മദ്ഹബുകള്‍ മതത്തില്‍ അടിസ്ഥാന പ്രമാണമോ?
പി കെ മൊയ്തീന്‍ സുല്ലമി
മദ്ഹബ് എന്ന പദത്തിന്റെ അര്‍ഥം ‘അഭിപ്രായം’ എന്നാണ്. ലോകത്ത് പത്ത് മദ്ഹബുകള്‍ നിലവിലുണ്ടെന്നാണ് പണ്ഡിതാഭിപ്രായം. ജലാലുദ്ദീനുസ്സുയൂഥി(റ) രേഖപ്പെടുത്തുന്നു: മദ്ഹബു സുഫ്യാനിസ്സൗരി, ഔസാഈ മദ്ഹബ്, ലൈസുബ്‌നു സഅ്ദിന്റെ മദ്ഹബ്, ഇസ്ഹാഖ് ബ്‌നു റാഹവൈഹിയുടെ മദ്ഹബ്, ഇബ്‌നു ജരീറിന്റെ മദ്ഹബ്, ദാവൂദീ മദ്ഹബ് എന്നിവ ദീനില്‍ മദ്ഹബുകളാണ്. (അല്‍ഹാവീലില്‍ ഫതാവാ 2:340). നിലവിലുള്ള നാലു മദ്ഹബുകളും കൂടി എണ്ണിയാല്‍ മദ്ഹബുകളുടെ എണ്ണം പത്താകുമെന്നാണ് സുയൂഥി വിശദീകരിക്കുന്നത്.
ഇസ്‌ലാമില്‍ അംഗീകരിക്കപ്പെടുന്നത് നബി(സ)യുടെ മദ്ഹബ് മാത്രമാണ്. അത് വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമായ സുന്നത്താണ്. അല്ലാഹു പറയുന്നു: ”ഇതത്രെ എന്റെ നേരായ വഴി, നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ഭിന്നിപ്പിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (അന്‍ആം 153). മദ്ഹബുകളുടെ ഇമാമുകളായി അറിയപ്പെടുന്ന ആരും തന്നെ മദ്ഹബുകള്‍ ഉണ്ടാക്കിയിട്ടില്ല. അതിന്റെ വക്താക്കള്‍ ഇമാമുകളുടെ ശിഷ്യന്മാരാണ്. അവര്‍ നിര്‍മിച്ചുണ്ടാക്കിയതാണ് മദ്ഹബുകള്‍.
ശാഹ് വലിയ്യുല്ലാഹുദ്ദഹ്ലവി പറയുന്നു: ”നാലാം നൂറ്റാണ്ടിനു മുമ്പ് ജനങ്ങളില്‍ ആരും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിക്കുന്നവരായിരുന്നില്ല” (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:500).
മദ്ഹബുകള്‍ സ്വീകരിക്കാത്തവരെല്ലാം പിഴച്ചവരാണെങ്കില്‍ സ്വഹാബികളും താബിഉകളും പിഴച്ചവരാണെന്ന് പറയേണ്ടി വരും. അവരുടെ കാലശേഷമാണല്ലോ മദ്ഹബുകള്‍ രൂപംകൊണ്ടത്. സ്വഹാബികളില്‍ പ്രധാനികളായ ഖലീഫമാരുടെ പേരില്‍ പോലും മദ്ഹബുകള്‍ രൂപം കൊണ്ടിട്ടില്ല. മദ്ഹബ് ഇമാമുമാരുടെ ശിഷ്യന്മാരില്‍ ചിലര്‍ കാണിച്ച അമിത ബഹുമാനവും മറ്റു ചില രാഷ്ട്രീയ സാമുഹിക സാഹചര്യങ്ങളുമാണ് മദഹബിന്റെ വളര്‍ ച്ചയ്ക്ക് കാരണം.
ഇവരില്‍ കൂടുതല്‍ വാശി ഹനഫികള്‍ക്കായിരുന്നു. അവര്‍ ഇമാം ശാഫിഈയെ ഇകഴ്ത്താന്‍ പ്രവാചകന്റെ പേരില്‍ ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കി. അതിപ്രകാരമാണ്: നബി(സ) പറഞ്ഞു: എന്റെ സമുദായത്തില്‍ ഇദ്‌രീസിന്റെ മകന്‍ മുഹമ്മദ് (ശാഫിഈയുടെ പേര്) എന്ന പേരില്‍ ഒരാള്‍ വരും. അവന്റെ നാശം ഈ സമുദായത്തിന് ഇബ്‌ലീസിന്റെ നാശത്തേക്കാള്‍ കഠിനമായിരിക്കും.” (ശറഹ് നുഖ്ബ, പേജ് 114).
ഇതേ മദ്ഹബില്‍ പെട്ട ഉബൈദുല്ലാഹില്‍ കര്‍ഖീ എന്നയാളുടെ അഭിപ്രായം മുഹമ്മദ് ഖുള്‌രിബേക്ക് രേഖപ്പെടുത്തുന്നു: ”നമുക്കും നമ്മുടെ ആളുകള്‍ക്കും വിരുദ്ധമായ എല്ലാ ഖുര്‍ആന്‍ വചനങ്ങളും നമുക്കനുകൂലമായി വ്യാഖ്യാനിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ വേണം. നമുക്കും നമ്മുടെ ആളുകള്‍ക്കും വിരുദ്ധമായി വരുന്ന ഹദീസുകളും അപ്രകാരം വ്യാഖ്യാനിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യണം. (താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി പേജ് 279)
മദ്ഹബീ പക്ഷപാതിത്വത്തില്‍ അഭിരമിച്ച അഹ്മദ് സ്വാഖി(റ) പറയുന്നു: ”ഒരു വ്യക്തിയുടെ ജീവിതം ഖുര്‍ആനിനോടും സ്വഹീഹായ ഹദീസിനോടും സ്വഹാബത്തിന്റെ അഭിപ്രായങ്ങളോടും യോജിച്ചു വന്നാലും ശരി അദ്ദേഹം നാലില്‍ ഒരു മദ്ഹബ് സ്വീകരിക്കാത്ത പക്ഷം വഴിപിഴച്ചവനും വഴിപിഴപ്പിക്കുന്നവനുമാണ്.” (ഹാശിയതുസ്സ്വാഖി 3:10)
നാല് ഇമാമുകളില്‍ ഒരു ഇമാമും തങ്ങളുടെ മദ്ഹബുകള്‍ പിന്തുടരണമെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും ഏകോപിച്ചു പ്രസ്താവിച്ചത് ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി ജീവിക്കാനാണ്. അവരുടെ പ്രസ്താവനകള്‍ ശാഹ് വലിയ്യുല്ലാഹി ദഹ്ലവി വിശദീകരിക്കുന്നുണ്ട്:
ഇമാം അബൂഹനീഫയില്‍ നിന്നു ഉദ്ധരിക്കുന്നു: ”എന്റെ പ്രമാണങ്ങളെക്കുറിച്ച് അറിയാത്തവര്‍ എന്റെ വാക്കുകളെ ഉദ്ധരിച്ച് ഫത്‌വ കൊടുക്കാന്‍ പാടില്ല.” അദ്ദേഹം ഒരു ഫത്വ കൊടുത്താല്‍ ഇപ്രകാരം പറയുമായിരുന്നു: ഇത് നുഅ്മാനിബ്നു സാബിതിന്റെ അഭിപ്രായമാണ്. ഇതിനേക്കാള്‍ ഉത്തമമായി വല്ലവനും പറയുന്ന പക്ഷം അതായിരിക്കും ഏറ്റവും ശരി. (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:515)
ഇമാം മാലിക് പറയുന്നു: ”അല്ലാഹുവിന്റെ ദൂതന്റെ വാക്കൊഴിച്ച് ഏതൊരാളുടെ വാക്കിലും തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടായിരിക്കും.” (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:515)
ഇമാം ശൗക്കാനി പറയുന്നു: ”ഞാന്‍ തെറ്റും ശരിയും വരാവുന്ന ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന അഭിപ്രായങ്ങള്‍ നിങ്ങള്‍ സ്വീകരിക്കണം. ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കാത്തവ നിങ്ങള്‍ തള്ളിക്കളയുകയും വേണം.” (അല്‍ഖൗലുല്‍ മുഫീദ്, പേജ് 21)
ഇമാം ബൈഹഖിയും ഹാകിമും ശാഫിഈ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ”ഹദീസ് സ്വഹീഹാണെങ്കില്‍ (എന്റെ അഭിപ്രായം അതനുസരിച്ചാണെങ്കില്‍) അതാണ് എന്റെ അഭിപ്രായം. മറ്റൊരു പ്രസ്താവന ഇപ്രകാരമാണ്: എന്റെ പ്രസ്താവന ഹദീസിന് വിരുദ്ധമാണെങ്കില്‍ നിങ്ങള്‍ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിക്കണം. എന്റെ വാക്ക് മതിലില്‍ ഉപേക്ഷിക്കണം.” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1:515)
അഹ്മദുബ്നു ഹന്‍ബല്‍ പറയുന്നു: ”അല്ലാഹുവും റസൂലും ഒരു കാര്യം പറഞ്ഞാല്‍ പിന്നെ മറ്റൊരഭിപ്രായമില്ല. നിങ്ങള്‍ എന്നെയോ മാലികിനെയോ ഔസാഇയെയോ നഖഇയെയോ മറ്റു വല്ലവരെയോ അന്ധമായി അനുകരിക്കരുത്. അവര്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മതവിധി സ്വീകരിച്ചതു പോലെ നിങ്ങളും സ്വീകരിക്കുക.” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1:516)
അറബി ഭാഷ അറിയാത്ത സാധാരണക്കാരന്‍ എങ്ങനെ ദീന്‍ പഠിക്കുമെന്ന് ഇവിടെ സംശയം തോന്നിയേക്കാം. നബി(സ)യോടു പോലും അറിവുള്ളവരോട് ചോദിച്ചു പഠിക്കാനാണ് ഖുര്‍ആനിന്റെ കല്പന. അല്ലാഹു പറയുന്നു: ”താങ്കളിലേക്ക് ഇറക്കപ്പെട്ടതില്‍ താങ്കള്‍ സംശയിക്കുന്ന പക്ഷം താങ്കള്‍ക്ക് മുമ്പുള്ള വേദഗ്രന്ഥം വായിക്കുന്നവരോട് ചോദിക്കുക.” (യൂനുസ് 94). ചോദിച്ചു പഠിക്കല്‍ എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ കാര്യം അറിയാത്തവരാണെങ്കില്‍ കാര്യബോധമുള്ളവരോട് ചോദിച്ചുനോക്കുക” (അന്‍ബിയാഅ് 7). ചോദിച്ചു പഠിക്കല്‍ അന്ധമായ അനുകരണമല്ല. തെളിവിന്റെ അടിസ്ഥാനത്തില്‍ ചോദിച്ചു പഠിക്കലാണ്. ഇമാം ഗസ്സാലി(റ) പറയുന്നു: ”സാധാരണക്കാര്‍ ഫത്‌വയുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാരെ പിന്‍തുടരാവുന്നതാണ്” (അല്‍മുസ്തസ്വ്ഫാ 1:25).
ഏതെങ്കിലും മദ്ഹബുകളെ അന്ധമായി അനുകരിക്കാന്‍ അല്ലാഹുവോ റസൂലോ കല്പിച്ചിട്ടില്ല. നിരോധിച്ചിരിക്കുകയാണ് ചെയ്തത്. അന്ധമായി അനുകരിക്കുന്നതിന് സാങ്കേതികമായി തഖ്‌ലീദ് എന്നാണ് പറയുന്നത്. ഇമാം ഗസ്സാലി പറയുന്നു: തെളിവില്ലാതെ ഒരു വ്യക്തിയുടെ വാക്ക് സ്വീകരിക്കലാണ് തഖ്ലീദ്. (അല്‍മുസ്തസ്വ്ഫാ 2:123)
വിശുദ്ധ ഖുര്‍ആന്‍ അത് വിലക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് (ഇസ്‌റാഅ് 36).”
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”ദീനിന്റെ കാര്യത്തില്‍ നീ ഒരുവനെയും അന്ധമായി അനുകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അവന്‍ വിശ്വാസിയാണെങ്കില്‍ നീയും വിശ്വാസിയായിത്തീരും. അവന്‍ കാഫിറാണെങ്കില്‍ നീയും കാഫിറായിത്തീരും.” (ത്വബ്റാനി)
ഇബ്നു ഹസമിന്റെ(റ) പ്രസ്താവന ശാഹ് വലിയ്യുല്ലാഹി ദഹ്ലവി ഉദ്ധരിക്കുന്നു: ”തെളിവില്ലാതെ അല്ലാഹുവിന്റെ ദൂതന്റെ വാക്കല്ലാതെ മറ്റൊരാളുടെ വാക്കും സ്വീകരിക്കല്‍ അനുവദനീയമല്ല” (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1: 507)
ഇമാം ഗസ്സാലി പറയുന്നു: ”അന്ധമായ അനുകരണം വിവരക്കേടാണ്” (അല്‍മുസ്തസ്വ്ഫാ 2:124). ”വല്ലവനും മദ്ഹബുകളിലും അനാചാരങ്ങളിലും വിശ്വാസപരമായ പക്ഷപാതിത്വങ്ങളിലും പ്രവേശിക്കുന്ന പക്ഷം അവന്‍ അറിയാതെ നശിച്ചു പോകുന്നതാണ്.” (ഇഹ്യാ ഉലുമിദ്ദീനി 3:367)
കിഫായത്തുല്‍ അവാം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: ”അന്ധമായി അനുകരിക്കുന്നവന്‍ കാഫിറാണ്. ഇബ്‌നുല്‍ അറബി, സനൂസി എന്നിവര്‍ പ്രസ്തുത അഭിപ്രായക്കാരാണ്.” (പേജ് 18)
നാലു മദ്ഹബുകളിലും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധങ്ങളായ നിരവധി അബദ്ധങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. നബി(സ) പറയുന്നു: ‘ഞാന്‍ നമസ്‌കരിക്കുന്നത് നിങ്ങള്‍ എപ്രകാരം കണ്ടുവോ അപ്രകാരം നിങ്ങളും നമസ്‌കരിക്കുക” (ബുഖാരി). നബി(സ) നമസ്‌കാരത്തില്‍ അറബിയല്ലാത്ത ഭാഷ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഹനഫീ മദ്ഹബിലെ ഫത്‌വ ശ്രദ്ധിക്കുക: ”തക്ബീറത്തുല്‍ ഇഹ്‌റാം അറബി ഭാഷയില്‍ ആയിരിക്കണം എന്ന് നിബന്ധനയില്ല.” (അല്‍മദാഹിബുല്‍ അര്‍ബഅ 1:224)
ഇന്ദ്രിയം നജസല്ല എന്നാണ് ആഇശ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നത്. ”ഇന്ദ്രിയം ഉണങ്ങിയതാണെങ്കില്‍ നബി(സ)യുടെ വസ്ത്രത്തില്‍ നിന്ന് ചുരണ്ടിക്കളയുമായിരുന്നു” (മുസ്‌ലിം, ദാറഖുത്‌നി) ഇമാം നവവി പറയുന്നു: ”ഇമാം അബൂഹനീഫയും ഇമാം മാലിക്കും ഇന്ദ്രിയം നജസാണെന്ന അഭിപ്രായക്കാരാണ്.” (ശറഹുല്‍ മുഹദ്ദബ് 2:563)
ഭക്ഷണം കഴിക്കാത്ത ചെറിയ ആണ്‍കുഞ്ഞുങ്ങളുടെ മൂത്രം നജസല്ല എന്നാണ് നബി(സ) പഠിപ്പിച്ചത്. ”പെണ്‍കുഞ്ഞുങ്ങളുടെ മൂത്രം കഴുകേണ്ടതാണ്. ആണ്‍കുഞ്ഞുങ്ങളുടെ മൂത്രം വീണസ്ഥലം വെള്ളം തെറിപ്പിച്ചാല്‍ മതി.” (അബൂദാവൂദ്, നസാഈ) എന്നാല്‍ ഈ വിഷയത്തില്‍ ഇമാം ശാഫിഈ പറയുന്നു: ”ഞാന്‍ ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും മൂത്രങ്ങള്‍ തമ്മില്‍ വ്യത്യാസം കാണുന്നില്ല.” (ഇബ്‌നുഹജര്‍, തല്‍ഖീസ് 1:257)
മഅ്മര്‍ എന്ന സ്വഹാബിയോട് നബി(സ) കല്പിക്കുകയുണ്ടായി: ”മഅ്മറേ, നീ നിന്റെ തുടകള്‍ മറയ്ക്കണം. തീര്‍ച്ചയായും തുട ഔറത്താണ്.” (ബുഖാരി). ഹാകിമും തിര്‍മിദിയും അപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഫത്ഹുല്‍ മുഈനില്‍ (പേജ് 343) തുട ഔറത്തല്ല എന്നാണ് ഇമാം അഹ്മദുബ്നു ഹന്‍ബല്‍ പ്രസ്താവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.