുദ്ദീന്‍ അല്‍ബാനി 1993ല്‍ ഫലസ്തീനികള്‍ ഫലസ്തീന്‍ ഉപേക്ഷിക്കണമെന്ന് മതവിധി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ അവിടെ സ്വാതന്ത്ര്യസമര പോരാട്ടം നടത്തുന്നതിന് ധാര്‍മിക പിന്തുണയില്ല എന്നും സിയോണിസ്റ്റ് അനുകൂല പത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രചരിക്കപ്പെടുന്നത് അര്‍ധസത്യമാണ്. ശൈഖ് അല്‍ബാനി ഇക്കാര്യത്തില്‍ ഫത്വ പറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്.
എന്നാല്‍, അത് നിര്‍ബന്ധമായും ഫലസ്തീന്‍ വിട്ടുപോകണം എന്നല്ല ഉദ്ദേശിച്ചതെന്നും ഇസ്ലാമിക ജീവിതം നയിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ ഹിജ്‌റ ചെയ്യല്‍ വാജിബാകുമെന്നുമാണ് ഉദ്ദേശിച്ചതെന്ന് ശൈഖ് അല്‍ബാനി പിന്നീട് വിശദീകരിച്ചിട്ടുണ്ട്. (ഫതാവാ അബ്‌റല്‍ ഹാതിഫ് വസ്സിയാറ – 252) എന്നിരുന്നാലും, ഫലസ്തീനികള്‍ ഹിജ്‌റ ചെയ്യണമെന്ന നിലപാടാണ് മദ്ഖലികള്‍ക്കുള്ളത്. ഇത് ഇസ്രായേലിനെ സംബന്ധിച്ചേടത്തോളം അതിന്റെ ലെജിറ്റമസി വര്‍ധിപ്പിക്കുന്ന നിലപാടാണ്. അവരുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന മതവിധിയാണിത്.
യഥാര്‍ഥത്തില്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയ ചരിത്ര സന്ദര്‍ഭത്തെ അനുസ്മരിപ്പിക്കും വിധം ഹിജ്‌റ ചെയ്യുവാന്‍ ഫലസ്തീനികള്‍ക്ക് സാധിക്കുമോ? ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് ഹിജ്‌റ ചെയ്യാനുള്ള ആഹ്വാനത്തെ ഏതെങ്കിലും ഫലസ്തീനികള്‍ പ്രയോഗികമാക്കിയാല്‍ തന്നെ ആധുനിക രാഷ്ട്ര സന്ദര്‍ഭത്തില്‍ അവരെ പൗരന്മാരായി സ്വീകരിക്കാന്‍ ഏത് രാജ്യമാണ് തയ്യാറാവുക. അഭയാര്‍ഥികള്‍ എന്ന പദവിക്കപ്പുറം പൗരത്വ പദവി നല്‍കാന്‍ എത്ര രാഷ്ട്രങ്ങള്‍ തയ്യാറാകും? മദീനയിലെ അന്‍സ്വാറുകളെ പോലെ ഏത് ആതിഥേയ രാഷ്ട്രമാണ് ഇന്നുള്ളത് തുടങ്ങിയ ഒട്ടേറെ സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഈ വിഷയത്തിലുണ്ട്.
മറ്റൊന്ന്, ഒരു രാജ്യത്ത് അധിനിവേശം നടക്കുമ്പോള്‍, അതിനെ ചെറുക്കാതെ വിട്ടുപോവുക എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാടെങ്കില്‍ അത് പാശ്ചാത്യ – സിയോണിസ്റ്റ്- സാമ്രാജ്യത്വ ലോബികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് ചെയ്യുക. അത്തരം സന്ദര്‍ഭങ്ങളില്‍ അധിനിവേശത്തെ ചെറുക്കാന്‍ ബാധ്യതയുള്ളത് അതത് രാജ്യങ്ങളിലെ ഭരണകൂടത്തിന് തന്നെയാണ്. ഭരണകൂടം അതില്‍ പരാജയപ്പെടുമ്പോള്‍, പൗരന്മാരില്‍ നിന്ന് പുതിയ നേതൃത്വവും ഭരണകൂടവും രൂപപ്പെട്ടുവന്നാല്‍ അവരുടെ പോരാട്ടത്തെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്താനാവില്ല. ഹമാസും തെരഞ്ഞെടുക്കപ്പെട്ട ഭരണനേതൃത്വം തന്നെയാണല്ലോ. അതിര്‍ത്തി തിരിച്ചുള്ള ദേശരാഷ്ട്രങ്ങളും പൗരത്വ പദവിയും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി പ്രോട്ടോകോളുകളും പ്രാബല്യത്തിലുള്ള ആധുനിക സമൂഹത്തില്‍ ഹിജ്‌റ വിധിയുടെ ക്ലാസിക്ക് വിശകലനം പ്രായോഗികമാവില്ല എന്നതാണ് യാഥാര്‍ഥ്യം.
മൂന്ന്, ഭരണാധികാരികള്‍ ഇസ്ലാമിക നിയമം ലംഘിച്ചാലും ഭരണാധികാരിയെ പിന്തുണയ്ക്കുന്നത് ഒരു മതപരമായ ബാധ്യതയാണെന്ന് മദ്ഖലികള്‍ കരുതുന്നു. അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്ത അബീ സഈദ് അല്‍ഖുദ്രി നബി(സ)യില്‍ നിന്നു നിവേദനം ചെയ്ത ഹദീസിന്റെ അര്‍ഥം ഇങ്ങനെയാണ്: ‘അന്യായം പ്രവര്‍ത്തിക്കുന്ന ഭരണാധികരിയുടെ അടുത്ത് നീതിയുടെ വചനം പറയുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്’. ഈ ഹദീസിലെ ‘ഇന്‍ദല്‍ സുല്‍ത്വാനി’ എന്ന പദപ്രയോഗത്തെ അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് ഭരണാധികാരിയുടെ അടുത്ത് (ഇന്‍ദ) രഹസ്യമായി മാത്രമേ ഉപദേശിക്കാവൂ എന്നും പരസ്യവിമര്‍ശനം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും മദ്ഖലി സലഫികള്‍ വാദിക്കുന്നത്.
യഥാര്‍ഥത്തില്‍, ഭരണാധികാരികള്‍ ഇസ്ലാമിക വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് സംബന്ധിച്ച ശരീഅത്ത് നിയമം സാധാരണക്കാരെ ഓര്‍മിപ്പിക്കേണ്ട ബാധ്യത പണ്ഡിതന്മാര്‍ക്കുണ്ട്. എന്നാല്‍ ആ ദൗത്യം നിര്‍വഹിക്കുന്നത് പോലും വിലക്കുകയാണിവിടെ ചെയ്യുന്നത്. ഭരണാധികാരികളെ വിമര്‍ശിക്കുക എന്നത് വിപ്ലവാഹ്വാനമോ സൈനിക അട്ടിമറിയോ ഭരണം പിടിച്ചെടുക്കലോ അല്ല. പണ്ഡിതന്മാരുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ മാത്രമല്ല ഇന്നുള്ളത്. പണ്ഡിതന്മാരോട് കൂടിയാലോചന പോലും നടത്താത്ത ഭരണസംവിധാനമുള്ള നാടുകളില്‍ ശരീഅത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളെ പരസ്യമായി തന്നെ എതിര്‍ക്കേണ്ടതുണ്ട്. അത്തരം എതിര്‍പ്പുകള്‍ ഉണ്ടായില്ലെങ്കില്‍ സത്യവും വസ്തുതകളും സമൂഹത്തില്‍ നിന്ന് നഷ്ടപ്പെട്ട് പോകുമെന്നാണ് ഇമാം നവവിയെപ്പോലുള്ള പണ്ഡിതന്മാര്‍ വിശദീകരിച്ചത്.
യഥാര്‍ഥത്തില്‍, മദ്ഖലി സലഫികളുടെ വാദമനുസരിച്ച് ഹമാസിന്റെ പോരാട്ടം ഇസ്ലാമിക വിരുദ്ധമാണ്. ഗസ്സയിലോ വെസ്റ്റ്ബാങ്കിലോ ഇസ്ലാമിക ജീവിതം സാധ്യമല്ലെങ്കില്‍, അവിടെ നിന്ന് പാലായനം ചെയ്യണമെന്നാണ് പറയുന്നത്. മാത്രമല്ല, ഇസ്രായേലിനെയും അമേരിക്കയേയും പിന്തുണക്കുന്ന അറബ് മുസ്ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ അതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ പാടില്ലെന്നും ഭരണകൂട വിമര്‍ശനം സലഫി മന്‍ഹജിന് സ്വീകാര്യമല്ലെന്നുമാണ് മദ്ഖലികള്‍ വാദിക്കുന്നത്. അതുകൊണ്ട് തന്നെ, ഈ വാദങ്ങളുടെ സ്വാധീനവും സമാനമായ അഭിപ്രായപ്രകടനങ്ങളും കേരളം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ സാധിക്കും.

Back to Top