27 Saturday
July 2024
2024 July 27
1446 Mouharrem 20

മധുവും വിശ്വനാഥനും കേരളത്തിന്റെ വംശീയ മുന്‍വിധികള്‍ അവസാനിക്കുന്നില്ല

വി കെ ജാബിര്‍


ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ വയനാട് കല്പറ്റ പുഴമുട്ടി വെള്ളാരംകുന്ന് പാറവയല്‍ കോളനിയിലെ വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കേളെജ് ആശുപത്രിക്കു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസ്സായ ആദിവാസി യുവാവ് വിശ്വനാഥന്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന് പിറന്ന കുഞ്ഞിനും ഭാര്യക്കുമൊപ്പം ആശുപത്രിയില്‍ നില്‍ക്കെയാണ് അയാളുടെ ജീവിതം ഇല്ലാതാകുന്നത്. ഫെബ്രുവരി 9-നു കാണാതായെന്ന് കുടുംബം പരാതിപ്പെടുകയും അടുത്ത ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ഒഴിഞ്ഞ സ്ഥലത്ത് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പൊലീസ് പരിശോധനയിലാണ് ഫെബ്രുവരി 11-ന് ആശുപത്രിക്കു സമീപം 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വാഭാവികമായും ഭാര്യയുടെ പ്രസവവും കാത്തുകാത്തിരുന്നു ജനിച്ച കുഞ്ഞും ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ ആഹ്‌ളാദകരമായ നിമിഷം തന്നെയാണ്. അത്തരമൊരു വേളയില്‍, പരിചയമില്ലാത്തൊരിടത്ത്, ജീവിതത്തിലെ കടുത്ത പ്രതിസന്ധികളോടു പൊരുതി ജീവിക്കുന്നൊരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുക എന്നത് ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്ന സംഗതി തന്നെയാണ്. ഇത്തരമൊരു സംശയം ജനിക്കാന്‍ തക്ക ചില കാരണങ്ങള്‍ കൂടി ആശുപത്രിയില്‍ ഉണ്ടായിരുന്നു. വിശ്വനാഥനെ കാണാതായെന്നു കുടുംബം പരാതിപ്പെട്ട ഫെബ്രുവരി 9ന് ആശുപത്രി കൂട്ടിരിപ്പുകാരില്‍ ആരുടെയോ ഫോണും പണവും മോഷണം പോയെന്ന് ആരോപണമുയര്‍ന്നിരുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തു. ഇവര്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി മെഡിക്കല്‍ കോളെജ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറുകയും ചെയ്തു.
ആളുകള്‍ ചേര്‍ന്ന് വിശ്വനാഥനെ മര്‍ദിച്ചെന്നും അദ്ദേഹം കരഞ്ഞുവെന്നും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നാലു പേര്‍ ചേര്‍ന്ന് ആദിവാസി യുവാവിനെ ചോദ്യം ചെയ്യുന്നതിന്റെയും സഞ്ചി പരിശോധിക്കുന്നതിന്റെയും വിഷ്വലുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്നോ എന്നു സ്ഥിരീകരിക്കാനായില്ലെങ്കിലും മോഷണക്കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും അപമാനിക്കുന്നതും വ്യക്തമാണ്.
വിശ്വനാഥന്റേത് കൊലപാതകം തന്നെയെന്ന് വ്യക്തമാക്കിയ സഹോദരന്‍ രാഘവന്‍, അതിനായി ഉയര്‍ത്തിയ ന്യായം പ്രസക്തമാണ്. വിശ്വനാഥന്റേത് ആസൂത്രിത കൊലപാതകമാണ്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അവനൊരു കുഞ്ഞു പിറന്നത്. ഈ അവസരത്തില്‍ അവന്‍ ആത്മഹത്യ ചെയ്യില്ല. വിശ്വനാഥന്‍ ഓടിപ്പോയത് മരണം സംഭവിക്കാവുന്ന അത്രയും അപകടമുള്ള സ്ഥലത്തേക്കല്ല. വിശ്വനാഥനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണ്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ലക്ഷണമുണ്ട്. മോഷണം നടത്തുന്നയാളല്ല അവന്‍. ജനങ്ങളോ ആശുപത്രി സെക്യൂരിറ്റിക്കാരോ പൊലീസോ ആകാം വിശ്വനാഥന്റെ മരണത്തിനു പിന്നില്‍ എന്നാണ് സഹോദരന്‍ രാഘവന്‍ ആരോപിച്ചത്.
വിശ്വനാഥനെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നുവെന്നും അതില്‍ മനം നൊന്ത് അയാള്‍ ആശുപത്രി പരിസരത്തു നിന്ന് ഓടിപ്പോവുകയായിരുന്നുവെന്നും ഭാര്യാമാതാവ് ലീല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. പൊട്ടിക്കരയുന്നത് കണ്ടിരുന്നുവെന്നും ആശുപത്രി പരിസരത്തുള്ളവര്‍ പറയുന്നുണ്ട്.
പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തതെന്നും, ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതായതെന്നും ലീല പ്രതികരിച്ചു. വിശ്വനാഥനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. കാണാനില്ലെന്ന പരാതിയെ പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും ആദ്യഘട്ടത്തില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റ പാടുകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് മെഡിക്കല്‍ കോളേജ് എസിപിയുടെ വിശദീകരണം. എസിപി സുദര്‍ശന്‍, സി ഐ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആദിവാസി യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദനം നടന്നതിന് പ്രാഥമിക തെളിവുകള്‍ ഇല്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിനു മേല്‍ മോഷണക്കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാര്‍ ഇല്ലെന്നും എസിപി വിശദമാക്കി.
വിശ്വനാഥന്റെ മരണത്തിലെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതി. ധൃതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ദുരൂഹത ആരോപിക്കുന്ന കുടുംബം ആത്മഹത്യ ചെയ്‌തെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോടും എ സി പിയോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
മൊബൈല്‍ ഫോണും പണവും മോഷണം പോയെന്ന പരാതി ഉയര്‍ന്നതോടെ വിശ്വനാഥനാണ് മോഷ്ടിച്ചതെന്ന് കൂടിനിന്നവരില്‍ പലരും തീര്‍പ്പിലെത്തുകയായിരുന്നു. വിശ്വനാഥന്‍ മരിച്ചത് എങ്ങനെയെന്നറിയണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഒരു മോഷണാരോപണം വരുമ്പോഴേക്ക് തെളിവുകള്‍ ലഭിക്കുന്നതിനു മുമ്പേ, തൊലിക്കറുപ്പുള്ള, മുഷിഞ്ഞ കുപ്പായം ധരിച്ച ആദിവാസി ചെറുപ്പക്കാരനു നേരെ സംശയം നീളുന്നത് എന്തടിസ്ഥാനത്തിലാണ്?
ഭാര്യയുടെ പ്രസവത്തിനു കൂട്ടെത്തിയ ഒരു ഭര്‍ത്താവും കുഞ്ഞിന്റെ പിതാവുമായിരുന്നു അയാള്‍. ആദിവാസി യുവാവാണ്. നഗരത്തിലെ രീതികളും മെഡിക്കല്‍ കോളജും അയാള്‍ക്കു പരിചിതമായ സ്ഥലമായിരിക്കില്ല. പല നിലയിലും ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞ്, യാതൊരു സാമൂഹിക പ്രിവിലേജുമില്ലാതെ പാര്‍ശ്വത്തിലൂടെ നീങ്ങുന്നൊരാളെ പിടികൂടാനും ചോദ്യം ചെയ്യാനും വളരെ സൗകര്യമായതു കൊണ്ടാണോ? അയാള്‍ക്കു നീതിക്കു വേണ്ടി കരയുകയോ യാചിക്കുകയോ അല്ലാതെ വേറെന്തു നിവൃത്തിയാണുണ്ടാവുക? തല ഉയര്‍ത്തി നിന്ന് ചോദ്യം ചെയ്യാന്‍ മാത്രം സാമൂഹിക ആനുകൂല്യങ്ങളൊന്നുമില്ലാത്തൊരാളാവാം വിശ്വനാഥന്‍ എന്നാണ് ന്യായമായും മനസ്സിലാക്കേണ്ടത്. കുറ്റകൃത്യം ചെയ്താലും ഇല്ലെങ്കിലും പിടിച്ചുവെച്ചു പരിശോധിക്കാനും ചോദ്യം ചെയ്യാനും മര്‍ദിക്കാനും ആള്‍ക്കൂട്ടത്തിന് എന്തധികാരമാണുള്ളത്.
വിശ്വനാഥന്റെ കുടുംബത്തിന്റെ മൊഴി എടുത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചതിലാണ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആശുപത്രി പരിസരത്തു നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളില്‍ നാലു പേര്‍ കൂടി നിന്ന് വിശ്വനാഥനെ ചോദ്യം ചെയ്യുന്നതും കൈയിലുണ്ടായിരുന്ന സഞ്ചി വാങ്ങി പരിശോധിക്കുന്നതും കാണാമെന്നു പൊലീസ് സ്ഥിരീകരിക്കുന്നു.
ഇവരില്‍ നാലില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നടപടികളുമായി മുന്നോട്ടു പോവുകയുമാണെന്നാണ് പൊലീസ് വിശദീകരണം. യുവാവിന്റെ ആത്മഹത്യയിലേക്കു നയിച്ച മാനസിക സംഘര്‍ഷത്തിന് കാരണക്കാരായവരെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നു പ്രത്യാശിക്കാം. ആത്മഹത്യയോ കൊലപാതകമോ എന്നത് ഇനിയും കണ്ടെത്തേണ്ട വിഷയമാണ്. രണ്ടായാലും അതിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം. പ്രിവിലേജുകള്‍ അവകാശപ്പെടാനില്ലാത്ത ദുര്‍ബലരായ മനുഷ്യര്‍ക്കു പ്രതീക്ഷയോടെ ജീവിക്കാന്‍ അത്തരം നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായേ മതിയാകൂ.
2018 ഫെബ്രുവരി 22ന് വൈകിട്ട് ആള്‍ക്കൂട്ടാക്രമണത്തില്‍ പരിക്കേറ്റു മരിച്ച അട്ടപ്പാടിയിലെ മധുവിന്റെ മറ്റൊരു പകര്‍പ്പായി വിശ്വനാഥന്‍ മാറുകയാണ്. കടയില്‍ നിന്നു അരി മോഷ്ടിച്ചെന്നാരോപിച്ചാണ് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും മറ്റ് പ്രതികളും ചേര്‍ന്ന് മധുവിനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്നാണ് മധുവിന്റെ ശ്വാസം നിലച്ചത്. അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ആ കേസില്‍ കൊല്ലപ്പെട്ടവന് നീതി നല്‍കാനും കൊല്ലിച്ചവര്‍ക്ക് ശിക്ഷ നല്‍കാനും നമ്മുടെ സംവിധാനത്തിനു സാധിച്ചിട്ടില്ല.
ആദിവാസികളും ദുര്‍ബലരും എളുപ്പത്തില്‍ ആക്രമിക്കപ്പെടാനും അപമാനിക്കപ്പെടാനും ഇടയാകുന്നതും നീതി നിഷേധിക്കപ്പെടുന്നതും സമൂഹത്തിന്റെ നെറികേടിന്റെയും സംസ്‌കാര ശൂന്യതയുടെയും ആഴം വ്യക്തമാക്കുന്നു. അച്ഛനെ നഷ്ടപ്പെട്ട നവജാത ശിശുവിന് ഉള്‍പ്പെടെ വിശ്വനാഥന്റെ കുടുംബത്തിനു നീതി വേണം, എങ്ങനെയാണ് മരണപ്പെട്ടതെന്ന് അറിയാന്‍ അവര്‍ക്കവകാശമുണ്ട്. ആത്മഹത്യ ചെയ്തതാണെങ്കില്‍ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണം. കൊലപാതകമെങ്കില്‍ കുറ്റവാളികളുടെ മുഖം സമൂഹം അറിയണം, ശിക്ഷ ഉറപ്പുവരുത്തണം.
ആറ്റുനോറ്റ് കിട്ടിയ കുഞ്ഞിനെ താലോലിക്കാനാകാതെ, ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വേളയില്‍ അപമാനിതനായി മരിച്ചുപോയ ആ മനുഷ്യന്റെ കുടുംബത്തോടെങ്കിലും നീതി ചെയ്തില്ലെങ്കില്‍ നിയമപാലനത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നു കരുതപ്പെടുന്ന സംവിധാനങ്ങള്‍ക്ക് എന്ത് അര്‍ഥമാണുള്ളത്, പ്രസക്തിയാണുള്ളത്? നിറം കുറഞ്ഞ, മുഷിഞ്ഞ വേഷം ധരിച്ച, പ്രതികരിക്കാന്‍ ശബ്ദമുയരാത്തവര്‍ക്കു കൂടി പ്രതീക്ഷയര്‍പ്പിക്കാന്‍ എന്തെങ്കിലും ശേഷിക്കണമെങ്കില്‍ നീതിപൂര്‍വകമായ നടപടികള്‍ അന്വേഷണ സംഘത്തില്‍ നിന്നും മറ്റു നിയമ സംവിധാനങ്ങളില്‍ നിന്നുമുണ്ടായേ തീരൂ. ഇല്ലെങ്കില്‍ നിയമ-ഭരണ സംവിധാനമാണ് തോല്‍ക്കുന്നത്. വലിയ തോല്‍വി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x