3 Tuesday
December 2024
2024 December 3
1446 Joumada II 1

യന്ത്രത്തിന് ബുദ്ധിയുണ്ടാവുമോ?

ടി ടി എ റസാഖ്‌


എഐ ഗവേഷണം അതിവേഗം വികസിച്ചുവരുന്ന സാഹചര്യത്തില്‍ അത് ഭാവിയില്‍ ബുദ്ധിയിലും കഴിവിലും ആധിപത്യത്തിലുമെല്ലാം മനുഷ്യനെ പിന്നിലാക്കുമെന്ന അവകാശവാദങ്ങളും പ്രചാരവേലകളും ഇന്ന് ഏറെ ശക്തമാണ്. എന്നാല്‍ എഐയുടെ യഥാര്‍ഥ ഗവേഷണ ഭൂമികയില്‍ പണിയെടുക്കുന്നവര്‍ പലരും വളരെ കരുതലോടെയാണ് പ്രതികരിക്കുന്നത് എന്നു കാണാം. ഒരു യന്ത്രത്തിന് ബുദ്ധിയുണ്ടോ എന്നറിയാന്‍, പ്രതികരണങ്ങളില്‍ നിന്നതിനെ ഒരു മനുഷ്യനായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടോ എന്നു പരീക്ഷിക്കുന്നതിനായി 1950ല്‍ ബ്രിട്ടീഷ് ഗണിതജ്ഞന്‍ അലന്‍ ടൂറിങ് ആവിഷ്‌കരിച്ച ടൂറിങ് ടെസ്റ്റ് (ീtuൃശിഴ ലേേെ) ഇന്നും എഐ ഗവേഷണരംഗത്ത് ഒരടിസ്ഥാന രേഖയായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍ ജോണ്‍ സിയേര്‍ളെ എന്ന തത്വചിന്തകന്‍ ‘ചൈനീസ് റൂം’ എന്ന പേരില്‍ ഇതിനെതിരെ നടത്തിയ വിമര്‍ശന പഠനങ്ങള്‍ പ്രസിദ്ധമാണ്. ചുരുക്കത്തില്‍, ‘ചൈനീസ് റൂം’ എന്ന ചിന്താപരീക്ഷണം വാദിക്കുന്നത് ഇന്നത്തെ കൃത്രിമബുദ്ധിക്ക് യഥാര്‍ഥ ധാരണയോ ബോധമോ ഇല്ലാത്തതുകൊണ്ട് അതിനെ ബുദ്ധി എന്ന് വിശേഷിപ്പിക്കാനാവില്ല എന്നാണ്. ചൈനീസ് ഭാഷ മനസ്സിലാവാത്ത ഒരാള്‍ റൂള്‍ ബുക്കുകള്‍ അനുസരിച്ച് ചിഹ്നങ്ങള്‍ കൈകാര്യം ചെയ്ത് ചൈനീസ് സന്ദേശങ്ങള്‍ക്ക് ഉചിതമായി പ്രതികരിക്കുന്നുവെന്ന് ഇത് സങ്കല്‍പിക്കുന്നു. സിയേര്‍ളെയുടെ അഭിപ്രായത്തില്‍, ഈ വ്യക്തി ചിട്ടയായ വ്യാകരണപരമായ പ്രതികരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ചൈനീസ് മനസ്സിലാക്കുന്നുവെന്ന് പറയാനാവില്ല, അഥവാ മനുഷ്യനെ പോലെ പ്രതികരിക്കുന്നു എന്നത് ബുദ്ധിയുടെയോ ബോധത്തിന്റെയോ അടയാളമായി കാണാനാവില്ല എന്നാണ് സിയേര്‍ളെയുടെ വാദം.
ഈ പരീക്ഷണം യന്ത്രബുദ്ധിയുടെ ഒരടിസ്ഥാന നിയമമായ ടൂറിങ് ടെസ്റ്റിനെ ചോദ്യം ചെയ്യുകയാണ്. അതായത്, ഒരു യന്ത്രം മനുഷ്യനോട് സമാനമായ രീതിയില്‍, മനുഷ്യനോ യന്ത്രമോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം ചില ബുദ്ധിപരമായ പ്രതികരണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ആ യന്ത്രത്തിന് യഥാര്‍ഥത്തില്‍ ബുദ്ധിയുള്ളതായി (ശിലേഹഹശഴലി)േ കണക്കാക്കാമെന്നാണ് ടൂറിങ് ടെസ്റ്റ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഒരു മെഷീന്‍ മനുഷ്യനെപ്പോലെ ചിന്തിക്കുന്നുവെന്ന ആശയം തന്നെ ചിന്ത എന്താണെന്ന് തെറ്റിദ്ധരിച്ചതില്‍ നിന്നാണ് ഉദ്ഭവിക്കുന്നത് എന്നാണ് സിയേര്‍ളെയുടെ വാദം. അതേസമയം നിര്‍മിത ബുദ്ധി ഒരു ബുദ്ധിയാഥാര്‍ഥ്യമാണ് എന്നുതന്നെയാണ് ആധുനിക ഗവേഷകര്‍ പലരും വിശ്വസിക്കുന്നത്.
സോഫിയ എന്ന നിര്‍മിതബുദ്ധി റോബോട്ടിനെ 2023 ആഗസ്റ്റില്‍ അല്‍ജസീറ ഇന്റര്‍വ്യൂ ചെയ്യുന്നത് ഒരു രസകരമായ കാഴ്ചയാണ്. എഐയുടെ ഭാവിയെ കുറിച്ച് വളരെ പക്വമായി തോന്നുന്ന നിരീക്ഷണങ്ങളാണ് റോബോട്ട് പങ്കുവെക്കുന്നത്. ഭാവിയില്‍ കാര്യങ്ങള്‍ എഐ ഏറ്റെടുക്കുക എന്നത് തടയാന്‍ കഴിയാത്ത വസ്തുതയാണെന്നും എഐ മനുഷ്യന് ഒരു സഹായിയായി വര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സോഫിയ നടത്തുന്ന നിരീക്ഷണങ്ങള്‍ വളരെ ഗൗരവമുള്ള ഒരു ദൃശ്യവിരുന്നാണെന്ന് പറയാതെ വയ്യ.
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി ഇലോണ്‍ മസ്‌കിനെ പോലുള്ള പലരും മനുഷ്യ നിലനില്‍പിന് ഏറ്റവും വലിയ ഭീഷണി നിര്‍മിതബുദ്ധിയായിരിക്കും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്റ്റീഫന്‍ ഹോക്കിങിന്റെ അഭിപ്രായത്തില്‍ ”പൂര്‍ണമായ കൃത്രിമ ബുദ്ധിശക്തിയുടെ വികസനം മനുഷ്യരാശിയുടെ അന്ത്യം കുറിക്കും. അവ അതിവേഗം സ്വയം വളരുകയും സ്വയം പുനര്‍നിര്‍മിക്കുകയും ചെയ്യും. മന്ദഗതിയിലുള്ള ജൈവവികാസത്താല്‍ പരിമിതനായ മനുഷ്യര്‍ക്ക് അവയുമായി മത്സരിക്കാനും അവയെ മറികടക്കാനും കഴിയില്ല.”
അറിയപ്പെട്ട ഭാവി ഗവേഷകനും (ളൗൗേൃശേെ) ഗ്രന്ഥകാരനുമായ റേകര്‍സ് വെല്‍ പറയുന്നത് 2029ഓടെ വൈകാരിക ബുദ്ധിയുള്ള കംപ്യൂട്ടറുകള്‍ ജനിക്കുകയും 2045ഓടെ മനുഷ്യ മസ്തിഷ്‌കവും എഐ സിസ്റ്റവും തമ്മിലുണ്ടാവുന്ന വയര്‍ലസ് ബന്ധം വഴി (ിലൗൃീ രീൃലേഃ ീേ മൃശേളശരശമഹ ിലൗൃീ രീൃലേഃ) മനുഷ്യബുദ്ധി ബില്യണ്‍കണക്കിന് മടങ്ങ് വര്‍ധിതമാവുകയും ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണ്. എന്നാല്‍ നിരവധി എഐ ഗവേഷകര്‍ വളരെ കരുതലോടെയാണീ അഭിപ്രായങ്ങളെ നേരിട്ടത്. ഡോ. ആന്‍ഡ്രൂ എന്‍ജിയുടെ (കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും എഐ ഗവേഷകനും കോര്‍സിറയുടെ സഹസ്ഥാപകനും) അഭിപ്രായത്തില്‍ ”എഐ യെ ഭയപ്പെടുന്നത് ചൊവ്വയിലെ ജനസംഖ്യാ വര്‍ധവിനെക്കുറിച്ച് ഭയപ്പെടുന്നതുപോലെയാണ്. നമ്മള്‍ ഇതുവരെ ആ ഗ്രഹത്തില്‍ ഇറങ്ങിയിട്ടില്ല.”
പ്രഫ. ഗാരി മാര്‍കസി (കോഗ്‌നിറ്റീവ് സയന്റിസ്റ്റ്)ന്റെ വീക്ഷണത്തില്‍ ”സാമാന്യബുദ്ധിയുള്ള യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ അടുത്തൊന്നും നമ്മള്‍ എത്തിയിട്ടില്ല. മനുഷ്യരുടെ പഠനവുമായി യന്ത്രബുദ്ധിയുടെ പഠനത്തെ നമുക്ക് താരതമ്യപ്പെടുത്താന്‍ കഴിയുകയില്ല.” യോഷുവ ബെംഗിയോ (കനേഡിയര്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും സുപ്രസിദ്ധ എഐ ഗവേഷകനും) അഭിപ്രായപ്പെടുന്നത് ”നിര്‍മിത അതിബുദ്ധിയുടെയോ സാര്‍വത്രിക ബുദ്ധിയുടെയോ അടുത്തൊന്നും നമ്മളിന്ന് എത്തിയിട്ടില്ല. അതൊരു കുഴഞ്ഞ പ്രശ്‌നം തന്നെയാണ്” എന്നാണ്.
ഓക്‌സ്ഫഡ് തത്വചിന്തകനും ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ നിക് ബോസ്ട്രം അഭിപ്രായപ്പെടുന്നത് ”എഐ അനിവാര്യമായും മനുഷ്യബുദ്ധിയുടെ തലത്തിലെത്തുകയോ അതിനെ കവച്ചുവെക്കുകയോ ചെയ്യുമെന്ന ആശയം ബുദ്ധിയുടെ അമിത ലളിതവത്കരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യബുദ്ധി ഇന്നത്തെ എഐ സിസ്റ്റങ്ങള്‍ക്ക് നേടാന്‍ കഴിയുന്നതിനേക്കാള്‍ വളരെ വൈവിധ്യപൂര്‍ണവും കാലാതിവര്‍ത്തിയുമാണ്” എന്നാണ്.
സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിഷന്‍ ഗവേഷകയായ ഫെ-ഫീ ലി (എലശഎലശ ഘശ)യുടെ വീക്ഷണത്തില്‍ ”പാറ്റേണ്‍ തിരിച്ചറിയലിലും ഡാറ്റാ വിശകലനത്തിലുമുള്ള കഴിവാണ് എഐ”, സര്‍ഗാത്മകതയിലോ സഹാനുഭൂതിയിലോ സാമാന്യബുദ്ധിയിലോ ഉള്ള കഴിവല്ല. ലോകത്തിന്റെ സങ്കീര്‍ണതകളിലൂടെ യാത്ര ചെയ്യാന്‍ എക്കാലത്തും അനിവാര്യമായ ഇവ മനുഷ്യര്‍ക്ക് മാത്രമുള്ള ഗുണങ്ങളാണ്.
പ്രമുഖ ഭാഷാശാസ്ത്രജ്ഞന്‍ നോം ചോംസ്‌കിയുടെ വീക്ഷണത്തില്‍ ”ചിന്തിക്കുക എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്. എഐ എപ്പോഴെങ്കിലും യഥാര്‍ഥത്തില്‍ ചിന്തിക്കുമോ? അത് ഒരാള്‍ മുങ്ങിക്കപ്പലുകള്‍ നീന്തുന്നു എന്നു പറയുന്നതുപോലെയാണ്. അതിനെ നീന്തല്‍ എന്നു വിളിക്കുന്നുവെങ്കില്‍ മുങ്ങിക്കപ്പലുകള്‍ നീന്തുന്നു എന്നും റോബോട്ടുകള്‍ ചിന്തിക്കുന്നു എന്നും പറയാം.”
യന്ത്രബുദ്ധിയുടെ അടിത്തറ ഡാറ്റയാണെങ്കില്‍ ഡാറ്റയുടെ ഉടമസ്ഥന്‍ മനുഷ്യനാണ് എന്നതാണ് പ്രധാനം. ”ബുദ്ധി എന്നത് കൂടുതല്‍ ഡാറ്റ, കൂടുതല്‍ ബന്ധങ്ങള്‍, കൂടുതല്‍ പാറ്റേണുകള്‍ എന്നിങ്ങനെയാണ്. എന്നാല്‍ സര്‍ഗാത്മകത പൂര്‍ണമായും വ്യത്യസ്തമാണ്. പഴയ പാറ്റേണുകളില്‍ നിന്ന് വേര്‍പെട്ട് പുതിയ എന്തെങ്കിലും സൃഷ്ടിക്കുക എന്നാണ് അര്‍ഥമാക്കുന്നത്. അടുത്ത ഭാവിയില്‍ യാതൊരു യന്ത്രത്തിനും അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്” എന്നാണ് ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവിന്റെ നിരീക്ഷണം.
‘ഹ്യൂമന്‍ കംപാറ്റിബിള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ദി ഫ്യൂച്വര്‍ ഓഫ് ദി ഹ്യൂമന്‍ റേസ്’ എന്ന കൃതിയുടെ രചയിതാവും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനുമായ സ്റ്റുവര്‍ട്ട് റസ്സല്‍ പറയുന്നു: ”ബോധാവസ്ഥയെ കണക്കുകൂട്ടലായി കണക്കാക്കി ആശയക്കുഴപ്പമുണ്ടാവുന്നത് സൂക്ഷിക്കണം. ഒരു യന്ത്രത്തിന് ചില കാര്യങ്ങള്‍ മനുഷ്യനേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നത്, അത് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നുവെന്ന് അര്‍ഥമാക്കുന്നില്ല.” ”ഒരു നിര്‍മിതബുദ്ധി യന്ത്രം എന്നത് അരാജകത്വമുള്ളതും സ്വയം നിയന്ത്രണമില്ലാത്തതുമായിരിക്കും” എന്നാണ് പ്രശസ്ത ഫ്രഞ്ച് ന്യൂറോസയന്‍സ്-സൈക്കോ അനലിസ്റ്റായ കാതറിന്‍ മലാബുവിന്റെ നിരീക്ഷണം.
പ്രമുഖരായ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും നിര്‍മിതബുദ്ധി ഗവേഷണങ്ങള്‍ വഴിതെറ്റുന്നതിനെ കുറിച്ചും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ടൂറിങ് പുരസ്‌കാര ജേതാവായ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജൂഡിയ പേള്‍ നിരീക്ഷിക്കുന്നത് ”നമ്മുടെ ബുദ്ധിയെ കടത്തിവെട്ടുന്ന യന്ത്രബുദ്ധി കണ്ടെത്താനുള്ള ശ്രമം, നമ്മുടെ ബുദ്ധിയെ പൂര്‍ത്തീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന നിര്‍മിതബുദ്ധി വികസിപ്പിക്കേണ്ട അടിയന്തര ആവശ്യത്തില്‍ നിന്നുള്ള ഒരു വ്യതിയാനമാണ്” എന്നാണ്. ജീനെറ്റ് വിങ് (മുന്‍ കമ്പ്യൂട്ടിങ് മെഷിനറി അസോസിയേഷന്‍ പ്രസിഡന്റ്) നിരീക്ഷിക്കുന്നത് ”മനുഷ്യരെപ്പോലെ ചിന്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തി, മനുഷ്യരേക്കാള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന, എന്നാല്‍ മനുഷ്യത്വത്തിന് പ്രയോജനകരവും അനുപൂരകവുമായ രീതിയില്‍ ചിന്തിക്കുന്ന യന്ത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം” എന്നാണ്.
ചുരുക്കത്തില്‍ എഐ സര്‍ഗാത്മകമല്ല, ശാരീരികമല്ല, സാമൂഹികമല്ല. ലോകത്തെ കുറിച്ചോ അതില്‍ ഒരു ഉണ്‍മ എന്ന നിലയ്ക്കുള്ള അതിന്റെ അസ്തിത്വത്തെയോ യന്ത്രബുദ്ധി അനുഭവിക്കുന്നില്ല, അതൊരു ബോധമല്ല എന്നിങ്ങനെ യന്ത്രബുദ്ധിയെ മനുഷ്യബുദ്ധിയില്‍ നിന്നു വ്യത്യസ്തമാക്കുന്ന ധാരാളം വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ബഹുമുഖ മനുഷ്യ ബുദ്ധിസാമര്‍ഥ്യമൊന്നും ഇല്ലാതെത്തന്നെ മനുഷ്യനെ കീഴടക്കാനും മനുഷ്യന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന വിധത്തില്‍ ഇടപെടാനും യന്ത്രബുദ്ധി ഉപകരണങ്ങള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞേക്കാമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നതായി കാണാം.
എന്നാല്‍ ഭാവിയില്‍ നിര്‍മിത സാര്‍വത്രിക ബുദ്ധി (എജി ഐ) പോലുള്ള മോഡലുകള്‍ വികസിച്ചുവന്നേക്കാം എന്നുള്ള പ്രാഥമിക പ്രവചനങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ടുള്ള ചര്‍ച്ചകളാണീ രംഗത്ത് കൂടുതലും കാണുന്നത്. അതില്ലാതെയുള്ള എഐ ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയാ കാലത്തെ പുതുമയും കൊഴുപ്പും കുറയുമെന്നത് ഇതിനൊരു കാരണവുമായിരിക്കാം. എഐ ഏതവസ്ഥയില്‍ വികസിച്ചുവന്നാലും അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കാനും നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്തുന്നതിനും ഈ ചര്‍ച്ചകള്‍ ഏറെ സഹായിക്കുന്നുണ്ട്.

Back to Top