മധുരതരളിതമായ ഇശലോര്‍മകള്‍
ഹസന്‍ നെടിയനാട് / ടി റിയാസ് മോന്‍
തക്ബീര്‍ നാദം ഉലകിലുയര്‍ന്നു
കീര്‍ത്തന നാദം അലകളുയര്‍ന്നു
നൂറ്റാണ്ടുകളുടെ ഗോപുര മണ്ഡല
സ്മരണയുയര്‍ന്നു
മനമില്‍ ത്യാഗത്തിന്‍
പുതുജീവിതചിത്രം മിന്നിമറഞ്ഞു.
ആകാശവാണിയില്‍ വി എം കുട്ടിയും വിളയില്‍ ഫസീലയും പാടി ഹിറ്റാക്കിയ ഗാനം. ഫൈസല്‍ എളേറ്റില്‍ പുനരാവിഷ്‌കരിച്ച ആ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. പാട്ടിന്റെ വഴിയില്‍ വി എം കുട്ടി പോലെ പാട്ടെഴുത്തിന്റെ വഴിയില്‍ ഹസന്‍ നെടിയനാട് മികച്ചുനില്‍ക്കുന്നു. തന്റെ മാര്‍ഗദര്‍ശിയെന്നാണ് വി എം കുട്ടിയെ ഹസന്‍ നെടിയനാട് വിശേഷിപ്പിക്കുന്നത്.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിലെ അഫ്ദലുല്‍ ഉലമ പഠനകാലം. 1970-കളിലെ തുടക്കത്തില്‍ മദീനത്തുല്‍ ഉലൂമിലെ സാഹിത്യ സമാജങ്ങളില്‍ പാടാന്‍ വേണ്ടിയാണ് ഹസന്‍ നെടിയനാട് പാട്ടെഴുതിത്തുടങ്ങിയത്. മദീനത്തില്‍ എല്ലാ ആഴ്ചയിലും സാഹിത്യസമാജങ്ങള്‍ ഉണ്ടാകും. ആനുകാലിക വിഷയങ്ങളില്‍ പാട്ടെഴുതിയാല്‍ പാടാന്‍ എമ്പാടും ആളുകളും റെഡി. ആ പാട്ടുകള്‍ മാങ്കാരിക്കുന്നില്‍ മാത്രം ഒതുങ്ങിനിന്നില്ല. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി ആകാശവാണിയില്‍ പാട്ടുകള്‍ക്ക് ശബ്ദം നല്‍കി. അങ്ങനെ കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ നെടിയനാട്ടെ കിഴക്കേക്കര കലന്തന്റെയും ഓട്ടിലാംപൊയില്‍ പാത്തുമ്മയുടെയും മകന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നാടറിയുന്ന പാട്ടെഴുത്തുകാരനായി.
അരനൂറ്റാണ്ട് കാലത്തിനിടയില്‍ ആയിരത്തോളം പാട്ടുകള്‍. അവയിലേറെയും ഭക്തിഗാനങ്ങള്‍. ഒപ്പനപ്പാട്ടുകളും കല്യാണപ്പാട്ടുകളുമായി മാപ്പിളപ്പാട്ടിന്റെ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖനാണ് ഹസന്‍ നെടിയനാട്.
മതം പഠിച്ച് പണ്ഡിതനാകണമെന്ന ഉദ്ദേശ്യത്തോടെയാണ് 1970-ല്‍ പുളിക്കലിലേക്ക് വണ്ടി കയറിയത്. അതിനു മുമ്പ് ഒരു വര്‍ഷം 1969-ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്കു കീഴില്‍ ദര്‍സ് പഠനം. നന്മണ്ട ഹൈസ്‌കൂളില്‍ നിന്നാണ് എസ് എസ് എല്‍ സി വിജയിച്ചത്. അഞ്ച് വര്‍ഷമാണ് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരുന്നത്. അഫ്ദലുല്‍ ഉലമ ഫൈനല്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പേ നരിക്കുനി എ യു പി സ്‌കൂളില്‍ അധ്യാപകനായി 1975-ല്‍ ജോലി ലഭിച്ചു. അറബി ഭാഷയില്‍ പേരെടുത്ത പണ്ഡിതനായില്ലെങ്കിലും അറബി മലയാളത്തില്‍ പേരെടുത്ത പണ്ഡിതനായി. മാപ്പിളകലകളില്‍ ആധികാരിക ശബ്ദമായി കേരളത്തിലെങ്ങും നിറഞ്ഞുനിന്നു. 2008-ല്‍ നരിക്കുനി എ യു പി സ്‌കൂളില്‍ നിന്നു വിരമിച്ചു. 33 വര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കി.
‘അറബി മലയാള പദകോശം’, ‘മാപ്പിളപ്പാട്ടിന്റെ വേരുകള്‍ തേടി’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ഹസന്‍ നെടിയനാട്. ചാക്കീരി മൊയ്തീന്‍കുട്ടി രചിച്ച ‘ഗസ്‌വത്തു ബദ്‌റുല്‍ കുബ്റാ എന്ന ചാക്കീരി ബദ്ര്‍’, മുണ്ടമ്പ്ര ഉണ്ണി മമ്മദിന്റെ ‘കര്‍ബല’, ഹലീമാ ബീവിയുടെ ‘ചന്ദിര സുന്ദരി മാല’ എന്നീ അറബി മലയാള ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി ടി ബീരാന്‍കുട്ടി മൗലവിയുടെ ഹജ്ജ്‌യാത്രാ കാവ്യം, കോടഞ്ചേരി മരക്കാര്‍ മുസ്ല്യാര്‍ എഴുതിയ ‘ദുരാചാര മര്‍ദനം’ എന്നിവ അറബി മലയാളത്തില്‍ നിന്ന് മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തുകയും, വ്യാഖ്യാനം എഴുതുകയും ചെയ്തു. ഗാനരചയിതാവ് എന്നതിനൊപ്പം അറബി മലയാളം ഗവേഷകന്‍, മാപ്പിളകലാ അധ്യാപകന്‍, കലോത്സവ വിധികര്‍ത്താവ് എന്നീ നിലകളിലും ഹസന്‍ നെടിയനാട് തിളങ്ങിനില്‍ക്കുന്നു.
1970-ല്‍ ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച മത്സരത്തില്‍ കവിതാ രചന, മാപ്പിളപ്പാട്ട് എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. പി അബ്ദുല്‍ഖാദര്‍ മൗലവി (കണ്ണൂര്‍) എഴുതിയ അത്തൗഹീദ്, ഖുര്‍ആന്‍ തഫ്സീര്‍ എന്നിവയായിരുന്നു അന്ന് സമ്മാനം ലഭിച്ചത്. അക്കാലം മുതല്‍ ഹസന്‍ നെടിയനാടിന്റെ എഴുത്തിലും പാട്ടിലും ഏകദൈവ വിശ്വാസത്തിന്റെ തെളിച്ചമുണ്ട്.
ബഹ്‌റിന്‍ മോസകള്‍ പൊങ്ങിടുമ്പോള്‍
ആര്‍ത്തിടുന്നത് എന്താണ്
ഗഹനില്‍ പറവകള്‍ പാറിടുമ്പോള്‍
പാടിടുന്നത് എന്താണ്
മധുപന്‍ മലരിതള്‍ തേടിടുമ്പോള്‍
മൂളിടുന്നത് എന്താണ്
മാനവരാശിക്കാരാധിക്കാന്‍ ഏകന്‍ ഇലാഹായാരാണ്
അല്ലാഹുവല്ലാതാരാണ്
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍…
ഏകദൈവ വിശ്വാസത്തിന്റെ മഹത്വം പാടുന്ന വരികള്‍ ഹസന്‍ നെടിയനാട് എഴുതിയത് ഹൃദയബോധ്യങ്ങളില്‍ നിന്നാണ്.
വയലോരത്ത് ഒരു കതിര്‍ കുല
കൊത്തിപ്പറക്കുമ്പോള്‍
മതിമറന്നൊരു ചെറുകിളി പാടി
വയര്‍ നിറച്ചിടാന്‍ ധാന്യക്കുലയേകി
എനിക്കെന്നെ പടച്ചവന്‍
ഒരുവനാണവന്‍ ഇലാഹീ…
ആകാശവാണിയില്‍ വി എം കുട്ടിയുടെ മനോഹരമായ ശബ്ദത്തില്‍ മുഴങ്ങിയ തൗഹീദ് ഗാനം. പാട്ടെഴുതിയത് ഹസന്‍ നെടിയനാട്.
അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ സാഹിത്യ ജീവിതത്തിനിടയില്‍ ടെക്നോളജിയുടെ ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷിയായി. മധുരതരളിതം എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് ഗ്രാമഫോണ്‍ റെക്കോര്‍ഡിലാണ് വന്നത്. പിന്നെ പാട്ടുകള്‍ ടേപ്പ് റെക്കോര്‍ഡറിലായി. പിന്നെയത് ഓഡിയോ സി ഡികളും വീഡിയോ ആല്‍ബങ്ങളുമായി. ഇപ്പോള്‍ പാട്ടുകള്‍ നിലനില്‍ക്കുന്നത് ഡിജിറ്റല്‍ ഡിവൈസുകളിലാണ്. പാട്ടുകള്‍ യൂട്യൂബില്‍ ലഭ്യമാണോ എന്നാണ് പുതുതലമുറക്ക് അറിയേണ്ടത്.
എഴുതിയ പാട്ടുകള്‍ റേഡിയോയിലും ടേപ്പ് റെക്കോര്‍ഡറുകളിലും സദസ്സുകളിലും ഹിറ്റായെങ്കിലും ഇന്ന് അവ പലതും ലഭ്യമല്ല. പഴയ കാസറ്റുകള്‍ പരമാവധി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എഴുതിയ പാട്ടുകളുടെ കൈയെഴുത്തു കോപ്പികള്‍ എടുത്തുവെച്ചിട്ടുണ്ട്. പാടിയ ആളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലത്ത് തിരൂരങ്ങാടിയിലെ പ്രസ്സുകള്‍ പാട്ടുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ചന്തകളില്‍ കൊണ്ടുപോയി തിരൂരങ്ങാടിക്കാര്‍ പുസ്തകം വിറ്റിരുന്ന കാലത്ത് തന്റെ പാട്ടുകള്‍ ഹസന്‍ മാഷ് വില കൊടുത്ത് വാങ്ങിയിട്ടുണ്ട്.
ശഹുറുകളില്‍ ശറഫ് മികന്തൊളിവീശിയ തിരുറമളാന്‍ പതിനേഴില്‍- ഇസ്ലാമിക ചരിത്രത്തെ പാട്ടിന്റെ വഴികളില്‍ അവതരിപ്പിച്ച ഗാനങ്ങളില്‍ പ്രധാനമാണ് ഈ പാട്ട്. ഗാനമേള ട്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ എം കെ വെള്ളയില്‍ ആണ് ഇത് പാടിയത്. എം പി ഉമ്മര്‍കുട്ടി, സതീഷ് ബാബു, സീറോ ബാബു, ഉണ്ണി മേനോന്‍, മണ്ണൂര്‍ പ്രകാശ് എന്നിവര്‍ ഹസന്‍ നെടിയനാടിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. പുതിയ തലമുറയിലെ പാട്ടുകാരും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുന്നു.
കതിര്‍ കത്തും ദുനിയാവില്‍
അടങ്കലും അമൈത്തോനേ
കതിര്‍ ശംസും നുജൂം
വാനില്‍ കൊളുത്തിയോനേ
സ്തുതിക്കും നിന്‍ കരവിരുതതിന്‍
മുന്നില്‍ നമിക്കുന്നേ
സദാ നേരം തിരുനാമം
ജപിച്ചീടുന്നേ.
ജീവിതത്തിന്റെ എഴുപതാം വര്‍ഷത്തില്‍ നോമ്പ് നോറ്റ് ചെറിയ പെരുന്നാള്‍ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഹസന്‍ നെടിയനാടിന്റെ മനസ്സകം അദ്ദേഹത്തിന്റെ പാട്ടായി നമുക്ക് മുന്നില്‍ പാറിക്കളിക്കുന്നുണ്ട്. ഭാര്യ സുലൈഖക്കും മകന്‍ സാബിഖ് ഹസനുമൊപ്പം ദാറുല്‍ ഹസനാത്തില്‍ താമസിക്കുന്നു. പെണ്‍മക്കളായ ഷരീഫാ ഹസനത്ത്, ആരിഫാ ഹസനത്ത്, അഫീഫാ ഹസനത്ത് എന്നിവര്‍ വിവാഹിതരാണ്. മാപ്പിളപ്പാട്ടും വിപുലമായ അറബിമലയാള ഗ്രന്ഥശേഖരവുമായി ഗവേഷണ സപര്യയില്‍ തന്നെയാണ് ഹസന്‍ നെടിയനാട്.