26 Friday
July 2024
2024 July 26
1446 Mouharrem 19

എം ഹലീമാ ബീവി കേരളം കണ്ട അതുല്യ വനിത

ഹാറൂന്‍ കക്കാട്‌


ചരിത്രം ആര്‍ക്കും എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയില്ല. അതിന് പിന്നില്‍ കനത്ത പോരാട്ടങ്ങളുടെ കൂടി ചരിത്രമുണ്ടാവും. കേരളീയ സമൂഹത്തില്‍ പല മേഖലകളിലും ഐതിഹാസികമായ ചരിത്രം രചിച്ച ഉരുക്കു വനിതയായിരുന്നു എം ഹലീമാ ബീവി. സ്ത്രീകള്‍ക്കു വേണ്ടി പ്രതികരിക്കാനും സ്ത്രീകളുടെ പ്രശ്നങ്ങളെ മുഖ്യധാരയിലെത്തിക്കാനും ഈ പ്രതിഭ ആയുധമാക്കിയത് ശക്തമായ അക്ഷരങ്ങളും ജീവസ്സുറ്റ പ്രഭാഷണങ്ങളുമായിരുന്നു.
കേരളത്തില്‍ വിശിഷ്യാ മുസ്ലിം സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടിയതായിരുന്നു ഹലീമാ ബീവിയുടെ ജീവിതം. കേരള സമൂഹത്തെ തന്നെ പുനര്‍നിര്‍മിക്കാന്‍ പോന്ന ശക്തമായ ഇടപെടലുകള്‍ നടത്തിയ പ്രതിഭയായിരുന്നു എം ഹലീമാ ബീവി. ബൗദ്ധികവും ധൈഷണികവുമായ ഇടപെടലുകള്‍ കൊണ്ട് ചരിത്രമെഴുതിയ പെണ്‍പുലി!
കേരളത്തിലെ ആദ്യത്തെ പത്രാധിപ, ആദ്യ വനിതാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, എറണാകുളം ഡി സി സി മെമ്പര്‍, തിരുവിതാംകൂര്‍ വനിതാ സമാജം പ്രസിഡന്റ്, തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്ലിം ലീഗ് തിരുവല്ല താലൂക്ക് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച വിസ്മയ ജീവിതമായിരുന്നു എം ഹലീമാ ബീവിയുടേത്. ആദ്യകാലത്ത് കേരളം ചില കാര്യങ്ങളിലെങ്കിലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത് ഇവരുടെ ചിറകിലേറിയാണ്.
നവോത്ഥാന കാലത്തെ മനുഷ്യാവകാശ പോരാട്ടങ്ങളില്‍ പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകളും വഹിച്ചിട്ടുള്ള പങ്ക് ആ ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാം. കേരളത്തിലെ ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഹലീമാ ബീവി പ്രസിദ്ധീകരിച്ച ‘മുസ്ലിം വനിത’. മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ നടത്തിയ ധീരോദാത്തമായ മുന്നേറ്റങ്ങള്‍ ചിലര്‍ പക്ഷേ ബോധപൂര്‍വം തമസ്‌കരിച്ചു. തലമുറകളിലേക്ക് കൈമാറ്റം ചെയ്യേണ്ടിയിരുന്ന ആ മഹദ് ജീവിത സന്ദേശങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്നത് ചരിത്രത്തോടുള്ള വ്യക്തമായ അനീതിയായി അവശേഷിക്കുന്നു. ഒരു കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച ഹലീമാ ബീവിയുടെ ചരിത്രം നവോത്ഥാന പാഠങ്ങളില്‍ പോലും പരാമര്‍ശിക്കാതെ പോയി!
പത്തനംതിട്ട ജില്ലയിലെ അടൂരില്‍, 1918 ല്‍ പീര്‍ മുഹമ്മദിന്റെയും മൈതീന്‍ ബീവിയുടെയും മകളായാണ് ഹലീമാ ബീവിയുടെ ജനനം. ചെറുപ്പ കാലത്തു തന്നെ പിതാവ് മരിച്ചു. മാതാവാണ് ഹലീമാബീവിയെ എല്ലാ അര്‍ഥത്തിലും വളര്‍ത്തിയത്. അവര്‍ ഹലീമാബീവിയെയും മൂത്ത സഹോദരിയെയും അടൂര്‍ സ്‌കൂളില്‍ പഠനത്തിനയച്ചു. പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതിനെതിരില്‍ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. കനത്ത എതിര്‍പ്പുകള്‍ മറികടന്നാണ് ഹലീമാ ബീവി ഏഴാം ക്ലാസ് വരെ പഠിച്ചത്. അന്നത് ഉയര്‍ന്ന വിദ്യാഭ്യാസമായിരുന്നു.
എട്ടും പത്തും വയസ്സില്‍ ശൈശവ വിവാഹം വ്യാപകമായിരുന്ന കാലത്ത് ഹലീമാ ബീവി വിവാഹിതയാകുന്നത് 17-ാം വയസ്സിലാണ്. പണ്ഡിതനും എഴുത്തുകാരനുമായ കെ എം മുഹമ്മദ് മൗലവിയായിരുന്നു ഭര്‍ത്താവ്. ഈ ബന്ധം ഹലീമാ ബീവിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മുസ്ലിം പരിഷ്‌കര്‍ത്താവായിരുന്ന വക്കം മൗലവിയുടെ ശിഷ്യനായിരുന്നു മുഹമ്മദ് മൗലവി. പണ്ഡിതനും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ‘അന്‍സാരി’ എന്ന പേരില്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നു. വക്കം മൗലവിയുടെ ചിന്തകളും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും മുഹമ്മദ് മൗലവിയിലൂടെ ഹലീമാ ബീവിക്ക് പകര്‍ന്നുകിട്ടി.
എഴുത്തും പ്രഭാഷണവുമായിരുന്നു ഹലീമ ബീവിയുടെ പ്രധാന തട്ടകം. എന്‍ എസ് എസ് വിദ്യാര്‍ഥിനീ സമാജത്തില്‍നിന്നുള്ള പ്രചോദനത്തെ തുടര്‍ന്ന് 1938ല്‍ ‘മുസ്ലിം വനിതാ സമാജം’ രൂപീകരിച്ചു തുടര്‍ന്ന് കേരളത്തിന്റെ മുക്കുമൂലകളിലെല്ലാം ഇതേ രീതിയിലുള്ള സംരംഭങ്ങള്‍ക്ക് വിത്തുപാകാന്‍ ശ്രമങ്ങള്‍ നടത്തി. തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘടനയില്‍ നിരവധി ശാഖകളിലായി അന്ന് ആയിരത്തിലധികം പ്രവര്‍ത്തകരുണ്ടായിരുന്നു. 1938ല്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ ഹലീമാ ബീവി നടത്തിയ സ്വാഗത ഭാഷണം ചരിത്രത്തില്‍ ഇടംപിടിച്ച മാസ്മരിക വാഗ്‌ധോരണികളാണ്. വിദ്യാഭ്യാസം, ജോലി, രാഷ്ട്രനിര്‍മാണത്തിലെ സ്ത്രീപങ്കാളിത്തം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ പദവികളും അവകാശങ്ങളും ബാധ്യതകളും തുടങ്ങി സകല മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഉജ്വലമായ ഭാഷണമായിരുന്നു അത്.
കേരളത്തില്‍ ആദ്യമായി ഒരു മുസ്ലിം വനിതാ സമ്മേളനം നടക്കുന്നത് 1938ല്‍ ഹലീമാ ബീവിയുടെ നേതൃത്വത്തിലാണ്. തന്റെ മാസികയുടെ ബാനറില്‍ മാസംതോറും വനിതാ യോഗങ്ങള്‍ നടത്തിയിരുന്നു. തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലിം സ്ത്രീ ഉണര്‍വിലും സാമൂഹിക മുന്നേറ്റത്തിലും ഇത് വലിയ സ്വാധീനം ചെലുത്തി.
തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ തിരുവല്ല താലൂക്കിലെ എല്ലാ ശാഖകളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും അംഗങ്ങളായിച്ചേരുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വനിതാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനഫലമായിരുന്നു പ്രദേശത്തെ ഈ സ്ത്രീ ഉണര്‍വ്. തിരുവല്ല താലൂക്ക് മുസ്ലിം ലീഗിന്റെ സെക്രട്ടറിയായി എം ഹലീമാ ബീവി പ്രവര്‍ത്തിച്ചിരുന്നു. അന്ന്, മുസ്ലിം ലീഗിന്റെ താലൂക്ക് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്കായിരുന്നു ഭൂരിപക്ഷം.
സ്ത്രീകള്‍ക്ക് അക്ഷരങ്ങളും ജീവിതത്തിലേക്ക് തുറസ്സായ പ്രവേശനവും നിഷേധിക്കപ്പെട്ട വിലക്കുകളുടെ കാലഘട്ടത്തിലാണ് ഹലീമാ ബീവി പ്രഭാഷകയും പത്രപ്രവര്‍ത്തകയുമായി രംഗത്തുവന്നത്. മാനേജിംഗ് എഡിറ്റര്‍, പ്രിന്റര്‍, പബ്ലിഷര്‍, കമ്പോസര്‍ തുടങ്ങിയ ചുമതലകളെല്ലാം സ്വയം നിര്‍വഹിച്ചു പത്രമിറക്കിയ ഹലീമാ ബീവിയുടെ ചരിത്രം ഏത് കാലഘട്ടത്തിലെ സ്ത്രീകള്‍ക്കും മാതൃകയാണ്. സ്വന്തം ഭൂമിയും കിടപ്പാടവും വരെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി വില്‍ക്കേണ്ടി വന്നപ്പോഴും ചങ്കൂറ്റത്തോടെ ദൗത്യനിര്‍വഹണത്തില്‍ ഉരുക്കുകോട്ട പോലെ ഹലീമാ ബീവി ഉറച്ചുനിന്നു.
അഞ്ച് വര്‍ഷം തിരുവല്ല നഗരസഭാ കൗണ്‍സിലറായിരുന്നു ഹലീമാ ബീവി. മുസ്ലിം സംവരണ വാര്‍ഡില്‍ അതുവരെ മത്സരിച്ച് ജയിച്ചത് പുരുഷന്മാരായിരുന്നു. ഒരു തവണ ഹലീമാ ബീവി നോമിനേഷന്‍ നല്‍കി. ഇത് കണ്ട് മറ്റൊരു സ്ത്രീയും അപേക്ഷിച്ചുവെങ്കിലും വിജയം ഹലീമാ ബീവിക്കായിരുന്നു. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സേവാദളിന്റെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. ഇന്ദിരാ ഗാന്ധിയോടൊപ്പം എറണാകുളത്ത് ഒരു വേദിയില്‍ ഹലീമാബീവി പ്രസംഗിച്ചിരുന്നു.
തിരുവിതാംകൂര്‍ മുസ്ലിം മജ്ലിസിന്റെ ആദ്യകാല പ്രവര്‍ത്തകയായിരുന്ന ഹലീമാബീവി, ഉത്തരവാദിത്ത പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയുണ്ടായി. അങ്കമാലി വെടിവെപ്പിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലും കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ വിമോചന സമരത്തിലും ഹലീമാ ബീവി പങ്കാളിയായി. അന്ന് സുഭാഷ് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ഹലീമാ ബീവി ആവേശകരമായ പ്രസംഗം നടത്തി. പിക്കറ്റിംഗിനെ തുടര്‍ന്ന് അറസ്റ്റിലായെങ്കിലും കോടതി അവരെ ശിക്ഷിക്കുകയുണ്ടായില്ല. കൊച്ചിയില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ വനിതാ സമ്മേളനത്തിലും 1956ല്‍ കോഴിക്കോട് ഇടിയങ്ങരയില്‍ എ കെ അബ്ദുല്ലത്വീഫ് മൗലവിയുടെ നേതൃത്വത്തില്‍ നടന്ന മുജാഹിദ് പൊതുസമ്മേളനത്തിലും ഹലീമാ ബീവി പ്രസംഗിച്ചിരുന്നു.
ആദ്യ പ്രസിദ്ധീകരണമായ മുസ്ലിം വനിത 1938ല്‍ പുറത്തിറക്കുമ്പോള്‍ 21 വയസ്സായിരുന്നു അവര്‍ക്ക്. മുസ്ലിം വനിതയുടെ ആറ് ലക്കങ്ങള്‍ പുറത്ത് വന്നപ്പോഴേക്കും പ്രസിദ്ധീകരണത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. അതിനിര്‍ണായകമായ ആ ഘട്ടത്തില്‍ കെഎം മൗലവി മുസ്ലിം വനിതയുടെ ഓഫീസില്‍ എത്തിയ വൈകാരിക മുഹൂര്‍ത്തം ഹലീമാ ബീവി എഴുതിയിട്ടുണ്ട്. മാസികയുടെ മുന്നോട്ടുള്ള നടത്തിപ്പില്‍ അദ്ദേഹം നിര്‍ദേശിച്ച നയപരിപാടികള്‍ ഊര്‍ജം പകര്‍ന്നു. തുടര്‍ന്ന് സ്ത്രീകളുടെ സര്‍വ മേഖലകളെയും പരാമര്‍ശിക്കുന്ന ലേഖന പരമ്പര ഇ കെ മൗലവി മുസ്ലിം വനിതയില്‍ ആരംഭിച്ചു. വലിയ തോതില്‍ നവജാഗരണത്തിന് ഇത് നിമിത്തമായി.
1944ല്‍ ‘വനിത’യും ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പും പുറത്തിറക്കി. 1948ലാണ് ഭാരതചന്ദ്രിക ദിനപ്പത്രം പുറത്തിറങ്ങുന്നത്. ഇതോടനുബന്ധിച്ച് ഭാരത ചന്ദ്രിക ബുക്സ്റ്റാളും നടത്തിയിരുന്നു. ഭാരത ചന്ദ്രിക മുസ്ലിം വനിതയില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക സാംസ്‌കാരിക സാഹിത്യ രാഷ്ട്രീയ വിഷയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചിരുന്നു
വൈക്കം മുഹമ്മദ് ബഷീര്‍, വെട്ടൂര്‍ രാമന്‍ നായര്‍, വക്കം അബ്ദുല്‍ഖാദര്‍ എന്നിവര്‍ ഭാരത ചന്ദ്രികയിലെ സബ് എഡിറ്റര്‍മാരായിരുന്നു. തകഴി ശിവശങ്കരപ്പിള്ള, ജി ശങ്കരക്കുറുപ്പ്, എം പി അപ്പന്‍, പി കേശവദേവ്, പി കുഞ്ഞിരാമന്‍ നായര്‍, ഒ എന്‍ വി കുറുപ്പ്, എസ് ഗുപ്തന്‍ നായര്‍, ബാലാമണിയമ്മ, തുടങ്ങിയവര്‍ ഭാരത ചന്ദ്രികയിലെ എഴുത്തുകാരായിരുന്നു. 1970 ല്‍ ആധുനിക വനിത എന്ന പേരില്‍ ഒരു മാസിക ഹലീമ ബീവി പ്രസിദ്ധീകരിച്ചിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനും നെറികേടുകള്‍ക്കുമെതിരെ ഹലീമാ ബീവി ശക്തമായി പ്രതികരിച്ചു. ദിവാനെതിരെ പ്രക്ഷോഭം നയിച്ചിരുന്നവര്‍ക്ക് ലഘുലേഖകളും നോട്ടീസുകളും തന്റെ പ്രസ്സില്‍ അച്ചടിച്ചു നല്‍കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ദിനപ്പത്രത്തില്‍ എഴുതിയതിന്റെ പേരില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധാകേന്ദ്രമായി. മലയാള മനോരമ സര്‍ സി പി കണ്ടുകെട്ടിയശേഷം കെ എം മാത്യു ലഘുലേഖകളും മറ്റും അച്ചടിപ്പിച്ചിരുന്നത് ഹലീമാ ബീവിയുടെ പ്രസ്സില്‍ നിന്നായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയും ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താല്‍ സ്വന്തമായി പ്രസ്സും മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്ന് ഹലീമാ ബീവിയോട് സര്‍ സി പി നേരിട്ട് വാഗ്ദാനം ചെയ്‌തെങ്കിലും ദുര്‍ഭരണത്തോട് സന്ധിയാകാന്‍ അവര്‍ തയാറായില്ല. ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് റദ്ദാക്കിയാണ് സര്‍ക്കാര്‍ ഇതിനോട് പക തീര്‍ത്തത്.
പ്രസിദ്ധീകരണങ്ങള്‍ നടത്തിയത് മൂലമുള്ള വലിയ സാമ്പത്തിക ബാധ്യത അവരുടെ കുടുംബത്തെ ക്ഷീണിപ്പിച്ചു. കടബാധ്യതയും മൗലവിയുടെ രോഗവും അവരെ തളര്‍ത്തി. 1992ല്‍ മുഹമ്മദ് മൗലവിയുടെ മരണത്തോടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വീട്ടിലേക്ക് ചുരുങ്ങി. 2000 ജനുവരി 14ന് 83ാമത്തെ വയസ്സില്‍ ഹലീമാ ബീവി പെരുമ്പാവൂരില്‍ മകള്‍ നഫീസാ ബീവിയുടെ വീട്ടില്‍ വെച്ച് നിര്യാതയായി. .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x