മദീന
അഹ്മദ് ഇഖ്ബാല്‍ കട്ടയാട്ട്
പൊള്ളുമീ ഉഷ്ണക്കാറ്റില്‍
വാടാതെ നിരന്തരം
ഉള്ളിനു കുളിരേകും
ശാശ്വത ചൈതന്യമേ
അഷ്ടദിക്കിലും നിന്നു
സഹസ്ര പാദങ്ങളെ
ഇഷ്ടത്തിലടുപ്പിക്കും
മാസ്മര പ്രഭാവമേ
പിറന്ന മണ്ണിന് കനി-
വുറഞ്ഞ സായാഹ്നത്തില്‍
നിറഞ്ഞ ചിരിയോടെ
ഇരുകൈകളും നീട്ടി,
സര്‍വതും പകുത്തു കൊ-
ണ്ടേറ്റെടുത്തില്ലേ, പ്രേമം
ഉര്വരമാക്കിത്തീര്ത്ത
നിന് മനം, റസൂലിനെ?
ഉള്ളുലഞ്ഞുപോകുമാ
ഹിജ്റാ പ്രയാണത്തില്‍
തെല്ലുമാശങ്കക്കിട
നല്‍കാതെ തുണയേകി,
വന്നുചേര്ന്നതാം സഹ
യാത്രികരെല്ലാരെയും
പൊന്നു പോലല്ലോ നീ
ചേര്‍ത്തണച്ചു
പ്രിയ യസ്രിബ്!
പത്തു വര്‍ഷത്തെ നിന്റെ
സ്നേഹവാല്സല്യങ്ങളില്
ഒത്തുചേര്ന്നെത്തീലയോ
ഒത്തിരി ഉപ്പും കയ്പും?
എങ്കിലും പ്രിയേ, തന്റെ
കുടിലിന് ചാരേ, നബി
പുംഗവനല്ലോ
കാട്ടിത്തന്നൊരു സ്വര്‍ഗത്തോപ്പ്.