9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മദീനാ ചാര്‍ട്ടര്‍ സാമുദായിക നീതിയും നഗര സംരക്ഷണവും

യറ്റ്കിന്‍ യില്‍ഡ്രിം; വിവ. ടി ടി എ റസാഖ്‌


ഇസ്‌ലാമിക സമൂഹത്തിലും പാശ്ചാത്യ സമൂഹങ്ങളിലും മധ്യസ്ഥതയും സംഘര്‍ഷ പരിഹാര ശീലങ്ങളും നിലവിലുണ്ട്. പല തരത്തിലും രണ്ടു പാരമ്പര്യങ്ങളും മധ്യസ്ഥതയുടെ ആവശ്യകതയെക്കുറിച്ചുള്ള പൊതുവായ ചില ധാരണകള്‍ പങ്കിടുന്നു എങ്കിലും, മധ്യസ്ഥത നടപ്പാക്കപ്പെടുമ്പോള്‍ നിലവിലുള്ള സാംസ്‌കാരിക പരിസരവുമായി ബന്ധപ്പെട്ട പ്രത്യേകതകളാണ് അതിന്റെ രീതിശാസ്ത്രം നിര്‍ണയിക്കുന്നത്.
പാശ്ചാത്യ സമൂഹത്തില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സാമൂഹിക ജീവിതത്തിന്റെ അനിവാര്യമായ അനന്തരഫലമായി മനസ്സിലാക്കപ്പെടുന്നു. പാശ്ചാത്യ സമീപനം ഊന്നല്‍ നല്‍കുന്നത് വ്യക്തിയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും അവര്‍ക്ക് നഷ്ടപരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയില്‍ നിയമ നടപടിക്രമങ്ങളെയും ഒത്തുതീര്‍പ്പുകളെയും ആശ്രയിക്കുക എന്നതാണ് (അബു-നിമര്‍, 1996). മറുവശത്ത് ഇസ്‌ലാമിക സമീപനം, മറ്റ് പാശ്ചാത്യേതര സമീപനങ്ങളെപ്പോലെ, സാമൂഹിക ബന്ധങ്ങള്‍ നന്നാക്കേണ്ടതിന്റെയും നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘര്‍ഷത്തെ വ്യക്തിവിഷയമായി കാണാതെ ഒരു സാമുദായിക പ്രതിഭാസമായി വിലയിരുത്തുകയുമാണ് ചെയ്യുന്നത് (സെയ്ദും മറ്റുള്ളവരും, 2001). തര്‍ക്കപരിഹാരത്തില്‍, തര്‍ക്കം പരിഹരിക്കാനോ മധ്യസ്ഥത വഹിക്കാനോ ഒരു മൂന്നാം കക്ഷിയെ ക്ഷണിക്കുന്നു.
എന്നാല്‍, മധ്യസ്ഥതയുടെ മുസ്‌ലിം പാരമ്പര്യത്തിലെ മൂന്നാം കക്ഷികള്‍ പലപ്പോഴും പാശ്ചാത്യ പാരമ്പര്യത്തില്‍ മൂന്നാം കക്ഷികള്‍ വഹിക്കുന്ന പങ്കില്‍ നിന്ന് വളരെ വ്യത്യസ്തമായ പങ്കാണ് വഹിക്കുന്നത്. മദീന ചാര്‍ട്ടറിന്റെ കാര്യത്തില്‍, മുഹമ്മദ് നബിയെ മൂന്നാം കക്ഷിയായി അംഗീകരിച്ചു എന്നത് ഇസ്‌ലാമിക സംഘര്‍ഷ പരിഹാര പ്രക്രിയയെ നിയന്ത്രിക്കുന്ന പ്രത്യേക സങ്കല്‍പങ്ങളെയാണ് പ്രകടമാക്കുന്നത്.
ഹിജ്‌റയുടെ കാലത്ത് സെമിറ്റിക് ജനതയുടെ ഇടയില്‍ മധ്യസ്ഥത ഒരു സാധാരണ രീതിയായിരുന്നു. അക്കാലത്ത് യഹൂദന്മാര്‍ തല്‍മൂദ് നിയമത്തിലെ p’sharah (മധ്യസ്ഥ നിര്‍ണയം), bitzuah (മധ്യസ്ഥത) എന്നീ തര്‍ക്കപരിഹാര സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നു. കൂടാതെ തങ്ങളുടെ തര്‍ക്കങ്ങള്‍ വിദേശികളുടെ തീര്‍പ്പിനായി മാറ്റിവെക്കുന്നത് അറബികളുടെ ഒരു സാധാരണ സമ്പ്രദായമായിരുന്നു (ഹമീദുല്ല, 1994). ഹമീദുല്ലയും മറ്റുള്ളവരും യസ്‌രിബിലെ ഗോത്രങ്ങള്‍ ആത്യന്തികമായി മുഹമ്മദ് നബിയുടെ അധികാരം സ്വീകരിച്ചതിന് നിരവധി കാരണങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്:
മക്കയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സമര്‍ഥനായ മധ്യസ്ഥനെന്ന നിലയില്‍ നബി(സ) നല്‍കിയ സംഭാവനകള്‍ ഈ മേഖലയില്‍ പ്രശസ്തി നേടിയിരുന്നു. ഉദാഹരണത്തിന്, കഅ്ബയുടെ വിശുദ്ധ മൂലക്കല്ല് സ്ഥാപിക്കാന്‍ മക്കയിലെ വിവിധ ഗോത്രങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. അങ്ങനെ അവര്‍ തമ്മിലുള്ള രൂക്ഷമായ തര്‍ക്കം പരിഹരിച്ചു. മക്കയില്‍ വലിയ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും അവിടത്തെ ബഹുദൈവാരാധകരായ നിവാസികള്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും നബിയെ വിശ്വസിച്ചേല്‍പിക്കുക പതിവായിരുന്നു. അവര്‍ അദ്ദേഹത്തിന് ‘വിശ്വസ്തന്‍’ എന്ന പദവി പോലും നല്‍കി.
ആദ്യകാല ഇസ്‌ലാമിക സമൂഹത്തില്‍ മധ്യസ്ഥത മിക്കപ്പോഴും സംഭവിക്കുന്നത് വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ടോ ബന്ധുബന്ധങ്ങള്‍ കാരണമോ ഭാവിയില്‍ ഏറ്റുമുട്ടലുകള്‍ അനിവാര്യമായ തര്‍ക്കക്കാര്‍ക്കിടയിലാണ് (മെറി, 1989; അബു-നിമര്‍, 1996). ഇവിടെ മതത്തില്‍ ഒരു ഇടനിലക്കാരന് ‘മര്‍ക്കടമുഷ്ടിക്കാരായ കക്ഷികളില്‍ സ്വാധീനവും സാമൂഹിക സമ്മര്‍ദവും ചെലുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് പ്രേരിപ്പിക്കാന്‍ കഴിയും’ (Merry,1989, p. 83). കൂടാതെ മധ്യസ്ഥര്‍ക്ക് അവരുടെ ‘ബന്ധുത്വ ശൃംഖലകളിലെ അവരുടെ സ്ഥാനമാനങ്ങള്‍, അവരുടെ സമ്പത്ത്, അവരുടെ രാഷ്ട്രീയാധികാരം, അവരുടെ മതപരമായ യോഗ്യത, മധ്യസ്ഥതയിലെ അവരുടെ മുന്‍കാല വിജയങ്ങള്‍ എന്നിവയില്‍ നിന്ന് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള പ്രാമാണികത കൈവരുന്നു’ (മെറി, 1989, പേജ് 81).
യസ്‌രിബിന് പ്രാമാണികമായ നേതൃത്വം ഇല്ലാതിരുന്നതിനാലും മുഹമ്മദ് നബിക്ക് പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന ഗോത്രങ്ങളുമായി യാതൊരു സന്ധിബന്ധവുമില്ലാത്തതിനാലും ആ സ്ഥാനം നികത്താന്‍ മുഹമ്മദ് നബിക്ക് തന്നെയാണ് അവസരം ലഭിച്ചത്. മദീനാ ചാര്‍ട്ടര്‍ ചര്‍ച്ച ചെയ്യുമ്പോഴും അതിന്റെ കരട് ചെയ്യുമ്പോഴും ഓരോ ഗോത്രത്തിന്റെയും നേതാക്കന്മാരുമായി കൂടിയാലോചിച്ച് അദ്ദേഹം അവരുടെ പ്രാഥമിക വിശ്വാസം നേടിയെടുത്തു. അതുവഴി എല്ലാ ഗോത്രങ്ങളുടെയും ആവശ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള തന്റെ സന്നദ്ധത പ്രകടമാക്കുകയായിരുന്നു. ഒരു നിഷ്പക്ഷനായ വിദേശി, ഉമ്മത്തിന്റെ ആദരണീയനായ നേതാവ് എന്നിങ്ങനെയുള്ള തന്റെ ഉന്നത പദവികളുടെ നിയമബലത്തിലാണ് പ്രവാചകന്‍ മധ്യസ്ഥന്‍ എന്ന സ്ഥാനത്തേക്കുകൂടി ഉയരുന്നത്. പാശ്ചാത്യ മധ്യസ്ഥതയില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക മധ്യസ്ഥതയില്‍ ബഹുമാനം, ലജ്ജ, അന്തസ്സ്, സാമൂഹിക പദവി, എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ വളരെ സുപ്രധാനമാണ് (അബു-നിമര്‍, 1996). വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കാന്‍ സമീപിക്കപ്പെട്ട വ്യക്തിയായിരുന്നില്ല മുഹമ്മദ് നബി. മറിച്ച് യസ്‌രിബിലെ (മദീന) ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാനായി പൊതുസമൂഹം പരസ്യമായി അംഗീകരിച്ച് ആദരിച്ച വ്യക്തിയായിരുന്നു അക്കാലത്ത് പ്രവാചകന്‍.
മുഹമ്മദ് നബിയുടെ തര്‍ക്കപരിഹാര രീതികളുടെ സാമൂഹിക സ്വഭാവം തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ സവിശേഷ മൂല്യങ്ങളെ സൂചിപ്പിക്കുന്നതാണ്. കാരണം, മുസ്‌ലിം സമൂഹങ്ങളില്‍ തര്‍ക്കങ്ങള്‍ വ്യക്തികള്‍ക്കിടയിലുള്ളതിനേക്കാള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയിലാണെന്നാണ് മനസ്സിലാക്കപ്പെടുന്നത് (അബു-നിമര്‍, 1996). ഈ അനുമാനം മധ്യസ്ഥ തീരുമാനങ്ങളുടെ സ്വഭാവവും വ്യാപ്തിയും നിര്‍ണയിക്കുന്നതിനും, മദീന ചാര്‍ട്ടര്‍ (കരാര്‍ രേഖ) എങ്ങനെയാണ് ഇത്തരത്തില്‍ സാമൂഹിക പ്രാധാന്യം നേടിയതെന്ന് വിശദീകരിക്കുന്നതിനും സഹായിക്കുന്നു. ഗോത്രത്തലവന്മാര്‍ ചാര്‍ട്ടറിന്റെ ആധികാരികത അംഗീകരിക്കുന്നതോടെ വിവിധ ഗോത്രങ്ങളിലെ യുവസമൂഹം വിഭാഗീയതകള്‍ക്ക് അതീതമായി അവരുടെ നേതാക്കളെ പിന്തുടരുമെന്നും അങ്ങനെ ഈടുറപ്പുള്ള ഒരു സമാധാന സ്ഥിതി നിലവില്‍ വരുമെന്നും അനുമാനിക്കപ്പെട്ടു.
മധ്യസ്ഥര്‍ അവരുടെ ഒരു വികാരമെന്ന നിലയ്ക്കും ഈ രംഗത്ത് അവര്‍ നേടിയെടുത്ത സല്‍ക്കീര്‍ത്തിയുടെ ബലത്തിലും പ്രവര്‍ത്തിക്കുന്നതിനു പകരം, ജനങ്ങളുമായി അടുപ്പമില്ലാതെ, ചെയ്തു വൈദഗ്ധ്യം നേടിയ ഒരു തൊഴില്‍ എന്ന നിസ്സംഗതയോടെ ഒത്തുചേരുന്ന വ്യക്തികളുടെ ഒരു സ്വകാര്യ തൊഴില്‍ ചര്‍ച്ച എന്ന നിലയ്ക്കാണ് സമകാലിക പാശ്ചാത്യ വീക്ഷണത്തിലുള്ള തര്‍ക്കപരിഹാരരീതികളില്‍ അവര്‍ മധ്യസ്ഥരംഗത്ത് ആധിപത്യം നേടിയെടുക്കുന്നത്.
ഈ പാശ്ചാത്യ വീക്ഷണകോണില്‍ മധ്യസ്ഥത എന്നത്, പങ്കെടുക്കുന്നവര്‍, ഒരു നിഷ്പക്ഷ വ്യക്തിയുടെ സഹായത്തോടെ ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ബദലുകള്‍ പരിഗണിക്കുന്നതിനും അഭിപ്രായ ഐക്യത്തോടെ അവരവരുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനുമായി തര്‍ക്കവിഷയങ്ങളെ വ്യവസ്ഥാപിതമായി വേര്‍തിരിക്കുന്ന പ്രക്രിയയാണ് (ഫോള്‍ബെര്‍ഗ് ആന്റ് ടെയ്‌ലര്‍, 1984, പേജ് 7). തര്‍ക്കപരിഹാരത്തിനുള്ള ഈ പാശ്ചാത്യ സമീപനവുമായി മദീന ചാര്‍ട്ടറിനെ താരതമ്യം ചെയ്യുന്നതിലൂടെ, സംഘര്‍ഷ പരിഹാരത്തിന്റെ ഇസ്‌ലാമികവും പാശ്ചാത്യവുമായ രീതികള്‍ തമ്മിലുള്ള പ്രത്യേക സമാനതകളും വ്യത്യാസങ്ങളും കണ്ടെത്താവുന്നതാണ്.
വിഘടിപ്പിച്ച് ലഘൂകരിക്കുക
പല പാശ്ചാത്യ സൈദ്ധാന്തികരും നിരീക്ഷിച്ചതുപോലെ, വിജയകരമായ മധ്യസ്ഥത തര്‍ക്കവിഷയങ്ങളെ വ്യവസ്ഥാപിതമായ ഘടക പ്രക്രിയ വഴി അംശീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത് (Wilmot & Hocker, 2001, Mills & Nagel, 1991, Folberg & Taylor 1984). പ്രശ്‌നങ്ങളെ ചിട്ടയായി വേര്‍തിരിക്കുന്ന പ്രക്രിയയാണ് അംശീകരണം. ഇത് ആദ്യം ഫോളറ്റ് (1942) തിരിച്ചറിഞ്ഞതും പിന്നീട് ഫിഷര്‍ (1971) നാമകരണം ചെയ്തതുമായ പ്രശ്‌നപരിഹാരത്തിന്റെ ഒരു തന്ത്രമാണ് എന്നു പറയാം. വലിയ തര്‍ക്കവിഷയങ്ങളെ സൗകര്യപ്രദമായി വിഘടിപ്പിച്ച് ലഘൂകരിക്കേണ്ടതുണ്ട് എന്നതാണ് ഈ സമീപനം നിര്‍ദേശിക്കുന്നത്.
ഒറ്റനോട്ടത്തില്‍, ഘടകവത്കരണം അഥവാ അംശീകരണം എന്നത് പാശ്ചാത്യ തര്‍ക്കപരിഹാര മാതൃകയിലെ വ്യക്തിനിഷ്ഠ സങ്കല്‍പങ്ങളെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഇസ്‌ലാമിക പാരമ്പര്യത്തിലും സമാനമായ ചിട്ടപ്പെടുത്തലുകള്‍ കാണാവുന്നതാണ്. യസ്‌രിബിലെ തര്‍ക്കവിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ വ്യതിരിക്തമായി അഭിസംബോധന ചെയ്യുന്ന 47 ഖണ്ഡികകള്‍ ഉള്‍ക്കൊള്ളുന്നതാണ് മദീന ചാര്‍ട്ടര്‍ (മദീന കരാര്‍ രേഖ).
ആദ്യത്തെ 23 വകുപ്പുകള്‍ മക്കയില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെയും യസ്‌രിബിലെ മുസ്‌ലിംകളെയും അഭിസംബോധന ചെയ്യുമ്പോള്‍ പിന്നീട് വരുന്ന 24 വകുപ്പുകള്‍ ജൂതന്മാരെയും ക്രിസ്ത്യാനികളെയും മറ്റ് അമുസ്‌ലിംകളെയും ഉദ്ദേശിച്ചുള്ളതാണ്.
മദീന ചാര്‍ട്ടര്‍ യസ്‌രിബിലും പരിസരദേശങ്ങളിലുമായി സംഘര്‍ഷത്തിലും തര്‍ക്കത്തിലും ഉള്‍പ്പെട്ട കക്ഷികളെ ആദ്യം തിരിച്ചറിയുന്നു. ഫിഷര്‍ (1971) വാദിക്കുന്നതു പ്രകാരം, ഇപ്രകാരം ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികളെ തിരിച്ചറിയുന്നത് ഉടനെ ശ്രദ്ധ തിരിയേണ്ട ഭൗതിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും ഒരു തര്‍ക്കത്തെ എങ്ങനെ ഭാഗിക്കാന്‍ കഴിയുമെന്നതിനെ സംബന്ധിച്ചുള്ള തത്വമാനങ്ങള്‍ സ്ഥാപിക്കാനും സഹായിക്കുന്നു. കരാറില്‍ പങ്കെടുക്കുന്നവരെ ഖണ്ഡിക 4-11 പ്രത്യേകം വേര്‍തിരിച്ച് രേഖപ്പെടുത്തുന്നു. ഇവിടെ ഇസ്ലാം ആശ്ലേഷിച്ച ഗോത്രങ്ങളില്‍ നിലവിലുള്ള ആചാരമനുസരിച്ച് തടവുകാരെ മോചിപ്പിക്കേണ്ട ഗോത്രങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഖണ്ഡിക 25-35 വരെയും ഖണ്ഡിക 46ഉം അതേ ഇസ്‌ലാമിക ഗോത്രങ്ങളിലെ ജൂത കക്ഷികളും മുസ്‌ലിംകളുമായി ഒരു സമൂഹം എന്ന നിലയ്ക്ക് ഒരുമിച്ചു നില്‍ക്കേണ്ടതിനെ കുറിച്ചും വ്യക്തമായി പരാമര്‍ശിക്കുന്നു.
നഗരത്തിന്റെ ഭൗതികാതിര്‍ത്തികള്‍ നിര്‍ണയിച്ചുകൊണ്ട് യസ്‌രിബിലെ പ്രകടമായ അടിയന്തര പ്രശ്‌നങ്ങളെയും മുഹമ്മദ് നബി ആദ്യം തന്നെ തിരിച്ചറിഞ്ഞു. ഒന്നാമതായി ഖണ്ഡിക 2ല്‍ യസ്‌രിബിലെ ആളുകളെ നിര്‍വചിച്ചിരിക്കുന്നത് ‘എല്ലാ മനുഷ്യര്‍ക്കും ഉപരിയായ ഒരു സമൂഹം’ (ഉമ്മത്ത്) എന്നാണ്. ഈ പ്രഖ്യാപനത്തിനു മുമ്പ്, യസ്‌രിബിന്റെ അതിരുകള്‍ അവ്യക്തമായിരുന്നു. പ്രദേശത്തെ ഗോത്രപ്രദേശങ്ങളുടെ കൂട്ടത്തെ ഒരു ഏകീകൃത നഗരമായി കണക്കാക്കാതെ ഓരോ ഗോത്രവും അതതിന്റെ പ്രദേശം കൈവശപ്പെടുത്തിവെച്ചു. ആര്‍ട്ടിക്കിള്‍ 17, 39 എന്നിവയില്‍ യഥാക്രമം ‘മുസ്‌ലിംകളുടെ സമാധാനം അവിഭാജ്യമാണെ’ന്നും ‘ഈ കരാറില്‍ പങ്കെടുക്കുന്നവര്‍ക്ക് യസ്‌രിബ് ഒരു സംരക്ഷിത സങ്കേതമായിരിക്കും’ എന്നും അവകാശപ്പെട്ടുകൊണ്ട് ഒരു നഗരം എന്ന ആശയം മുഹമ്മദ് നബി ശക്തിപ്പെടുത്തി.
യസ്‌രിബ് ഒരു സംയോജിത സമൂഹമായി സ്ഥാപിതമായ ശേഷം മുഹമ്മദ് നബി സാമുദായിക നീതിയുടെയും സംരക്ഷണത്തിന്റെയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു. ആര്‍ട്ടിക്കിള്‍ 19, 21, 22, 40 എന്നിവ യസ്‌രിബിന്റെ നിയമഗതി എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഖണ്ഡികകളാണ്. നീതി തേടാനുള്ള അവകാശം വ്യക്തികളില്‍ നിന്ന് കേന്ദ്രസമൂഹത്തിന്റെ ഉത്തരവാദിത്തത്തിലേക്കു മാറ്റി. ‘നീതിനിര്‍വഹണത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ആരെയും പക്ഷം പിടിക്കാനോ ഒരാളുടെ ബന്ധങ്ങളോട് പക്ഷപാതം കാണിക്കാനോ, സ്വന്തം മകനെ പോലും നിയമ നടപടികളില്‍ നിന്ന് സംരക്ഷിക്കാനോ അനുവദിക്കില്ലെന്നും വിധിച്ചു (ഹമീദുല്ല, 1994, പേജ് 28). ന്യായവിധി നാളില്‍ ദൈവം നല്‍കുന്ന ശിക്ഷയെ ഓര്‍മിപ്പിച്ചുകൊണ്ട്, നിയമം ലംഘിച്ച ഒരു വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് കരാറില്‍ പങ്കെടുത്തവരെ വിലക്കിയിരുന്നു. ഇരയുടെ അവകാശികള്‍ രക്തപ്പണം സ്വീകരിക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ കൊലപാതകത്തിനു വധശിക്ഷ തന്നെ നല്‍കണമെന്ന് ചാര്‍ട്ടര്‍ പ്രഖ്യാപിച്ചത് കാണാം.
അധിനിവേശം ഉണ്ടായാല്‍ യോജിച്ചുള്ള പ്രതിരോധത്തിന് മദീനാ ചാര്‍ട്ടര്‍ വഴിയൊരുക്കിയപ്പോള്‍ യസ്‌രിബ് ഒരൊറ്റ നഗരമായി ഏകീകരിക്കപ്പെട്ടു. ഖണ്ഡിക 44 ബന്ധപ്പെട്ട കക്ഷികളെ ‘യസ്‌രിബിനെതിരായ ഏത് ആക്രമണത്തിനെതിരെയും പരസ്പരം സഹായിക്കുക’ എന്ന ഐക്യ കരാറിലേക്ക് ഒരുമിപ്പിച്ചു. ഇത്തരം ആക്രമണപരമായ ശത്രുതകള്‍ ഉണ്ടായാല്‍, മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചെലവുകളുടെ വിഭജനത്തെ വിവരിക്കുന്ന ഖണ്ഡികകളാണ് ഖണ്ഡിക 37ഉം 38ഉം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘പരസ്പര ഉപദേശവും കൂടിയാലോചനയും തേടാനും ബന്ധപ്പെട്ട ഖണ്ഡിക അവരെ ഉപദേശിക്കുന്നു. സാമുദായിക നീതിക്കും നഗരസംരക്ഷണത്തിനുമായി മുഹമ്മദ് നബിയുടെ ക്രമീകരണങ്ങള്‍ കൂട്ടുത്തരവാദിത്തത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഗോത്രബന്ധിയായ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി സാമുദായിക പ്രധാനമായ ഉത്തരവാദിത്തത്തിന് ഊന്നല്‍ നല്‍കപ്പെട്ടപ്പോള്‍ സംഘര്‍ഷങ്ങളുടെ പഴയ അതിര്‍ത്തിരേഖകള്‍ അസാധുവായി മാറുകയായിരുന്നു.
മദീന ചാര്‍ട്ടര്‍, തര്‍ക്കങ്ങളെ കുറിച്ച് വ്യക്തമായ ഒരു ഇസ്‌ലാമിക സാംസ്‌കാരിക ധാരണ നിലനിര്‍ത്തുന്ന തരത്തിലുള്ള ഘടകവത്കരണത്തിനൊരു ഉദാഹരണമാണ്. ചാര്‍ട്ടര്‍ വ്യക്തികളെ അഭിസംബോധന ചെയ്യുന്നില്ല, മറിച്ച്, അത് സമൂഹങ്ങളെയും ഗോത്രങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. വ്യക്തിഗത നഷ്ടപരിഹാരത്തിനോ തര്‍ക്കപരിഹാരങ്ങള്‍ക്കോ അല്ല, മറിച്ച്, ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണത് ശ്രമിക്കുന്നത്.
മദീന ചാര്‍ട്ടറില്‍ നിരീക്ഷിക്കാവുന്ന മറ്റൊരു ആധുനിക മധ്യസ്ഥ ആശയം തത്വങ്ങളുടെ തിരിച്ചറിയലാണ്. ചാര്‍ട്ടറിന്റെ രൂപീകരണത്തില്‍ ഇസ്‌ലാമിന്റെയും യഹൂദ മതത്തിന്റെയും ആഴത്തിലുള്ള മൂല്യങ്ങള്‍ക്ക് മുഹമ്മദ് നബി പ്രാധാന്യം നല്‍കി. ഉടമ്പടിയിലെ ആദ്യത്തെ 23 ഖണ്ഡികകള്‍ ‘വിശ്വാസികള്‍’ എന്ന് പരാമര്‍ശിക്കുന്നവരുമായി മുസ്‌ലിംകളുടെ പെരുമാറ്റ മര്യാദകള്‍ എന്തായിരിക്കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചു. ഖണ്ഡിക 25-35 മുസ്‌ലിംകളെയും ജൂതരെയും ഒരു രാഷ്ട്രസമൂഹമെന്ന നിലയ്ക്ക് ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഇങ്ങനെയുള്ള നിബന്ധനകള്‍ ഗോത്രസഖ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് നോക്കാന്‍ കരാറിലെ കക്ഷികളെ വീണ്ടും പ്രാപ്തമാക്കി.
ഫിഷര്‍ (1971) അഭിപ്രായപ്പെടുന്നത്, എതിര്‍ തത്വങ്ങളുടെ സ്വാധീനഫലമായി ഉണ്ടാവുന്ന തര്‍ക്കവിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം ‘അവരുടെ തത്വങ്ങളോട് അവിശ്വസ്തരായിരിക്കണമെന്ന് ശഠിക്കാതെത്തന്നെ നമ്മുടെ തത്വങ്ങളോട് വിശ്വസ്തരായിരിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുക’ എന്നതാണ്.
മുഹമ്മദ് നബി മദീനയിലെ പുതിയ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിഗത വ്യത്യാസങ്ങള്‍ ഒരേസമയം അംഗീകരിച്ചുകൊണ്ടുതന്നെ സാമൂഹികമായ ഒരു സ്വത്വബോധവും നല്‍കി. ആദ്യം അദ്ദേഹം ഗോത്രങ്ങള്‍ക്കുള്ളിലെ മൂല്യങ്ങള്‍ തിരിച്ചറിയുകയും അവയുടെ സാധുത പരസ്യമായി അംഗീകരിക്കുകയും ചെയ്തു. രണ്ടാമതായി, ഖണ്ഡിക 37 സൂചിപ്പിക്കുന്നതു പ്രകാരം ജൂതന്മാരും മുസ്‌ലിംകളും പരസ്പരം പോരടിക്കുന്ന സാഹചര്യം വന്നാല്‍ അവരവരുടെ ചെലവുകള്‍ സ്വയം വഹിക്കണമെന്നു നിര്‍ദേശിക്കപ്പെട്ടു. ഇത് ഓരോ വിശ്വാസത്തിനും സ്വതന്ത്രമായ സാരൂപ്യം നല്‍കിയതോടൊപ്പം ഒരു സമൂഹമെന്ന നിലയില്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇരുവിഭാഗത്തെയും ഉപദേശിക്കുകയും ചെയ്തു. തത്വത്തില്‍, കരാര്‍ പ്രകാരം മുസ്‌ലിംകളുടെയും ജൂതന്മാരുടെയും മതപരമായ വിന്യാസം പഴയ ഗോത്രവിഭാഗീയതയ്ക്ക് തടയിട്ടു.

Back to Top