എം കെ ഹാജി: വിനയത്തിന്റെയും ദയാനുകമ്പയുടെയും ദൂതന്‍
ഹാറൂന്‍ കക്കാട്
ധാര്‍മിക മൂല്യങ്ങള്‍ സ്വായത്തമാക്കിയ ഒരു വ്യക്തിക്ക് എന്തുമാത്രം നന്മകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നതിന്റെ മകുടോദാഹരണമാണ് മുന്നുകണ്ടം കുഞ്ഞഹമ്മദ് ഹാജി എന്ന എം കെ ഹാജിയുടെ ജീവചരിത്രം. സാഹചര്യത്തിനനുസരിച്ച് എങ്ങനെ യുക്തിഭദ്രമായി മതത്തിന്റെ ശീതളിമ തന്റെ ചുറ്റിലുമുള്ള ഇതര മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും മനോഹരമായി അനുഭവവേദ്യമാക്കാന്‍ കഴിയുമെന്ന് വിശ്രമമില്ലാത്ത ജീവിതം കൊണ്ട് തെളിയിച്ച മഹാനായിരുന്നു അദ്ദേഹം. പരീക്ഷണങ്ങളുടെ അഗ്‌നിജ്വാലകള്‍ മഹാമാരികളുടെയും മഹാപ്രളയങ്ങളുടെയും രൂപത്തില്‍ കനത്ത പ്രതിസന്ധികളുടെ വന്‍മതിലുകള്‍ സൃഷ്ടിച്ചപ്പോഴും സുസ്‌മേരവദനനായി എല്ലാം അതിജീവിച്ച സഹനത്തിന്റെ ആള്‍രൂപമായിരുന്നു എം കെ ഹാജി.
ഔപചാരിക മതവിദ്യാഭ്യാസമോ ബിരുദ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതിരുന്നിട്ടും അദ്ദേഹം സമുദായത്തിലെ ഉന്നത പണ്ഡിത ശ്രേണിയിലെത്തി. ദാരിദ്ര്യം വിദ്യാസമ്പാദനത്തിന് വിലങ്ങു തടിയായിട്ടും ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം ത്രാണിയോടെ അടിത്തറ പാകി. ആയുസ്സും ആരോഗ്യവും സമ്പാദ്യവുമെല്ലാം ഇതിന്റെ വളര്‍ച്ചക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചു.
1904-ല്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ മൂന്നുകണ്ടം അഹ്മദ്കുട്ടിയുടെയും വട്ടപ്പറമ്പന്‍ ബീവിയുടെയും മകനായാണ് എം കെ ഹാജിയുടെ ജനനം. അദ്ദേഹത്തിന് രണ്ടര വയസ്സായപ്പോഴേക്കും പിതാവ് മരിച്ചു. പ്രാഥമിക പഠനം പോലും നിര്‍ത്തേണ്ടി വന്നു. ദാരിദ്ര്യവും പട്ടിണിയും കൂട്ടിനെത്തി. ബാല്യത്തില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങള്‍ തോളിലേറ്റിയായിരുന്നു പിന്നീടുള്ള ജീവിതയാത്ര. മാതാവ് വീട്ടില്‍ ഉണ്ടാക്കുന്ന പത്തിരിയും പലഹാരങ്ങളും വീടുവീടാന്തരം കയറിയിറങ്ങി വിറ്റ്കിട്ടുന്ന കാശുകൊണ്ട് കുടുബത്തെ പോറ്റിയാണ് എം കെ ഹാജി ജീവിതത്തെ അഭിമുഖീകരിച്ചു തുടങ്ങിയത്.
പതിനഞ്ചാം വയസ്സില്‍ അദ്ദേഹം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി. ഇരുപതാം വയസ്സില്‍ മദിരാശിയിലേക്ക് പോയി. അവിടെ ചെറിയ സംരംഭങ്ങളുമായി ജീവിതം നെയ്തു തുടങ്ങി. കഠിനാധ്വാനവും ക്ഷമാശീലവും കൈമുതലാക്കി എല്ലാ വൈതരണികളേയും ഒന്നൊന്നായി മറികടന്നു. സാദാ പെട്ടിക്കടയില്‍ നിന്ന് ക്രമേണ വളര്‍ന്നു വന്നു. 1928-ല്‍ അഹമദ് റസ്റ്റോറന്റ് സ്ഥാപിച്ചു. പിന്നീട് ഹോട്ടലുകളും ബേക്കറികളുമായി വിവിധ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. റബര്‍, തേയില എസ്റ്റേറ്റുകളുടെ ഉടമസ്ഥനായി. ഓരോ സ്ഥാപനങ്ങളും സംരംഭങ്ങളും നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയമായി. എല്ലാറ്റിന്റെയും ഫലം അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല; ഒരു സമുദായം മുഴുവനായി അനുഭവിച്ചു.
നിലമ്പൂര്‍ ഭാഗത്ത് നടത്തിയിരുന്ന നെല്‍കൃഷി നഷ്ടമായപ്പോള്‍ അത് നിര്‍ത്തുന്നതല്ലേ നല്ലതെന്ന് എം കെ ഹാജിയോട് മക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു: ”നമുക്ക് ലാഭമൊന്നും അതില്‍ നിന്ന് കിട്ടുന്നില്ലെങ്കിലും അത് കാര്യമാക്കേണ്ടതില്ല. നമുക്ക് ജീവിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ട്. പക്ഷേ ഈ നെല്‍കൃഷി കൊണ്ട് അവിടുത്തെ പണിക്കാരും മറ്റുമായി കുറെ പേര്‍ ജീവിക്കുന്നുണ്ട്. നാം കൃഷി നിലനിര്‍ത്തിയാല്‍ അവരുടെ വരുമാനമാര്‍ഗം നിലക്കും. പിന്നെ, നെല്ല് ഭക്ഷിക്കുന്ന പക്ഷികളുടെയും മറ്റും വയറ് നിറയുകയും ചെയ്യും. അതുകൊണ്ട് സാമ്പത്തികമായി മെച്ചമില്ലെങ്കിലും നമുക്ക് ഈ നെല്‍കൃഷി തുടരാം. പരലോകത്ത് കൂലി കിട്ടുന്ന കുറേ നന്മകള്‍ അതിലുണ്ട്”.
കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനവും മുസ്ലിംലീഗും വളര്‍ന്നതിനു പിന്നില്‍ എം കെ ഹാജിയുടെ ധീരതയും നേതൃത്വവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ എം മൗലവി, കെ എം സീതി സാഹിബ് തുടങ്ങിയവര്‍ക്കൊപ്പം ആദര്‍ശപ്രചാരണ രംഗത്തും സാമൂഹിക സേവന ജീവകാരുണ്യ മേഖലകളിലും ജീവിതകാലം മുഴുവന്‍ നിറഞ്ഞുനിന്ന കര്‍മയോഗിയായിരുന്നു അദ്ദേഹം. 1921-ലെ സ്വാതന്ത്ര്യസമരത്തില്‍ എം കെ ഹാജി പങ്കെടുത്തിരുന്നു. തിരൂരങ്ങാടിയിലെ ഖിലാഫത്ത് വളണ്ടിയര്‍മാരില്‍ അന്ന് ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 1921-ലെ മലബാര്‍ സമരത്തോടെ നിത്യദുരിതത്തിലായവര്‍ക്ക് തണലൊരുക്കാന്‍ എം കെ ഹാജി വലിയ സമ്പാദ്യം ഉദാരമായി വിനിയോഗിച്ചിരുന്നു.
1939-ല്‍ തിരൂരങ്ങാടിയില്‍ നൂറുല്‍ ഇസ്ലാം മദ്‌റസ സ്ഥാപിക്കുന്നതിന് എം കെ ഹാജി മുമ്പില്‍ നിന്നു. സ്വന്തം വീട് പണയം വെച്ചാണ് മദ്‌റസക്ക് വേണ്ടി സ്ഥലം വാങ്ങിയത്. തിരൂരങ്ങാടിക്കാരുടെ മതപഠനമായിരുന്നു ഇതിന്റെ ലക്ഷ്യം. സ്ഥാപനത്തിനെതിരില്‍ നിരന്തരമായി ഉയര്‍ന്നു വന്ന ആരോപണങ്ങളെയും ആക്ഷേപങ്ങളെയും എം കെ ഹാജിയും കെ എം മൗലവിയും തന്ത്രപരമായി നേരിടുകയും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
1943-ല്‍ മലബാര്‍ എല്ലാ അര്‍ഥത്തിലും വിറങ്ങലിച്ചു നിന്ന സന്ദര്‍ഭം! വീടുകളില്‍ നിന്നു വീടുകളിലേക്കു മരണം പാഞ്ഞുകയറുന്ന രാപ്പകലുകള്‍. വിജനമായ തെരുവുകള്‍. എവിടെയും രൂക്ഷമായ പട്ടിണി. നിലയ്ക്കാത്ത പേമാരി. പ്രളയ നഷ്ടങ്ങള്‍ക്കൊപ്പം വന്ന കോളറ എന്ന മഹാവിപത്ത്. രോഗം ബാധിച്ചുവെന്നാല്‍ മരണം ഉറപ്പുള്ള നാളുകള്‍. പരിചരിക്കാന്‍ നില്‍ക്കുന്നവരെയും കോളറ കൊണ്ടുപോകുമെന്ന ഭയത്താല്‍ ആരും അടുക്കാത്ത ഭയാനകരംഗം. ഈ പ്രതിസന്ധി ഘട്ടത്തില്‍ എം കെ ഹാജിയും കെ എം മൗലവിയുമൊക്കെ ചേര്‍ന്ന് രോഗികള്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാനും മരിച്ചവരെ മറവ് ചെയ്യാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങി.
അനാഥ മക്കളെ സംരക്ഷിക്കാന്‍ യതീംഖാന തുടങ്ങി. എം കെ ഹാജി സ്വന്തംവീട് യതീംഖാനയ്ക്ക് വിട്ടുകൊടുത്തു. കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ തയ്യാറാക്കി ജീവകാരുണ്യത്തിന്റെ പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചു. തിരൂരങ്ങാടി യതീംഖാന ജീവകാരുണ്യ മേഖലയിലെ ഉജ്വലമായ പ്രതീകമായി വളര്‍ന്നു. ഒരു വടവൃക്ഷം കണക്കെ സമൂഹത്തിലെ നിരവധി പേര്‍ക്ക് ഈ സ്ഥാപനം തണല്‍ നല്‍കി. എം കെ ഹാജിയുടെ നേതൃത്വത്തില്‍ ജാതിമത ഭേദമെന്യെ സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് വേണ്ടി വിവിധ സ്ഥാപനങ്ങള്‍ക്ക് വിത്തുപാകി. തിരൂരങ്ങാടി യതീംഖാനയോടൊപ്പം പി എസ് എം ഒ കോളജ്, സീതി സാഹിബ് മെമ്മോറിയല്‍ ട്രെയിനിങ് സ്‌കൂള്‍, കെ എം മൗലവി മെമ്മോറിയല്‍ അറബിക് കോളജ്, എല്‍ പി സ്‌കൂള്‍ തുടങ്ങിയവയെല്ലാം യാഥാര്‍ഥ്യമാക്കി. കോഴയും കൈക്കൂലിയുമില്ലാതെ ഈ സ്ഥാപനങ്ങളെല്ലാം സമൂഹത്തിന് മഹത്തായ മാതൃകകള്‍ തീര്‍ത്തു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, മലബാര്‍ ജില്ലാ മുസ്ലിംലീഗിന്റെയും കേരള സംസ്ഥാന മുസ്ലിംലീഗിന്റെയും ട്രഷറര്‍, അഖിലേന്ത്യാ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ട്, തിരൂരങ്ങാടി യതീംഖാന സെക്രട്ടറി, ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളജിന്റെയും കേരള മുസ്ലിം എഡ്യൂക്കേഷന്‍ അസോസിയേഷന്റെയും മെമ്പര്‍, ചന്ദ്രിക ഡയറക്ടര്‍ തുടങ്ങിയ പദവികളില്‍ അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു. മദ്രാസ് മലബാര്‍ മുസ്ലിം അസോസിയേഷന്റെ സ്ഥാപകന്‍ എം കെ ഹാജിയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ കേരള മുസ്ലിം ചരിത്രത്തില്‍ ധീരതയുടെയും വിനയത്തിന്റെയും ദയാനുകമ്പയുടെയും ദൂതനായി കാലം അടയാളപ്പെടുത്തിയ മഹാനായിരുന്നു എം കെ ഹാജി. സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും ത്യാഗ നിബദ്ധമായ യാത്ര അസുഖബാധിതനാവും വരേക്കും അദ്ദേഹം അവിരാമം തുടര്‍ന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 1983 നവംബര്‍ അഞ്ചിന്, 79-ാമത്തെ വയസ്സില്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ് എം കെ ഹാജി നിര്യാതനായത്. ഭൗതിക ശരീരം തിരൂരങ്ങാടി ചെനക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.